20 April 2024, Saturday

കാവുകത്തിച്ചു ചാമ്പലാക്കും ഞാന്‍…

ദേവിക
വാതിൽപ്പഴുതിലൂടെ
September 27, 2021 4:56 am

ഞങ്ങളുടെ നാട്ടില്‍ ഒരു സഖാവുണ്ട്. വയസ് എഴുപത്തഞ്ചു കഴിയും. എങ്കിലും തൊഴിലുറപ്പു പദ്ധതിയിലെ ഓജസുള്ള പണിക്കാരന്‍. ഇന്നലെ വൈകിട്ട് സഖാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറി സതിയേയും സഹപ്രവര്‍ത്തകന്‍ ശിവാനന്ദനേയും വിളിച്ചു വരുത്തി. തനിക്ക് ഇപ്പോള്‍ത്തന്നെ ഒരു വില്‍പ്പത്രമെഴുതണമെന്ന് സദാനന്ദന് ഒരേ വാശി. സഹപ്രവര്‍ത്തകര്‍ അന്തംവിട്ടു നിന്ന് ‘എഴുതുസഖാവേ, സുധീരനു വില്‍പ്പത്രമെഴുതാമെങ്കില്‍ എനിക്ക് എന്തുകൊണ്ടായിക്കൂട’. എഴുത്, ഞാന്‍ മരിച്ചാല്‍ എന്റെ ഹൃദയം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കണം. വൃക്കയും കരളും നാലുപേര്‍ക്കായി പകുത്തു നല്കണം. കണ്ണ് രണ്ടുപേര്‍ക്ക്. എഴുതിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു; എന്റെ അവയവങ്ങള്‍ വച്ചുപിടിപ്പിക്കുന്നവര്‍ക്ക് എന്റെ ചരമദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തണം എന്നുകൂടി ഒസ്യത്തില്‍ എഴുതിച്ചേര്‍ത്തോ സഖാവേ. വി എം സുധീരനെ തോല്പിച്ചുകളഞ്ഞ ഇംഗ്ലീഷ് സദാനന്ദന്‍! സുധീരനെ കളിയാക്കാനാണ് സദാനന്ദന്‍ സഖാവ് ഒസ്യത്തെഴുതിയതെങ്കില്‍ അതില്‍ നിറഞ്ഞുനിന്നത് നര്‍മ്മം. സുധീരന്റെ രാജി ഒസ്യത്തിലേത് രോഷം എന്ന വ്യത്യാസം മാത്രം. തന്റെ രാഷ്ട്രീയകാര്യ സമിതിയിലെ അംഗത്വം സുധാകരനിരുന്നോട്ടെ, എഐസിസി അംഗത്വം സതീശനെടുത്തോട്ടെ, കെപിസിസി അംഗത്വം ഉമ്മന്‍ചാണ്ടിക്കു നല്കുന്നു. എന്നിട്ട് സുധീരന്‍ പാടുന്നു. ‘ഇനിയെന്റെ ഹൃദയവുമെടുത്തുകൊള്‍ക..’ കോണ്‍ഗ്രസ് അംഗത്വം മാത്രം എനിക്കു നല്കു എന്ന അപേക്ഷയും സുധീരന്റെ ഒസ്യത്തിലുണ്ട്!

