ഡല്‍ഹി കലാപം: ജയിലുകൾ കുറ്റവാളികളെ പാർപ്പിക്കാനുള്ളതെന്ന് കോടതി

*വിചാരണ നേരിടുന്ന പ്രതികളെ തടഞ്ഞ് വയ്ക്കുന്നത് അന്തേവാസികളുടെ എണ്ണം വർധിപ്പിക്കും
Web Desk
Posted on June 02, 2020, 9:48 pm

ന്യൂഡൽഹി: ജയിലുകൾ കുറ്റവാളികളെ പാർപ്പിക്കാനുള്ളതാണെന്നും വിചാരണ നേരിടുന്നവരെ തടഞ്ഞു വയ്ക്കാനുള്ള ഇടമല്ലെന്നും ഡൽഹി ഹൈക്കോടതി. വടക്ക്-കിഴക്കൻ ഡൽഹി കലാപത്തിനിടെ ഒരു കട കത്തിച്ച കേസിലെ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
സമൂഹത്തിന് സന്ദേശം നൽകുക അല്ല, പകരം നിയമ പ്രകാരം നീതി നടപ്പാക്കുക എന്നതാണ് കോടതിയുടെ കടമയെന്ന് ജസ്റ്റിസ് അനുപ് ജയ്റാം ബംബാനി ചൂണ്ടിക്കാട്ടി. വിചാരണ നേരിടുന്ന പ്രതികളെ പ്രത്യേക ഉദ്ദേശ്യം ഒന്നും തന്നെ ഇല്ലെങ്കിലും ജയിലിൽ പാർപ്പിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. എന്നാൽ ഇത് ജയിലുകളിലെ അന്തേവാസികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു.
വർഷങ്ങൾ ജയിലിൽ കിടന്നതിനു ശേഷം പ്രതി കുറ്റം ചെയ്തിട്ടില്ലെന്നു തെളിഞ്ഞാൽ അയാൾക്കു നഷ്ടപ്പെട്ട സമയം തിരികെ നൽകാനാവില്ല. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തീർച്ചയായും ശിക്ഷ നടപ്പിലാക്കുമെന്നും കോടതി പറഞ്ഞു.
ഏപ്രിൽ മൂന്നിന് അറസ്റ്റിലായ ഫിറോസ് ഖാനാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാന തുകയുടെ ആൾ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി കലാപത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കട കത്തിച്ചുവെന്നാരോപിച്ചാണ് ഫിറോസ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ എഫ്ഐആറിൽ തന്റെ പേര് ഇല്ലെന്നും കേസുമായി ബന്ധപ്പെട്ട് തന്റെ കയ്യിൽ നിന്നും ഒരു തെളിവു പോലും പൊലീസിന് ലഭിച്ചിട്ടില്ലെന്നും ഫിറോസ് കോടതിയിൽ പറഞ്ഞു.
അതേസമയം 250–300 പേരിൽ നിന്നും പൊലീസ് എങ്ങനെയാണ് ഫിറോസ് ഖാനെ പ്രതിയായി കണ്ടെത്തിയതെന്നതിൽ ആശ്ചര്യമുണ്ടെന്നും കോടതി പറഞ്ഞു.

eng­lish sum­ma­ry: jails for crim­i­nals: court

you may also like this video