ജമ്മുകാശ്മീര്‍: സൈനികസാന്നിധ്യം ശക്തം, നേതാക്കള്‍ വീട്ടുതടങ്കലില്‍,ശ്രീനഗറില്‍ നിരോധനാജ്ഞ

Web Desk
Posted on August 05, 2019, 8:49 am

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കി, നേതാക്കള്‍ വീട്ടുതടങ്കലില്‍,ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റില്‍ ശൂന്യവേളമാറ്റിവച്ചു സുപ്രധാന നിയമനിര്‍മ്മാണത്തിന് നീക്കമെന്ന് സൂചന

മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളഎന്നിവരടക്കം നേതാക്കള്‍ വീട്ടുതടങ്കലിലായി. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്.

 

രജൗറി, ഉധംപൂര്‍ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഒമറിന്റെ ട്വീറ്റ്‌മെഹബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്. സിപിഎം ജമ്മു കാഷ്മീര്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോറ എംഎല്‍യുമായ ഉസ്മാന്‍ മജീദ്, ജമ്മുകാഷ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരും വീട്ടുതടങ്കലിലാണ്.


ജമ്മുകാശ്മീരില്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കാശ്മീര്‍ വിഷയം മുന്‍നിറുത്തി പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. ജമ്മു കാശ്മീരില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രആഭ്യന്തരമന്ത്രി ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത് ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ‘റോ’ മേധാവി സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും പങ്കെടുത്തു.

ജമ്മുകാഷ്മീരിലെ പ്രത്യേക സാഹചര്യം ചര്‍ച്ചചെയ്യുന്നതിനായി ഇന്ന് കേന്ദ്രമന്ത്രിസഭ അടിയന്തിരമായി യോഗം ചേരും. രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുകയെന്നാണ് വിവരം.

അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു യോഗം. ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കശ്മീരിലെ നിലവിലെ അവസ്ഥ വിലയിരുത്തിയെന്നാണു വിവരം. അതേസമയം പാര്‍ലമെന്‍റില്‍ ശൂന്യവേളമാറ്റിവച്ചു സുപ്രധാന നിയമനിര്‍മ്മാണത്തിന് നീക്കമെന്ന് സൂചന