October 3, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് 19 ബാധയും കേരളവും

പി തുളസിദാസ് മേനോൻ
അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം
May 4, 2020 7:19 pm

ലോകം ഇന്ന് അതിഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. ആഗോള തലത്തിൽ ഉണ്ടായിട്ടുള്ള കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് തോല്പിക്കുവാൻ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ നമ്മുടെ രാജ്യത്തിലെ കൊച്ചു സംസ്ഥാനമായ കേരളത്തെ എല്ലാവരും ഉറ്റുനോക്കുകയാണ്. ആതുരസേവനത്തിൽ കേരളത്തെ മാതൃകയാക്കുവാൻ കോവിഡ് 19 ബാധിച്ച എല്ലാ രാജ്യങ്ങളും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

2019 ഡിസംബർ മാസത്തിന്റെ അവസാനത്തിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു കോവിഡ് 19 (കൊറോണ വൈറസ് ) എന്ന മാരക രോഗം അവിടുത്തെ ജനങ്ങൾക്ക് പിടിപെടുകയുണ്ടായി. ഇന്ത്യയിൽ ഇത് ആദ്യമായി കണ്ടുപിടിച്ചത് ചൈനയിൽ പഠനാവശ്യാർത്ഥം കേരളത്തിൽ നിന്നും പോയ ഒരു വിദ്യാർത്ഥിനിക്കാണ്. വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന നമ്മുടെ പ്രവാസികുടുംബങ്ങളിൽ പെട്ട ചുരുക്കം ചിലർക്കും അതുപോലെ ഉംറ കഴിഞ്ഞു വന്നവരിൽ ചിലർക്കും കോവിഡ് ബാധ ഉള്ളതായി കണ്ടെത്തുവാൻ കഴിഞ്ഞു. മറ്റു ലോക രാജ്യങ്ങളിലും ഇന്ത്യയിലും കോവിഡ് ബാധ സാമൂഹ്യ വ്യാപനത്തെ തുടർന്ന് മനുഷ്യ ജീവനുകൾക്കു അപകടകരമായി മാറുകയാണ് ഉണ്ടായത്. നമ്മുടെ രാജ്യത്തിലെ ജനസംഖ്യ എന്ന് പറയുന്നത് 130 കോടിയിൽ പരമാണ്. കേരളത്തിലാണെങ്കിൽ 3 കോടിയിലേറെ ജനസംഖ്യയാണുള്ളത്. ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ കേരളത്തിലെ ഭരണകൂടം വളരെ മാതൃകാപരമായി ആതുരസേവന രംഗത്തു കൂട്ടായി പ്രവർത്തിച്ചു മറ്റു ലോക രാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി കേരളത്തിലെ ഗവണ്മെന്റ് വളരെ ചിട്ടയായി പ്രവർത്തിക്കുകയും ഉണ്ടായി.
ആഗോള സാമ്പത്തിക രംഗം ആകെ താറുമാറായി.

അമേരിക്കയിലും, ചൈനയിലും, ഇറ്റലിയിലും, മറ്റു കൊറോണ ബാധിത പ്രദേശങ്ങളിലും എല്ലാം ദിവസമെന്നോണം ആയിരക്കണക്കിന് ആളുകൾ മരണപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യവും ഉണ്ടായി. അതിൽ നിന്നും വിഭിന്നമായി നമ്മുടെ രാജ്യത്തും കേരളത്തിലുമുള്ള ഭരണകൂടങ്ങൾ ആരോഗ്യമേഖലാപ്രവർത്തകരുടെയും വിവിധ സേനയുടെയും വിവിധ സന്നദ്ധപ്രവർത്തകരുടെയും വിവിധ സാമൂഹ്യപ്രവർത്തകരുടെയും ആവശ്യസർവീസ് സേവനക്കാരുടെയും സർക്കാർ- അർധ സർക്കാർ ജീവനക്കാരുടെയും സഹകരണത്തോടു കൂടി കോവിഡ് ബാധയെ ചെറുക്കാൻ ഒന്നിച്ചു അണിനിരന്നിട്ടുള്ളത് ശ്രദ്ദേയമായിരുന്നു. കേരളത്തിലാണെങ്കിൽ ഇവർക്ക് പുറമെ കൃഷിക്കാർ, യുവജനങ്ങൾ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്ന് വേണ്ട എല്ലാ വിഭാഗം ആളുകളും ഒത്തൊരുമയോടെ നമ്മുടെ സംസ്ഥാനത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷപെടുത്തുവാനുള്ള കൂട്ടായ ശ്രമം നടത്തിയതിന്റെ ഫലം ഏകദേശം കണ്ടുതുടങ്ങി.

