ജമ്മുകശ്മീരിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി

Web Desk
Posted on September 10, 2019, 8:16 am

ജനീവ: ജമ്മുകശ്മീരിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും ആശയ വിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ഐക്യരാഷ്ട്രസഭ. കശ്മീരിര്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സമിതി അധ്യക്ഷ മിഷേല ബാഷ്‌ലറ്റ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അസമിലെ പൗരത്വപ്പട്ടികയിലൂടെ ജനങ്ങളെ അനാഥരാക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു. കശ്മീരിലെയും അസമിലെയും സ്ഥിതി അതീവ ഗുരുതരമാണെന്നും സഭ വിലയിരുത്തി. ജമ്മുവില്‍ രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും തടവിലാക്കിയിരിക്കുന്നതിലും ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിലും താന്‍ അതീവ ആശങ്കാകുലയാണെന്നും അവര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ 42മത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ മാസം 16ന് ഐക്യരാഷ്ട്രസഭ ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്നു. തടവിലാക്കപ്പെട്ടവരുടെ അടക്കം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിട്ടുണ്ട്. കശ്മീരില്‍ ജനതയുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ കൈക്കൊള്ളാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അസമിലെ പൗരത്വ പട്ടികയിലെ 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടമായത് ജനങ്ങളല്‍ വലിയ ഉത്കണ്ഠയും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇവരെ നാട് കടത്തരുതെന്നും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും മിഷേല നിര്‍ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ലോകത്ത് എല്ലായിടത്തുമുണ്ടെങ്കിലും ഇന്ത്യയിലെയും മ്യാന്‍മറിലെയും പ്രശ്‌നം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.