October 6, 2022 Thursday

മഹാമാരിയുടെ കീഴിൽ രാഷ്ട്രീയം തുന്നുമ്പോൾ

പ്രത്യേക ലേഖകൻ
May 9, 2020 5:30 am

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കാൻ ഉപയോഗിക്കുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളെ സാമ്പത്തികമായി പാപ്പരാക്കുന്ന അവസ്ഥ സൃഷ്ടിക്കാനും മോഡി സർക്കാർ കൊറോണ മഹാമാരിയെ ആയുധമാക്കുന്നു എന്നതാണ് ഒരു വർത്തമാനകാല വസ്തുത. ചരക്ക് സേവന നികുതി സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം പോലും കേന്ദ്ര സർക്കാർ നൽകുന്നില്ല.

2019 ഓഗസ്റ്റ് മാസം മുതലുള്ള കുടിശികയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകാനുള്ളത്. മോഡി സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങൾ നേരത്തെ തന്നെ സംസ്ഥാനങ്ങളെ പരാധീനതകളുടെ പടുകുഴിയിൽ എറിഞ്ഞിരുന്നു. ഇതിനുപിറകെയാണ് കൂനിൻമേൽ കുരുവുവെന്ന പോലെ കൊറോണ മഹാമാരി സമൂഹത്തെ ഗ്രസിച്ചത്. ഇതിന്റെ ഭാഗമായി സർക്കാരിന് താങ്ങാൻ കഴിയാത്ത വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളാണ് ഇപ്പോഴുള്ളത്. ലോക്ഡൗണിനെ തുടർന്ന് ജിഎസ്‌ടി ഒഴികെ സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗങ്ങളായ ഇന്ധനങ്ങൾ, മദ്യം എന്നിവയുടെ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥയിലാണ്.

പൊതു ഗതാഗതം ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വ്യവസായ ശാലകൾ അടച്ചുപൂട്ടിയതും മൂലം ഇന്ധനങ്ങളുടെ ഉപഭോഗവും തത്ഫലമായുള്ള വില്പനയും ഗണ്യമായി കുറഞ്ഞു. മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് അതിൽ നിന്നുള്ള വരുമാനവും ഇല്ലാതായി. സമ്പർക്ക അകലം പാലിക്കണമെന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഓഫീസുകൾക്ക് താഴിട്ടത് സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നുള്ള വരുമാനവും ഇല്ലാതാക്കി. കൊറോണ വ്യാപനം തുടരുന്ന സാഹചര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതകളാണ് നിറവേറ്റേണ്ടിവരുന്നത്. രോഗ പ്രതിരോധത്തിനും ചികിത്സക്കുമായി ആശുപത്രികൾ സജ്ജീകരിക്കുക, രോഗ പരിശോധനകൾക്കായി കിറ്റുകൾ വാങ്ങുക, നിരവധി പേർക്ക് ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കായി ധാരാളം പണം ആവശ്യമാണ്.

ഇതിനായുള്ള ഫണ്ടുകൾ വായ്പാ ഇനത്തിൽ കണ്ടെത്താൻ പോലും കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ അവസ്ഥ പരമദയനീയം എന്നല്ലാതെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതുകൊണ്ട് കാര്യമില്ല. കേന്ദ്ര സർക്കാർ അനുമതിയുമായി ഇവർ കമ്പോളത്തിൽ വായ്പകൾക്കായി പോകുമ്പോൾ ഉയർന്ന പലിശ നിരക്കാണ് നൽകേണ്ടി വരുന്നത്. ഇത് സംസ്ഥാനങ്ങളെ വീണ്ടും കടക്കെണിയിലാക്കുന്നു. ഇത്തരത്തിൽ ഉയർന്ന പലിശ നിരക്കിൽ വായ്പകൾ എടുത്താൽ കൊറോണാനന്തര സാഹചര്യത്തിലും സംസ്ഥാനങ്ങൾക്ക് കടക്കെണിയിൽ നിന്നും മോചിതമാകാൻ കഴിയില്ല. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തുക മാത്രമല്ല, കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ ഇറ്റാലിയൻ സർക്കാരിന്റെ യൂറോ ബോണ്ടുകൾ എന്ന ആശയം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സ്വീകരിക്കാൻ കഴിയും.