ഉദാത്തമായ സാംസ്കാരിക പൈതൃകത്തിന്റെ ഉറവിടമാണ് മനുഷ്യ സ്നേഹമെന്നു പറയുന്നത് നാം കേട്ടിട്ടുണ്ട്. ആ മഹത്തായ മനുഷ്യ സ്നേഹത്തിന്റെയും, മാനവസാഹോദര്യത്തിന്റെയും പ്രതീകമായി നമ്മുടെ സാംസ്കാരിക കേരളത്തിലെ ഭരണകൂടം വിവിധ വകുപ്പുകളെയും വിവിധസാമൂഹിക സംഘടനകളെയും വിവിധ സന്നദ്ധ സംഘടനകളെയുമെല്ലാം ഒരു ചരടിൽ കോർത്ത പൂമാല പോലെ ഏകോദരസഹോദരങ്ങളെ പോലെ ഒറ്റകെട്ടായി നിർത്തിക്കൊണ്ട് നിശ്ചയ ധാർഢ്യത്തോടെ ഈ മഹാമാരിയെ പിടിച്ചു കെട്ടുവാൻ ശ്രമിച്ചതിന്റെ ഫലമായി വൻ ദുരന്തത്തിൽ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷ നേടുവാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇനിയും നാം ശ്രദ്ദിക്കേണ്ടതായി വരും നാളുകളിൽ വന്നേക്കും. ഇതിനു നേതൃത്വം കൊടുക്കുന്ന ഭരണാധികാരികളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിവരില്ല. നമ്മുടെ സംസ്ഥാനത്തിലെ ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും റവന്യു വകുപ്പും കൈകോർത്തുപിടിക്കുകയും ലോക്ക്ഡൌൺ പ്രഖ്യാപനത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കേരളത്തിലെ 87 ലക്ഷം കുടുംബങ്ങൾക്കും സിവിൽ സപ്ലൈസ് വകുപ്പിന്റെയും അതുപോലെ കൃഷിവകുപ്പിന്റെയും സമയോചിതമായ ഇടപെടലും അർഹരായ മുഴുവൻ ആളുകൾക്കും വിവിധ ക്ഷേമ പെൻഷനുകൾ മുൻകൂറായി നൽകുകയും മറ്റു സാമ്പത്തിക സഹായങ്ങൾ നൽകുവാൻ എടുത്തിട്ടുള്ള തീരുമാനങ്ങളുമെല്ലാം ഏറെ പ്രശംസനീയമാണ്.

പ്രവാസികളുടെയും അതിഥി തൊഴിലാളികളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതോടൊപ്പം വയോജനങ്ങളെയും വൃദ്ധസദനങ്ങളെയും അനാഥമന്ദിരങ്ങളെയും മറ്റു യാചകരെയും എല്ലാം സംരക്ഷിക്കുന്ന കാര്യത്തിലും ചെയ്തിട്ടുള്ളതും മനുഷ്യത്വപരമാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതോടൊപ്പം തന്നെ മറ്റു ജീവജാലങ്ങളെ സംരക്ഷിക്കുന്നതുമെല്ലാം ഉള്ള ഉത്തരവാദിത്തമാണ് ഭരണകൂടങ്ങൾ കൈ കൊള്ളേണ്ടത്. ഇത് അക്ഷരം പ്രതി നടപ്പിലാക്കുന്ന ഒരു ഭരണകൂടം ഈ കേരളത്തിലെ 3 കോടിയിലധികം വരുന്ന ജനസാമാന്യത്തിന്റെ രക്ഷകരായി നിൽക്കുകയാണ്. ആതുരസേവന രംഗത്തു പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിമാരായ മാലാഖമാരുടെ മുൻപിലും മറ്റു പ്രവർത്തകരുടെ മുൻപിലും ഈ അവസരത്തിൽ നാം നമിക്കേണ്ടതാണ്. അവർ ഈ നാടിന്റെ അഭിമാനമാണ്. ഊണും ഉറക്കവും ഉപേക്ഷിച്ചു എത്രയോ സന്നദ്ധഭടന്മാർ കോവിഡ് 19 എന്ന മഹാമാരിയെ ഒഴിപ്പിക്കുന്നതിനായി കൈ കോർത്തിരിക്കുകയാണ്.

