അഡ്വ. വി ബി ബിനു

(ജനറല്‍ സെക്രട്ടറി, ഐപ്സോ‍‍)

August 06, 2020, 5:36 am

ആയുധമല്ല ആരോഗ്യമാണ്‌ വലുത്‌

Janayugom Online

അഡ്വ. വി ബി ബിനു

ദുരന്തസ്‌മരണകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഹിരോഷിമ ദിനത്തിന്‌ ഇന്ന്‌ 75 വയസ്സ്‌ തികയുന്നു. 1945 ഓഗസ്റ്റ്‌ 6‑ന്‌ പുലര്‍ച്ചെ 8.15 നാണ്‌ ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ്‌ വര്‍ഷിച്ചത്‌. ഉഗ്രശേഷിയുള്ള ലിറ്റില്‍ ബോയി എന്ന അണുബോംബിന്‌ രണ്ട്‌ ബില്യന്‍ യുഎസ്‌ ഡോളറാണ്‌ അന്നത്തെ നിര്‍മ്മാണചിലവ്‌. ലോകചരിത്രത്തിലാദ്യമായി അണുസ്‌ഫോടനം നടത്തുവാന്‍ ഉത്തരവുകൊടുത്ത പ്രസിഡന്റ്‌ ട്രൂമാന്‍ മിഷന്‍ ലക്ഷ്യപ്രാപ്‌തിയിലെത്തിച്ച്‌ സ്ഫോടനം നടന്ന്‌ നിമിഷങ്ങള്‍ക്കകം സ്‌ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരപരാധികളും നിസ്സഹായരുമായ ഒരുലക്ഷത്തി നാല്‍പ്പതിനായിരം ജനങ്ങള്‍ കത്തിക്കരിഞ്ഞു. മനുഷ്യര്‍ മാത്രമല്ല പ്രകൃതിയിലെ സകലജീവജാലങ്ങളും വെന്തുവെണ്ണീറായി. അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ രണ്ടായിരത്തി അഞ്ഞൂറിലധികം ഡിഗ്രിയായി ഉയര്‍ന്നു. വെന്തുകരിഞ്ഞ ശരീരങ്ങളുമായി ആര്‍ത്തലച്ച്‌ ജീവനുവേണ്ടി സ്‌ത്രീകളും കുഞ്ഞുങ്ങളുമെല്ലാം നാലുപാടും ഓടി. പുഴയിലേയും കിണറുകളിലെയും വെള്ളം തിളച്ചുമറിഞ്ഞു. കാതടപ്പിക്കുന്ന ശബ്‌ദത്തില്‍ വന്നുവീണ ബോംബ്‌ എല്ലാം വിഴുങ്ങി ഒരു അഗ്നിഗോളം മാത്രമാക്കി. അണുവികരണം ഏല്‍പ്പിച്ച ആഘാതത്താല്‍ ഇന്നും പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ ദുരിതം പേറുന്നു. ലുക്കീമിയയും ക്യാന്‍സറും മറ്റു മാരക രോഗങ്ങളും ജപ്പാന്‍ ജനതയെ ഇന്നും കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു.

യുദ്ധക്കൊതി തലക്കുപിടിച്ചവര്‍ അടങ്ങിയിരുന്നില്ല നാലാം ദിനം ആഗസ്റ്റ്‌ 9‑ന്‌ നാഗസാക്കിയിലും അണു ബോംബ്‌ വര്‍ഷിച്ചു കൂട്ടക്കുരുതി നടത്തി അവര്‍ ജയഭേരി മുഴക്കി.

2019‑ല്‍ സ്റ്റോക്‌ഹോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ അന്വേഷണത്തില്‍ ലോകരാഷ്‌ട്രങ്ങളുടെ കൈവശം 13,865 അണു ആയുധങ്ങള്‍ ഉണ്ട്‌. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ ലോകത്തെ വളര്‍ച്ച ആയുധങ്ങളുടെ പ്രഹരശേഷിയിലുണ്ടായ വര്‍ധനവ്‌ പ്രവചനാതീതമാണ്‌. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച ഏജന്റ്‌ ഓറഞ്ച്‌, ഏജന്റ്‌ പര്‍പ്പിള്‍ തുടങ്ങിയ ജൈവായുധങ്ങളും രാസായുധങ്ങളും തലമുറകളെ കാര്‍ന്നുതിന്നുന്ന ആയുധങ്ങളാണ്‌. ശാസ്‌ത്രം വികസിപ്പിച്ചെടുത്ത തെര്‍മ്മോ ന്യൂക്ലിയര്‍ ബോംബ്‌ എന്ന ഹൈഡ്രജന്‍ ബോംബില്‍ ഒരുബോംബിനുള്ളില്‍ ഉഗ്രശേഷിയുള്ള നൂറുകണക്കിനു അണുബോംബുകളാണ്‌. വന്‍കിട സമ്പന്ന രാഷ്‌ട്രങ്ങള്‍ മാത്രം കൈവശം വച്ചിരുന്ന ഹൈഡ്രജന്‍ ബോംബുകള്‍ കോടാനുകോടിരൂപ മുടക്കി ദരിദ്രരാഷ്‌ട്രങ്ങള്‍ സ്വന്തമാക്കുന്നു. രാജ്യസുരക്ഷയുടെ പേരില്‍ എത്ര സമ്പത്തും ഖജനാവില്‍ നിന്നും മുടക്കി അണുവായുധശേഖരം സ്വന്തമാക്കുകയും വിപുലപ്പെടുത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.

