March 26, 2023 Sunday

കൊറോണ കാലത്തും തുർക്കിയുടെ നരനായാട്ട്

അലൻ പോൾ വർഗ്ഗീസ്
May 4, 2020 3:00 am

കൊറോണ കാലത്ത് വലതുപക്ഷ രാജ്യങ്ങൾ ലോകത്തിന് മുൻപിൽ സ്വയം അപഹാസ്യരാകുക മാത്രമല്ല വലിയ അപകടങ്ങൾ കൂടി വരുത്തിവയ്ക്കുന്നുണ്ട്. അമേരിക്കയിൽ വലതുപക്ഷ അനുകൂലികളെ ഡൻവരിലെ നഴ്‌സ് സംഘം റോഡിൽ തടഞ്ഞത് ലോകം കണ്ടതാണ്. ‘നിങ്ങൾക്ക് കമ്മ്യൂണിസം വേണമെങ്കിൽ ചൈനയിലേക്ക് പോകൂ’ എന്നാണ് അവരോടു ട്രംപ് അനുകൂലികൾ ആക്രോശിച്ചത്. എന്നാൽ തുർക്കിയുടെ പ്രവർത്തികൾ ഇതിനേക്കാൾ മാരകമാണ്. ഗ്രുപ്പ് യോറും സംഗീത സംഘത്തിലെ ഗായിക നിരാഹാര സമരത്തിനൊടുവിൽ മരിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോൾ അടുത്ത രാഷ്ട്രീയ തടവുകാരനും നിരാഹാര സമരത്തിന് ഒടുവിൽ മരിച്ചു. 297 ദിവസമായി ജയിലിൽ നിരാഹാര സമരം നടത്തിവന്ന രാഷ്ട്രീയ തടവുകാരനായ മുസ്‌തഫ കൊചെക് ആണ് മരിച്ചത്.

മാർക്സിസ്റ്റ് സംഘടനയുമായി ബന്ധം പുലർത്തി എന്നാരോപിച്ചാണ് മുസ്‌തഫയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. ഇസ്‌മിർ പ്രവിശ്യയിലെ സക്റാൻ ജയിലിലാണ് സംഭവം. ജയിലിൽ വച്ചു കൊടിയ പീഡനത്തിനും മുസ്‌തഫ ഇരയായിട്ടുണ്ട്. മോഡിയുടെ കീഴിലുള്ള ഇന്ത്യക്ക് സമാനമാണ് തുർക്കിയിലെ ഏർഡോഗൻ ഭരണം. ആവിഷ്ക്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് തുർക്കിയിലും. ഈ കൊറോണ കാലത്തുകൂടി ഗ്രുപ്പ് യോറും അംഗങ്ങൾ നടത്തുന്ന നിരാഹാര സമരത്തെ അഭിസംബോധന ചെയ്യാൻ തുർക്കി ഭരണകൂടം തയ്യാറായിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ 12 ദിവസത്തോളം കഠിനമായി പീഡിപ്പിച്ചതായി വ്യക്തമാക്കുന്ന മുസ്‌തഫയുടെ കത്ത് പുറത്തുവന്നിരുന്നു. ഗർഭിണിയായ സഹോദരിയെ ബലാത്സംഗം ചെയ്യുമെന്നതടക്കം പൊലീസ് ഭീഷണി മുഴക്കിയിരുന്നതായി കത്തിൽ പറഞ്ഞിരുന്നു. മുസ്‌തഫയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ആഴ്ച ജയിലിൽ സന്ദർശിച്ച മാതാപിതാക്കളും സഹോദരിയും പറഞ്ഞിരുന്നു. നിരാഹാര സമരത്തെ തുടർന്ന് ഭാരം 29 കിലോയായി കുറഞ്ഞു.

പല്ലുകളെല്ലാം നഷ്ടപ്പെട്ടു. ശരീരമാകെ മുറിവുകളാണെന്നും സഹോദരി മിനെ പറഞ്ഞിരുന്നു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച മുസ്‌തഫ താമസിക്കുന്ന ജയിലിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് മുസ്‌തഫയുടെ സുരക്ഷ ആവശ്യപ്പെട്ട് തടവറയ്ക്കു മുന്നിലെത്തിയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെതിരെ ലോക്ഡൗൺ ലംഘിച്ചതിന് വൻ തുക പിഴ ചുമത്തിയത് വാർത്തയായി. സർക്കാറാണ് മുസ്‌തഫയുടെ മരണത്തിന് ഉത്തരവാദിയെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഓഫ് ടർക്കി ആരോപിച്ചു. ന്യായയുക്തമായ വിചാരണയ്ക്കു വേണ്ടി നടത്തിയ സമരത്തെ അവഗണിച്ച് മുസ്‌തഫയെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. നിയമ പോരാട്ടം തുടരുമെന്ന് മുസ്‌തഫയുടെ മാതാപിതാക്കളും അറിയിച്ചു. തുർക്കിയും അമേരിക്കയും യൂറോപ്യൻ യൂണിയനും ഭീകരസംഘടനയായി പ്രഖ്യാപിച്ച ഡിഎച്ച്കെപി-സി എന്ന മാർക്സിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുസ്‌തഫയെ പൊലീസ് അറസറ്റ് ചെയ്തത്. ഇതേ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജനപ്രിയ സംഗീത ബാൻഡായ യോറത്തിനെതിരെയും വർഷങ്ങളായി പൊലീസ് നടപടി തുടരുന്നത്.