ജി20 ഉൾപ്പെടെയുള്ള കൂട്ടായ്മകളുമായി സഹകരിച്ച് ബോണ്ടുകളിലൂടെ പണം സമാഹരിക്കാനുള്ള സംവിധാനം കേന്ദ്ര സർക്കാർ രൂപപ്പെടുത്തണം. ഇതിലൂടെ സംസ്ഥാനങ്ങളെ നേരിട്ട് വായ്പകൾ സ്വീകരിക്കാൻ അനുവദിക്കുകയോ കേന്ദ്രം പണം സമാഹരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയോ ആണ് വേണ്ടത്. അതല്ലെങ്കിൽ ഒരു നിശ്ചിത പലിശ നിരക്കിൽ റിസർവ് ബാങ്കിൽ നിന്നും വായ്പകൾ എടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. ബാങ്കുകൾ ആർബിഐയിൽ നിന്നും വായ്പകൾ എടുക്കുന്ന അതേ നിരക്കിൽ വായ്പ എടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. ഇതിനും കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇപ്പോൾ അടിയന്തര ആവശ്യങ്ങൾക്കായുള്ള വെയ്സ് ആന്റ് മീൻസ് പരിധിയാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. ഇത് താൽക്കാലികമായ ഒരു സംവിധാനമാണ്. അല്ലാതെ വായ്പ അല്ല.

സംസ്ഥാനങ്ങളെ ആർബിഐയിൽ നിന്നും വായ്പകൾ എടുക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കാത്തത് ഈ മഹാമാരിയുടെ കാലത്തെ ഏറ്റവും രൂക്ഷമായ ഒരു ക്രൂരതയാണ്. ഇപ്പോഴത്തെ സാഹചര്യം തികച്ചും അസാധാരണമാണ്. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് സമൂഹത്തിന്റെ അസ്തിത്വത്തിന് അനിവാര്യമാണ്. ഇതിന് കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. ജിഎസ്‌ടി നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തുന്നു.

എന്നാൽ ആർബിഐയിൽ നിന്നും കടമെടുക്കാൻ അനുവദിക്കുന്നുമില്ല. ഇവിടെ ഒരു പ്രസക്തമായ വസ്തുതയാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോൾ കേന്ദ്ര സർക്കാരിനെയും കാത്തിരിക്കുന്നത് സമാന പ്രതിസന്ധിയാണ്. ഇത് പരിഹരിക്കാനുള്ള നടപടികൾ മുന്നിലുള്ളപ്പോൾ ആഗോള സാമ്പത്തിക കുത്തകകളെ പ്രീതിപ്പെടുത്താനുള്ള തന്ത്രങ്ങളാണ് മോഡി സർക്കാർ ആവിഷ്കരിക്കുന്നത്. ഇത് സമൂഹത്തിലുള്ള അസമത്വങ്ങളുടെ ആധിക്യം വർധിപ്പിക്കാൻ മാത്രമേ ഉതകൂവെന്നതാണ് യാഥാർഥ്യം. സംസ്ഥാനങ്ങളുടെ ധനക്കമ്മിയിലെ പരിധികൾ കേന്ദ്ര സർക്കാരിന് വ്യതിയാനം വരുത്താൻ കഴിയും. വിവിധ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ വളർച്ചാ നിരക്കുകളുടെ കണക്കുകളെ ആധാരമാക്കിയാണ് സംസ്ഥാനങ്ങൾക്ക് വായ്പ എടുക്കുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിക്കുന്നത്.

ആഗോള സാമ്പത്തിക കുത്തകകളെ പ്രീതിപ്പെടുത്താനുള്ള നടപടികളാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും കേന്ദ്ര സർക്കാരും ഒന്നിച്ച് ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, റയിൽവേ, സർവകലാശാലകൾ എന്നിവയെ പിഴിഞ്ഞ് പിഎം കെയേഴ്സിൽ പണം എത്തിക്കുന്നു. ഇവിടങ്ങളിലെ ജീവനക്കാരുടെ അനുമതി പോലും ഇല്ലാതെയാണ് അവരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത്. ഇപ്പോഴും പിഎം കെയേഴ്സിന്റെ ലക്ഷ്യബോധവും ഉദ്ദേശശുദ്ധി സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും ശക്തമാണ്. ആർബിഐയിൽ നിന്നും വായ്പകൾ അനുവദിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ എല്ലാറ്റിനും കേന്ദ്രത്തിന്റെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ്.