ക്ഷേത്രങ്ങളിലും പള്ളികളിലും ദേവാലയങ്ങളിലും ഉള്ള സമൂഹ പ്രാർഥനകൾ ഒഴിവാക്കുകയും വിവാഹങ്ങളുടെയും സത്ക്കാരങ്ങളുടെയും കൂടാതെ രാഷ്ട്രീയ സാംസ്കാരിക മത സംഘടനകളുടെയെല്ലാം പൊതു പരിപാടികൾ മാറ്റിവക്കുവാൻ തീരുമാനിച്ചതും ആളുകൾ കൂടുന്ന രീതിയിലുള്ള മരണാനന്തര ചടങ്ങുകളെല്ലാം മാറ്റിവെക്കപ്പെടുകയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും ചെയ്തത് ഈ മാരക രോഗം തടഞ്ഞു നിർത്തുന്നതിനു ഒരു പരിധി വരെ സഹായകരമായിട്ടുണ്ട്. ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുത്ത് ധീരമായി ഒറ്റകെട്ടായി ഈ ഭരണകൂടം പ്രവർത്തിച്ചിട്ടുള്ളത് ലോകരാജ്യങ്ങളുടെ മുന്നിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമൂഹിക അകലം പാലിക്കുവാനും യാത്ര വാഹനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയതും എല്ലാം പ്രശംസനീയമായ തീരുമാനമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ഈ രോഗ ബാധയെ നേരിടുവാനുള്ള ചങ്കൂറ്റത്തോടെയുള്ള ആരോഗ്യമേഖലാ സംവിധാനത്തെ മാലോകരെല്ലാവരും നോക്കികാണുമ്പോൾ ഓരോ കേരളയീനും അഭിമാനിക്കുവാൻ ഇനി എന്ത് വേണം. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ സാലറി ചലഞ്ചു പോലുള്ള മാർഗങ്ങൾ കണ്ടെത്തുവാനുള്ള തീരുമാനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നാനാതുറകളിൽ നിന്നും സഹായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയുമാണ്. നമ്മുടെ സംസ്ഥാനത്തിനകത്തുള്ള മറ്റു മാരക രോഗങ്ങൾ പിടിപെട്ടവർക്കെല്ലാം വിദഗ്ധ ചികിത്സകൾ ഫലപ്രദമായി നൽകി വരുന്നുണ്ട്.

ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ഉപയോഗിച്ച് ഭക്ഷണം എത്തിക്കുന്ന കാര്യത്തിലും പച്ചക്കറികളും പലവ്യഞ്ജനങ്ങളും അതുപോലെതന്നെ സൗജന്യ റേഷൻ നൽകുന്ന കാര്യത്തിലും മരുന്നില്ലാത്തവർക്ക് മരുന്ന് എത്തിച്ചു നൽകുന്ന കാര്യത്തിലും നമുക്ക് വേണ്ടുന്ന മറ്റെല്ലാ ദൈനംദിന കാര്യങ്ങളും നടപ്പാക്കി കൊടുക്കുന്ന ഭരണകൂട സംവിധാനമേ, നിങ്ങളെ ഈ കേരളത്തിലെ 3 കോടിയിൽ പരം വരുന്ന ജനങ്ങൾ ജാതിമത ഭേദമന്യേ അഭിനന്ദിക്കുകയുമാണ്. പുരാണങ്ങളിൽ പറഞ്ഞിരുന്നമാതിരി മാവേലി നാടുവാണിരുന്ന കാലത്തെ ഓർമ വരികയാണ്. സംസ്ഥാന ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ, പോലീസ് സേനാ അംഗങ്ങളും കൈകോർത്തു പിടിച്ചതിന്റെ ഫലമായി ലോക്ക് ഡൌൺ പ്രഖ്യാപനത്തെ തുടർന്ന് ഒരു പരിധി വരെ പോലീസ് സേനക്ക് ജനങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുകയുമാണുണ്ടായത്. ഇതെല്ലാം കാണിക്കുന്നത് പരമമായ മനുഷ്യത്വത്തിന്റെ പ്രതീകത്തെയാണ്ഇവിടെ നിന്നും ഉപജീവനമാർഗങ്ങൾക്കായി പോയിട്ടുള്ള പ്രവാസി കുടുംബങ്ങളുടെ കാര്യത്തിൽ അവർക്കാവശ്യമായ സംരക്ഷണങ്ങൾ കൊടുക്കുവാനും ജോലികൾ അന്വേഷിച്ചു നമ്മുടെ നാട്ടിൽ എത്തിച്ചേർന്നിട്ടുള്ള ഏതാണ്ട് 3 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയും എല്ലാം കണ്മണി പോലെ സൂക്ഷിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളീയ ഭരണകൂടത്തെയും സംസ്ഥാനത്തിലെ ആതുര സേവനക്കാരേയും പ്രശംസിച്ചു കൊണ്ട് ലോകരാജ്യങ്ങളിൽ നിന്നും അഭിനന്ദനത്തിന്റെ പ്രവാഹങ്ങൾ ഒഴുകി എത്തുമ്പോൾ ഓരോ കേരളീയനും അഭിമാനിക്കാം. നമുക്ക് ഏകോദരസഹോദരങ്ങളെ പോലെ ഒന്നിച്ചു നിൽക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.