March 30, 2023 Thursday

ജമ്മു-കശ്മീർ ഇനി കോർപറേറ്റുകളുടെ മേച്ചിൽപ്പുറം

ആര്‍ അജയൻ
January 28, 2023 4:30 am

ലനിരകളാലും, ഹിമപാളികളാലും അലങ്കരിച്ച മനോഹരമായ ഒരു താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കശ്മീർ. ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെടുന്ന നാട്. എല്ലാം തികഞ്ഞുവെന്ന് ഭൂപ്രകൃതി വിവരണം കേൾക്കുമ്പോൾ തോന്നുമെങ്കിലും ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ട് രാജ്യങ്ങളുടെ അതിർത്തി പ്രശ്നത്തിന്റെ ഇടയിൽപ്പെട്ടുപോയ ഒരു ജനതയാണ് അവിടെയുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിഭാഗീയ അജണ്ടയിലെ അവസാന അടവായ ഇന്ത്യ‑പാകിസ്ഥാൻ വിഭജനത്തിന് ശേഷം പല പ്രവിശ്യകളായിരുന്ന, ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തമായ ഒരുകൂട്ടം ഭൂപ്രദേശങ്ങളെ യൂണിയൻ എന്ന ഒറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തം ഇന്ത്യൻ നേതാക്കളുടെ മുൻപിൽ നില നിന്നിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേലിനെ പോലുള്ള മികച്ച നേതാക്കളുടെ പ്രയത്നം മൂലം ഈ ലക്ഷ്യം നമുക്ക് കൃത്യമായി നിർവഹിക്കാൻ സാധിച്ചു. എന്നാൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും, ചൈനയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കശ്മീർ ഒരു വെല്ലുവിളിയായിരുന്നു. അതിനോടനുബന്ധിച്ച് പ്രസ്തുത പ്രദേശം വളരെയധികം ആക്രമണങ്ങളും സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും നേരിട്ടു. ഒടുവിൽ പാകിസ്ഥാനിലും ഇന്ത്യയിലുമായി കശ്മീർ വിഭജിക്കപ്പെട്ടു. ഈ സങ്കീർണതയുടെ അടിസ്ഥാനത്തിലാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 1952ൽ നിലവിൽ വന്നത്. തുടക്കത്തിൽ താല്‍ക്കാലികമായിട്ടായിരുന്നുവെങ്കിലും പിന്നീട് സുപ്രീം കോടതിയുടെ വിധി പ്രകാരം സ്ഥിരമാവുകയായിരുന്നു.


