December 2, 2022 Friday

റാ… റാ… റാസ്പുട്ടിൻ,അവർ ആടിപ്പാടട്ടെ

രമേശ് ബാബു
മാറ്റൊലി
April 23, 2021 4:30 am

ലയുടെ മൗലികമായ ധർമ്മം എന്താണ്? ആനന്ദകുമാര സ്വാമി പറയുന്നു: “സൗന്ദര്യ ദർശനമാണ് കല. കലാകാരനുണ്ടാകുന്ന സൗന്ദര്യാവബോധത്തിൽ നിന്ന് അതിന്റെ ആന്തരിക പ്രകടനവും അതിൽ നിന്ന് ബാഹ്യരൂപ പ്രകടനവും സംഭവിക്കുമ്പോൾ കലാസൃഷ്ടി പിറക്കുന്നു. മനസ് എവിടെയെല്ലാം ഉടക്കുന്നുവോ, അവിടെയെല്ലാം കാണുന്ന സൗന്ദര്യമാണ് കലാകാരൻ പ്രകാശിപ്പിക്കുന്നത്. ഈ ലോകത്തിന്റെ രൂപരഹിതവും അജ്ഞേയവുമായ യാഥാർത്ഥ്യമാണ് കലാകാരൻ അനുഭവിക്കുന്ന സൗന്ദര്യം”.
കലാകാരന്റെ സൗന്ദര്യാനുഭൂതി ഏതെങ്കിലും കലാരൂപത്തിലൂടെ പ്രകടിപ്പിക്കപ്പെടുമ്പോൾ ആസ്വാദകന് അത് രസാനുഭൂതിയാകുന്നു. ഒരു കലാസൃഷ്ടിക്ക് എത്രത്തോളം സൗന്ദര്യ രസാനുഭൂതി പകരുവാൻ കഴിയുന്നുവോ അത്രത്തോളം അത് ഉന്നതമായി ഭവിക്കുകയും കലാദേശാതിർത്തികളെ അതിലംഘിക്കുകയും ചെയ്യും. അവിടെ പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഉള്ള ഭേദ ചിന്തകളും ഉണ്ടാവില്ല.
ജർമൻ സംഗീത ട്രൂപ്പായ ‘ബോണി എം’ 1978 ൽ പുറത്തിറക്കിയ ഗാനമാണ് റാ… റാ… റാസ്പുട്ടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ. ജാസും ഗിറ്റാറും പിന്നെ ഒട്ടേറെ വാദ്യോപകരണങ്ങളും സമൃദ്ധമായി അകമ്പടി സേവിക്കുന്ന ആ ഗാനം ബോബി ഫാരൽ, ലിസ് മിച്ചൽ, മാർസിയ ബാററ്റ്, മൈസി വില്യംസ് എന്നീ ഗായകർ ചടുലമായ നൃത്തച്ചുവടുകളോടെ അവതരിപ്പിച്ചപ്പോൾ സംഗീത ലോകം ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ സംഗീത ശൈലി കൊണ്ട് മാത്രമല്ല റാസ്പുട്ടിൻ‍ ഗാനം ലോക ശ്രദ്ധയാകർഷിച്ചത്. മാന്ത്രികമായ ജീവിതം കൊണ്ട് ഒരു കാലത്ത് റഷ്യയെ പിടിച്ചുകുലുക്കിയ, ലോകം കണ്ടതിലേറ്റവും വലിയ അരാജകവാദിയായി വിശേഷിപ്പിക്കപ്പെടുന്ന റാസ്പുട്ടിന്റെ കഥ പറയുന്ന ഗാനമെന്ന സവിശേഷതയും റാ… റാ… റാസ്പുട്ടിനെ ശ്രദ്ധേയമാക്കി. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പിറവിയെടുത്ത ഗാനം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞുനിൽക്കുകയും ഒട്ടേറെ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു നൃത്തം റാസ്പുട്ടിൻ താളത്തിൽ അവതരിപ്പിച്ചപ്പോൾ അഭിനന്ദനങ്ങളും വിവാദങ്ങളും ഒരുപോലെ ചുവടുവയ്ക്കുകയാണ്. ഈ കൊറോണ കാലത്ത് മുൻനിര പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യരംഗത്തിന്റെ പ്രതിനിധികളായ ജാനകിയും നവീനും മെഡിക്കൽ യൂണിഫോമിൽ തന്നെയാണ് നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അവരുടെ സുന്ദരമായ നൃത്തം അതിജീവനത്തിന്റെ ഊർജ്ജം പകരുന്ന സന്ദേശമായതുകൊണ്ടാണ് വിമല ചിന്തയുള്ളവർ അതേറ്റെടുത്തത്. നവീന്റെയും ജാനകിയുടെയും ചിത്രങ്ങൾക്ക് സമാനമായി ഇരുവരുടെയും നൃത്തം ചെയ്യുന്ന കാരികേച്ചർ മിൽമ സ്വന്തം പേജിൽ ഷെയർ ചെയ്തിരുന്നു. റാസ്പുട്ടിൻ ഗാനവുമായി കോവിഡ് വാക്സിൻ പ്രചാരണ വീഡിയോയും ബോധവല്ക്കരണത്തിനായി ഇറങ്ങി. പ്രശംസകൾക്ക് പിന്നാലെ ലൗജിഹാദ് ആരോപണവും ഡാൻസ് ജിഹാദ് എന്ന പുതിയൊരു പദവും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം അവരുടെ വിദ്യാഭ്യാസ കാലം തന്നെയായിരിക്കും. മനസിൽ യഥാസ്ഥിതികത്വത്തിന്റെ വിഷലിപ്തതയൊന്നുമില്ലാത്ത സൗഹൃദങ്ങളുടെ പഠനകാലം തെളിമകളുടേതുമാണ്. യുവതയുടെ നിർദോഷ ഉല്ലാസങ്ങളിലും അപായ സൂചനകൾ നല്കുന്നവരെക്കുറിച്ച് എന്തുപറയാനാണ്? ജാനകി — നവീൻ നൃത്തത്തിൽ ലൗ ജിഹാദ് ആരോപണം ഉന്നയിച്ചുകൊണ്ട് ഒരു അഭിഭാഷകൻ ഇട്ട പോസ്റ്റ് സമകാലിക കേരളത്തിന്റെ മനസികാവസ്ഥ എവിടെ എത്തിനിൽക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചികയാണ്. “തൃശൂർ മെഡിക്കൽ കോളജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലാകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കുമാണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓം കുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം”.

