Janayugom Online
JDS

പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍: ജനതാദള്‍ എസിലെ ഒരു വിഭാഗം സിപിഐയില്‍ ചേരും

Web Desk
Posted on December 10, 2018, 6:31 pm

കോഴിക്കോട്: പാര്‍ട്ടിയിലെ അസ്വാരസ്യതകളെത്തുടര്‍ന്ന് ജനതാദള്‍ (എസ്) ലെ ഒരു വിഭാഗം പാര്‍ട്ടി വിട്ട് സി പി ഐയില്‍ ചേരാന്‍ തീരുമാനിച്ചു. പാര്‍ട്ടി നാഷണല്‍ കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ ആക്ടിംഗ് പ്രസിഡന്റുമായ പി എം ജോയിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം സി പി ഐയില്‍ ചേരാന്‍ തീരുമാനിച്ചത്.

പാര്‍ട്ടിയില്‍ കുറച്ചുനാളായി സ്ഥാനങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാത്രമാണുള്ളത്. പത്തോളം ജില്ലകളിലെങ്കിലും പാര്‍ട്ടിയില്‍ സമാന്തര കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതുകൊണ്ട് കാര്യമായ പാര്‍ട്ടി പ്രവര്‍ത്തനം എവിടെയും നടക്കുന്നില്ല. എം എല്‍ എമാര്‍ വ്യത്യസ്ത ദിശകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമോ നേതൃത്വമോ ഇല്ല. ഈ സാഹചര്യത്തിലാണ് വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍യോഗം ചേര്‍ന്ന് സമാന ചിന്താഗതിയിലുള്ളവരെ കൂട്ടി സി പി ഐയില്‍ ചേരാന്‍ തീരുമാനിച്ചത്.

നാഷണല്‍ കമ്മിറ്റി അംഗം എടപ്പറ്റ അഷ്‌റഫ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ വി എം വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, അബ്ദുറഹിമാന്‍ ബാങ്കോട്, അഷ്‌റഫ് കരിപ്പാലി, താജ്ജുദ്ദീന്‍ കാട്ടൂര്‍, പ്രൊഫ: താര ഫിലിപ്പ്, അനന്തപുരി ഉണ്ണിക്കൃഷ്ണന്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇല്ലത്ത് കോയ, വാട്ടര്‍ അതോറിറ്റി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഉനൈസ്, യുവജനതാദള്‍ നേതാക്കളായ ലെനില്‍ സ്റ്റീഫന്‍, നിക്‌സണ്‍ ജോര്‍ജ്ജ്, വിദ്യാര്‍ത്ഥി ജനതാ സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഇനിയും വിവിധ ജില്ലകളില്‍ നിന്നും നേതാക്കളും അണികളും പാര്‍ട്ടി വിടുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.