October 7, 2022 Friday

കോവിഡ് : സുപ്രീം കോടതിയുടെ ഇടപെടല്‍ വിമര്‍ശന വിധേയമാകുന്നു

Janayugom Webdesk
April 24, 2021 3:00 am

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹെെക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ ഏറ്റെടുത്തുകൊണ്ടും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നാല് വിഷയങ്ങള്‍ പരമോന്യുടെ പരിഗണനയിലാക്കിക്കൊണ്ടുള്ള സുപ്രീം കോടതി തീരുമാനം നിയമ‑രാഷ്ട്രീയ വൃത്തങ്ങളില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡല്‍ഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത, അലഹബാദ് ഹെെക്കോടതികളില്‍ നടന്നുവരുന്ന കേസുകളാണ് സുപ്രീം കോടതി സ്വമേധയാ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയവൃത്തങ്ങളും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരും ഉന്നയിച്ച ശക്തമായ വിമര്‍ശനങ്ങള്‍ പരമോന്നത കോടതിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കി. മഹാമാരിയുടെ മാരകമായ രണ്ടാംതരംഗത്തെ നേരിടാനാവാതെ ഭരണസംവിധാനമാകെ ആശയക്കുഴപ്പത്തിലേക്കും സ്തംഭനത്തിലേക്കും നീങ്ങവെയാണ് വിവിധ ഹെെക്കോടതികള്‍ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കര്‍ക്കശ നിര്‍ദ്ദേശങ്ങളുമായി രംഗത്തുവന്നത്. ഹെെക്കോടതിയുടെ നിര്‍ദയ പരാമര്‍ശങ്ങള്‍ പ്രതിഛായയില്‍ മാത്രം അഭിരമിക്കുന്ന മോഡി ഭരണകൂടത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരിക്കുക. അത്തരമൊരു സന്ദര്‍ഭത്തില്‍ പരമോന്നത കോടതി സ്വമേധയ നടത്തിയ ഇടപെടലിന്റെ ലക്ഷ്യത്തെപ്പറ്റി ആരിലെങ്കിലും സംശയം ഉന്നയിച്ചാല്‍ അതില്‍ അസാധാരണമൊ അത്ഭുതകരമൊ ആയ യാതൊന്നും ഇല്ലെന്നുവേണം കരുതാന്‍. ഓക്സിജന്‍ വിതരണം, അവശ്യ ഔഷധ ലഭ്യത, പ്രതിരോധ വാക്സിനേഷന്‍ വ്യവസ്ഥകളും രീതിയും, അടച്ചുപൂട്ടല്‍ പ്രഖ്യാപന അധികാരം എന്നീ വിഷയങ്ങളാണ് സുപ്രീം കോടതി അതിന്റെ അധികാര പരിധിയില്‍ കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. ഓക്സിജന്‍ വിതരണത്തില്‍ വന്ന ഗുരുതര വീഴ്ചക്കെതിരെ ഡല്‍ഹി, ബോംബെ ഹെെക്കോടതികള്‍‍ മോഡി ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. വാക്സിന് വിവേചനപരമായ വില നിശ്ചയിച്ചതും അവയുടെ ലഭ്യതയും രാജ്യത്താകെ വലിയ ആരോഗ്യ‑പ്രതിരോധ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ഹെെക്കോടതികളെ മറികടന്ന് സുപ്രീം കോടതി നടത്തിയ നീക്കത്തിന്റെ ഉദ്ദേശശുദ്ധിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അത് കേന്ദ്രഭരണകൂടത്തെ പ്രതിരോ­ധിക്കാനും അവരുടെ വീഴ്ചകളെ വെ­ള്ളപൂശാനുമുള്ള പാഴ്‌ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടാല്‍ അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല.

ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ ദുര്‍ദിനങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തക­ള്‍ മോഡി സര്‍ക്കാരിന്റെ അക്ഷന്തവ്യമായ വീഴ്ചകള്‍ തുറന്നുകാണി‌ക്കുന്നവയാണ്. കോവിഡ് മഹാമാരിയുടെ മാരകമായ രണ്ടാംവരവിന്റെ സൂചനകള്‍ വ്യക്തമായിരുന്നിട്ടും അതിനെ നേരിടാന്‍ സര്‍ക്കാരിനെയും ജനങ്ങളെയും സജ്ജരാക്കേണ്ടിയിരുന്ന ശാസ്ത്ര സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറി. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് അപ്പുറത്തേക്ക് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവയ്ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് വസ്തുതകള്‍ വെളിവാക്കുന്നു. ജനിതക മാറ്റം വന്ന് മാരകരൂപം പൂണ്ട വെെറസുകളുടെ വരവ് ആരംഭിച്ച ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കേണ്ട കോവിഡ് 19 ദേശീയ ശാസ്ത്ര ദൗത്യസംഘം ഒരിക്കല്‍പോലും യോഗം ചേരുകയോ ഉപദേശം നല്കുകയോ ഉണ്ടായില്ല. സര്‍ക്കാര്‍ അത് ആവശ്യപ്പെടുകയും ചെയ്തില്ല. ജനുവരി 11ന് ശേഷം ദൗത്യസംഘം ആദ്യമായി യോഗം ചേര്‍ന്നത് മഹാമാരി സംഹാരരൂപം പൂണ്ട ഏപ്രില്‍ 15നു ശേഷം മാത്രമാണ്. രോഗബാധിതരെ ചികിത്സിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്കും ക്രമങ്ങള്‍ക്കും രൂപം നല്കേണ്ട ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 2020 ജൂലൈക്ക് ശേഷം നീണ്ട എട്ടുമാസം അവ പുതുക്കി നല്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല. 2020 നവംബറില്‍ കോവിഡ് ചികിത്സയ്ക്ക് റെംഡിസീവര്‍ ഉപയോഗിക്കുന്നത് ലോക ആരോഗ്യസംഘടന വിലക്കിയിരുന്നു. എന്നാല്‍ തദനുസൃതമായി ചികിത്സാക്രമം പുതുക്കി നിശ്ചയിക്കന്നതില്‍ ഐസിഎംആറും ആരോഗ്യമന്ത്രാലയവും യാതൊരു നടപടിയും കെെക്കൊണ്ടില്ല. റെംഡിസീവര്‍ കോവിഡ് ചികിത്സയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനും ഇപ്പോഴും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുവെന്നത് കുറ്റകരമായ ഭരണകൂട അനാസ്ഥയും ഭരണസംവിധാന തകര്‍ച്ചയുമാണ് തുറന്നുകാട്ടുന്നത്.

ഈ പശ്ചാത്തലത്തില്‍ വേണം കോവിഡ് വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയ നടത്തിയ ഇടപെടല്‍ വിലയിരുത്തപ്പെടാന്‍. രാഷ്ട്രീയവും സാമൂഹികവുമായ ഭരണ വികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഇവിടെ സുപ്രീം കോടതി അതിനു വിരുദ്ധമായി അധികാര കേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നത്. അതാവട്ടെ സ്വേച്ഛാധികാരത്തിന്റെ പ്രതീകമായ മോഡി ഭരണകൂടത്തെ വിമര്‍ശനങ്ങളില്‍ നിന്നും അനിഷേധ്യമായ കുറ്റാരോപണങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ പരമോന്നത കോടതി ഒരിക്കല്‍ക്കൂടി അതിന്റെ സ്വയംഭരണാധികാരം അടിയറവ് വയ്ക്കുന്നതും ഭരണകൂട വിധേയത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനുമാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.