March 23, 2023 Thursday

കരിക്കട്ടകളും ചാരക്കൂമ്പാരങ്ങളും പറയുന്നു, ആ സത്യം

ബിനോയ് വിശ്വം
March 9, 2020 5:30 am

വർഗീയത ഘോരമായ വിഷമാണ്. അത് സമൂഹത്തിന്റെ നാഡിഞരമ്പുകളിൽ പടർന്നു പിടിക്കുന്നത് എത്ര വേഗത്തിലാണെന്നും എങ്ങനെയാണെന്നും ആർക്കും പ്രവചിക്കാൻ കഴിയില്ല. ആ വിഷബാധയേറ്റാൽ മനുഷ്യൻ മൃഗമായി മാറും. അതുവരെ കണ്ടതുപോലെ ചുറ്റുമുള്ളവരെയും ചുറ്റുമുള്ളവയെയും കാണാൻ അവർക്കു കഴിയാതാകും. വിഷബാധിതരിൽ വർഗീയതയുടെ രോഗാണുക്കൾ ചെലുത്തുന്ന ഭ്രാന്തിനു സമാനമായ സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും വെളിവാകുന്നത് കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴാണ്. ആ വിഷജ്വര ബാധയുടെ മൂർച്ഛയിൽ മനുഷ്യൻ എന്തെല്ലാം ഭീകരകൃത്യങ്ങൾക്ക് സന്നദ്ധനാകുമെ­ന്നറിയണമെങ്കിൽ നിങ്ങൾ ഏതെങ്കിലും കലാ­പബാധിത പ്രദേശം സന്ദർശിച്ചാൽ മതിയാകും. അവിടെ ഒന്നും പഴയതുപോലെ ആയിരിക്കയില്ല. പറഞ്ഞറിയിക്കാനാകാത്ത ഭയത്തിന്റെ മൂടൽമ­ഞ്ഞി­നടിയിലായിരിക്കും അപ്പോൾ അവിടങ്ങ­ളി­ലെ ജീവിതം.

സംശയത്തിന്റെ കറുത്ത പൂച്ച അവിടങ്ങളിൽ നിശബ്ദം ചുറ്റിത്തിരിയുന്നുണ്ടാകും. വെറുപ്പിന്റെ വേട്ടനായ്ക്കളും അങ്ങിങ്ങ് മുരണ്ട് നട­പ്പുണ്ടാകും. ആ വിഷധൂളികൾ വ്യാപിച്ച ഇട­ങ്ങളിൽ ജീവിതം സാധാരണ ഗതിയിലാകാൻ കാലങ്ങൾ കാത്തിരിക്കേണ്ടിവരും. മനസിനും ശരീരത്തിനും കലാപങ്ങൾ ഏൽപ്പിക്കുന്ന മുറിവു­കൾ അത്രയേറെ അഗാധമായിരിക്കും. എന്നാലും അവ ഉണങ്ങ­ണ­മെന്നും ജീവിതത്തിന്റെ ശാന്തമായ താള‑ലയങ്ങൾ പുനർജനിക്കണമെന്നും ജനങ്ങളി­ലെ മഹാ ഭൂരി­പക്ഷവും ആഗ്രഹിക്കുന്നു. കലാപം പടർത്തുന്ന ഇരുട്ടിനിടയിലും ജീവിത പ്രേമത്തിന്റെ ഈ വെ­ളിച്ചമാണ് മനുഷ്യനന്മയുടെ അടയാളം. പുകയുന്ന നഷ്ടങ്ങളുടെയും നീറുന്ന ദുഃഖത്തിന്റെയും നടുവിൽ ഈ വെളിച്ചത്തിൽ അഭയം തേടാനും അതിനെ നെഞ്ചോടു ചേർത്തു പിടിക്കാനും വെമ്പുന്നവരാണ് സാമാന്യ മനുഷ്യർ. വടക്കു കിഴക്കൻ ഡൽഹി­യിലെ കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങുമ്പോൾ ആ മനുഷ്യരിൽ പ്രതീക്ഷ അർപ്പി­ക്കാനാണ് ഹൃദയവും തലച്ചോറും ഞങ്ങളോട് കല്പിച്ചത്.