പിഎം കെയേഴ്സ് മാതൃകയിൽ ചില സംസ്ഥാനങ്ങൾ ഫണ്ട് സമാഹരിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കേന്ദ്ര സർക്കാർ ശക്തമായി രംഗത്തെത്തി. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അതീവ കേന്ദ്രീകൃത സ്വഭാവമാണ്. സ്വാതന്ത്ര്യ ലബ്ദിക്കുശേഷം രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കുന്ന സമീപനങ്ങൾ നേരത്തെ ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ഇന്ദിരാഗാന്ധി രാജ്യത്തെ മൊത്തം അധികാരങ്ങളും സ്വന്തം കൈകളിൽ എത്തിച്ചു. അപ്പോഴും നികുതികൾ ഈടാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകിയിരുന്നു. എന്നാൽ ജിഎസ്‌ടി നടപ്പാക്കിയതോടെ നികുതി പിരിവിനുള്ള അധികാരവും കേന്ദ്ര സർക്കാർ സ്വായത്തമാക്കി. ഇതും സംസ്ഥാനങ്ങൾക്ക് ശക്തമായ തിരിച്ചടിയായി. സാമ്പത്തിക മേഖലയിൽ മാത്രമല്ല രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും ഫെഡറൽ സംവിധാനത്തെ കാറ്റിൽപ്പറത്തുന്ന നയങ്ങളും തീരുമാനങ്ങളുമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. നിയമ സഭയിൽ ചർച്ചപോലും ചെയ്യാതെയാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക അവകാശങ്ങളും റദ്ദാക്കിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35 എ എന്നിവ ഏകപക്ഷീയമായി റദ്ദാക്കി. മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ ചുമലിൽകയറ്റുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ലോക്ഡൗണിനെ തുടർന്നുള്ള സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയതും സംസ്ഥാന സർക്കാരുകളാണ്.

ഫെഡറലിസം എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പാഴ്‌വാക്കായ അവസ്ഥയാണ്. ജാതി, മതം, സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ഇതിലൂടെ എല്ലാ ഇന്ത്യക്കാരും ഒന്നാണ് എന്ന സ്വത്വം ഇല്ലാതാകുന്നു. അമിതമായ അധികാര കേന്ദ്രീകരണ പ്രക്രീയ നടപ്പാക്കാൻ ഇന്ദിരാഗാന്ധി ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. എന്നാൽ മോഡി സർക്കാരിന്റെ സമാനദിശയിലുള്ള നടപടികൾ ഇന്ത്യയുടെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കും. എന്നാൽ ഇക്കാര്യം മനസിലാക്കാൻ മോഡി സർക്കാരും സംഘപരിവാറും ശ്രമിക്കുന്നില്ലെന്നത് വർത്തമാനകാല യാഥാർത്ഥ്യം.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ജാതി, മതം എന്നിവയുടെ പേരിലുള്ള സങ്കുചിത ചിന്തകൾ വെടിയാൻ കേന്ദ്ര സർക്കാരും സംഘപരിവാറും തയ്യാറാകണം. മോഡി സർക്കാരിന്റെ സ്വേച്ഛാധിപത്യ സമീപനങ്ങൾ ഇന്ത്യയെ സാമൂഹ്യമായും സാമ്പത്തികമായും ദുർബലപ്പെടുത്തും. ഏത് പ്രതിസന്ധി മറികടക്കുന്നതിനും ജനാധിപത്യ, മതേതര നിലപാടുകളും തീരുമാനങ്ങളുമാണ് അനിവാര്യമായത്. ഇതാണ് കാലം ആവശ്യപ്പെടുന്നതും മോഡി സർക്കാരും സംഘപരിവാറും കാറ്റിൽപ്പറത്തുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.