Janayugom Online
cow dung free city

ആദ്യ ചാണകമുക്ത നഗരമാകാന്‍ ജംഷഡ്പൂര്‍

Web Desk
Posted on September 02, 2018, 10:12 pm

ജംഷഡ്പൂര്‍: ജംഷഡ്പൂരിനെ രാജ്യത്തെ ആദ്യ ചാണക മുക്ത നഗരമാക്കാന്‍ ലക്ഷ്യമിട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പദ്ധതി ഏറ്റെടുക്കുന്നതിനായി ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി (ജെഎന്‍എസി) രണ്ട് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയിട്ടുമുണ്ട്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ജെഎന്‍എസി ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ പാണ്‌ഡെ അറിയിച്ചു. നഗരത്തിലെ പൊതു ഇടങ്ങളിലും നിരത്തുകളിലും കന്നുകാലി വിസര്‍ജ്യങ്ങള്‍ കുന്നുകൂടുന്നത് മൂലം ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതികള്‍ നിരന്തരമായി ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് സര്‍ക്കാര്‍ തലത്തില്‍ തുടക്കം കുറിക്കുന്നത്.
നഗരത്തിലാകെ 350തോളം ഗോശാലകള്‍ ആവശ്യമായ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണക്കുകളുണ്ട്. ഇവയിലൊന്നിലും ചാണകം സുരക്ഷിതമായി സംസ്‌കരിക്കപ്പെടുന്നതുമില്ല.
ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാമെന്നുള്ള വിലയിരുത്തലാണ് ജെഎന്‍എസി നടത്തുന്നത്. വിസര്‍ജ്യ മാലിന്യങ്ങള്‍ ഫാമുകളില്‍ നിന്നും ശേഖരിച്ച് ശരിയായ രീതിയില്‍ സംസ്‌കാരിക്കുകയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ട് ഏജന്‍സികളും ചെയ്യുന്നത്. നഗരത്തില്‍ സര്‍വേകള്‍ നടത്തി കന്നുകാലികളുടെയും ഫാമുകളുടെയും കൃത്യമായ കണക്കെടുപ്പു നടത്തിയാകും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. ഈ മാസം പതിനഞ്ചോടെ സര്‍വേ പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.