25 April 2024, Thursday

സഫൂറ സര്‍ഗാറിന് ജാമിയയില്‍ വിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2022 10:53 pm

ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല കാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗവേഷകയും ആക്ടിവിസ്റ്റുമായ സഫൂറ സര്‍ഗാറിന് വിലക്ക്. പ്രബന്ധം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ എംഫില്‍ പ്രവേശനം റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. സഫൂറ സംഘടിപ്പിച്ച പ്രതിഷേധങ്ങളും മാര്‍ച്ചുകളുമാണ് ക്യാമ്പസില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണമായി സര്‍വകലാശാല ചൂണ്ടിക്കാണിക്കുന്നത്. അപ്രസക്തമായ വിഷയങ്ങള്‍ക്കെതിരെ കാമ്പസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു, സമാധാനപരമായ അക്കാദമിക് അന്തരീക്ഷത്തെ ശല്യപ്പെടുത്തി, പുറത്തുനിന്നുള്ള സമരക്കാരെ കൊണ്ടുവന്നു, വിദ്യാര്‍ത്ഥികളെ തന്റെ രാഷ്ട്രീയ അജണ്ടക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചു, സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ തടസപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് സഫൂറയ്ക്കെതിരെ അധികൃതര്‍ നിരത്തിയിരിക്കുന്നത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 ഏപ്രിലില്‍ യുഎപിഎ പ്രകാരം സഫൂറ സര്‍ഗാറിനെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലാകുമ്പോള്‍ 12 ആഴ്ച ഗര്‍ഭിണിയായിരുന്ന സഫൂറയ്ക്ക് 74 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഇതിനിടെ സഫൂറ സര്‍ഗാറിന്റെ പ്രവേശനം റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Jamia bans Safoo­ra Zargar from enter­ing uni­ver­si­ty campus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.