August 11, 2022 Thursday

ജനം തിരിച്ചറിയുന്നു; ചക്രവര്‍ത്തി നഗ്നനാണ്

Janayugom Webdesk
December 23, 2019 10:12 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രാംലീല മൈതാനിയിലെ ഇന്നലത്തെ പ്രകടനം അനുസ്മരിപ്പിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഡാനിഷ് എഴുത്തുകാരന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ ‘നഗ്നചക്രവര്‍ത്തി‘യെയാണ്. അനര്‍ഹ പദവിയില്‍ ഉപവിഷ്ടനാകുന്ന വിവേകശൂന്യനായ ഭരണാധികാരിയെയാണ് ആന്‍ഡേഴ്‌സന്‍ തന്റെ കഥയില്‍ വരച്ചുകാട്ടുന്നത്. അവസാനം നിഷ്കളങ്കനായ ഒരു കുട്ടിവേണ്ടിവന്നു ‘ചക്രവര്‍ത്തി നഗ്നനാണ്’ എന്നു വിളിച്ചുപറയാന്‍. സമകാലിക ഇന്ത്യയിലാകട്ടെ ജനത ഒന്നായി ഉദ്ഘോഷിക്കുന്നത് സമാന യാഥാര്‍ത്ഥ്യമാണ്. രാംലീല മൈതാനിയില്‍ ഒരു മണിക്കൂര്‍ നാല്‍പത്തിയ‍ഞ്ച് മിനിറ്റ് നീണ്ട തന്റെ പ്രസംഗത്തിലുടനീളം അസത്യങ്ങള്‍ വിളിച്ചുപറഞ്ഞ് മോഡി സ്വയം നിഷേധിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ രാജ്യത്തിന്റെ അസ്തിത്വത്തെയും ജനതയുടെ ഐക്യത്തെയും നിരാകരിക്കാനുള്ള ശ്രമമാണ് മോഡി ആവര്‍ത്തിച്ചത്. താനും തന്റെ സര്‍ക്കാരും തന്നെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ച സംഘപരിവാറും ഏതൊരു ഭരണഘടനയെയും പാര്‍ലമെന്ററി സംവിധാനത്തെയും ആണോ അട്ടിമറിക്കാന്‍ നാളിതുവരെ ശ്രമിച്ചുപോന്നത്, അവയുടെ പേരില്‍ ജനങ്ങളാല്‍ തിരസ്കരിക്കപ്പെട്ട പൗരത്വ ഭേദഗതി നിയമത്തിന് പവിത്രതയും അലംഘനീയതയും കല്‍പിച്ചു നല്‍കാനുള്ള പാഴ്ശ്രമമാണ് മോഡി നടത്തിയത്.

അതിനുള്ള ന്യായീകരണങ്ങളായി അസത്യങ്ങളുടെയും അര്‍ധസത്യങ്ങളുടെയും പരമ്പരകള്‍ തന്നെ അദ്ദേഹം രാജ്യത്തിനു മുമ്പാകെ നിരത്തുകയുണ്ടായി. അയല്‍ രാജ്യങ്ങളില്‍ മതപീഡനത്തിന് ഇരകളാവുന്നവര്‍ക്ക് അഭയവും പൗരത്വവും പലരും പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇസ്‌ലാം മതവിശ്വാസികള്‍ക്ക് എതിരായ നിലപാടാണെന്ന് വ്യാഖ്യാനിക്കാനാണ് പ്രസംഗത്തിലുടനീളം ശ്രമിച്ചത്.

പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും പൗരത്വം തെ­ളിയിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കായി രാജ്യത്ത് ഒരുങ്ങുന്ന തടവറകള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) സംബന്ധിച്ചും നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി രാജ്യത്തിനു മുന്നില്‍ നിരത്തിയത്. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് പ്രതിപക്ഷം നുണപ്രചരണം നടത്തുന്നുവെന്ന് മോ­ഡി ആരോപിക്കുന്നു. എന്‍­ആര്‍സി സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അ­തിനെപ്പറ്റി ചര്‍ച്ചപോലും ഉ­ണ്ടായിട്ടില്ലത്രെ! ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുന്നതിനെപ്പറ്റി പ്രഖ്യാപനം നടത്തിയതും അതുസംബന്ധിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും മോഡി സൗകര്യപൂര്‍വം വിസ്മരിക്കുന്നു.

