Web Desk

കോഴിക്കോട്

March 22, 2020, 8:00 pm

കൊറോണ പ്രതിരോധ സന്ദേശവുമായി ജനതാ കർഫ്യൂ; ജനകീയ പിന്തുണയിൽ വിജനമായി നാടും നഗരവും

Janayugom Online

ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂ കോഴിക്കോട് ജില്ലയിൽ പൂർണ്ണം. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നായിരുന്നു കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം. സമൂഹ വ്യാപനത്തിലേക്ക് കോവിഡ് കടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. ഇത് ജനങ്ങൾ അക്ഷരാർത്ഥത്തിൽ പാലിക്കുകയായിരുന്നു.

നഗര‑ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെങ്ങും ബന്ദിന്റെ പ്രതീതിയായിരുന്നു. എങ്ങും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽത്തന്നെ കഴിഞ്ഞ് ഈ മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ തങ്ങൾ പൂർണ്ണമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. വാഹനങ്ങൾ ഒന്നും നിരത്തിലിറക്കാതെയും യാത്രകൾ ഒഴിവാക്കിയും കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടും എല്ലാവിഭാഗം ജനങ്ങളും ജനതാ കർഫ്യൂവിന്റെ ഭാഗമായപ്പോൾ അത് പുതു ചരിത്രമായി.

കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കു പുറമെ ഭരണ‑പ്രതിപക്ഷ പാർട്ടികളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് സംസ്ഥാന ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ, വീടും പരിസരവും വ്യത്തിയാക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇത് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ജില്ലയിൽ ഓട്ടോ-ടാക്സികളൊന്നും സർവ്വീസ് നടത്തിയില്ല. പെട്രോൾ പമ്പുകൾ ഒന്നുംതന്നെ തുറന്നു പ്രവർത്തിച്ചില്ല. എന്നാൽ, ആംബുലൻസ് ഉൾപ്പടെ അവശ്യ സർവ്വീസിനുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ പമ്പുകൾ പ്രത്യേക ക്രമീകരണം ഒരുക്കി. ജില്ലയിൽ പല മെഡിക്കൽ സ്റ്റോറുകളും അവശ്യ സർവ്വീസ് എന്ന നിലയിൽ തുറന്നു പ്രവർത്തിച്ചെങ്കിലും അവിടെയൊന്നും ആവശ്യക്കാർ എത്തിയില്ലെന്നതാണ് യാഥാർത്ഥ്യം. ജില്ലയിൽ എല്ലായിടത്തും മിൽമ ഉൾപ്പെടെയുള്ള പാലിന്റെ വിതരണവും രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ ഇളവ് അനുവദിച്ചിരുന്നത്.

ജില്ലയിൽ പാസഞ്ചർ തീവണ്ടികൾ, കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി സർവീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെങ്കിലും ആരും വാഹനങ്ങൾ നിരത്തിലിറക്കിയില്ല. ഞായറാഴ്ചയായിരുന്നതിനാൽ സർക്കാർ ഓഫീസുകളും ബാങ്കുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും അവധിയായിരുന്നു. ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്സ്പ്രസ് തീവണ്ടികൾ ഓടുന്നുണ്ടെങ്കിലും അവയിലും യാത്രക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. കെഎസ്ആർടിസി ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമെ ദീർഘദൂര സർവീസ് പുനരാരംഭിക്കൂ.

ജില്ലയിൽ മലബാർ ദേവസ്വംബോർഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ ഈ മാസം 31 വരെ പ്രവേശനം നിർത്തിവെച്ചിട്ടുണ്ട്. മിക്ക മുസ്ലീം-ക്രിസ്ത്യൻ പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പനയും 31 വരെയില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി സർക്കാർ ആയിരം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ വലിയങ്ങാടി, മിഠായിത്തെരുവ്, മാവൂർ റോഡ്, പാളയം, നടക്കാവ് എന്നിവിടങ്ങളിലെല്ലാം ഒരൊറ്റ കടകൾ പോലും തുറന്നില്ല. ചരക്കു വാഹനങ്ങൾ ഉൾപ്പെടെ ഒന്നും സർവ്വീസ് നടത്തിയില്ല. നഗരത്തിലെ പതിവു നടത്താക്കാരെപ്പോലും ഇന്ന് രാവിലെ കാണാനില്ലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ജനറൽ ആശുപത്രിയിലും വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇന്ന് ചികിത്സ തേടിയെത്തിയത്. രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യവകുപ്പ് അധികൃതരും പോലീസും ഏർപ്പെടുത്തിയിരുന്നു.

ജില്ലയിലെ പ്രധാന നഗരപ്രദേശങ്ങളായ കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, മുക്കം, ഫറോക്ക്, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലെല്ലാം കച്ചവടസ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. ഗ്രാമ പ്രദേശങ്ങളിൽപോലും ഇരുചക്രവാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. മെഡിക്കൽ കോളേജിലേക്കും മറ്റുമുള്ള രോഗികളെ എത്തിക്കുന്നതിന് പൊലീസും ആരോഗ്യവകുപ്പും വാഹനസൗകര്യം ഒരുക്കിയിരുന്നു.

മഹാമാരിക്കിടെ ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് നാടെങ്ങും ജനങ്ങൾ നന്ദി അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റാണ് ജനങ്ങൾ ഇതിനായി നീക്കിവെച്ചത്. ആരോഗ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ആദരം നൽകാനായാണ് വീട്ടിനുള്ളിലും വാതിൽപ്പടിയിലുമെല്ലാമായി കൈയടിച്ചും മണിയടിച്ചും പാത്രങ്ങൾ കൊട്ടിയുമെല്ലാം ജനങ്ങൾ നന്ദി അറിയിച്ചത്.

YOU MAY ALSO LIKE THIS VIDEO