എന്നാൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ നവീനും ജാനകിക്കും പിന്തുണ അറിയിച്ച് രംഗത്തെത്തിയത് ആശ്വാസകരമാണ്. അവർ എഴുതുന്നു “വെറും ഒരു ഡാൻസിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നത് വാസ്തവമാണ്. അത്രത്തോളം നമ്മുടെ നാട് മാറാനോ മനസ് ചുരുങ്ങാനോ പാടില്ല. സഹപാഠികളുടെ സൗഹൃദങ്ങൾക്ക് അതിർവരമ്പുകളിടാൻ പാടില്ല”.
രോഗികളുടെ രോഗം ശമിപ്പിക്കുകയും അവർക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന ഭിഷഗ്വരന്റെ തൊഴിലിലേക്കാണ് നാളെ നവീനും ജാനകിയും എത്തു­ക. അതിലൂടെ അവർ ജന്മദൗത്യവും സാമൂഹിക ഉ­ത്ത­രവാദിത്തവും നിറവേറ്റും. ഉള്ളിലെ സൗന്ദര്യബോധത്തെ അവർ ആ­വിഷ്കരിച്ചതാണ് നൃത്തം എന്ന ക­ലാ­രൂപത്തിലൂടെ. രസാനുഭൂതി പകരുന്ന ആ അവതരണം ഒ­രു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. അവ­ർ പ്രസരിപ്പിച്ച ഊർജം ബഹുഭൂരിപക്ഷവും ഏ­റ്റെടുത്തതോടെ സമൂഹജീവിയെന്ന ധർമ്മവും അവർ അനുഷ്ഠിച്ചിരിക്കുന്നു.
ശരീരത്തിന്റെ കൃത്യമായ ചലനങ്ങളും മുദ്രകളും അസാധാരണമായ ഊർജം സൃഷ്ടിക്കുമെന്ന് ഭാരതീയർ പണ്ടേ കണ്ടെത്തിയിട്ടുള്ളതാണ് (നാട്യശാസ്ത്രം). ഈ ഭാരതീയ സങ്കല്പത്തിനുമേൽ ശാസ്ത്രജ്ഞർ ഒട്ടേറെ കാലമായി ഗവേഷണം നടത്തുന്നു. 2008 ൽ സയന്റിഫിക് അമേരിക്കൻ മാസികയിലെ ഒരു ലേഖനത്തിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റുകൾ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സംഗീതവും ചലനവും സമന്വയിപ്പിക്കുന്ന നൃത്തത്തിന് ആരോഗ്യവുമായി അസാധാരണ ബന്ധമുണ്ടെന്ന് പ്രതിപാദിക്കുന്നു.

ആൽബർട്ട് ഐൻസ്റ്റൈൻ കോളജ് ഓഫ് മെഡിസിൻ ഗവേഷകർ 2003 ൽ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് നൃത്തത്തിന് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ്. നൃത്തവും സംഗീതവും മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും തീരുമാനമെടുക്കാനുള്ള കഴിവ്, വൈജ്ഞാനികമായ അഭിരുചി എന്നിവയെ വർധിപ്പിക്കുമെന്നും മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും ഡക്കോട്ട മിനോട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ 2012 ലെ പഠനങ്ങളും സ്ഥാപിക്കുന്നു. വൈദ്യശാസ്ത്ര വിദ്യാർത്ഥികളായ നവീനും ജാനകിയും ശാസ്ത്രത്തിലും കലയിലും പങ്കുചേരുമ്പോൾ അ­വർ സർഗാത്മകയുടെയും ഭൗതികതയുടെയും സങ്കലനമാകുകയും ഉത്തമ വ്യക്തിത്വങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. ഉല്ലാസം മറന്നുപോയ കേരള ജീവിതത്തിന് ഈ കൊറോണ വേളയിൽ അതിന്റെ സാധ്യതകൾ കലയിലൂടെ വെളിപ്പെടുത്തുകയും പ്രചോദനമാകുകയും ചെയ്ത നവീൻ ജാനകിമാർക്ക് നന്ദി പറയാം. ജാനകി നാളെ തട്ടമിട്ടാലും നവീൻ റസാക്ക് വാലുമുറിച്ചാലും അതൊക്കെ അവരുടെ സ്വാതന്ത്ര്യം. ഭരണഘടന ആ സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്.

മാറ്റൊലി

ജാനകിയുടെ അച്ഛനമ്മമാരെ ഉപദേശിക്കാൻ നടക്കുന്നവർ സ്വന്തം അടുക്കള വാതിൽ പൂട്ടാൻ മറക്കണ്ട. ഇടവേളകളിൽ അല്പം സംഗീതവും നൃത്തവും പരിശീലിക്കുന്നതും നന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.