തങ്ങളുടെ സംഗീത ബാൻഡിനെതിരെ പതിറ്റാണ്ടിലേറെയായി തുടരുന്ന പൊലീസ് വേട്ട അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഗായിക ഹെലിൻ ബോലെക്, സഹപ്രവർത്തകൻ ഇബ്രാഹിം ഗോക്ചുക്ക് എന്നിവർ ജയിലിൽ നിരാഹാര സമരമാരംഭിച്ചത്. തുടർന്ന് ഇവരെ ജയിൽ മോചിതരാക്കിയെങ്കിലും പുറത്തിറങ്ങിയ ശേഷവും ഇരുവരും സമരം തുടർന്നു. തുടർന്നാണ് മൂന്നാഴ്ച മുമ്പ് ഹെലിൻ ബോലെക് മരിച്ചത്. അതിനു പിന്നാലെയാണ് മുസ്‌തഫയുടെ മരണം. സുദീർഘമായ നിരാഹാര സമരവും മരണവും ടർക്കിയിൽ പുതുതല്ല. ഹെലിൻ ബോലെക് 288 ദിവസത്തെ നിരാഹാര സമരത്തെ തുടർന്നാണ് മരിച്ചത്. ഇവരോടൊപ്പം നിരാഹാരമാരംഭിച്ച ഇബ്രാഹിം ഗോക്ചുക്ക് എന്ന ഗായകന്റെ സമരം 312 ദിവസം പിന്നിട്ടു. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് കുടുംബം പറയുന്നത്. അഭിഭാഷകരായ ഇബ്രു തിംതിക്, അയ്താക് ഉസൽ എന്നിവർ 100 ദിവസത്തിലേറെയായി നിരാഹാര സമരത്തിലാണ്. യോറം പ്രവർത്തകരായ ദിദേം അസ്മാൻ, ഒസ്ഗൂർ കരേകായ എന്നിവർ നടത്തുന്ന സമരം 65 ദിവസം പിന്നിട്ടു. ഇതിലും ഭീകരമാണ് സിറിയൻ അതിർത്തിയിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ റോജാവയോട് തുർക്കി പ്രവർത്തിക്കുന്നത്. ആ പ്രദേശത്തെ നിരന്തരം ആക്രമിക്കുക എന്നത് കൂടാതെ കൊറോണ കാലത്ത് തീവ്രവാദ പ്രവർത്തകരെയും തീവ്ര ചിന്താഗതി ഉള്ളവരെയും തുർക്കി സൈന്യം റോജാവായുടെ പ്രവശ്യകളിലേയ്ക്ക് കടത്തിവിടുകയാണ്.

വികേന്ദ്രീകൃത ജനാധിപത്യവും ഇക്കോ സോഷ്യലിസവും മതനിരപേക്ഷതയും അടിസ്ഥാന തത്വങ്ങളായി സ്വീകരിച്ച റോജാവ കുർദുകളും സിറിയയിലെ ന്യുനപക്ഷ വിഭാഗങ്ങളും സഹകരണത്തോടെയാണ് ഭരിക്കുന്നത്. ഇടത് സംഘടനയായ പി കെ കെയും സിറിയൻ ജനാധിപത്യ സേനയുമാണ് ഭരണം. എന്നാൽ സുൽത്താൻ മുറാദ് സേന അടക്കമുള്ള തീവ്രവാദ സംഘടനകളിലേയ്ക്കും കൊറോണ കാലത്തും തുർക്കി പോരാളികളെ റിക്രൂട്ട് ചെയ്യുകയാണ്. എതിർ പാർട്ടി ഭരിക്കുന്ന ഇടങ്ങളിൽ ടെസ്റ്റിനു വേണ്ട ഉപകരണങ്ങൾ തടഞ്ഞു വയ്ക്കുക തുടങ്ങിയ ഹീന പ്രവർത്തികളും തുർക്കിയിലെ ഫാസിസ്റ്റ് വാഴ്ച്ചയിൽ അരങ്ങേറുന്നു. അതേ സമയം റോജാവയിൽ ജനങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങളും മാസ്കും അവിടുത്തെ ഭരണകൂടം യഥാക്രമം വിതരണം ചെയ്തു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഏർഡോഗൻ എന്ന വർഗ്ഗീയ ഫാസിസ്റ്റിനെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. (ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.