ലോകം കോവിഡ്‌ മഹാമാരിക്കെതിരെ സര്‍വ്വശക്തിയും സംഭരിച്ച്‌ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സമയത്താണ്‌ ഇത്തവണ ഹിരോഷിമാ ദിനാചരണങ്ങള്‍ നടക്കുന്നത്‌. ആയുധമല്ല ആരോഗ്യമാണ്‌ വലുതെന്ന്‌ ലോകം തിരിച്ചറിഞ്ഞകാലം. 2020 ഏപ്രില്‍ 23‑ന്‌ മോദി സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുവാനുള്ള എല്ലാ നടപടികളും നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ മറവില്‍ 2020 ജൂലൈ 2 ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗം 38,900 കോടി രൂപയുടെ ആയുധ കച്ചവടത്തിനു അനുമതി നല്‍കുകയായിരുന്നു. ഇന്ത്യാ-ചൈന സംഘര്‍ഷം നിലനില്‍ക്കെ അടിയന്തര ആയുധസമാഹരണത്തിനായി 500 കോടി രൂപ അനുവദിച്ചതിനുശേഷമാണ്‌ പുതിയ ഉത്തരവ്‌. പുല്‍വാമ ആക്രമണത്തിനുശേഷവും അടിയന്തര ആയുധം വാങ്ങുന്നതിനായി 300 കോടി രൂപ അനുവദിക്കുകയുണ്ടായി.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയും ജനങ്ങള്‍ രൂക്ഷമായ പട്ടിണിയും ദുരിതവും അഭിമുഖീകരിക്കുന്ന മഹാമാരിക്കിടെ മോഡി സര്‍ക്കാര്‍ ഒപ്പിട്ടത്‌ 20 ആയുധഇടപാടുകള്‍. ആറുമാസത്തിനിടെയാണ്‌ ഈ ഇടപാടുകള്‍ക്ക്‌ കരാര്‍ ഒപ്പിട്ടത്‌. ഇപ്പോഴും തുടരുന്ന ഇന്ത്യ‑ചൈന അതിര്‍ത്തി മേഖലയിലെ സംഘര്‍ഷത്തിന്റെ പേരിലും അമേരിക്ക, റഷ്യ, ഇസ്രായേല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി കോടികളുടെ ആയുധ ഇടപാടുകളാണ്‌ നടന്നത്‌.

യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനായി ഫെബ്രുവരിയില്‍ 17,167 കോടി രൂപയുടെ കരാറാണ്‌ തുര്‍ക്കി കമ്പനിയുമായി ധാരണയായത്‌. ആറ്‌ അപ്പാച്ചി ഹെലികോപ്‌റ്ററുകള്‍ വാങ്ങുന്നതിനായി യു എസ്സുമായി 6,941 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 24 റോമിയോ ഹെലികോപ്‌ടറുകള്‍ വാങ്ങുന്ന 19,406 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു. ഭാരം കുറഞ്ഞ തോക്കുകള്‍ വാങ്ങുന്നതിനായി 800 കോടി രൂപയുടെ കരാര്‍ ഇസ്രയേലുമായി ഒപ്പിട്ടു. ഇതുകൂടാതെ ബാലാക്കോട്ട്‌ അക്രമത്തിനുപയോഗിച്ച സ്‌പൈസ്‌ ബോംബുകള്‍ വാങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി, രാഷ്‌ട്രപതി എന്നിവര്‍ക്ക്‌ യാത്രചെയ്യുന്നതിനായി മിസൈല്‍ കവചങ്ങളുള്ള രണ്ട്‌ വിമാനങ്ങള്‍ വാങ്ങുന്നതിനായി 1,417 കോടി രൂപയുടെ കരാര്‍ അമേരിക്കയുമായി ഒപ്പിട്ടതും ഈ വര്‍ഷം ഫെബ്രുവരിയിലാണ്‌. യുപിഎ ഭരണകാലത്ത്‌ ആരംഭിച്ച റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ മോഡി സര്‍ക്കാര്‍ വന്‍ അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ 36 യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം രാജ്യത്തെത്തിച്ചു കഴിഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തിന്റെയും രാജ്യസുരക്ഷയുടെയും മറവില്‍ നടക്കുന്ന ആയുധഇടപാടുകള്‍ വലിയ ആശങ്ക ഉളവാക്കുന്നതാണ്‌. 2020 ആയപ്പോള്‍ ലോകത്ത്‌ ആയുധ ഇറക്കുമതി മറ്റ്‌ വന്‍കിട രാഷ്‌ട്രങ്ങളെ പിന്‍തള്ളി ഇന്ത്യ ഒന്നാമതായിക്കഴിഞ്ഞു.

യുഎസ്‌ അടക്കമുള്ള വന്‍ സമ്പന്ന രാഷ്‌ട്രങ്ങളുടെ സാമ്പത്തിക അടിത്തറ ആയുധ കച്ചവടമാണ്‌. യുദ്ധസാഹചര്യങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കേണ്ടത്‌ ആയുധകച്ചവടക്കാരുടെ താല്‍പ്പര്യമാണ്‌. ഇവരുടെ കെണിയില്‍പ്പെട്ട്‌ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്‌ ശരിയോ. അയല്‍രാജ്യങ്ങളുമായി സംഘര്‍ഷങ്ങള്‍ ഒഴിവായി സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ തേടേണ്ടതു നമ്മുടേതുപോലുള്ള രാഷ്‌ട്രങ്ങളിലെ ജനതയുടെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. യുദ്ധം മരണമാണ്‌, സമാധാനമാണ്‌ ജീവിതം എന്ന സമാധാന പ്രസ്ഥാനത്തിന്റെ സന്ദേശത്തിനു പ്രസക്തിയേറുന്നു.