16 April 2024, Tuesday

ജാമിയ മിലിയ സംഘര്‍ഷം: കുറ്റാരോപിതര്‍; ബലിയാടുകള്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 4, 2023 11:24 pm

2019ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ ഡല്‍ഹി പൊലീസ് ചിലരെ ബലിയാടുകളാക്കിയെന്ന് സാകേത് ജില്ലാ സെഷന്‍സ് കോടതി. കുറ്റാരോപിതരായി ജയിലില്‍ അടച്ച ഷർജീൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗാർ എന്നിവരുള്‍പ്പെടെ 11 പേരെ വിട്ടയച്ചു കൊണ്ട് രൂക്ഷമായ പരാമര്‍ശങ്ങളാണ് ഡൽഹി പൊലീസിനെതിരെ കോടതി നടത്തിയത്. 

പൊലീസ് ഗുരുതരമായ വിലോപം കാട്ടിയെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുള്‍ വര്‍മ, അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ലെന്ന് അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍ കണ്ടവരില്‍ ചിലരെ പ്രതികളും ചിലരെ സാക്ഷികളുമാക്കി. കുറ്റപത്രം പോലും സങ്കല്പത്തില്‍ തയ്യാറാക്കിയതാണ്. പ്രോസിക്യൂഷനും വൈരനിര്യാതന ബുദ്ധിയോടെയാണ് ഇടപെടല്‍ നടത്തിയത്. പൊലീസിന്റെ തന്നിഷ്ടപ്രകാരമുള്ള പ്രതിചേര്‍ക്കല്‍ സാമാന്യ നീതിയെ ഹനിക്കുന്നതാണ് എന്നീ പരാമര്‍ശങ്ങളും നടത്തി. പ്രതിഷേധ സ്ഥലത്ത് സന്നിഹിതനായിരുന്നു എന്നതുകൊണ്ട് അയാള്‍ അക്രമത്തില്‍ പങ്കെടുത്തു എന്ന് എങ്ങനെ കരുതാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശം വിനിയോഗിക്കുന്ന പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പൊലീസ് നടപടി. നിസംഗവും അലസവുമായാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു. അവരെ ദീര്‍ഘകാലത്തെ വിചാരണയ്ക്ക് വിധേയമാക്കുന്നത് രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. പ്രതിഷേധിക്കുന്ന പൗരന്മാരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. വിയോജിപ്പും കലാപവും തമ്മിലുള്ള വ്യത്യാസം അന്വേഷണ ഏജൻസികൾ തിരിച്ചറിയുക എന്നത് അത്യന്താപേക്ഷിതമാണെന്ന് വർമ പറഞ്ഞു. രണ്ടാമത്തേത് ശമിപ്പിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ആദ്യത്തേതിന് ഇടം നൽകേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിലാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്. 

ക്രൂരമായി പീഡിപ്പിച്ചു: സിദ്ദിഖ് കാപ്പന്‍ 

ലഖ്നൗ: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാൻ പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് ജയില്‍ മോചിതനായ മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്‍. നിഷ്കരുണം മർദിക്കുകയും കസ്റ്റഡിയില്‍ വച്ച് അസംബന്ധ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടോ, ബീഫ് കഴിക്കാറുണ്ടോ എന്നൊക്കെയാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്.
ഒപ്പമുണ്ടായിരുന്ന നിരപരാധികൾ ഇപ്പോഴും ജയിലിലാണ്. പൂർണമായി നീതി ലഭിച്ചെന്ന് പറയാനാകില്ലെന്നും സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം. രണ്ട് വർഷവും നാല് മാസവും പൂര്‍ത്തിയായപ്പോഴാണ് കാപ്പന് ജാമ്യം ലഭിച്ചത്. 

Eng­lish Sum­ma­ry: Jamia Mil­ia con­flict: Accused; Scapegoats

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.