ഇതുകൂടി വായിക്കൂ:  സംഘ്പരിവാര്‍ ജമ്മു-കശ്മീര്‍ നയസമീപനം പൂര്‍ണപരാജയം


ആർട്ടിക്കിൾ 370ന് ഒപ്പം തന്നെ പ്രസിഡൻഷ്യൽ ഉത്തരവ് മൂലം 35എ വിഭാഗം കൂടി കൂട്ടിച്ചേർക്കുകയുണ്ടായി. കശ്മീരിന്റെ പ്രത്യേക അധികാരത്തിനും മറ്റ് പരിഗണനകൾക്കും പുറമെ ജമ്മു-കശ്മീരില്‍ പുറത്തുനിന്നുള്ള വ്യക്തികള്‍ക്ക് സ്ഥലം വാങ്ങുവാനോ, മറ്റ് ഇടപാടുകൾ നടത്തുവാനോ നിയമം വിലക്ക് കല്പിച്ചിരുന്നു. എന്നാൽ 2019ൽ നരേന്ദ്ര മോഡി സർക്കാർ ആർട്ടിക്കിൾ 370 അസാധുവാക്കിയതോടെ, 35എ കൂടി ഒഴിവാക്കപ്പെട്ടു. ജമ്മു-കശ്മീർ എന്നും ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് രൂപം കൊടുത്തു. 2019 ഓഗസ്റ്റ് അഞ്ച് അമിത് ഷായ്ക്കും പരിവാരങ്ങൾക്കും ‘ജനാധിപത്യം’ പൂവണിഞ്ഞ ദിവസം. എന്നാൽ കശ്മീരിലെ പാവപ്പെട്ട കർഷകർക്ക് അത് ചതിയുടെ ദിനം. ആർട്ടിക്കിൾ 370, 35എയുടെ കീഴിൽ ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കശ്മീരിലെ കർഷകർക്ക് അവരുടെ ഭൂമിയിൽ കൃഷി ചെയ്യുവാനും, അതിൽ നിന്നുള്ള വരുമാനത്തിലൂടെ ഉപജീവന മാർഗം തേടാനും കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കേന്ദ്രഭരണമാക്കിയതോടെ കർഷകരുടെ ഭൂമി സ്വന്തം ഭൂമി എന്നതിൽ നിന്നും ‘സ്റ്റേറ്റ് ലാന്റ്’ ആയി മാറി. പ്രദേശത്തെ ഭൂമി കേന്ദ്രഭരണ അഡ്മിനിസ്ട്രേഷന് ആർക്കുവേണമെങ്കിലും കൈ മാറാം.
2020 ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏതൊരു ഇന്ത്യൻ പൗരനും കൃഷിയിടം അല്ലാത്ത ഏത് ഭൂമിയും വാങ്ങിക്കാം എന്ന മറ്റാെരു ഉത്തരവിറക്കി. കൃഷിയിടങ്ങൾക്കും ഭൂമിക്കും ചില പുതിയ ‘നിബന്ധനകൾ’ അഡ്മിനിസ്ട്രേഷൻ കല്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഇന്ന് 80 ശതമാനത്തോളം വരുന്ന ജനത കാർഷികവൃത്തിയിൽ ഏർപ്പെടുന്ന കശ്മീരിലെ ബർവാൽ എന്ന ഗ്രാമത്തിലെ കൃഷിഭൂമി ജമ്മു ആന്റ് കശ്മീര്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന് (എസ്ഐഡിസിഒ) കേന്ദ്രം കൈമാറുകയും ഒരു സമൂഹത്തിന്റെ ഉപജീവനം മുട്ടിക്കുന്ന അവസ്ഥയിലേക്ക് അവരെ തള്ളിവിടുകയുമാണ്. നിയമത്തിലൂടെ ഈ അനീതിയില്‍ നിന്ന് പരിരക്ഷ നേടാൻ ഇറങ്ങിയ കർഷകർക്ക് പക്ഷേ നിരാശയായിരുന്നു ഫലം. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കർഷകരെയും അവരുടെ അവകാശങ്ങളെയും സംബന്ധിക്കുന്ന ജമ്മു ആന്റ് കശ്മീര്‍ അലിനേഷന്‍ ഓഫ് ലാന്റ് ആക്ട്, ദി ജമ്മു ആന്റ് കശ്മീര്‍ ബിഗ് ലാന്‍ഡഡ് എസ്റ്റേറ്റ്സ് അബോളിഷന്‍ ആക്ട് ആന്റ് ദി ജമ്മു കശ്മീര്‍ കോമണ്‍ ലാന്റ്സ് (റെഗുലേഷന്‍) ആക്ട് 1956 മുതലായ നിയമങ്ങൾ അസാധുവാക്കി കേന്ദ്രത്തിന് ‘നിയമ പരിരക്ഷ’ നൽകി. തങ്ങൾ നട്ടുപിടിപ്പിച്ച മരങ്ങൾ വികസനത്തിന് വേണ്ടി വെട്ടിമുറിക്കപ്പെടുമ്പോൾ ‘ഇനി എന്ത്’ എന്ന ചോദ്യവുമായി നിസഹായരായി നോക്കി നിൽക്കുകയാണ് ജനത.


