‘ജയ്ശ്രീറാം’, കൊലവെറി മുദ്രാവാക്യമോ?

Web Desk
Posted on August 03, 2019, 10:35 pm

മോഷ്ടാവും പിടിച്ചുപറിക്കാരനും ആയിരുന്ന രത്‌നാകരന്‍ എന്ന വനവാസി മഹര്‍ഷിമാരുടെ വാക്കുകളാല്‍ മാനസാന്തരപ്പെട്ട് ധ്യാനമിരുന്ന് വാല്മീകിയായ കഥ നാമെല്ലാം കേട്ടിട്ടുള്ളതാണ്. ആ വാല്മീകി മഹര്‍ഷി ലോകത്തിന് മാതൃകയാക്കാന്‍ കഴിയുന്ന ഏറ്റവും ഉത്തമനായ ഒരു വ്യക്തിയുടെ ചരിത്രമെഴുതാന്‍ തീരുമാനിച്ചു. പലരോടും അതിനായി മാതൃകയാക്കാന്‍ പറ്റിയ പുരുഷന്‍ ആരെന്നു ചോദിച്ചു നടന്നു. അവസാനം നാരദമുനിയെ കണ്ട് തന്റെ ആവശ്യം ഉണര്‍ത്തിച്ചപ്പോള്‍ നാരദര്‍ പറഞ്ഞത് അങ്ങനെ ഒരാളെ കണ്ടുകിട്ടുക പ്രയാസമാണെങ്കിലും അയോധ്യയിലെ ശ്രീരാമചന്ദ്ര മഹാരാജാവ് ഉത്തമരില്‍ ഉത്തമനായ ഒരു പുരുഷോത്തമനാണ്. അദ്ദേഹത്തിന്റെ ജീവിത കഥ രചിക്കുന്നത് വാല്മീകിയുടെ ഉദ്ദേശ സാക്ഷാത്ക്കാരത്തിനു സഹായകരമായിരിക്കും എന്ന ഉപദേശം നല്‍കി. അങ്ങനെയാണ് വാല്മീകി, രാമായണ രചന ആരംഭിക്കുന്നത് എന്നാണ് ഐതീഹ്യം. ആ പുരുഷോത്തമനായ ശ്രീരാമനുവേണ്ടി ഉയരുന്ന ജയ്‌വിളികള്‍ ഇന്നു കൊലപാതകികളുടെ ആക്രോശങ്ങളും അട്ടഹാസങ്ങളുമായി മാറിയിരിക്കുന്നു.

പൈശാചികമായ വ്യഗ്രതയോടെ നിരപരാധികളും നിരായുധരുമായ ദളിത്-മതന്യൂനപക്ഷ ജനവിഭാഗങ്ങളെയാണ് ഇക്കൂട്ടര്‍ ആള്‍ക്കൂട്ടക്കൊലയ്ക്കിരയാക്കിയിരുന്നതെങ്കില്‍ അധികാരക്കസേരയിലേക്കുള്ള സംഘപരിവാറുകാരുടെ രണ്ടാം വരവോടു കൂടി ആള്‍ക്കൂട്ടക്കൊലയുടെ വ്യാപ്തി വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകളും വിദ്വേഷ പ്രസംഗങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മനംനൊന്ത 49 പ്രമുഖ സാമൂഹ്യ‑സാംസ്‌കാരിക പ്രവര്‍ത്തകരാണ്, സംഘപരിവാര്‍ നേതാവുകൂടിയായ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്, അവരുടെ ആശങ്ക അറിയിച്ചുകൊണ്ട് കത്ത് നല്‍കിയത്. ആ നാല്‍പ്പത്തൊമ്പത് പേരിലൊരാളായ അടൂര്‍ ഗോപാലകൃഷ്ണനോട്. ‘പേരുമാറ്റി അന്യഗ്രഹങ്ങളിലേക്കു പോകാനാണ്’ ഇവിടത്തെ ഒരു ബിജെപി നേതാവ് നിര്‍ദ്ദേശിച്ചത്. ‘ജയ്ശ്രീറാം’ എന്നുള്ള ഞങ്ങളുടെ കൊലവിളി നിങ്ങള്‍ക്ക് സഹിക്കുന്നില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകണമെന്ന് പറഞ്ഞ സംഘപരിവാര്‍ നേതാവിന് അടൂര്‍ വളരെ മിതമായ ഭാഷയില്‍ നല്‍കിയ മറുപടി, ‘ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റെടുത്തു തന്നാല്‍ പോകാം’ എന്നു മാത്രമാണ്.

യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെയും പ്രധാനമന്ത്രിയുടെയും വാരണാസിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ ജൂലൈ 30 ന് മരണത്തിനു കീഴടങ്ങിയ മുഹമ്മദ് ഖാലിദ് എന്ന 15 വയസുകാരനെ ‘ജയ്ശ്രീറാം’ വിളിക്കാത്തതിന്റെ പേരിലാണ് നാലംഗ സംഘം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയത്.
‘ജയ്ശ്രീറാം, ജയ് ഹനുമാന്‍’ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തയ്യാറാകാതിരുന്ന ജാര്‍ഖണ്ഡിലെ ഖര്‍സാവാം ജില്ലയില്‍ തബ്‌രേസ് അന്‍സാരി എന്ന ഇരുപത്തിനാലുകാരന്‍ കഴിഞ്ഞ ജൂണ്‍ 25ന് മരണമടഞ്ഞു. അന്‍സാരിയെ തൂണില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം മോഷ്ടാവാണെന്നാരോപിച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ അയാളെ പൊലീസ് ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുന്നതിന് പകരം ഗുണ്ടകളുടെ നിര്‍ദ്ദേശപ്രകാരം ജയിലിലടച്ചു. ആറാംദിവസം അന്‍സാരി മരിച്ചു. ജാര്‍ഖണ്ഡിലെ ഗുംലാ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് 50 വയസുള്ള ആദിവാസി വിഭാഗക്കാരനെ 40 പേരടങ്ങിയ സംഘമാണ് തല്ലിക്കൊന്നത്. അയാളെ നിഷ്ഠൂരമായി മര്‍ദ്ദിച്ചു യമപുരിയ്ക്കയക്കുമ്പോള്‍ സംഘം നടത്തിയ മന്ത്രോച്ചാരണം ‘ജയ്ശ്രീരാം, ജയ് ബജറംഗദള്‍’ എന്നിങ്ങനെ ആയിരുന്നു. മുംബൈക്കടുത്ത് താനെ പൊലീസ് അതിര്‍ത്തിയില്‍ 25 വയസുള്ള ഫെയ്‌സല്‍ ഉസ്മാന്‍ ഖാന്‍ എന്ന ടാക്‌സി ഡ്രൈവറായ ചെറുപ്പക്കാരനെ ‘ജയ്ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ക്രൂരമായി തല്ലുകയും അയാളുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. അസഭ്യവിളികളും ആക്രമണവും തുടര്‍ന്നപ്പോള്‍ കാറിലെ യാത്രക്കാര്‍ പൊലീസിനെ വിളിക്കുന്നു എന്നു മനസിലാക്കിയ ഗുണ്ടാ സംഘം കടന്നു കളഞ്ഞു.

ജൂലൈയില്‍ തന്നെ ജാര്‍ഖണ്ഡ് മന്ത്രി സി പി സിങ് കോണ്‍ഗ്രസിന്റെ എംഎല്‍എ ആയ ഇര്‍ഫാന്‍ അന്‍സാരിയെ ‘ജയ്ശ്രീറാം’ എന്നു വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ഒരു ടി വി ചാനല്‍ പുറത്തു വിട്ടതായ വാര്‍ത്തകള്‍ പുറത്തുവന്നു. ബിജെപി എംഎല്‍എയുടെയും കൂട്ടരുടെയും കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ ട്രക്കു കയറ്റി ഇടിച്ചു തകര്‍ത്ത് പെണ്‍കുട്ടിയെ വെന്റിലേറ്ററിലാക്കിയ അധമന്മാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി കൊടുക്കുന്നതില്‍ക്കൂടി കുപ്രസിദ്ധമായ ഉന്നാവോയില്‍ ‘ജയ്ശ്രീറാം’ വിളിക്കാത്തതിന് മദ്രസാ വിദ്യാര്‍ഥികളെ ജൂലൈ 12 നാണ് ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും സൈക്കിളുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു.
ഈ സംഭവത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് 26 വയസുള്ള ഹഫീസ് മുഹമ്മദ് ഷാരുഖ് എന്ന കല്‍ക്കട്ടയിലെ ഒരു മദ്രസാ അധ്യാപകനോട് അദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയിനില്‍വച്ച് ഒരു സംഘം ആളുകള്‍ പറഞ്ഞു, അവരോടൊപ്പം ‘ജയ്ശ്രീറാം’ വിളിക്കാന്‍. അയാള്‍ തയ്യാറാകാതിരുന്നപ്പോള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിട്ടു. അയാളുടെ ഭാഗ്യത്തിന് ജീവന്‍ നഷ്ടപ്പെട്ടില്ല.

ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ഒരു ചെറുസംഘം മുസ്‌ലിം യുവാക്കളെ ആസമിലെ ബാര്‍പേട്ട ഠൗണില്‍ വച്ച് ജൂണ്‍ 18 ന് നടുറോഡില്‍ തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കി, ‘ജയ്ശ്രീറാം’ വിളിപ്പിച്ചു. ആദ്യം മടിച്ച ഈ മുസ്‌ലീം ചെറുപ്പക്കാര്‍ സംഘപരിവാര്‍ ഗുണ്ടകളുടെ മര്‍ദ്ദനവും അസഭ്യവര്‍ഷവും സഹിക്കവയ്യാതെ അവസാനം ‘ജയ്ശ്രീറാം’ വിളിച്ച് സ്വജീവന്‍ രക്ഷപ്പെടുത്തി.
ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന മൂന്നു കൗമാരക്കാരായ മുസ്‌ലിം യുവാക്കളോട് ഒരു സംഘം ഹിന്ദുത്വവാദികള്‍ ‘ജയ്ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തലയ്ക്കും ദേഹത്തുമെല്ലാം അതിക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ആറുമാസത്തിനിടെ ആള്‍ക്കൂട്ടാക്രമണത്താല്‍ കൊല്ലപ്പെട്ടത് 16 പേരാണെന്ന് ഇന്നലെ ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തു.

ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ആവേശം പകരാന്‍ മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രനെ കൂട്ടുപിടിക്കുന്നത് ഇന്ന് ഹിന്ദുത്വ വര്‍ഗീയതയുടെ പൊതു സമീപനത്തിന്റെ ഭാഗമാണ്. ഹിന്ദുത്വം എന്നത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. സ്വന്തം പിതാവിനു വേണ്ടി രാജ്യവും ഭരണവും ഉപേക്ഷിച്ച ഇതിഹാസ കഥാപാത്രമായ ശ്രീരാമനെ ഇന്ന് ഹിന്ദുത്വ വര്‍ഗീയതയുടെയും ആള്‍ക്കൂട്ട കൊലകളുടെയും അടയാളവാക്യമായി ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികള്‍ ഉപയോഗിക്കുകയാണ്.

വര്‍ഗീയതയുടെയും ക്രൂരതയുടെയും ആള്‍രൂപമായി മാറിയ സംഘപരിവാര്‍ ശക്തികള്‍ രാമായണ മാസത്തിലാണ് ഈ ആള്‍ക്കൂട്ടക്കൊലകള്‍ അധികവും നടത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. മനുഷ്യര്‍ക്ക് രോഗങ്ങള്‍ ഇല്ലാത്ത ജീവിതവും സ്ത്രീകളുടെ സൗഖ്യവും ഉറപ്പാക്കണമെന്നും ശിശു മരണമില്ലാത്ത, മോഷണവും കൊള്ളയുമില്ലാത്ത ഒരു ഭരണകൂടമായി വര്‍ത്തിക്കണമെന്നുമാണ് രാമരാജ്യത്തെ വിവക്ഷിച്ചിട്ടുള്ളത്. ആ രാമന്റെ പേരിലും രാമപാദം ഭജിക്കുകയും ഹൃദയത്തിലും തോളിലും ഭക്തി നിറച്ചു നില്‍ക്കുകയും ചെയ്യുന്ന ഹനുമാന്റെ പേരിലും നടക്കുന്ന ഈ കൊലവെറിക്ക് അറുതി വരുത്താന്‍ ഒരു ഗവണ്‍മെന്റിനും കഴിയുന്നില്ല എന്നത് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ ദയനീയാവസ്ഥയെയാണ് കാണിക്കുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ‘രാജ്യത്ത് എന്തെല്ലാമാണ് നടക്കുന്നത്’ എന്ന ചോദ്യം ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ചോദ്യമായി എല്ലാവരുടെയും കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.