കലാപത്തിന്റെ വിഷം കത്തിപ്പടർന്ന എല്ലാ­യി­ടത്തും ഞങ്ങൾ പോയില്ല. പോയിടങ്ങ­ളിലെ­ല്ലാം കണ്ടതും കേട്ടതുമായ കാര്യങ്ങൾ തന്നെ മ­തിയാകും ഡൽഹി കലാപത്തിന്റെ വിശ്വരൂപം മനസിലാക്കാൻ. കണ്ടവയെല്ലാം കഠിനം, കാണാ­നാകാത്തവ അതികഠിനം! ഡൽഹിയിലെ ചാന്ദ്­ബാഗ്, ബ്രിജ്പുരി, സോണിയാ വിഹാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഒരുപകൽ മുഴുവൻ ഞങ്ങൾ ചുറ്റിത്തിരിഞ്ഞത്. പാവങ്ങളും ഇടത്തരക്കാരുമായ നൂറുകണക്കിന് സ്ത്രീ-പുരുഷന്മാരെ-അവരിൽ മുസ്‌ലി­­മുകളും ഹിന്ദു­ക്കളും ഉണ്ടായിരുന്നു- ഞങ്ങൾ കണ്ടു. കലാപം പൊട്ടിപ്പുറപ്പെട്ട ആ ദിനങ്ങളിൽ സംഭവിച്ച കാര്യ­ങ്ങൾ അവരെല്ലാം ഞങ്ങളോട് പറഞ്ഞു. കലാപ­ത്തിനു ശേഷം അവിടങ്ങളിൽ ആദ്യമായെത്തുന്ന ജനപ്രതിനിധികളായത് കൊണ്ടാകാം പലരും ഞങ്ങളുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. കണ്ണീരൊ­ഴുകുന്ന ആ മുഖങ്ങൾ മനസിൽ നിന്ന് മാഞ്ഞു­പോ­കുന്നില്ല. ആ പേരുകളൊന്നും ഇവിടെ എഴുതാ­ത്തത് ബോധപൂർവമാണ്. ഒരു കൊച്ചുകടലാസിൽ കാര്യങ്ങൾ രേഖപ്പെടുത്തവെ, പേരുകൾ എഴുതേ­ണ്ടെന്ന് അവരിൽ ചിലർ പറഞ്ഞതിൽ നിന്ന് നമുക്ക് പലതും മനസിലാക്കാനുണ്ട്.

ഞങ്ങളെ­ത്തി­യ ദിവസത്തെ ഔദ്യോഗിക കണക്ക് 42 പേർ മരിച്ചു എന്നാണ്. ഔദ്യോഗിക കണക്കുകളും സത്യവും തമ്മിൽ എപ്പോഴും ഉള്ള അന്തരം ഇവി­ടെയും ഉണ്ട് എന്നുവേണം അനുമാനിക്കാൻ. 79 വീടുകൾ, 52 കടകൾ, 500 വാഹനങ്ങൾ, മൂന്ന് ഫാക്ടറികൾ, രണ്ടു സ്കൂളുകൾ എന്നിവ തീവെപ്പിൽ നശിച്ചു എന്നാണ് സർക്കാർ ഏജൻസികൾ പറയുന്നത്. ഒരു പകൽ കൊണ്ടുമാത്രം ഞങ്ങൾ കണ്ടു തീർത്ത കരിക്കട്ടകളുടെയും ചാര കൂമ്പാര­ങ്ങളുടേയും കാര്യം ഓർത്താൽ മുകളിൽ പറഞ്ഞ സർക്കാർ ഭാഷ്യം സത്യം ആകാനിടയില്ല. രാജ്യ­തലസ്ഥാനത്തിന്റെ വടക്കുകിഴക്കൻ പ്രദേശം ഇന്ത്യ­ൻ ജീവിതത്തിന്റെ പരിച്ഛേദം തന്നെയാണ്. രണ്ടോ മൂന്നോ ശതമാനം സമ്പന്നരും 20 ശതമാ­നം വരുന്ന ഇടത്തരക്കാരും തുരുത്തുകളായി നില്ക്കു­മ്പോൾ കന്നുകാലികളെപ്പോലെ ജീവിക്കേണ്ടി വരുന്ന പാവങ്ങളുടെ ദൈന്യതയാണ് അവിടെ­യെല്ലാം അലയടിക്കുന്നത്. ആ ജീവിത സാഹ­ചര്യങ്ങളിൽ സംഭവിക്കാവുന്ന ഏറ്റവും ആപ­ത്ക­രമായ സംഗതിയാണ് വർഗ്ഗീയ കലാപം. സ്വന്തം മൂക്കിനു താഴെ അത് കത്തി പടർന്നപ്പോൾ നാല് ദിവസം അനങ്ങാതിരുന്നു, രാജ്യം ഭരിക്കുന്നവർ. ഭയാനകമായ ചോരക്കൊതിയുമായി വർഗ്ഗീയ കലാപം പടർന്നുപിടിച്ചപ്പോൾ ഡൽഹി പൊലീ­സ് മാനത്തേക്ക് നോക്കിയിരുന്നു. പൊലീസിന്റെ ഈ നിസംഗതയെ കുറിച്ച് ഞങ്ങൾ കണ്ട എല്ലാവരും അമർഷം രേഖപ്പെടുത്തി. ആക്ര­മണ­കാരികൾ കൊലവിളിയുമായി വന്നപ്പോൾ പൊലീ­സിനെ വിളിച്ച് വിളിച്ച് കൈകുഴഞ്ഞവരാണവർ. മുകളിൽ നിന്നുള്ള ഉത്തരവ് കൊണ്ടെന്ന പോലെ കലാപത്തെ നേരിടാൻ യാതൊന്നും ചെയ്യാതെ പൊലീസ് കൈകെട്ടി നില്ക്കുകയായിരുന്നു.