ഇതുകൂടി വായിക്കൂ:  കാശ്മീര്‍ ഫയല്‍സ് അഥവാ അസത്യങ്ങളുടെ പ്രൊപ്പഗാന്‍ഡ


ബാർവാൽ ഗ്രാമത്തിലെ ജനങ്ങളുടെ ആശങ്കകളെ വികസന വിരോധമായി കാണുന്ന അരാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്നത് സ്വാഭാവികം. അവരോടാണ് ഇനി പറയാനുള്ളത്. ബാർവാലിന്റെ അടുത്തുള്ള ഒരു പ്രദേശമാണ് ബുധി. അവിടെ തൊണ്ണൂറോളം ഏക്കർ ഭൂമിയാണ് സിഡ്കോ ഏറ്റെടുത്ത്, വ്യാവസായിക യൂണിറ്റുകൾ സ്ഥാപിച്ചത്. എന്നാൽ ഈ യൂണിറ്റുകൾ ഇപ്പോൾ നിർജീവമാണ്, മാത്രവുമല്ല ഒട്ടേറെ ഔഷധ സസ്യങ്ങളും മൃഗസമ്പത്തും ഉള്ള ബുധിയിൽ സാമൂഹിക വനംവകുപ്പ് നട്ട മരങ്ങൾ മുറിച്ച് ഭൂമി നിരപ്പാക്കി അവിടെ സ്വകാര്യ ലാന്റ് ബാങ്കുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതുമൂലം ഭൂമിക്കടിയിലുള്ള വെള്ളം കുറഞ്ഞു വരികയും പ്രദേശവാസികൾ വെള്ളത്തിന് ക്ഷാമം അനുഭവിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ സർക്കാർ ഇൻസെന്റീവുകളും സബ്സിഡികളും വാങ്ങി ഭക്ഷിച്ച് പുളച്ച് നടക്കുന്ന ചിലർ സർക്കാർ ഒത്താശയോടെ സ്ഥാപിക്കാൻ ശ്രമിക്കുന്ന മറ്റൊരു പ്ലാച്ചിമട ദുരന്തമാണ് കേന്ദ്രത്തിന്റെ ഈ ‘വികസന’ പദ്ധതി. സർക്കാരിന്റെ നിലം അതിൽ താമസിക്കുന്നവർക്ക് പണത്തിന് കൊടുക്കുന്ന പദ്ധതിയാണ് രോഷിനി സ്കീം. എന്നാൽ ഭൂമി കയ്യേറ്റം ചെയ്തതിന്റെ പേരിൽ, കോടതിയിൽ കേസ് വരികയും ഒടുവിൽ പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന് വിധി പറയുകയും ഉണ്ടായി. ഭൂമി കയ്യേറ്റത്തിൽ, പ്രമുഖരായ പല ബിജെപി നേതാക്കൾക്കും മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ സഹോദരന്മാർക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പ്രമുഖർ രക്ഷപ്പെട്ടെങ്കിലും കുടുങ്ങിയത് പാവപ്പെട്ട കർഷകരാണ്. ഈ പദ്ധതിയിലൂടെ ലഭിച്ച ഭൂമിയിലെ കൃഷി പൊലീസ് നശിപ്പിക്കുന്ന കഥയാണ് അവർക്ക് പറയാനുള്ളത്.


