നോക്കുകുത്തിയാകുന്ന ജന്‍ഔഷധി കേന്ദ്രങ്ങള്‍

കൊല്ലം: പാവപ്പെട്ട രോഗികള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ ആരംഭിച്ച ജന്‍ ഔഷധി കേന്ദ്രങ്ങള്‍ നോക്കുകുത്തിയാകുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം, ഗ്യാസ്ട്രോ തുടങ്ങിയ രോഗങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള മരുന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ കേന്ദ്രങ്ങള്‍ തുറന്നത്. എന്നാല്‍ ഇപ്പോള്‍ മിക്ക കേന്ദ്രത്തിലും പ്രഖ്യാപിച്ച മരുന്നുകളൊന്നും കിട്ടാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടവര്‍ വീണ്ടും കൊള്ളവിലയ്ക്ക് തുറന്ന കമ്പോളത്തെ ആശ്രയിക്കേണ്ട അവസ്ഥവരുന്നു. 750 തരത്തിലുള്ള മരുന്നുകളും വിറ്റാമിനുകളും 154 സര്‍ജിക്കല്‍ വസ്തുക്കളും ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ 130 എണ്ണം മാത്രമാണ് വിതരണത്തിനെത്തിയിട്ടുള്ളത്. അത് തന്നെ തുടര്‍ച്ചയായി വിതരണം നടത്താറുമില്ല.
കേരളത്തിലെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്കെല്ലാം മരുന്ന് ലഭ്യമാക്കേണ്ടത് എറണാകുളത്തെ ജന്‍ ഔഷധി മൊത്ത വ്യാപാര കേന്ദ്രമാണ്. കേളത്തില്‍ മൂന്ന് മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും നാളിതുവരെ എറണാകുളം കേന്ദ്രം മാത്രമേ നടപ്പില്‍ വന്നിട്ടുള്ളു. പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസത്തിന്റെ പിന്നില്‍ വലിയ ദുരൂഹതയാണുള്ളത്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പുതുതായി തുടങ്ങാനുള്ള മൊത്ത വ്യാപാരകേന്ദ്രങ്ങള്‍. ഇത് തുടങ്ങാതിരിക്കുന്നതിന്റെ പിന്നില്‍ ഔഷധ ലോബിയുടെ കുതന്ത്രങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഐഡിപിഎല്‍ പോലെയുള്ള ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ഔഷധ കമ്പനികളാണ് ജന്‍ ഔഷധിക്കുവേണ്ടി മരുന്നുകള്‍ നല്‍കേണ്ടത്. ഈ കമ്പനികള്‍ ആവശ്യമായ അളവില്‍ മരുന്ന് എത്തിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ഇതിന്റെ പിന്നിലും വലിയ അഴിമതിയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് മരുന്ന് കിട്ടാത്തതിന്റെ പേരില്‍ ഒരു പാവപ്പെട്ടവന്റെയും ജീവന് നഷ്ടപ്പെടരുതെന്നും അതിനുവേണ്ടി ജന്‍ഔഷധി കേന്ദ്രങ്ങള്‍ രാജ്യത്തെമ്പാടും ആരംഭിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനം എത്ര വിദഗ്ദ്ധമായാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഔഷധലോബി അട്ടിമറിച്ചതെന്ന് ഇതിന്റെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകും.
പൊതു മാര്‍ക്കറ്റിലും ജന്‍ ഔഷധി കേന്ദ്രത്തിലും വിതരണം ചെയ്യുന്ന ഒരേ തരത്തിലുള്ള മരുന്നിന്റെ വില വ്യത്യാസം പരിശോധിച്ചാല്‍ ഔഷധ വ്യാപാര രംഗത്തെ കൊള്ളയുടെ ചിത്രം വ്യക്തമാകും. ഉദാഹരണം അറ്റോര്വാസ്റ്റിന്- 10 എംജി 10 ഗുളികയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 50 രൂപ 90 പൈസ നല്‍കേണ്ടപ്പോള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ അഞ്ച് രൂപ 11 പൈസയ്ക്കാണ് വില്‍ക്കുന്നത്. മെറ്റോപ്രറോള് 50 എംജി – 10 ഗുളികയ്ക്ക് 43 രൂപ 50 പൈസ കമ്പോളത്തില്‍ വിലയുള്ളപ്പോള്‍ ഇവിടെ നാല് രൂപ 76 പൈസയാണ്. റാമിപ്രില്‍ 5 എം ജി 10 ടാബ്ലറ്റിന് ശരാശരി മാര്‍ക്കറ്റ് വില 72.80 പൈസ ഉള്ളപ്പോള്‍ ഇവിടെ 9 രൂപ 68 പൈസ മാത്രമാണ് വില. ഇത്തരത്തില്‍ ഗണ്യമായ വ്യത്യാസമാണ് മരുന്ന് വിലയ്ക്കുള്ളത്. സാധാരണക്കാരായ രോഗികള്‍ വര്‍ദ്ധിച്ച വില കാരണം പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ മരുന്ന് കഴിക്കാതിരിക്കുന്നത് സര്‍വ്വസാധാരണമാണ്. ഇത്തരം ആളുകള്‍ക്ക് വലിയൊരാശ്വാസമായിരുന്നു ഈ ജന്‍ ഔഷധി കേന്ദ്രങ്ങള്‍. അവയെയാണ് ഔഷധ കുത്തകകള്‍ അട്ടിമറിക്കുന്നത്.
ജന്‍ഔഷധി കേന്ദ്രങ്ങള്‍ നടത്തുന്നതിന് തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ താല്പര്യം ഇപ്പോള്‍ ഇല്ല. ജന്‍ഔഷധി ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു ബിജെപിയെ സംബന്ധിച്ചിടത്തോളം എന്ന് വേണം കരുതാന്‍.