കെ രാജു

വനം വകുപ്പ് മന്ത്രി

June 05, 2020, 5:45 am

പരിസ്ഥിതി സംരക്ഷണത്തിലൂടെ ജൈവ വൈവിധ്യം കൊണ്ടാടാം

Janayugom Online

ജൈവ വൈവിധ്യം കൊണ്ടാടുക’ (സെലിബ്രേറ്റ്‌ ബയോഡൈവേഴ്‌സിറ്റി) എന്നതാണ്‌ ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രമേയം. ഐക്യരാഷ്‌ട്ര സഭ പരിസ്ഥിതി പരിപാടിയുടെ (യുഎന്‍ഇപി) ആഹ്വാനമുള്‍ക്കൊണ്ടു കൊണ്ട്‌ 143 രാജ്യങ്ങള്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്‌. വെറും ആഹ്വാനങ്ങള്‍ക്കപ്പുറം പരിസ്ഥിതി സംരക്ഷണത്തിലൂടെ ജൈവവൈവിധ്യം ആഘോഷിക്കാനാണ്‌ ഐക്യരാഷ്‌ട്രസഭ ആഹ്വാനം ചെയ്യുന്നത്‌. ഒരേയൊരു ഭൂമി (ഒണ്‍ലി വണ്‍ എര്‍ത്ത്‌) എന്ന പ്രമേയം ആധാരമാക്കിയാണ്‌ 1973 ല്‍ യുഎന്‍ഇപി ആദ്യ പരിസ്ഥിതി ദിനം ആചരിച്ചത്‌. ആ സന്ദേശത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌.

ഭൂമി മനുഷ്യന്റേതു മാത്രമല്ല എന്നാല്‍ മനുഷ്യന്‍ ഭൂമിയുടെതാണ്‌ എന്ന്‌ തിരിച്ചറിയാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്‌ ഓരോ പരിസ്ഥിതി ദിനാചരണത്തിന്റെയും ലക്ഷ്യം. ഐക്യരാഷ്‌ട്ര സഭ ആഹ്വാനം ചെയ്‌തിരിക്കുന്ന സുസ്ഥിര വികസന ദശകം 2017 ലാണ്‌ ആരംഭിച്ചത്‌. പോഷക ഗുണ സമ്പന്നമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്ന സുസ്ഥിര കൃഷിരീതികള്‍ക്ക്‌ പ്രോത്സാഹനം നല്‍കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെങ്കില്‍ മാത്രമേ ക്ഷാമവും പട്ടിണിയും ഈ ലോകത്ത്‌ നിന്ന്‌ അകറ്റാന്‍ കഴിയുകയുള്ളൂ എന്നതാണ്‌ സുസ്ഥിര വികസന ദശകം ലക്ഷ്യം വയ്‌ക്കുന്നത്‌. കോവിഡ്‌ 19 പടര്‍ന്ന്‌ പിടിക്കുന്ന സാഹചര്യത്തില്‍ ഈ സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്‌. കോവിഡ്‌ ബാധിച്ചു മരിക്കുന്നതിനേക്കാള്‍ ജനങ്ങള്‍ ഭക്ഷ്യക്ഷാമം കാരണം മരിച്ചേക്കാമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സുസ്ഥിര കൃഷിരീതികള്‍ പുഷ്‌ടി പ്രാപിക്കണമെങ്കില്‍ ആരോഗ്യകരമായ പരിസ്ഥിതിയുണ്ടായിരിക്കണം.

പരിസ്ഥിതിയുടെ നിലനില്‍പ്പിന്‌ നമ്മുടെ പിന്തുണ ആവശ്യമാണ്‌. നമ്മുടെ എല്ലാ ഭക്ഷ്യവിഭവങ്ങളും പ്രകൃതിയുടെ സംഭാവനയാണ്‌. ആ വിഭവങ്ങള്‍ ചൂഷണ മനോഭാവത്തോടെ സ്വാര്‍ത്ഥത മാത്രം മുന്‍നിര്‍ത്തി വിവേകശൂന്യമായി വിനിയോഗിക്കാതെ വിഭവങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും നാം പരിശീലിക്കേണ്ടതുണ്ട്‌. കാടും കാവും കടലും കുളവും കണ്ടലുമെല്ലാമുള്ള വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥ കേരളത്തിന്റെ പ്രത്യേകതയാണല്ലോ. അതിതീവ്ര ജൈവ വൈവിധ്യമേഖലയാണ്‌ നമ്മുടെ പശ്ചിമഘട്ടം. തീരദേശത്തെ കണ്ടല്‍കാടുകള്‍ മുതല്‍ സഹ്യസാനുവിലെ മഴക്കാടുകള്‍ വരെ ഉള്‍ക്കൊണ്ട്‌ വൈവിധ്യമാര്‍ന്ന ജൈവ സമ്പത്തിന്റെ അതിബൃഹത്തായ ശേഖരമാണ്‌ നമ്മുടെ വനമേഖല. നിരവധിയായ കാവുകളും തണ്ണീര്‍ത്തടങ്ങളും നാട്ടിന്‍പുറങ്ങളില്‍ പോലും ജൈവ വൈവിധ്യം നിലനിര്‍ത്തുന്നുണ്ട്‌. അവ മനുഷ്യഇടപെടലുകള്‍ ഇല്ലാതെ നിലനിര്‍ത്തേണ്ടതുണ്ട്‌.