ഇതുകൂടി വായിക്കൂ:  അധിനിവേശത്തിന്റെ ശൈത്യം


കർഷകർക്കെതിരെ പൊലീസിനെയും വകുപ്പുകളെയും ഉപയോഗിച്ച് നടത്തുന്ന ഈ ഭരണകൂട ഭീകരത ഒറ്റപ്പെട്ട സംഭവമല്ല, കഠ്‍വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് അടുത്തുള്ള ഗ്രാമങ്ങളിൽ ഇനി മുതൽ കൃഷി ചെയ്യരുത് എന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. 1947 ൽ അഭയാർത്ഥികളായി വന്നവർക്ക് അന്നത്തെ സര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ സർക്കാർ ഭൂമി വീതിച്ചു കൊടുത്തിരുന്നു. അവരുടെ പിന്‍തലമുറക്കാരായ മനുഷ്യരോടാണ് ഇപ്പോഴത്തെ ഭീകരത.
കാട്ടിൽ ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളെയും ഇവർ വെറുതെ വിടുന്നില്ല. റോഷിനി സ്കീമിൽ ഭൂമിയുടെ അവകാശം ലഭിച്ച ഗോത്ര ജനതയോട് അവിടെ നിന്ന് ഇറങ്ങിപ്പോകാനാണ് കല്പന. പ്രതികരിക്കുന്നവർക്കെതിരെ, എഫ്ഐആര്‍ ചാർത്തി വായ മൂടിക്കെട്ടും. അതേസമയം മനോജ് സിൻഹ എന്ന ലെഫ്റ്റനന്റ് ഗവർണർ മാജീൻ എന്ന മലയോര പ്രദേശത്ത് 62 ഏക്കർ ഭൂമി കല്ല് കൊണ്ടുള്ള ദ്രാവിഡ ക്ഷേത്രം പണിയുന്നതിന് വേണ്ടി ആന്ധ്രയിലെ ദേവസ്ഥാനക്കാർക്ക് കൊടുത്തിരിക്കുന്നുവെന്ന വിരോധാഭാസവുമുണ്ട്. അതും രണ്ട് വർഷം മുൻപ് ഗുജ്ജർ വിഭാഗത്തിലെ ജനങ്ങളുടെ വീടുകളും കൃഷി ഇടങ്ങളും നശിപ്പിച്ച അതേയിടത്ത്. ഒരിടത്ത് കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും ഉന്നയിച്ച് കുടിയൊഴിപ്പിക്കുന്നു, മറ്റൊരിടത്ത് മലമുകളിൽ ക്ഷേത്ര നിർമ്മാണം.


ഇതുകൂടി വായിക്കൂ:  കശ്മീർ: നിലവിളിയുടെ താഴ്‌വര


കാലാകാലങ്ങളായി ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന്റെ ആയുധമാണ് കശ്മീർ. ഇന്ന് അവർ രാഷ്ട്രീയ ആയുധമാക്കുന്ന കശ്മീരി പണ്ഡിറ്റ് വിഷയം വരെ അതിന് ഉദാഹരണമാണ്. 1989ൽ ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച വി പി സിങ്ങിന്റെ കാലത്താണ് കശ്മീരി പണ്ഡിറ്റുകളുടെ പലായനം നടക്കുന്നത്. അന്ന് ബിജെപിയെ നയിച്ച എൽ കെ അഡ്വാനി ഈ അനീതിക്കെതിരെ ചെറുവിരലനക്കിയില്ല. കുപ്രസിദ്ധമായ രഥയാത്രക്കിടയിൽ സമസ്തിപൂരിൽ വച്ച് ലാലു പ്രസാദ് യാദവിന്റെ സർക്കാർ അഡ്വാനിയെ അറസ്റ്റ് ചെയ്തപ്പോൾ പിന്തുണ പിൻവലിച്ച് കേന്ദ്ര സർക്കാരിനെ താഴെ ഇറക്കിയ നിലപാട്, കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തിൽ ഉണ്ടായില്ല. ഒരു കാലത്ത് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനി പഷ്തൂൺ ഗോത്ര നുഴഞ്ഞുകയറ്റക്കാരെ നേരിട്ട, ഇന്ത്യ പോരാടിയ മൂന്ന് യുദ്ധങ്ങൾക്ക് തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും അടക്കം രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം ജനതയോടാണ് ഇറങ്ങിപ്പോകാൻ അഭിനവ ‘രാജ്യസ്നേഹികൾ’ നയിക്കുന്ന സർക്കാരിന്റെ ഉത്തരവ്. താഴ്‌വരയിൽ സമാധാനമില്ലാത്ത കാലത്തുപോലും തങ്ങളുടെ വ്യവസായം നടത്തിയ പ്രാദേശിക വ്യവസായികളെ തള്ളിക്കൊണ്ടുള്ള ഈ കോർപറേറ്റ് സ്നേഹം, കശ്മീർ ഫയൽസ് എന്ന പ്രചാരണ സിനിമയ്ക്ക് നികുതിയിളവ് കൊടുത്തുകൊണ്ട് കശ്മീർ ജനതയുടെ ‘ക്ഷേമ’ ത്തിന് വേണ്ടി പൊരുതുന്ന ബിജെപിയുടെ കപടത വെളിവാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.