ജമ്മുകാഷ്മീര്‍ ഭരണകൂടം വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

Web Desk
Posted on February 17, 2019, 2:14 pm

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ ഭരണകൂടം വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. വിഘടനവാദി നേതാക്കളായ മിര്‍വൈസ് ഉമര്‍‌ ഫറൂഖ്, അബ്ദുള്‍ ഗാനി ഭാത്, ബിലാല്‍‌ ലോണ്‍, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്.

സുരക്ഷയുടെ പേരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക വാഹനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഞായറാഴ്ച വൈകിട്ടോടെ പിന്‍വലിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയുമായി വിഘടനവാദി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെ സുരക്ഷാ ഉദ്യോഗസ്ഥരെയും വാഹനങ്ങളും പിന്‍വലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. എന്തിന്റെ കാരണത്തിലും ഒരു വിഘടനവാദി നേതാക്കള്‍ക്കും ഇനി സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. സര്‍ക്കാരിന്റെ മറ്റേതെങ്കിലും സംവിധാനം നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അതും പിന്‍വലിക്കുകയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.