Web Desk

ന്യൂഡൽഹി

August 08, 2020, 9:13 pm

സമരത്തിൽ മാത്രമല്ല സിവിൽ സർവീസിലും ജാമിയക്ക് പൊൻതൂവൽ

Janayugom Online

പൗരത്വ ബില്ലിനെതിരായ പോരാട്ടത്തിൽ രാജ്യശ്രദ്ധ നേടിയ ജാമിയ മിലിയയിൽ നിന്ന് വിജ്ഞാന മികവിന്റെ മറ്റൊരു വാർത്ത കൂടി. പത്തു മികച്ച സർവ്വകലാശാലകളിലൊന്നായി അംഗീകരിക്കപ്പെട്ട ജാമിയയിൽനിന്ന് പരിശീലനം നേടിയ 30 പേർ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി.

ജാമിയയിലെ റസിഡൻഷ്യൽ കോച്ചിങ് അക്കാദമി (ആർസിഎ) യിൽ പഠനം നടത്തിയവരാണ് വിജയികൾ. ഇതിൽ 25 പേർ ഇവിടെ നേരിട്ട് പരിശീലന പഠനം നേടിയവരാണ്. പുറത്തുനിന്നുള്ളവർക്ക് അക്കാദമി നല്കിയ പരീശിന ക്ലാസുകളിൽ പങ്കെടുത്തവരാണ് മറ്റുള്ള അഞ്ചുപേർ. രാജസ്ഥാനിൽ നിന്നുള്ള രുചി ബിൻഡാൽ (26) 36ാം റാങ്ക്നേടി. ജമ്മു കശ്മീരിലെ കുപ്വാരയിൽ നിന്നുള്ള നാദിയബേഗ്, കുൽഗാമിൽ നിന്നുള്ള ആസിഫ് യൂസുഫ് എന്നിവരും വിജയികളിൽ ഉൾപ്പെടും.

2010ൽ ആർസിഎ സ്ഥാപിതമായതിന് ശേഷം ഇതുവരെ ഇവിടെനിന്ന് പരിശീലനം നേടിയ 230 പേർ ഐഎഎസ്, ഐപിഎസ് ഉൾപ്പെടെ സിവിൽ സർവീസ് രംഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 285 പേർ കേന്ദ്ര — സംസ്ഥാന സർവീസുകളിലെ ഉന്നതങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ജാമിയയിലെ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ ഡൽഹി പൊലീസ് ക്രൂരമായ നരനായാട്ട് നടത്തിയ സ്ഥാപനമാണ് ഇത്. ഈ വർഷം ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ പേരിലും ജാമിയയിലെ വിദ്യാർത്ഥികളെ കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. ഇത്തരം വേട്ടയാലുകൾക്കിടയിലും ജാമിയ അതിന്റെ വിദ്യാഭ്യാസ പാരമ്പര്യം ഉയർത്തിപ്പിടിക്കുകയാണ്.

you may also like this video