കോണ്‍ഗ്രസിലെ കലഹകാലത്തിന് ആ കക്ഷിയോളംതന്നെ പ്രായമുണ്ട്. സുഭാഷ് ചന്ദ്രബോസിനെ ഗാന്ധിജി പാരവയ്ക്കാന്‍ തുടങ്ങിയ കാലം മുതലുള്ള കലാപത്തിന് ഇന്നും ചെറുപ്പം. ആ കലഹത്തിനിന്നും പതിനേഴ്. കലഹം തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും എന്ന് ദൈവനാമത്തില്‍ പ്രതിജ്ഞ ചൊല്ലിയാണ് കോണ്‍ഗ്രസുകാര്‍ ഇന്നും നാലണ മെമ്പര്‍ഷിപ്പെടുക്കുക! ഒളികണ്ണിട്ടേ തന്നെ നേതാവു നോക്കിയുള്ളുവെങ്കില്‍ അതിന്റെ പേരില്‍ പിന്നെ പൊരിഞ്ഞ അടിയാണ്. എതിര്‍ ശബ്ദങ്ങളോട് കെ സുധാകരനും വി ഡി സതീശനും പൊട്ടന്‍കളിക്കുകയാണെന്നാണ് സുധീരന്റെ പരിദേവനം. തന്റെ ആവലാതികള്‍ ഇവരാരും കേള്‍ക്കുന്നില്ലെന്ന് ഒരു ടിപ്പണിയും. അറുപത്തെട്ടു വര്‍ഷം മുമ്പ് അനശ്വരനായ വയലാര്‍ രാമവര്‍മ്മ ‘മാതൃഭൂമിയില്‍ എഴുതിയ സര്‍പ്പദൈവങ്ങള്‍ എന്ന ഒരു കവിതയുണ്ട്. സുധീരന്‍ മണ്ണിലിഴയുന്ന കാലത്ത് എഴുതിയ കവിത. ഇമ്മിണി വല്യ ആളാവുമ്പോള്‍ സുധീരനു പാടാനാണ് ഈ കവിതയെന്ന് വയലാര്‍ അന്ന് ഒസ്യത്ത് എഴുതിവച്ചിരുന്നില്ല. എങ്കിലും രാജിക്കത്തെന്ന വില്‍പ്പത്രം നല്കിയിട്ട് ഇന്ദിരാഭന്റെ തിരുമുറ്റത്തു നിന്ന് സുധീരന്‍ രോഷവും ദുഃഖവും ചാലിച്ചെടുത്ത് ആ കവിത ചൊല്ലുന്നു; ‘ഇപ്പുകിലൊക്കെ മാറുമേ പൂവിട്ടെപ്പൊഴും ഞാന്‍ ഭജിക്കില്ല കേട്ടോ, നന്ദികേടു തുടങ്ങിയാല്‍ പിന്നെ മുന്നും പിന്നുമൊരു നോട്ടമില്ലെങ്ങും, കാവു കത്തിച്ചു ചാമ്പലാക്കും ഞാന്‍ ആവലാതികള്‍ കൈക്കൊള്ളുകില്ലേ.’ സുധീരന്‍ പാടിയുറഞ്ഞു തുള്ളുമ്പോള്‍ ഇന്ദിരാഭവനിലുണ്ടായിരുന്നവര്‍ക്ക് പാടാനുള്ള വരികളും വയലാര്‍ കുറിച്ചു വച്ചിരുന്നു! ‘ചുറ്റിലും നിന്ന നാട്ടുകാര്‍ പേടിച്ചുറ്റുനോക്കി പ്പറഞ്ഞു തകര്‍ന്നുവോ ഭാവി!;

മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ കുലപതിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ നൂറ്റിപതിനൊന്നാം വാര്‍ഷികമാണിപ്പോള്‍. പോക്കറ്റടിച്ചതിനോ കള്ളുകുടിച്ച് തെരുവില്‍ വഴക്കുണ്ടാക്കിയതിനോ പണാപഹരണം നടത്തിയതിനോ പെണ്ണു വിഷയത്തിലോ അല്ല അദ്ദേഹത്തെ നാടുകടത്തിയത്.

