കുഞ്ഞുങ്ങളുടെ ദുരവസ്ഥപോലും വിദ്വേഷ രാഷ്ട്രീയ മുതലെടുപ്പില്‍

Web Desk
Posted on July 03, 2020, 5:00 am

വെടിയേറ്റ് മരിച്ച മുത്തച്ഛന്റെ നെഞ്ചില്‍ കയറിയിരിക്കുന്ന മൂന്നു വയസുകാരന്റെ ചിത്രവും ഭയന്നുകരയുന്ന അവനെ സേനാവാഹനത്തില്‍ വീട്ടില്‍ എത്തിക്കുന്നതിന്റെ വീഡിയോയും വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നു. 64 കാരനായ മുത്തച്ഛന്‍ ശ്രീനഗര്‍ സ്വദേശി ബഷീര്‍ അഹമ്മദ് സോപോറിലെ മോഡല്‍ ടൗണിനു സമീപം ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാലത്ത് ഏഴരയോടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ബഷീര്‍ അഹമ്മദും പേരക്കുട്ടിയും സിആര്‍പിഎഫും പൊലീസും ഭീകരവാദികളുമായി ഏറ്റുമുട്ടുന്നതിനിടെ രക്ഷപ്പെടാന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ ഭീകരവാദികളുടെ വെടിയേറ്റ് മരിക്കുകയാണ് ഉണ്ടായതത്രെ.

മരിച്ച മുത്തച്ഛന്റെ നെഞ്ചില്‍ കയറി ഇരിക്കുന്ന കുട്ടിയുടെയും സുരക്ഷാ കവചമൊരുക്കിയ ശേഷം കുട്ടിയെ തന്റെ സമീപത്തേക്ക് വിളിക്കുന്ന സൈനികന്‍, കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന സൈനികന്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളും കുട്ടിയെ വീട്ടിലേക്ക് സൈനിക വാഹനത്തില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോയുമാണ് ബിജെപി ഐടി സെല്‍ മേധാവി ട്വിറ്റര്‍വഴി പ്രചരിപ്പിച്ചത്. സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നിടത്തുനിന്നും ചിത്രമെടുത്തു പ്രചരിപ്പിക്കാന്‍ സിവിലിയന്മാര്‍ തയ്യാറാവാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ ചിത്രവും വീഡിയോയും സൈന്യം തന്നെ എടുത്തതാണെന്ന് കരുതേണ്ടിവരും. ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫര്‍ക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും മറ്റുമുള്ള ബിജെപിയുടെ പരാമര്‍ശത്തോടെയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. വളരെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെയും അതില്‍ ഭയചകിതനായ കുട്ടിയുടെ ദുരവസ്ഥയേയും സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയ സംഭവം വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ക്ഷണിച്ചുവരുത്തി. ബഷീറിനെ സേന വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്.

മൂന്നു വയസുകാരനും തന്റെ മുത്തച്ഛനെ പൊലീസ് വെടിവച്ചു എന്നു പറയുന്നു. ജമ്മു കശ്മീരില്‍ സേന നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുതിയ കാര്യമല്ല. ഭീകരവാദത്തിന്റെയും സുരക്ഷയുടെയും പേരില്‍ വെടിവച്ചു കൊല്ലുന്നതടക്കമുള്ള നടപടികള്‍ക്ക് സേനയ്ക്ക് പ്രത്യേക അധികാരം നല്കുന്ന പ്രത്യേക നിയമം ജമ്മു കശ്മീരില്‍ മാത്രമല്ല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവിലുണ്ട്. അതിനെതിരായ എല്ലാ വിമര്‍ശനങ്ങളെയും രാഷ്ട്രസുരക്ഷയുടെയും ദേശസ്നേഹത്തിന്റെയും വിഷയമാക്കിയാണ് കേന്ദ്രം ഭരിച്ചിരുന്നതും ഭരിക്കുന്നതുമായ സര്‍ക്കാരുകള്‍ നിരന്തരം ന്യായീകരിച്ചു പോന്നിട്ടുള്ളത്. ഇപ്പോഴത്തെ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തതുകൊണ്ടുതന്നെ സേനയുടെയും പൊലീസിന്റെയും ഭാഷ്യങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ജമ്മു കശ്മീരിന് ഭരണഘടന കല്പിച്ചു നല്കിയിരുന്ന പ്രത്യേക പദവി നീക്കം ചെയ്തതോടെ അവിടെ എല്ലാം ശാന്തമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങി എല്ലാ ബിജെപി നേതാക്കളുടെയും അവകാശവാദം.

എന്നാല്‍ സ്ഥിതിഗതികളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അവിടെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞ് അതിനെ വിഭജിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ആ ഭൂപ്രദേശത്തെ ഒട്ടാകെ ജയിലറയാക്കി മാറ്റുകയാണ് ഫലത്തില്‍ മോഡി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ ജയിലിലടച്ചും അവരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അസ്ഥിരീകരിച്ചും ക്രിയാത്മക രഷ്ട്രീയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള അവസരംപോലും കശ്മീര്‍ ജനതയ്ക്ക് നിഷേധിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് പോലെ ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കും വാര്‍ത്താമാധ്യമങ്ങള്‍ക്കും നിലനില്ക്കുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും രാഷ്ട്രീയ ചര്‍ച്ചകളുടെ പ്രക്രിയകളുടെയും അഭാവവും തീവ്രവാദത്തിനും വിഘടനവാദത്തിനും വളരാന്‍ മാത്രമാണ് അവസരം നല്കുന്നത്. അത്തരം അന്തരീക്ഷമാണ് ബഷീര്‍ അഹമ്മദ് പോലെയുളള നിരപരാധികളുടെ അരുംകൊലയില്‍ കലാശിക്കുന്നത്.

ആരു കൊന്നു എന്നതിനെക്കാള്‍ വിലപ്പെട്ട ജീവനുകള്‍‍ പൊലിയുന്നു എന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം. ഒരു ജനതയുടെ ദുരവസ്ഥ മുതലെടുത്ത് രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും സംഘപരിവാറും നടത്തുന്ന തീക്കളി രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യം കണക്കിലെടുത്ത് അറുതിവരുത്തണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സൈന്യത്തെയും പൊലീസിനെയും സുരക്ഷാസംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. ആയുധം കൊണ്ടോ അടിച്ചമര്‍ത്തല്‍ കൊണ്ടോ നിര്‍ദയമായ നിയമങ്ങള്‍കൊണ്ടോ പരിഹരിക്കപ്പെടാവുന്നതല്ല ജമ്മുകശ്മീരിലെ പ്രശ്നങ്ങൾ. രാഷ്ട്രീയ സംവാദത്തില്‍ കൂടിയും ജനാധിപത്യ പ്രക്രിയയിലൂടെയും പരിഹാരം കാണാന്‍ ശ്രമിക്കുകവഴി മാത്രമേ ആ ജനതയുടെ ദുരന്തപൂര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവരെ മുഖ്യധാരാ രാഷ്ട്രജീവിതത്തിലേക്ക് ആനയിക്കാനും കഴിയൂ. അതിനുള്ള ആദ്യപടിയാണ് മനുഷ്യാവകാശങ്ങളുടെ പുനഃസ്ഥാപനവും മനുഷ്യജീവനുകള്‍ സംരക്ഷിക്കുക എന്നതും.