ചാന്ദ് ബാഗിലെ മനുഷ്യർ പറഞ്ഞത് കലാപകാ­രിക­ൾക്കൊപ്പം അടിക്കാനും വെടിവെക്കാനുമെല്ലാം പൊലീസുകാരും കൂടി എന്നാണ്. ചില കടകളു­ടെ­യും മറ്റു സ്ഥാപനങ്ങളുടെയും ചുമരുകളിൽ വെ­ടിയുണ്ടകൾ പതിഞ്ഞ പാടുകൾ ഇപ്പോഴും കാ­ണാം. വർഗ്ഗീയ കലാപം ഉള്ളിൽ പേറുന്ന പരസ്പര വൈരത്തിന്റെ മുഴക്കം ആ വിളിപ്പാടുകൾ നമ്മുടെ കാതുകളിൽ എത്തിക്കും. വർഗ്ഗീയ സംഘർഷ­ങ്ങളിൽ ഇന്നോളം ആരും ജയിച്ചിട്ടില്ല. എല്ലാവരും തോ­ല്ക്കുന്ന ഈ ഭ്രാന്തമായ യുദ്ധത്തിൽ ഏറ്റവു­മധികം ദുരിതം പേറുന്നവർ പാവങ്ങളും സ്ത്രീകളും കുട്ടികളുമാണ്. അവരെ ദുരിതക്കയങ്ങളിൽ മുക്കി­ത്താഴ്‌ത്തുന്ന ശക്തന്മാരുടെ ആഘോഷമാണ് വർ­ഗ്ഗീയ കലാപമെന്ന് ഡൽഹി വീണ്ടും വിളിച്ചറി­യിക്കുന്നു. ‘ജയ് ശ്രീറാം’ വിളികളുമായാണ് നിഷ്ക­ളങ്കരായ മുസ്‌ലിങ്ങളുടെ മേൽ ഹിന്ദു വർഗ്ഗീയ ഭ്രാന്തന്മാർ ചാടിവീണത്. തിരിച്ചടിക്കാൻ കെല്പുള്ള ഇടങ്ങളിൽ മുസ്‌ലിം വർഗ്ഗീയ ഭ്രാന്തന്മാരും അതു­തന്നെയാണ് ചെയ്തത്. അപ്പോൾ മുദ്രാവാക്യം ‘അള്ളാഹു അക്ബർ’ എന്നായിരുന്നുവത്രേ! അതു­തന്നെയാണ് ഭരണകൂടത്തിന് വേണ്ടിയിരുന്നത്. ദൈവങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ തല്ലുക. അതിലൂടെ ശത്രുതാപരമായ ധ്രുവീകരണം സമൂ­ഹത്തിലുണ്ടാക്കുക! ആ ഭിന്നിപ്പിലൂടെ അക്രമാ­സക്തമായ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടകൾ നടപ്പിലാക്കുക. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലൂടെ സ്വന്തം സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ചൂഷക വർഗ്ഗത്തിന്റെ ഏറ്റവും കുത്സിതമായ പ്രവർത്തന തന്ത്രമാണ് വർഗ്ഗീയ കലാപം. അതിന്റെ നീചമായ എല്ലാ അടയാളങ്ങളും ഡൽഹിയിലെ റോഡുകളിലും ഗലികളിലും വേണ്ടുവോളം കാണാം. പിശാ­ചിനേപ്പോലും നാണിപ്പിക്കുന്ന ഈ ക്രൂരതാ പരമ്പരകൾക്ക് ദൈവങ്ങളെ അവർ സാക്ഷി വിളിക്കുന്നു. കലാപഭൂമികളിലേക്ക് ശ്രീരാമനും അള്ളാഹുവും കടന്നുവരുന്നത് അങ്ങനെയാണ്. (അവസാനിക്കുന്നില്ല)

ENGLISH SUMMARY: Janayugam arti­cle about communilsm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.