ജയില്‍ ചാടിയ വനിതാ തടവുകാരെ ഒടുവില്‍ അറസ്റ്റ് ചെയ്തു

Web Desk
Posted on June 28, 2019, 9:01 am

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ വനിതാ ജയില്‍ ചാടിയ തടവുകാരെ പിടികൂടി. ഇന്നലെ രാത്രി 11.30ഓടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ശില്‍പ്പ, സന്ധ്യ എന്നിവരാണ് ചൊവ്വാഴ്ച വൈകുന്നേരം വനിതാ ജയില്‍ ചാടിയത്. ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറല്‍ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും രക്ഷപ്പെട്ട ശില്‍പ്പ, സന്ധ്യ എന്നിവരുടെ ചിത്രം വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും ഒളിവില്‍ പോയതായും പൊലീസ് സംശയിച്ചിരുന്നു.

പാങ്ങോട് സ്വദേശിയായ ശില്‍പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാവണം ഇവര്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് സംശയം.

തടവുപുള്ളികള്‍ പിടിയിലായെങ്കിലും അവര്‍ രക്ഷപ്പെടാനിടയായ സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെയുള്ള നടപടി ഒഴിവാകില്ലെന്നാണ് സൂചന. ജീവനക്കാരുടെ അനാസ്ഥ വ്യക്തമായ സാഹചര്യത്തില്‍ നടപടിയെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.

YOU MAY LIKE THIS VIDEO