Janayugom Online
Jammu-and-Kashmir

ജമ്മു കശ്മീര്‍: ജനാധിപത്യ പുനഃസ്ഥാപനമാണ് രാഷ്ട്രീയ വിവേകത്തിന്റെ പാത

Web Desk
Posted on June 20, 2018, 11:10 pm
rajaji mathew thomas

രാജാജി മാത്യു തോമസ്

തങ്ങളുടെ തീവ്രഹിന്ദുത്വ, തീവ്രദേശീയതാ കണക്കുകൂട്ടലുകള്‍ ഒന്നൊന്നായി തകര്‍ന്നടിയുന്നുവെന്ന തിരിച്ചറിവാണ് ബിജെപിയെ ജമ്മു കശ്മീരിലെ പിഡിപി-ബിജെപി മുന്നണി ഗവണ്‍മെന്റിനുളള പിന്തുണ ഏകപക്ഷീയമായും നാടകകീയമായും പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. തങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ കേന്ദ്രഭരണം നല്‍കുന്ന ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജമ്മു കശ്മീരില്‍ തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനാവുമെന്നായിരുന്നു നരേന്ദ്രമോഡി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആ നയങ്ങള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി ലഭിച്ച തിരിച്ചടികളും ഇനിയും അധികാരത്തില്‍ തുടരുന്നത് ജമ്മു കശ്മീരിലും രാജ്യത്തുതന്നെയും തങ്ങള്‍ക്ക് തീവ്രഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുപോരുന്ന പിന്തുണപോലും നഷ്ടമാക്കുമെന്ന ഭീതിയുമാണ് മുന്നണി ഭരണമെന്ന അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നും പൊടുന്നനെ പിന്‍വാങ്ങാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.
രാജ്യത്തുടനീളം ബിജെപി വിരുദ്ധ ജനവികാരവും മോഡിഭരണത്തിനെതിരായ രാഷ്ട്രീയ ധ്രുവീകരണവും ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ തന്നെ അടിയറവച്ചുകൊണ്ടുളള കൂട്ടുകെട്ടില്‍ തുടരുന്നത് 2019 ലെ പൊതുതെരഞ്ഞെടുപ്പടക്കം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തങ്ങള്‍ക്ക് എതിരാവുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിജയോന്മാദത്തില്‍ രാജ്യമാകെ വെട്ടിപിടിക്കാനാകുമെന്ന അതിമോഹമാണ് ആശയപരമായും രാഷ്ട്രീയമായും വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന പിഡിപി-ബിജെപി മുന്നണി സര്‍ക്കാരിന് വഴി തുറന്നത്. ജമ്മു കശ്മീരിനെയും രാഷ്ട്രത്തെയും സംബന്ധിക്കുന്ന മൗലിക പ്രശ്‌നങ്ങളാണ് ഭരണഘടനയുടെ 370, 35 എ എന്നീ അനുഛേദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2014 പൊതുതെരഞ്ഞെടുപ്പിലും തുടര്‍ന്ന് ജമ്മു കശ്മീര്‍ അസംബ്ലി തെരഞ്ഞെടുപ്പിലും അവയില്‍ കര്‍ക്കശമായ നിലപാടുകളാണ് ഇരുപാര്‍ട്ടികളും അവലംബിച്ചത്. മുന്നണി രൂപീകരിക്കുമ്പോഴും പിഡിപി തങ്ങളുടെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം പിഡിപിയെ ‘മൃദുവിഘടനവാദി‘കളെന്ന് ആരോപിച്ചിരുന്ന ബിജെപി തങ്ങളുടെ തീവ്രദേശീയ അജന്‍ഡ ജമ്മു കശ്മീരില്‍ നടപ്പാക്കാനുള്ള കുറുക്കുവഴി മാത്രമായാണ് മുന്നണി ഭരണത്തെ നോക്കിക്കണ്ടത്.
ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ദേശീയ അനുരഞ്ജനം; പാകിസ്ഥാനുമായി ചര്‍ച്ചകളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷലഘൂകരണം; ജമ്മു, കശ്മീര്‍ താഴ്‌വര, ലഡാക്ക് എന്നീ സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളുടെയും സന്തുലിത വികസനം; സാമ്പത്തിക പുരോഗതിക്കും വികസനത്തിനും ഉതകുന്ന കേന്ദ്ര ധനസഹായം എന്നിവകളില്‍ അധിഷ്ഠിതമായ ‘ഭരണപരമായ മുന്നണി‘എന്ന പിഡിപിയുടെ നിര്‍ദേശത്തിന് വഴങ്ങിയാണ് ബിജെപി മുന്നണിയില്‍ പങ്കാളികളായത്. ഭരണഘടനാപരമായ തര്‍ക്കവിഷയങ്ങള്‍, സായുധസേനാ വിശേഷാധികാര നിയമം തുടങ്ങിയവയില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പൊതുധാരണ അസാധ്യമായിരുന്നു. അതാവട്ടെ ജമ്മു കശ്മീരിലെ കാതല്‍ രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ്. അവയ്ക്ക് പരിഹാരം കാണാനാവാത്ത ഒരു രാഷ്ട്രീയ കൂട്ടുകെട്ടിനെ അവിശുദ്ധവും അപ്രായോഗികവും അവസരവാദവുമെന്ന് വിമര്‍ശകരും പ്രതിയോഗികളും കരുതിയാല്‍ അത്തരക്കാരെ കുറ്റപ്പെടുത്താനുമാവില്ല.