ഷാ അതുസംബന്ധിച്ച് രാജ്യസഭയില്‍ നടത്തിയ പ്രഖ്യാപനത്തെപ്പറ്റിയും മോഡി മൗനം പാലിക്കുന്നു. രാംലീലാ മൈതാനിയിലെ റാലിക്ക് ഒരു ദിവസം മുമ്പ് അതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖയെപ്പറ്റിയും അദ്ദേഹത്തിന് യാതൊന്നും പറയാനില്ല. ഇനി തടവറകളെപ്പറ്റിയും പ്രതിപക്ഷം നുണപ്രചരണം നടത്തുന്നുവെന്നാണ് മോഡിയുടെ വിലാപം. അത്തരത്തില്‍ യാതൊന്നും രാജ്യത്ത് നിലവിലില്ലെന്നാണ് മോഡി ആണയിടുന്നത്. 2019 ജൂലൈ 24ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് പാര്‍ലമെന്റില്‍ നല്‍കിയ ഒരു മറുപടി മോഡി പറയുന്നത് പച്ചക്കള്ളമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 2019 ജനുവരി ഒമ്പതിന് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സംബന്ധിച്ച ഒരു സഹായ ഗ്രന്ഥം (മാനുവല്‍) സംസ്ഥാന സര്‍ക്കാരുകള്‍‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചതായും നിത്യാനന്ദ പറയുന്നുണ്ട്.

അസമിലെ ഗോള്‍പ്പാറയില്‍ നിര്‍മ്മിച്ചുവരുന്ന ഡിറ്റന്‍ഷന്‍ സെന്ററിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം ദേശീയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. മോഡി സര്‍ക്കാര്‍ അതേപ്പറ്റി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും രാജ്യത്തിനു മുമ്പാകെയുണ്ട്. തന്റെ സര്‍ക്കാരിന്റെ മതാതീത കാഴ്ചപ്പാടുകളെപ്പറ്റിയും പ്രവര്‍ത്തന ശൈലിയെപ്പറ്റിയും മോഡി നടത്തിയ പര്‍വതപ്രസംഗ സമാനമായ പരാമര്‍ശം ഗീബല്‍സിനെപ്പോലും ലജ്ജിപ്പിക്കാന്‍ പോന്നതാണ്.

ഒരു പ്രധാനമന്ത്രി രാജ്യത്തോട് ഇത്തരത്തില്‍ അസത്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ അത്ഭുതം കൂറുന്നവരുണ്ടാകാം. മോഡി കള്ളം പറയുന്നുവെന്ന് പറയുന്നതിനെതിരെ രോഷാകുലരാവുന്നവര്‍ തീര്‍ച്ചയായുമുണ്ട്. പക്ഷെ, പ്രസക്തമായ ചോദ്യം അദ്ദേഹം എപ്പോഴാണ് സത്യം പറഞ്ഞിട്ടുള്ളത്? കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ മോഡിഭരണം അസത്യങ്ങളുടെയും വാഗ്ദാന ലംഘനങ്ങളുടെയും പരമ്പരയായിരുന്നുവെന്നു പറ‍ഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാനാവുക. നോട്ട് നിരോധനത്തിന്റെയും ചരക്ക് സേവന നികുതിയുടെയും ബാക്കിപത്രം തുറന്നുകാട്ടപ്പെട്ട കള്ളക്കഥകളും വാഗ്ദാന ലംഘനങ്ങളും മാത്രമാണ്. സ്വച്ഛ് ഭാരത് മുതല്‍ മേക്ക് ഇന്‍ ഇന്ത്യ വരെ ഓരോ പദ്ധതികളും തുറന്നുകാട്ടുന്നത് ഭരണകൂട കാപട്യമാണ്. ‘നുണകള്‍ പറയുക, വമ്പന്‍ നുണകള്‍ മാത്രം പറയുക, അതില്‍ ഉറച്ചുനില്‍ക്കുക’ അതാണല്ലൊ ഗീബല്‍സ് ഊന്നിപ്പറഞ്ഞ ഫാസിസ്റ്റ് പ്രചാരണ തന്ത്രം. മോഡിയും അനുചരന്മാരും പയറ്റിവരുന്നതും മറ്റൊന്നല്ല. പക്ഷെ ജനം തിരിച്ചറിയുന്നു, ചക്രവര്‍ത്തി നഗ്നനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.