മുന്നറിയിപ്പില്ലാതെ കൂട്ടക്കുരുതി

Web Desk
Posted on April 13, 2019, 8:15 am

യു വിക്രമന്‍

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വയസ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് 1919 ഏപ്രില്‍ 13 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ആ സംഭവം നടന്നിട്ട് ഇന്ന് നൂറ് വര്‍ഷം പിന്നിടുകയാണ്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഇന്ത്യയില്‍ നിന്നുള്ള പട്ടാളക്കാരെ ബ്രിട്ടന്‍ യുദ്ധത്തിനായി ഉപയോഗിച്ചിരുന്നു. ഏതാണ്ട് ഒന്നേകാല്‍ കോടി പട്ടാളക്കാര്‍ ബ്രിട്ടനുവേണ്ടി യുദ്ധം ചെയ്തിരുന്നു. കൂടാതെ ഭക്ഷണവും ആയുധസഹായവും എല്ലാം നാട്ടുരാജ്യങ്ങളില്‍ നിന്നും സഹായമായി ബ്രിട്ടന് ലഭിച്ചിരുന്നു. ബംഗാള്‍, പഞ്ചാബ് പോലുള്ള സ്ഥലങ്ങളില്‍ കോളനി വിരുദ്ധ സമരങ്ങളും അരങ്ങേറിയിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ സമാധാനപരമായ ഒരു ഭരണം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും സാധ്യമായിരുന്നില്ല.

ഒന്നാംലോക മഹായുദ്ധത്തിനുശേഷം കടുത്ത ദുരിതമാണ് ഇന്ത്യയെ കാത്തിരുന്നത്. ജനങ്ങളില്‍ കനത്ത നികുതി അടിച്ചേല്‍പിക്കപ്പെട്ടു. 43,000 ത്തോളം ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ പട്ടാളക്കാര്‍ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാന്‍ ആയുധങ്ങള്‍ രഹസ്യമായി കടത്തിക്കൊണ്ടുവന്നു. 1916 ല്‍ ലക്‌നൗ പാക്ട് ഉടമ്പടിപ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി മുസ്‌ലിംലീഗുമായി കരാറിലേര്‍പ്പെട്ടു.

1919 മാര്‍ച്ചില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്‍മെന്റിന് അധികാരം നല്‍കി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1857 ലെ സമരത്തെ തുടര്‍ന്ന് തന്നെ ഇന്ത്യാക്കാരെ സംശയത്തോടെയാണ് ബ്രിട്ടീഷുകാര്‍ വീക്ഷിച്ചത്.

ലാഹോര്‍ ഗൂഢാലോചന കേസിന്റെ വിചാരണ സമയത്തുണ്ടായ മുന്നേറ്റ ശ്രമത്തെ ബ്രിട്ടീഷുകാര്‍ ഭീതിയോടെയാണ് നോക്കിക്കണ്ടത്. കൂടാതെ റഷ്യന്‍ ആശയങ്ങളോടുള്ള ഇന്ത്യയിലെ യുവതലമുറയുടെ ആവേശം ബ്രിട്ടീഷ് ഭരണാധികാരികളില്‍ അസ്വസ്ഥതയുളവാക്കി. റൗലറ്റ് നിയമത്തിനെതിരെ പോരാടാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. ഈ സമര പ്രഖ്യാപനത്തെ ഇന്ത്യയിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പഞ്ചാബില്‍ സമരം അക്രമാസക്തമായി.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഡോ. സത്യപാല്‍, സെയ്ഫുദ്ദീന്‍ കിഷ്പു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇരുവരും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് 1919 ഏപ്രില്‍ പത്തിന് അമൃത്‌സറില്‍ ഹര്‍ത്താല്‍ ആചരിച്ചു. അമൃത്‌സറില്‍ ഡെപ്യൂട്ടി കമ്മിഷണറുടെ വീട്ടിലേക്ക് നടന്ന പ്രതിഷേധ റാലിക്കുനേരെ പൊലീസ് നിറയൊഴിച്ചു. ഇതില്‍ രോഷാകുലരായ ജനക്കൂട്ടം ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തീവച്ചു. അക്രമങ്ങളില്‍ അഞ്ച് യൂറോപ്യന്‍മാരും പൊലീസ് വെടിവയ്പില്‍ ഇരുപതിലേറെ ഇന്ത്യാക്കാരും കൊല്ലപ്പെട്ടു.

1919 ഏപ്രില്‍ 13 സിഖുകാരുടെ വൈശാഖി ഉത്സവദിനമായിരുന്നു. അന്ന് അമൃത്‌സറിനടുത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്തില്‍ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും മുസ്‌ലിമുകളും ഹിന്ദുക്കളും അന്ന് ജാലിയന്‍വാലാബാഗിലെ മൈതാനിയില്‍ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറല്‍ ഡയറുടെ പ്രസ്താവന ഒരുപാട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യന്‍ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് ആ യോഗം കൂടിയത്.

യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അന്ന് അമൃത്‌സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ ജിനാള്‍ഡ് ഡയര്‍, തൊണ്ണൂറംഗങ്ങള്‍ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവല്‍കൃത തോക്കുകള്‍ ഘടിപ്പിച്ച രണ്ട് വാഹനങ്ങള്‍ കൂടി ആ സേനയോടൊപ്പം ഡയര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാല്‍ ആ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാലിയന്‍വാലാബാഗ് മൈതാനം മതിലുകളാല്‍ ചുറ്റപ്പെട്ടതാണ്. മൈതാനത്തിലേക്കുള്ള വാതിലുകള്‍ തീരെ ഇടുങ്ങിയതുമാണ്. അതില്‍തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും ആ പ്രവേശനവാതില്‍ ഡയര്‍ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.

യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കാതെയാണ് ഡയര്‍ വെടിവയ്പിന് ഉത്തരവിട്ടത്. മീറ്റിങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയര്‍ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവയ്ക്കാന്‍ ഭടന്മാര്‍ക്ക് ഉത്തരവ് നല്‍കി. 1,650 തവണയാണ് പട്ടാളക്കാര്‍ ജനക്കൂട്ടത്തിനുനേരെ വെടിവച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞുകിടന്ന തിരകളുടെ ഉപാധികളില്‍ നിന്നാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനായി, ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് കിണറില്‍ നിന്നു മാത്രമായി ലഭിച്ചത്.
വെടിവയ്പില്‍ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 379 പേര്‍ വെടിവയ്പ്പില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാലിത് 1800 ല്‍ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോണ്‍ഗ്രസിന്റെ കണക്കുകള്‍ പറയുന്നു. സംഭവത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തില്‍ നിന്നും ജാലിയന്‍വാലാബാഗ് വെടിവയ്പില്‍ മരിച്ചവരുണ്ടെങ്കില്‍ അവരുടെ പേരുവിവരം സ്വയമേവ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാല്‍ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയേറെ ആളുകള്‍ ഈ സന്നദ്ധ പ്രവര്‍ത്തനത്തിനു മുതിര്‍ന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ് യഥാര്‍ഥ മരണസംഖ്യ എന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

അമൃത്‌സറിലെ ഒരുകൂട്ടം വിപ്ലവകാരികളുമായി ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടി എന്നാണ് ഡയര്‍ തന്റെ മേലധികാരിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനറല്‍ ഡയര്‍ ചെയ്ത നടപടി ശരിയാണെന്നും തങ്ങള്‍ അത് അംഗീകരിക്കുന്നുവെന്നും പഞ്ചാബിലെ ലഫ്ടനന്റ് ഗവര്‍ണര്‍ ഡയര്‍ക്കായി അയച്ച മറുപടി കമ്പി സന്ദേശത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അമൃത്‌സറിലെ മറ്റു ഭാഗങ്ങളില്‍കൂടി പട്ടാളനിയമം പ്രഖ്യാപിക്കണമെന്ന് ഗവര്‍ണറുടെ അപേക്ഷ ചെംസ്‌ഫോര്‍ഡ് പ്രഭു അംഗീകരിക്കുകയും ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ മൃഗീയം എന്നാണ് ജാലിയന്‍വാലാബാഗ് സംഭവത്തെ വിശേഷിപ്പിച്ചത്. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവച്ചതില്‍ ജനറല്‍ ഡയറെ ഹൗസ് ഓഫ് കോമണ്‍സ് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. 37 നെതിരെ 247 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് കോമണ്‍സ് ഡയര്‍ക്കെതിരേയുളള പ്രമേയം പാസാക്കിയത്.

കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോര്‍ സര്‍സ്ഥാനം ഉപേക്ഷിച്ചു. സംഭവം അറിഞ്ഞയുടന്‍ ഒരു പ്രതിഷേധ സമരം നടത്താനാണ് ടാഗോര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് തന്റെ പ്രതിഷേധത്തിന്റെ സൂചകമായി ബ്രിട്ടന്‍ തനിക്കു തന്നിട്ടുള്ള സര്‍സ്ഥാനം തിരിച്ചുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ രാജ്യത്തെ ജനങ്ങളുടെ കൂടെ നില്‍ക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ചെംസ്‌ഫോര്‍ഡ് പ്രഭുവിനയച്ച സന്ദേശത്തില്‍ ടാഗോര്‍ പറയുകയുണ്ടായി.

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അവര്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയും രക്തസാക്ഷി സ്മാരകത്തിനു മുന്നില്‍ നിശബ്ദമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ”ചരിത്രത്തില്‍ നടക്കാന്‍പാടില്ലാത്തത് പലതും സംഭവിച്ചിട്ടുണ്ട്. നമുക്ക് ചരിത്രത്തെ തിരുത്തിയെഴുതാന്‍ സാധിക്കില്ല. ചരിത്രത്തില്‍ നിന്നും നല്ലൊരു നാളെ പടുത്തുയര്‍ത്താന്‍ ശ്രമിക്കാം” എന്നാണ് എലിസബത്ത് രാജ്ഞി ജാലിയന്‍വാലാബാഗ് സന്ദര്‍ശനത്തിനു മുമ്പായി പറഞ്ഞത്.

2013 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരിക്കിലും ഒരു ഔദ്യോഗിക ഖേദപ്രകടനത്തിന് ഡേവിഡ് കാമറൂണ്‍ തയാറായില്ലായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക ഖേദപ്രകടനത്തിന് ബ്രിട്ടന്‍ തയാറായിരിക്കുന്നു. പക്ഷേ, ഒരു ഖേദപ്രകടനം കൊണ്ട് തീരുമോ എല്ലാം.