സംസ്ഥാനത്തെ ജനജീവിതത്തില്‍ ദേശീയ അനുരഞ്ജനത്തിന്റെ വിദൂരാന്തരീക്ഷം പോലും സൃഷ്ടിക്കാന്‍ പിഡിപി-ബിജെപി മുന്നണിക്ക് അതിന്റെ മൂന്നര വര്‍ഷക്കാലം നീണ്ട ഭരണത്തില്‍ ഒരിക്കല്‍പോലും കഴിഞ്ഞിട്ടില്ല. മാത്രമല്ല 2014 ന് മുമ്പുള്ള ഒരു ദശകക്കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞ താരതമ്യേനയുള്ള സമാധാനാന്തരീക്ഷം തകര്‍ക്കാനും അത്യന്തം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാനുമെ മുന്നണി ഭരണത്തിന് കഴിഞ്ഞുള്ളു. 2014 നു ശേഷം ഭീകരരും, പൗരന്മാരും ഇന്ത്യന്‍ സുരക്ഷാ സേനാംഗങ്ങളുമടക്കം കൊലചെയ്യപ്പെട്ടവരുടെ താരതമ്യപഠനം തന്നെ അതിനുമതിയായ തെളിവാണ്. അനുരഞ്ജനത്തിനു പകരം അക്രമങ്ങളുടെ പരമ്പരതന്നെ സംസ്ഥാനത്ത് അരങ്ങേറി. സുരക്ഷാ സേനയുടെ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ചെറുപ്പക്കാരുടെയും കുട്ടികളുടെയും വന്‍നിര ഭരണത്തിനെതിരെ തിരിയുന്ന കാഴ്ച രാജ്യത്തിന്റെ യശസിനും കളങ്കമായി. അത് ഇന്ത്യയുടെ മനുഷ്യാവകാശ പ്രതിഛായയ്ക്കുമേല്‍ ആഗോളരംഗത്ത് കരിനിഴല്‍ വീഴ്ത്തി. നിരപരാധിയായ ഒരു യുവാവിനെ ആള്‍മറയാക്കി സുരക്ഷാസേന നടത്തിയ പ്രകടനം ഇന്ത്യയെ ലോകരംഗത്ത് അപമാനിതയാക്കി. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നരേന്ദ്രമോഡി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കുമല്ല. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയെ ദിവസങ്ങളോളം ആരാധനാലയത്തില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലചെയ്ത കഠ്‌വാ സംഭവം രാജ്യത്തിന് തീരാക്കളങ്കമായി. അത്തരം മനുഷ്യത്വഹീനമായ സംഭവങ്ങളെ അപലപിക്കാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയും കേന്ദ്രഭരണകൂടവും അതിനെ ന്യായീകരിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ബിജെപി മന്ത്രിമാരടക്കം തീവ്രഹിന്ദുത്വവാദികള്‍ നടത്തിയതും തുടര്‍ന്നുവരുന്നതുമായ ശ്രമങ്ങളും ലോകത്തിന്റെയാകെ അപലപനത്തിനു വിധേയമായി. ഇതാണ് പിഡിപി-ബിജെപി മുന്നണി സര്‍ക്കാരിന്റെ ദേശീയ അനുരഞ്ജന യജ്ഞത്തിന്റെ ബാക്കിപത്രം.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെയും അത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സേനകള്‍ക്ക് സമ്മാനിച്ച ആള്‍നാശത്തിന്റെയും കണക്കുകള്‍ പരിശോധിച്ചാല്‍ പിഡിപി-ബിജെപി ഭരണത്തില്‍ അരങ്ങേറിയതും തുടരുന്നതും അപ്രഖ്യാപിത യുദ്ധമല്ലാതെ മറ്റൊന്നുമല്ല. അത് ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി ഗ്രാമങ്ങളെ യുദ്ധഭൂമിയാക്കിമാറ്റി. നരേന്ദ്രമോഡി തന്റെ അസാമാന്യ നയതന്ത്രജ്ഞതകൊണ്ട് ഇരുരാജ്യങ്ങളിലെ ജനതകളെയും ലോകത്തെ തന്നെയും അമ്പരപ്പിക്കാമെന്ന് കരുതിനടത്തിയ ലാഹോര്‍ യാത്ര രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ അപഹാസ്യതയാണ് തുറന്നുകാട്ടിയതെന്ന് പില്‍ക്കാല സംഭവവികാസങ്ങള്‍ ഓരോന്നും തുറന്നുകാട്ടി. ലോക നേതാക്കളുമായി നരേന്ദ്രമോഡി സ്ഥാപിച്ചുവെന്ന് വീമ്പിളക്കുന്ന വ്യക്തിബന്ധങ്ങളുടെയും ആഗോളതലത്തില്‍ ഇന്ത്യ കൈവരിച്ചുവെന്ന് പെരുമ്പറ മുഴക്കുന്ന നയതന്ത്ര വിജയത്തിന്റെയും അന്തസ്സാരശൂന്യതയാണ് ഇന്ത്യ‑പാകിസ്ഥാന്‍ ബന്ധങ്ങളുടെ ഇന്നത്തെ ദുരവസ്ഥ അനാവരണം ചെയ്യുന്നത്. അതിന്റെ ഉത്തരവാദിത്വം പിഡിപിയുടെയും മെഹബൂബ മുഫ്തിയുടെയും ചുമലില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുന്നണി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള നീക്കമെങ്കില്‍ ബിജെപിയും നരേന്ദ്രമോഡിയും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് പറയുകയെ നിവൃത്തിയുള്ളു.