തൂലിക പടവാളാക്കി ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പോരാടിയതിനായിരുന്നു മലയാള മാധ്യമ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ നാടുകടത്തല്‍. നമ്മുടെ പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ അതാവുംവിധം കൊണ്ടാടുന്നു. സ്വദേശാഭിമാനി ജനിച്ച നെയ്യാറ്റിന്‍കരയിലെ അരംഗമുഗളിലെ കൂട്ടില്‍ വീട് നിലംപൊത്താറായി കിടക്കുന്നു. ആ മഹാതേജസ് പിറന്ന വീട്ടില്‍ ഇന്ന് സര്‍പ്പഗണങ്ങള്‍ വാഴുന്നത് പലരും അറിഞ്ഞില്ല. ഈ വീടും പത്ത് സെന്റ് സ്ഥലവും സുരേഷ് ഗോപി വാങ്ങി തിരുവനന്തപുരം പ്രസ്‌ക്ലബിനു നല്കിയിരുന്നു. സംരക്ഷണച്ചെലവിനും പുനര്‍നിര്‍മ്മാണത്തിനും ഗോപിയും കെപിസിസിയും അ‍ഞ്ച് ലക്ഷം രൂപ വീതം നല്കി. ഇവിടെ ഒരു മീഡിയ സെന്റര്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പക്ഷേ തകര്‍ന്ന വീടിനു മുകളില്‍ ഒരു തകര ഷീറ്റിട്ടശേഷം ബാക്കി തുക ചില ആശാന്മാര്‍ ചേര്‍ന്നു വിഴുങ്ങിയെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. ഇതിനപ്പുറമെന്തൊക്കെയാണ് ഇനി മാധ്യമ രംഗത്തെ മഹാനാഴികക്കല്ലായ സ്വദേശാഭിമാനിയെ ആദരിക്കാന്‍! സ്വര്‍ഗത്തിലിരുന്ന് തന്റെ പിന്മുറക്കാരെയോര്‍ത്ത് സ്വദേശാഭിമാനി പറയുന്നുണ്ടാവും, വെല്‍ഡണ്‍ ഗൈസ്, ആനന്ദലബ്ധിക്കിനിയെന്തു വേണം!

ഇന്ന് ഭാരത് ബന്ദ്. അരികുവല്ക്കരിക്കപ്പെട്ട ഭാരതത്തിലെ കര്‍ഷക കോടികളുടെ അവകാശപ്പോരാട്ടത്തിന്റെ ഉജ്ജ്വലാധ്യായം തൊഴിലാളികള്‍ കര്‍ഷകരുമായി കൈകോര്‍ക്കുന്ന മഹത്തായ ദിനം. കേരളത്തില്‍ ഇന്ന് ഹര്‍ത്താലാണെങ്കിലും അതു ബന്ദിന്റെ പ്രതീതി ചാര്‍ത്തും. എന്നാല്‍ ഈ സമരരൂപത്തിന്റെ സ്രഷ്ടാവ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുലപതിയായിരുന്ന എസ് എ ഡാങ്കേയാണെന്ന് എത്രപേര്‍ക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരത്പൂരില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരു ബന്ദ് സംഘടിപ്പിക്കണമെന്ന് ഡാങ്കേ ആഹ്വാനം ചെയ്തു. എല്ലാം അടച്ചുപൂട്ടി ഭരത്പൂരിനെ നിശ്ചലമാക്കുന്ന ഒരു സമരരൂപം എന്നു മാത്രമേ ഡാങ്കേ ഉദ്ദേശിച്ചുള്ളു. ബന്ദ് യാഥാര്‍ത്ഥ്യമായപ്പോള്‍ ജനജീവിതം നിശ്ചലമായി. വയലേലകളും പണിശാലകളും ശുദ്ധ ശൂന്യം. തെരുവുകളില്‍ ആളാരവവും വാഹനാരവവുമില്ലാ ആകെയുണ്ടായിരുന്നത് ബന്ദിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആവേശകരമായ ചെറുപ്രകടനങ്ങള്‍. ജനരോഷത്തിന്റെ ബിംബമായി മാറിയ ബന്ദ് ഇന്ത്യയുടെ സമരചരിത്രത്തില്‍ പുതിയൊരു അധ്യായദളം എഴുതിച്ചേര്‍ത്തപ്പോള്‍ ഡാങ്കേ ഭരത്പൂരില്‍ ആഹ്ലാദഭരിതനായിരുന്നു. പിന്നീടങ്ങോട്ട് ഭരണവര്‍ഗത്തിനെതിരായ കലാപത്തിന്റെ അടയാളമായി പരിണാമപ്പെട്ട് ഈ പുതു സമരരൂപം. ഒരു ഭരണത്തിന്‍ കീഴില്‍ ബന്ദുകള്‍ ഏറിവരുന്നത് ആ ഭരണകൂടത്തിനെതിരായ കുറ്റപത്രമായി മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.