October 2, 2022 Sunday

മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Janayugom Webdesk
April 16, 2021 4:08 am

കോവിഡ് 19 മഹാമാരിയുടെ രണ്ടാംതരംഗം കേരളം ഉള്‍പ്പെടെ രാജ്യത്തെയാകെ ഉല്‍ക്കണ്ഠയില്‍ ആഴ്ത്തിയിരിക്കുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞ് ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ യുഎസിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തി. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നതിനേക്കാള്‍ രോഗബാധിതരുടെ ചികിത്സാസൗകര്യങ്ങളുടെ അഭാവം, മതിയായ തോതിലുള്ള പ്രതിരോധ വാക്സിന്റെ ലഭ്യത, രോഗം ബാധിച്ച് മരിച്ചവരെ മാന്യമായി സംസ്കരിക്കാനുള്ള സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ ജനാവലി തടിച്ചുകൂടുന്ന സംഭവങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ വിജയിക്കുന്നില്ലെന്നു മാത്രമല്ല അത്തരം സംഭവങ്ങളെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ന്യായീകരിക്കുന്നത് രോഗവ്യാപനം തീവ്രതരമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭൂരിപക്ഷ മതത്തിന്റെയും ന്യൂനപക്ഷ മതത്തിന്റെയും പേരില്‍ നടക്കുന്ന വിവേചനങ്ങള്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മാത്രമെ സഹായകമാവു. രണ്ടാം തരംഗവും ജനിതകമാറ്റം വന്ന വെെറസിന്റെ വ്യാപനവും തടയാന്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി നിരുത്സാഹപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.

അവിടെയും മത, വിശ്വാസ ഘടകങ്ങള്‍ കടന്നുകയറാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള അവസരം കണ്ടെത്താനും ചില കേന്ദ്രങ്ങളില്‍ നടന്നുവരുന്ന ശ്രമം അപലപനീയമാണ്. പ്രതിരോധ വാക്സിന്‍ നല്‍കുന്നത് ഏപ്രില്‍ 10 മുതല്‍ 14 വരെ ഉത്സവമാക്കുമെന്നും മറ്റും പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം വാക്സിന്റെ മതിയായ ലഭ്യതയുടെ അഭാവത്തില്‍ പരിഹാസ്യമായി മാറുകയാണ് ഉണ്ടായത്. ഒരു ഡോസ് വാക്സിന്‍ പോലും പാഴാക്കാതെ പ്രതിരോധ കുത്തിവയ്പ് നടത്തിയ കേരളത്തില്‍ പോലും വാക്സിന്റെ മതിയായ ലഭ്യതയുടെ അഭാവത്തില്‍ ആ പ്രക്രിയ വീഴ്ച കൂടാതെ തുടര്‍ന്നുപോകാന്‍ ആവുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. വാക്സിന്റെ അഭാവം നിരവധി സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം അവതാളത്തില്‍ ആയേക്കുമെന്ന ആശങ്കയും അവഗണിക്കാവുന്നതല്ല.

വാക്സിന്റെ ലഭ്യതയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ ഒഴിച്ചുനിര്‍ത്തിയാല്‍ മഹാമാരിയുടെ രണ്ടാംതരംഗത്തെ നേരിടാന്‍ കേരളത്തിന്റെ ആരോഗ്യരംഗം സജ്ജമാണെന്നത് ആശ്വാസകരമാണ്. ആശുപത്രി കിടക്കകള്‍, ക്വാറന്റെെന്‍ കേന്ദ്രങ്ങള്‍, ഓക്സിജന്‍, വെന്റിലേറ്ററുകള്‍ എന്നിവ മതിയായ തോതില്‍ സജ്ജമാക്കാനുള്ള കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ രോഗബാധയും മരണനിരക്കും കുത്തനെ ഉയരുമ്പോള്‍ സര്‍ക്കാര്‍ കേവലം നോക്കുകുത്തിയായി മാറിയിരിക്കുന്നു. ബിജെപി-സംഘപരിവാര്‍ വൃത്തങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരമാണ് മഹാമാരിയുടെ രണ്ടാം വരവ് തുറന്നുകാട്ടുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാനുകളില്‍ മൃതശരീരങ്ങള്‍ നീക്കം ചെയ്യുന്ന അവസ്ഥ ബിജെപി ഭരണം നടക്കുന്ന പല സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ മരണനിരക്കു കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ കണക്കുകളില്‍ കൃത്രിമം കാണിക്കുന്നതായി തെളിവുകള്‍ സഹിതം ദേശീയമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രണ്ടാം തരംഗത്തിന്റെ വരവോടെ മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ആരംഭിച്ചിരിക്കുന്നു. അടച്ചുപൂട്ടലിന്റെയും രോഗബാധയുടെയും ഭയത്തില്‍ പലായനം ചെയ്യുന്ന തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളില്‍ കാത്തിരിക്കുന്നത് പട്ടിണിയും തൊഴിലില്ലായ്മയുമാണ്. അവരുടെയും കുടുംബങ്ങളുടെയും ജീവന്‍ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളൊ കേന്ദ്രമൊ യാതൊരു പദ്ധതികളും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയെത്തുന്ന ഉത്തര്‍പ്രദേശിലും ബിഹാറിലും രോഗം പടര്‍ന്നുപിടിക്കുന്നതായ വാര്‍ത്തകളും അസ്വാസ്ഥ്യജനകമാണ്.

കോവിഡ് 19 രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രായോഗികവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. രോഗബാധിതരെ ചികിത്സിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഔഷധങ്ങളും ചികിത്സാസൗകര്യങ്ങളും പ്രതിരോധ വാക്സിനുകളും അടിയന്തരമായി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണം. തൊഴിലും വരുമാനവും നഷ്ടമാകുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യവസ്തു‌ക്കളും സാമ്പത്തികസഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. മഹാമാരിയെ പ്രകൃതിദുരന്തമായി പ്രഖ്യാപിച്ച് ദുരന്തനിവാരണ നിധി അവശ്യസന്ദര്‍ഭങ്ങളില്‍ വിനിയോഗിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണം. പിഎം കെയേഴ്സ് ഫണ്ട് പ്രതിസന്ധിഘട്ടത്തില്‍ സുതാര്യമായി ചെലവു ചെയ്ത് വന്‍ ദുരന്തത്തെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുക ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ വീഴ്ചവരുത്തുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.