Friday
06 Dec 2019

ജമ്മു-കശ്മീര്‍: ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമം

By: Web Desk | Friday 9 August 2019 10:55 PM IST


പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ ശ്രീനഗറിലെത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയേയും വിമാനത്താവളത്തില്‍ സുരക്ഷാസേന തടഞ്ഞു. ഇരുനേതാക്കളും സന്ദര്‍ശനാനുമതി തേടി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും തടയുകയും തിരിച്ചയക്കുകയും ഉണ്ടായി. പ്രമുഖരായ ദേശീയ നേതാക്കളെപ്പോലും തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നത് അത്യന്തം അപലപനീയവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. നരേന്ദ്ര മോഡിയുടെ ഏകാധിപത്യമാണ് രാജ്യത്ത് നടക്കുന്നത്. ജമ്മു-കശ്മീരില്‍ എല്ലാം സാധാരണ നിലയിലാണെന്നും ഭരണഘടനയുടെ 370, 35 എ അനുച്ഛേദങ്ങള്‍ റദ്ദാക്കിയതില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് കഴിഞ്ഞ ദിവസം പ്രക്ഷേപണി പ്രസംഗത്തിലൂടെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന, ഒരു രാജ്യസഭാംഗവും രണ്ട് മുന്‍ രാജ്യസഭാംഗങ്ങളും ഉള്‍പ്പെടെ, പ്രതിപക്ഷ നേതാക്കള്‍ക്കുപോലും പ്രവേശിക്കാന്‍ കഴിയാത്തവിധം സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് ജമ്മു-കശ്മീരില്‍ നിലനില്‍ക്കുന്നത്. പതിനായിരക്കണക്കിന് സായുധ സുരക്ഷാസേനാംഗങ്ങളെയാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും വിന്യസിച്ചിരിക്കുന്നത്. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ട ജമ്മു-കശ്മീര്‍ അപ്പാടെ ഒരു തടവറയാക്കി മാറ്റപ്പെട്ടിരിക്കുന്നു. ഭയവിഹ്വലരായ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും തയ്യാറാവുന്നില്ല. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിക്കുകയും വിഘടനവാദികള്‍ക്കെതിരെ നിരന്തരം നിലകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെല്ലാം തടവിലാക്കപ്പെട്ടിരിക്കുന്നു.

പച്ച നുണകളിലൂടെ രാജ്യത്തെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ് നരേന്ദ്രമോഡിയും സംഘ്പരിവാര്‍ പ്രഭൃതികളും. റദ്ദാക്കപ്പെട്ട ഭരണഘടനാ വകുപ്പുകളായിരുന്നു വികസനമടക്കം എല്ലാ കാര്യങ്ങള്‍ക്കും വിഘാതമായിരുന്നതെന്ന അവകാശവാദമാണ് അവര്‍ ഉന്നയിക്കുന്നത്. അത് വസ്തുതാവിരുദ്ധമായ അസത്യ പ്രചരണമാണെന്ന് നാളിതുവരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഔദേ്യാഗിക മനുഷ്യ വികാസ സൂചിക വ്യക്തമാക്കുന്നു. നരേന്ദ്രമോഡി തന്നെ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ നാളിതുവരെയുള്ള സര്‍ക്കാരുകള്‍ കൈവരിച്ചതിലും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ ജമ്മു-കശ്മീരിന് കഴിഞ്ഞിട്ടുണ്ട്. ജമ്മു-കശ്മീര്‍ ജനതയുടെ ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, വിദ്യാഭ്യാസ നിലവാരം, കുടുംബങ്ങളുടെ ആസ്തി ബാധ്യതകള്‍, ജനങ്ങളുടെ ആരോഗ്യ നിലവാരം, ശിശുമരണ നിരക്ക്, ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നവരുടെ അനുപാതം എന്നിവയിലെല്ലാം സുസ്പഷ്ടമായ അന്തരം കാണാനാവും. വസ്തുത ഇതായിരിക്കെ വികസനമാണ് ജമ്മു-കശ്മീരിന്റെ മുഖ്യപ്രശ്‌നമെന്നും അത് ഉറപ്പുവരുത്താനാണ് തന്റെ ഗവണ്‍മെന്റിന്റെ നടപടിയെന്നും വരുത്തിതീര്‍ക്കാനാണ് മോഡിയുടെ ശ്രമം. ജമ്മു-കശ്മീരില്‍ സൈ്വരജീവിതത്തിന് തടസം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരവും ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധങ്ങളടക്കം ബഹുമുഖ രാഷ്ട്രീയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. അവയ്ക്ക് പരിഹാരം സമാധാനപരവും ക്ഷമയോടുകൂടിയതുമായ ചര്‍ച്ചകളിലൂടെ കണ്ടെത്തേണ്ടവയാണ്. അതിനുപകരം ജനാധിപത്യ പ്രക്രിയകളെ അട്ടിമറിച്ച് ഭരണകൂടത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാര പ്രകടനത്തിലൂടെയും പ്രയോഗത്തിലൂടെയും പ്രശ്‌നപരിഹാരത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളുടെ പരാജയമാണ് രാഷ്ട്രത്തെയും ജമ്മു-കശ്മീരിനെയും വേട്ടയാടുന്നത്.

രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി ജനങ്ങളുടെയും ലോകത്തിന്റെയും മുന്നില്‍ മറച്ചുവയ്ക്കാനും ശ്രദ്ധ തിരിച്ചുവിടാനുമുള്ള ആസൂത്രിതവും കുത്സിതവുമായ നീക്കമാണ് മോഡി നടത്തുന്നത്. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ കോര്‍പ്പറേറ്റ് അനുകൂല തുഗ്‌ളക് പരിഷ്‌കാരങ്ങള്‍ കൂടുതല്‍ തീവ്രതയോടെ രാഷ്ട്ര സമ്പദ്ഘടനയെ തിരിഞ്ഞുകുത്തുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടന ആശങ്കാജനകമായ മുന്നറിയിപ്പാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മോഡി സര്‍ക്കാര്‍ ‘ആയാസരഹിത ബിസിനസ് അന്തരീക്ഷ’ത്തെപറ്റി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വ്യവസായ-വാണിജ്യ മേഖലകളില്‍ നിന്ന് ഉയരുന്നത് അപായമണിയാണ്. കാറുകളടക്കം യാത്രാവാഹനങ്ങളുടെ വില്‍പ്പന, വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ്, കുടുംബ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുത ഉപകരണങ്ങളടക്കം ഉപഭോഗ വസ്തുക്കളുടെ വില്‍പനയിലുള്ള ഇടിവ്, റയില്‍ ചരക്കു ഗതാഗതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ്, റിയലെസ്റ്റേറ്റ് വ്യാപാരത്തിലെ കടുത്ത മാന്ദ്യം എന്നിവയെല്ലാം നല്‍കുന്നത് ദുഃസൂചനകളാണ്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളാകെ സംഘര്‍ഷഭരിതമാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നിവയെല്ലാം പൊട്ടിത്തെറിയുടെ വക്കിലാണ്. അഭൂതപൂര്‍വമായ സാമ്പത്തിക ഞെരുക്കമാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ തുറിച്ചുനോക്കുന്നത്. അത്തരമൊരു വിസ്‌ഫോടക സാഹചര്യത്തില്‍ ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമമാണ് മോഡി ഭരണകൂടത്തെ ജമ്മു-കശ്മീരില്‍ എത്തിച്ചിരിക്കുന്നത്. തല്‍ക്കാലം ജനങ്ങളെ കബളിപ്പിക്കാന്‍ മോഡിക്ക് കഴിഞ്ഞേക്കും. അനിവാര്യമായ പൊട്ടിത്തെറി വൈകിക്കാന്‍ മാത്രമേ അതുകൊണ്ട് കഴിയൂ.