ജമ്മു കശ്മീർ വിഭജനം: ഇന്ന് അർധരാത്രിമുതൽ പ്രാബല്യത്തിൽ

Web Desk
Posted on October 31, 2019, 7:53 am

ന്യൂഡൽഹി: ജമ്മുകശ്മീരിനെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്ന തീരുമാനം ഇന്ന് അർധരാത്രിമുതൽ പ്രാബല്യത്തിൽ വരും. ഐഎഎസ് ഉദ്യോഗസ്ഥരായ ഗിരീഷ് ചന്ദ്ര മർമ്മുവിനെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറായും ആർ കെ മാത്തൂറിനെ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായും നിയമിച്ചിരുന്നു. ഇന്ന് ശ്രീനഗറിൽ നടക്കുന്ന ചടങ്ങുകളിൽ ഇരുവരും ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ മുമ്പാകെ ലെഫ്റ്റനന്റ് ഗവർണർമാരായി സത്യപ്രതിജ്ഞ ചെയ്യും.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നത്. നേരത്തെ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് സംസ്ഥാന പദവി ലഭിച്ചിരുന്നു. രാജ്യത്ത് ഇനി 28 സംസ്ഥാനങ്ങളും എഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വാഗ്ദാനം നൽകിയിരുന്നു.
നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ന് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നുവെന്നത് കാലത്തിന്റെ വൈരുദ്ധ്യമെന്നാകും ഭാവി ചരിത്രം കുറിക്കുന്നത്.