പൗരത്വ നിയമത്തിനെതിരായ ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര സമ്മേളനത്തിൽ പുരസ്കാരം. മതവും മനുഷ്യാവകാശവും പ്രമേയമാക്കിയ പ്രബന്ധത്തിനാണ് പുരസ്കാരം. ജാമിയ വിദ്യാർത്ഥിയായ മുഹമ്മദ് മിൻഹാജുദ്ദീന്റെ വലത് കണ്ണിന്റെ കാഴ്ച്ച പൊലീസ് നടത്തിയ മർദ്ദനത്തിലായിരുന്നു നഷ്ടമായത്.
അന്തർദേശീയ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനായി ജാമിയ സർവകലാശാല ലൈബ്രറിയിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പൊലീസ് അതിക്രമിച്ചു കയറി മുഹമ്മദ് മിൻഹാജുദ്ദീന്റെ കണ്ണിൽ ലാത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അവശേഷിച്ച കാഴ്ച്ച ശക്തികൊണ്ട് പ്രബന്ധം പൂർത്തിയാക്കി അവതരിപ്പിച്ച മിൻഹാജുദ്ദീന് അന്താരാഷ്ട്ര സമ്മേളനത്തിൽ ലഭിച്ച പുരസ്കാരത്തിന് മനകരുത്തിന്റെ തിളക്കമാണ്. ജാമിയ ടീച്ചേഴ്സ് അസോസിയേഷൻ(ജെടിഎ) സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് സമ്മേളനത്തിലാണ് മിൻഹാജുദ്ദീന് പുരസ്കാരം നൽകിയത്. ബിഹാർ സ്വദേശിയായ മിൻഹാജുദ്ദീൻ ജാമിയയിൽ എൽഎൽഎം വിദ്യാർത്ഥിയാണ്. പൊലീസ് അതിക്രമത്തിന് ശേഷം പഠനം ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും പഠനം പൂർത്തിയാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് മിൻഹാജുദ്ദീൻ.
ഡിസംബർ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ സമരത്തെ ക്രൂരമായി അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് അനുവാദമില്ലാതെ ജാമിയ ക്യാമ്പസിനകത്തേക്ക് കടന്ന് വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്. ലൈബ്രറിയിലേക്ക് കടന്ന പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയും വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. പ്രബന്ധം തയ്യാറാക്കുന്നതിനായി ലൈബ്രറിയിലുണ്ടായിരുന്ന മിൻഹാജുദ്ദീനെ ഇതിനിടയിലാണ് പൊലീസ് ലാത്തി കൊണ്ട് നേരിടുന്നത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മിൻഹാജുദ്ദീൻ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കുത്തേറ്റ കണ്ണിന് ഒരിക്കലും കാഴ്ച്ച ശക്തി തിരികെ കിട്ടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് മിൻഹാജുദ്ദീൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഡൽഹി പൊലീസ് അതിക്രമത്തിൽ 2.66 കോടിയുടെ നാശനഷ്ടം നേരിട്ട ജാമിയ മിലിയ സർവകലാശാല അധികൃതർ നഷ്ടത്തിന്റെ ബിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
English Summary; Jamia Millia student Mohammed Minhajuddin won best paper
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.