സവിശേഷതയാര്‍ന്ന ഈ ജൈവ വൈവിധ്യത്തിലെ ഒരു കണ്ണി മാത്രമാണ്‌ മനുഷ്യന്‍ എന്ന്‌ നാം മനസ്സിലാക്കണം. ഈ ജൈവ വൈവിധ്യത്തിന്റെ പാരസ്‌പര്യ ബന്ധത്തിന്റെ ദൃഢതയാണ്‌ നമ്മുടെ നിലനില്പിനാധാരം. സവിശേഷ ബുദ്ധിയാല്‍ സകല ജീവജാലങ്ങള്‍ക്കും മുകളിലായി വിരാജിക്കുന്ന മനുഷ്യന്‌ മറ്റ്‌ ജീവജാലങ്ങള്‍ കൂടിയില്ലാതെ പ്രകൃതിയില്‍ ജീവിക്കാനാവില്ല എന്ന സത്യം കൂടി നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന പാഠം അതാണ്‌. ജൈവ വൈവിധ്യത്തിലെ കണ്ണികളായ ഏതെങ്കിലും ഒരു ജീവിവര്‍ഗ്ഗത്തിന്റെ തിരോധാനം മനുഷ്യകുലത്തെ മുടിക്കും എന്നതിന്‌ ചരിത്രത്തില്‍ നിരവധി പാഠങ്ങള്‍ ഉണ്ട്‌. 1958–61 കാലഘട്ടത്തില്‍ ചൈനയില്‍ കാര്‍ഷികമേഖലയില്‍ ധാന്യത്തിന്റെ നഷ്‌ടം കുറയ്‌ക്കുന്നതിനായി ധാന്യം കൊത്തിത്തിന്നുന്ന കുരുവികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കാന്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു. പക്ഷേ ഈ കിളികള്‍ ചെയ്‌തിരുന്ന സേവനം അവര്‍ മനസ്സിലാക്കിയില്ല. പുഴുക്കളേയും വെട്ടുക്കിളി പോലുള്ളവയെയും കൂടി തിന്ന്‌ കൃഷിയെ സംരക്ഷിക്കുകയായിരുന്നു അവ ചെയ്‌തിരുന്നത്‌.

അത്‌ മനസ്സിലാക്കാതെ അവയെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന്റെ ഫലമായി കറുത്ത മേഘം പോലെ പറന്നെത്തിയ വെട്ടുക്കിളികള്‍ കൃഷിയിടങ്ങളിലാകെ വ്യാപിച്ചു. വലിയ പുല്‍ച്ചാടി വര്‍ഗ്ഗത്തില്‍പ്പെട്ട അവ നിമിഷനേരം കൊണ്ട്‌ പാടശേഖരങ്ങളാകെ നശിപ്പിച്ചു. വെട്ടുക്കിളികളെ നിയന്ത്രിക്കാന്‍ പ്രകൃതി തയ്യാറാക്കി നിര്‍ത്തിയിരുന്ന പക്ഷി വര്‍ഗ്ഗത്തെ മുഴുവന്‍ അവര്‍ കൊന്നൊടുക്കിയിരുന്നല്ലോ. ഫലം കൊടുംപട്ടിണി. അവിടെ അതിനെത്തുടര്‍ന്ന്‌ മുപ്പത്‌ ദശലക്ഷം ജനങ്ങള്‍ ഭക്ഷണമില്ലാതെ മരിച്ചതായാണ്‌ വാര്‍ത്തകള്‍. ഇപ്പോള്‍ നമ്മുടെ രാജ്യത്തും വെട്ടുക്കിളി ആക്രമണം തുടങ്ങിയിട്ടുണ്ട്‌. തത്തകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെയും ദേശാടന ജീവികളെയും യാതൊരു തത്വദീക്ഷയുമില്ലാതെ കൊന്നൊടുക്കുന്ന നാടുകളില്‍ നിന്നാണ്‌ വെട്ടുക്കിളികള്‍ കൂട്ടമായി നമ്മുടെ രാജ്യത്ത്‌ എത്തുന്നത്‌ നമ്മുടെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. പരിസ്ഥിതിദിനം മുതല്‍ ജൂലായ്‌ ആദ്യവാരം വരെ ഒരു മാസക്കാലം വനം വകുപ്പ്‌ ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്‌. ജൂലായ്‌ ആദ്യവാരം വനമഹോത്സവം കൊണ്ടാടുന്നു.

58 ലക്ഷം തൈകള്‍ ഇത്തവണ വനം വകുപ്പ്‌ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്‌. വായുവിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതും പൊടിപടലങ്ങളില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നതും മരങ്ങളാണ്‌. കാര്‍ബണ്‍ഡൈഓക്‌സൈഡിനെ വലിയ അളവില്‍ ശേഖരിച്ച്‌ പ്രാണവായു നല്‍കാന്‍ മരങ്ങള്‍ക്കും സസ്യലതാദികള്‍ക്കും മാത്രമേ കഴിയൂ എന്നത്‌ മനസ്സിലാക്കി ലഭ്യമായ ഇടങ്ങളിലെല്ലാം ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ നാം സജ്ജരാവുകയാണ്‌ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഏറ്റവും ലളിതവും എളുപ്പവുമായ മാര്‍ഗ്ഗം. അതുകൊണ്ട്‌ നമുക്ക്‌ കഴിയുന്നത്ര മരങ്ങള്‍ നടാം; പരിപാലിച്ചു വളര്‍ത്താം ; അങ്ങനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. ജൈവവൈവിധ്യം നിലനിര്‍ത്തിയും പരിപോഷിപ്പിച്ചും ആഘോഷിക്കാം.