ആവേശത്തിന്റെ അലകളുയര്‍ത്തി ജനജാഗ്രതാ യാത്രകള്‍ക്ക് സമാപനം

Web Desk
Posted on November 03, 2017, 10:52 pm

ജനങ്ങള്‍ നെഞ്ചേറ്റിയ യാത്ര

കൊച്ചി/തൃശൂര്‍: ആവേശത്തിന്റെ അലകളുയര്‍ത്തി ഇരമ്പിയാര്‍ത്ത ജനസാഗരത്തെ സാക്ഷിയാക്കി എല്‍ഡിഎഫ് ജനജാഗ്രതാ യാത്രകള്‍ക്ക് സമാപനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച തെക്കന്‍മേഖലാ യാത്ര എറണാകുളത്തെ വൈറ്റിലയിലും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖലാ യാത്ര തൃശൂരിലുമാണ് സമാപിച്ചത്.
അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. 13 ദിവസം കൊണ്ട് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ജനങ്ങളോട് സംവദിച്ചാണ് ജനജാഗ്രതാ യാത്രകള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. മതനിരപേക്ഷത നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കുന്നതിനും മാതൃകയായ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ ഈ മണ്ണില്‍ വിലപോവില്ലെന്നുള്ള പ്രഖ്യാപനമായി ജനജാഗ്രതാ യാത്രകള്‍ മാറി. വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കുമെതിരെയും രാജ്യമെങ്ങും ഉയരുന്ന ജനകീയ പ്രക്ഷോഭത്തിന് ജനജാഗ്രതാ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ അണിനിരന്ന് ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കലിലായിരുന്നു തെക്കന്‍ മേഖലാ യാത്രയുടെ ആദ്യസ്വീകരണം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. മജ്‌നുകോമത്ത് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മട്ടാഞ്ചേരിയുടെ ധീരസ്മരണകള്‍ ഇരമ്പുന്ന ചുള്ളിക്കലിലായിരുന്നു സ്വീകരണം. സിപിഐ(എം) കൊച്ചി ഏരിയാ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷ വഹിച്ചു. കൊച്ചിയില്‍ നിന്നും തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലെ സമ്മേളന വേദിയിലേക്കായിരുന്നു യാത്ര. സിപിഐ(എം) ഏരിയാ സെക്രട്ടറി സി എന്‍ സുന്ദരന്‍ അധ്യക്ഷത വഹിച്ചു. പിന്നീട് സമാപന കേന്ദ്രമായ വൈറ്റില ജംഗ്ഷനിലേക്കെത്തി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് എതിരേറ്റത്.
സമാപന സമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ജാഥാ ക്യാപ്ടന്‍ കാനം രാജേന്ദ്രന്‍ നന്ദി പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, ഉഴമലക്കല്‍ വേണുഗോപാല്‍, പി എം മാത്യു എന്നിവര്‍ പ്രസംഗിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ദേശീയസമിതിയംഗം കമലാസദാനന്ദന്‍, സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ മണിശങ്കര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
തൃശൂര്‍ പൂരത്തോളം ആവേശത്തോടെയാണ് തൃശൂര്‍ നിവാസികള്‍ വടക്കന്‍മേഖലാ യാത്രയെ സമാപനസമ്മേളനത്തിലേയ്ക്ക് സ്വീകരിച്ചത്. മൂന്ന് ദിവസങ്ങളായി ജില്ലയില്‍ നടന്ന ജാഥാപര്യടനത്തിന്റെ ആവേശം ഇരട്ടിപ്പിച്ചുകൊണ്ട് പുരുഷാരം തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറിലെ സമാപനം ഉജ്വലാനുഭവമാക്കി.
കേരള സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഓരോ സ്വീകരണ കേന്ദ്രത്തിലും ജനങ്ങളെ ആവേശഭരിതരാക്കി. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ രംഗങ്ങളിലും വിവിധ ക്ഷേമരംഗങ്ങളിലും സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമന നടപടികളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ് ജാഥയെ നെഞ്ചേറ്റിയത്. പലയിടങ്ങളിലും ഉല്‍സവാന്തരീക്ഷത്തിലായിരുന്നു സ്വീകരണം.
തൃശൂര്‍ സ്റ്റുഡന്റ്‌സ് കോര്‍ണറില്‍ നടന്ന സമാപന യോഗത്തില്‍ പി കെ ഷാജന്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ ദേശീയ നേതാവ് ഡാനിഷ് അലി മുഖ്യ പ്രഭാഷണം നടത്തി. ഇന്നസെന്റ് എം പി, മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, പ്രൊഫ. സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, എംഎല്‍എ മാരായ കെ രാജന്‍, ഗീതാ ഗോപി, കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സംഗീത നാടക അക്കാദമി ചെയര്‍ പെഴ്‌സണ്‍ കെപിഎസി ലളിത, സംവിധായകന്‍ പ്രിയനന്ദന്‍, ജയരാജ് വാര്യര്‍, സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, ബേബി ജോണ്‍, പീതാബരന്‍ മാസ്റ്റര്‍, സി ആര്‍ വത്സന്‍, വല്ലഭന്‍ എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂരിലായിരുന്നു ഇന്നലത്തെ ആദ്യ സ്വീകരണം. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചാലക്കുടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി പി എം വിജയന്‍ അധ്യക്ഷനായി. യാത്രാംഗങ്ങളായ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.