ജമ്മു കശ്മീര്‍ പ്രശ്‌നത്തിന്റെ കാതലായ ഭരണഘടനാ പ്രശ്‌നങ്ങള്‍ സൈനിക പേശീബലം കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ലെന്ന് മോഡി ഭരണകൂടത്തിനും തീവ്രഹിന്ദുത്വ ശക്തികള്‍ക്കും ഇനിയും തിരിച്ചറിയാനായിട്ടില്ലെങ്കില്‍ അത് അവരുടെ രാഷ്ട്രീയ സങ്കുചിതത്വത്തിന്റെയും ഹ്രസ്വദൃഷ്ടിയുടെയും പ്രശ്‌നമായേ ചരിത്രം വിലയിരുത്തു. എത്ര കടുത്ത ഉരുക്കുമുഷ്ടി പ്രയോഗത്തെയും അതിജീവിക്കാന്‍ കരുത്തുള്ള രാഷ്ട്രീയ‑ഭരണഘടനാ പ്രശ്‌നങ്ങളാണവ. അതിനെ ബലപ്രയോഗത്തിലൂടെ അതിജീവിക്കാമെന്നു കരുതുന്നത് ഇന്ത്യയെന്ന ആശയത്തിന്റെയും ഫെഡറല്‍ സങ്കല്‍പങ്ങളുടെയും വിവേകശൂന്യമായ നിഷേധമാണ്.
പിഡിപി-ബിജെപി മുന്നണി ഭരണത്തിന്റെ പതനവും ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പുനരാരംഭിക്കുന്നതും രാഷ്ട്ര ചരിത്രത്തിലെ പുതിയ വഴിത്തിരിവിനാണ് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ദിവസംവരെ രണ്ട് ഭരണകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ജമ്മു കശ്മീരിലെ പൊലീസും സുരക്ഷാസേനയും ഇന്നലെ മുതല്‍ സമ്പൂര്‍ണമായും കേന്ദ്രഭരണത്തിന്റെ നിയന്ത്രണത്തില്‍ വന്നുകഴിഞ്ഞു. വിഘടനാവാദികളും നുഴഞ്ഞുകയറ്റക്കാരും അതിര്‍ത്തിക്കപ്പുറത്തുന്നിന്ന് അവര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ സേനയും പുതിയ അന്തരീക്ഷത്തില്‍ സമാധാനത്തിന്റെ പാത അവലംബിക്കുമെന്ന് കരുതുകവയ്യ. അതിനിടയില്‍പ്പെട്ട് ജനാധിപത്യ‑മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ജമ്മുകശ്മീര്‍ ജനതയായിരിക്കും ഇരകളായി മാറുക. അത് ആ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളുടെ വേലിയേറ്റത്തിനുതന്നെ കാരണമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മതത്തിന്റെയും കപടദേശീയതയുടേയും പേരില്‍ ജനങ്ങളെ ധ്രുവീകരിച്ച് മുതലെടുക്കാമെന്ന് കണക്കുകൂട്ടുന്ന തീവ്രഹിന്ദുത്വ ദേശീയവാദികള്‍ തങ്ങള്‍ സ്വപ്‌നം കാണുന്ന ഏകശിലാ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള എളുപ്പവഴിയായാണ് ഈ സംഭവവികാസങ്ങളെ നോക്കികാണുന്നത്.
ജമ്മു കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം രാഷ്ട്രീയമായി മാത്രമേ കണ്ടെത്താനാകു. അതിന് ജനാധിപത്യത്തിന്റേതല്ലാത്ത ഉരുക്കുമുഷ്ടിയുടെ മാര്‍ഗം തികഞ്ഞ രാഷ്ട്രീയ അവിവേകമാണ്. അതുകൊണ്ടുതന്നെയാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പും ജനാധിപത്യ പുനഃസ്ഥാപനവും അനിവാര്യമാണെന്ന ആവശ്യം വ്യാപകമാകുന്നത്. ഇക്കാര്യത്തില്‍ ഒരു ദേശീയ രാഷ്ട്രീയ സമവായം വളര്‍ത്തിയെടുക്കുക എന്നതായിരിക്കണം ഇന്ത്യന്‍ ജനങ്ങളുടെ ചരിത്ര ദൗത്യം.