ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഇന്ത്യയോട് മാപ്പ് പറയാമെന്ന് ലേബർപാർട്ടി

Web Desk
Posted on November 23, 2019, 11:23 am

ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ട കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാമെന്ന് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി. 107 പേജുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജാലിയന്‍ വാലാബാഗിന്റെ 100-ാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മാപ്പപേക്ഷിക്കാമെന്ന് ലേബര്‍പാര്‍ട്ടി വ്യക്തമാക്കിയത്.
1919‑ലാണ് റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സമയത്ത് അമൃത്‌സറിലെ ജാലിയന്‍ വാലാബാഗില്‍ സമാധാന യോഗം ചേര്‍ന്നവര്‍ക്കു നേരെ ബ്രിട്ടീഷ് സൈന്യം വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന് ഇന്ത്യയുടെ ഏറെ കാലത്തെ ആവശ്യമാണ്. നേരത്തെ, പ്രധാനമന്ത്രി തെരേസ മേ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മാപ്പു പറയാന്‍ തയ്യാറായിരുന്നില്ല.
പ്രകടന പത്രികയില്‍ നിരവധി വാഗ്ദാനങ്ങളാണ് ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി നല്‍കുന്നത്. കോളോണിയല്‍ കാലഘട്ടത്ത് സംഭവിച്ച അനീതികള്‍ അന്വേഷിക്കാന്‍ ജഡ്ജിങ്ങ് കമ്മറ്റിയെ നിയോഗിക്കുമെന്നും പത്രികയില്‍ പറയുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയില്‍ ബ്രിട്ടന്‍ സൈനിക ഉപദേശം നല്‍കിയതിന്റെ രേഖകള്‍ 2014‑ല്‍ പുറത്ത് വിട്ടിരുന്നു. ഡിസംബര്‍ 12നാണ് ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ്.