പട്ന: ആസാദി പാടിയും സിഎഎയ്ക്കെതിരായ പ്രചരണങ്ങളുമായും മുന്നേറുന്ന സിപിഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള ജനഗണമന യാത്ര നാലാംദിനത്തിൽ. ബിഹാറിന്റെ ഗ്രാമ നഗരങ്ങളെ ഇളക്കിമറിച്ച് മുന്നേറുന്ന യാത്ര ഇന്നലെ സഞ്ചരിച്ച വഴികളിലും വരവേറ്റത് പരിനായിരങ്ങൾ. ചപ്രയിലും മുസഫർപൂരിലുമായിരുന്നു വൻ റാലികളോടെയുള്ള സ്വീകരണങ്ങൾ. സാഗരം പോലെ ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉൾക്കൊള്ളാനാവാതെ രണ്ടിടങ്ങളിലും സമ്മേളന നഗരി വീർപ്പുമുട്ടി.
കക്ഷിഭേദമന്യേജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവരായിരുന്നു കനയ്യയെ കേൾക്കാനും സ്വീകരിക്കാനുമെത്തിയത്.
ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ബിഹാറിൽ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാഗാന്ധിയുടെ ആശ്രമത്തിൽ വച്ചാണ് കനയ്യയുടെ നേതൃത്വത്തിലുള്ള ഒരുമാസം നീണ്ടുനില്ക്കുന്ന ജനഗണമന യാത്ര പര്യടനം തുടങ്ങിയത്.