റെജി കുര്യൻ

ന്യൂഡല്‍ഹി:

March 22, 2020, 6:30 am

രാജ്യത്ത് ഇന്ന് ജനതാ കര്‍ഫ്യൂ

Janayugom Online

അനുനിമിഷം വര്‍ദ്ധിക്കുന്ന കോവിഡ്-19 ബാധിതരുടെ സംഖ്യയില്‍ രാജ്യം ആശങ്കയില്‍. സ്വയം സംരക്ഷണ കവചം തീര്‍ക്കാന്‍ രാജ്യം ഇന്ന് ജനതാ കര്‍ഫ്യൂവിൽ. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ വീട്ടിനുള്ളില്‍ തന്നെ ഇരിക്കാനാണ് ജനങ്ങളോടു ആഹ്വാനം നൽകിയിരിക്കുന്നത്. കൊറോണ രോഗബാധിതര്‍ മുക്തി നേടുന്നുണ്ടെങ്കിലും മരണ നിരക്കുമായുള്ള കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ ഈ സംഖ്യ ആശാവഹമല്ല. കോവിഡിനെ തടയാന്‍ രാജ്യം ഇതുവരെ ചെയ്തത് നിര്‍ദ്ദേശിത നിയന്ത്രണങ്ങളായിരുന്നു. ജനതാ കര്‍ഫ്യൂവും അതിന്റെ ഭാഗമാണ്.

എന്നാല്‍ വരും ദിനങ്ങളില്‍ നിര്‍ബന്ധിത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു കേന്ദ്രം. രോഗവ്യാപനവും ചികിത്സാ സൗകര്യങ്ങളും സാമൂഹ്യ സാമ്പത്തിക സ്ഥിതികളും സര്‍ക്കാര്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം അവസാനിച്ചു. കോവിഡ് രോഗബാധ പരിധിക്കപ്പുറത്തേക്കു നീങ്ങിയാല്‍ രാജ്യത്തെ നിലവിലെ ചികിത്സാ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളെക്കൂടി ചേര്‍ത്തു വച്ചാലും കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ രാജ്യത്തെ ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയമാകും. ഈ ഘട്ടത്തില്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി രോഗവ്യാപനം തടയാന്‍ ജനങ്ങളെ ഒറ്റപ്പെടുത്തുക അല്ലെങ്കില്‍ ക്വാറന്റൈന്‍ ചെയ്യുക എന്നതു മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗം നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും നീക്കമാരംഭിച്ചുവെന്നാണ് വിവരം.

ജനതാ കര്‍ഫ്യൂവിന്റെ ബാക്കിയായി രാജ്യം സ്ഥിരം കര്‍ഫ്യൂവിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന കര്‍ഫ്യൂവില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അവശ്യ സേവന പരിധിയില്‍ വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാക്കാതെ പൊതു ജനത്തെ ഒറ്റപ്പെടുത്തി അവരുടെ രക്ഷ ഉറപ്പു വരുത്തുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടേക്കുക. പാല്‍ പത്രം, പോലീസ്, ആശുപത്രി, ഫയര്‍, തുടങ്ങിയ പട്ടിക പട്ടിക ഇന്നത്തെ ട്രയലിനൊടുവില്‍ കേന്ദ്രം നിശ്ചയിക്കും. പൊതുജന കൂട്ടങ്ങള്‍ വ്യാപകമായ സ്‌കൂള്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. സിനിമാ ശാലകളിലെ പ്രദര്‍ശനങ്ങള്‍ക്ക് അവധി നല്‍കി. ഷോപ്പിങ് മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യോമ‑റെയില്‍വേ യാത്രാ സംവിധാനങ്ങളിലും കുറവ് വരുത്തി. ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വ്വീസുകള്‍ ഘട്ടംഘട്ടമായി കുറച്ചിരുന്നു.

കേരളവും ഭാഗമാകും

കോവിഡ് 19 വൈറസ് രാജ്യമാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്യപ്പെട്ട ജനതാ കർഫ്യൂവിൽ ഇന്ന് കേരളവും ഭാഗമാകും. ഗതാഗത പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമാകും. രാവിലെ ഏഴ് മുതൽ ഒമ്പത് വരെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ജനതാ കർഫ്യൂ‘വിന് സംസ്ഥാനം പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കും. കെഎസ്ആർടിസി, മെട്രോ സർവ്വീസുകൾ അടക്കം ഉണ്ടാവില്ല. ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണം. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ പരിസര ശുചീകരണം നടത്തണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടും.

എല്ലാ കച്ചവടക്കാരും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറൻറുകളും ബേക്കറികളും അടച്ചിടുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു കേരള ബസ് ഓപ്പറേറ്റഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും പെട്രോൾ പമ്പുകൾ അടച്ചിടുമെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സും അറിയിച്ചിട്ടുണ്ട്. കോവിഡിനെക്കുറിച്ചു രാജ്യമെങ്ങും ആശങ്കയുള്ള സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പിന്തുണയും ജനതാ കർഫ്യൂവിനുണ്ട്. അതേസമയം, ആശുപത്രികളുടെ ക്യാൻറീനുകൾ പ്രവർത്തിപ്പിക്കണമെന്ന് വിവിധ ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ഏഴ് വരെയുള്ള സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി യൂണിറ്റ് അധികാരികൾക്കും സിഎംഡി നിർദേശം നൽകി. അതസമയം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച് പി സി എൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ഇന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൃതജ്ഞതയ്ക്ക് ഒപ്പം പ്രതിഷേധവും മുഴങ്ങും

ജനത കർഫ്യൂവിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധവും മുഴക്കാൻ ആഹ്വാനം. ജനതാ കർഫ്യൂവിൽ ജനം വീടുകളുടെ ഉമ്മറത്തും ബാല്‍ക്കണിയിലും നിന്ന് മണികിലുക്കിയും കയ്യടിച്ചും പാത്രം കൊട്ടിയും രാജ്യത്തെ ആതുരസേവകര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുദ്രാവാക്യം മുഴക്കണമെന്ന് പൗരാവകാശ സംഘടനയായ യുണൈറ്റഡ് എഗനസ്റ്റ് ഹേറ്റ് (യുഎഎച്ച്) ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കും എതിരെ ഇന്ന് വൈകുന്നേരം അഞ്ചുമുതല്‍ സ്വന്തം ബാല്‍ക്കണികളിലും ഗേറ്റുകളിലും ജനാലകള്‍ക്കടുത്തും നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ലക്കാർഡുകളും നോട്ടീസുകളുമുയർത്തി പ്രതിഷേധിക്കണമെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം.

ENGLISH SUMMARY: Janatha cur­few on today