Web Desk

ഡൽഹി

February 26, 2020, 10:23 am

ഡൽഹി അക്രമം: അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ജാമിഅ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Janayugom Online

ഡൽഹിയിൽ സ്ഥിതിഗതികൾ അശാന്തമായി തുടരുന്ന സാഹചര്യത്തിൽ സമാധാനം പുന: സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോർഡിനേഷൻ കമ്മിറ്റിയും അലുമ്നി അസോസിയേഷനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടപ്പിച്ചു. പുലർച്ചെ കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡൽഹി അക്രമത്തിന് കാരണക്കാരായവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യപ്പെട്ട പ്രതിഷേധക്കാർ കെജ്രിവാൾ പ്രദേശത്തെ എം. എൽ. എമാരുമായി സംഭവസ്ഥലം സന്ദർശിക്കണമെന്നും ജനങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സമാധാന മാർച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു.

ഡൽഹിയിൽ സംഘർഷത്തെ തുടർന്ന് ഇതുവരെ18മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി ഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. ആക്രമണത്തിൽ അൻപത്താറ് പോലീസുകാര് ഉൾപ്പടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം ഡൽഹി കലാപത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ. എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒപ്പം കലാപത്തിൽ പരിക്ക് പറ്റിയവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച അർധ രാത്രി ജസ്റ്റിസ് മുരളീധരന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടത്.

Eng­lish sum­ma­ry: Jam­mu stu­dents protest out­side Arvind Kejri­wal’s residence