പീഡനാരോപണങ്ങള്‍ നിഷേധിച്ച്‌ ജലന്ധര്‍ ബിഷപ്പ്

Web Desk
Posted on September 13, 2018, 9:41 am

ഡെൽഹി : കന്യാസ്ത്രീയ്ക്കെതിരായ പീഡനാരോപണങ്ങള്‍ ജലന്ധര്‍ ബിഷപ്പ് നിഷേധിച്ചു. ശക്തമായ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ പ്രതികരിച്ചത്. വ്യക്തമായ ഗൂഡാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

ആരോപണം ഉയര്‍ത്തിയ കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പ്രതികാരമാണ് ഇപ്പോള്‍ കാണുന്നതെന്ന്  ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചു. ജീവിതത്തില്‍ മൂല്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ്  നടക്കുന്നത്.  തനിക്കെതിരെ മാത്രമല്ല ഈ ഗൂഡാലോചനയെന്നും കത്തോലിക്കാ സഭയ്ക്കെതിരായ ഗൂഡാലോചനയാണ് ഇതെന്നും ബിഷപ്പ് പറഞ്ഞു.കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്‍പ് തന്നെ പ്രതിയെന്ന നിലയില്‍ ആണ് പ്രചരണം നടക്കുന്നത്. കുറ്റവാളിയാക്കി കാണിച്ച്‌ തനിക്ക് നീതി നിഷേധിച്ചുവെന്നും ബിഷപ്പ് പറയുന്നു.

ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയെയും  പിന്തുണയ്ക്കുന്നവരെയും  ചില ബാഹ്യ ശക്തികള്‍ കരുവാക്കുകയാണ്. അവരുടെ കണ്ണീര്‍ നാടകം വിശ്വസിച്ച മാധ്യമങ്ങള്‍ തന്നെ വില്ലനാക്കി മാറ്റിയത് നിര്‍ഭാഗ്യകരമെന്നും ബിഷപ്പ് പറയുന്നു. തനിക്കെതിരായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ കത്തല്ലാതെ മറ്റു തെളിവുകള്‍ ഇല്ലെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.