September 29, 2022 Thursday

വിവസ്ത്രമാകുന്ന നീതിപീഠങ്ങൾ

അബ്ദുൾ ഗഫൂർ
March 4, 2021 4:00 am

തിങ്കളാഴ്ച പരമോന്നത കോടതിയിൽ നിന്ന് അതും മുഖ്യ ന്യായാധിപന്റെ വായിലൂടെ പുറത്തുവന്ന ചില ചോദ്യങ്ങൾ വീണ്ടും നീതിപീഠങ്ങളുടെ പവിത്രതയെ കുറിച്ചുള്ള സംവാദങ്ങൾക്കല്ല യഥാർത്ഥത്തിൽ വഴിവച്ചിരിക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമെന്നുകൂടി വിലയിരുത്താവുന്ന പരാമർശങ്ങളായിരുന്നു ബഹുമാനപ്പെട്ടതെന്ന് സംബോധന ചെയ്യേണ്ട സുപ്രീം കോടതിയിൽ നിന്നുണ്ടായത്. കഴി‍ഞ്ഞ കുറച്ചുനാളുകളായി നമ്മുടെ നീതിപീഠങ്ങളിൽ നിന്ന് അതിരുവിട്ട പരാമർശങ്ങളും നിയമവിരുദ്ധമായ നടപടികളും ഉണ്ടാകുന്നുണ്ട്. അതിൽ ഒന്നായി മാത്രം കാണാൻ കഴിയുന്നതല്ല തിങ്കളാഴ്ച ഉണ്ടായത്.
കേസിന്റെ മെറിറ്റ് മാത്രമേ പരിശോധിക്കാനാവൂ എന്ന നിലപാട് എത്രയോ തവണ നമ്മുടെ കോടതികളിൽ നിന്ന് നാം കേട്ടറിഞ്ഞതാണ്. വളരെ ലളിതമായി അതിനെ വിശദീകരിക്കാം. ഒരാൾ കൊല്ലപ്പെടുന്നു. മറ്റൊരാളോ ആൾക്കാരോ അതിൽ കുറ്റാരോപിതരാവുന്നു. വിചാരണയ്ക്കും ഇഴ കീറിയുള്ള വാദപ്രതിവാദങ്ങൾക്കും ശേഷം ഉണ്ടാകുന്ന വിധിയിൽ പ്രതി അല്ലെങ്കിൽ പ്രതികൾ കുറ്റ വിമുക്തരാക്കപ്പെടുന്നു. അപ്പോൾ നിയമത്തെ കുറിച്ചോ അവിടത്തെ നടപടികളെ കുറിച്ചോ ധാരണകളില്ലാത്ത ഇരയുടെ ബന്ധുക്കളുടെയോ സാധാരണക്കാരുടെയോ മനസിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നതു ശരിയാണ്, ആരോപിതൻ കുറ്റവിമുക്തനാക്കപ്പെട്ടു, എങ്കിൽ കൊല ചെയ്തതാരാണ്. അങ്ങനെയൊരു ചോദ്യത്തിന് കോടതികളുടെ ഉത്തരമാണ് കേസിന്റെ മെറിറ്റും നിയമവും പരിശോധിച്ച് മാത്രമേ തീരുമാനിക്കുവാൻ സാധിക്കൂ എന്ന കോടതികളുടെ നിലപാട്. കുറ്റവാളിയെ കണ്ടെത്തുകയെന്നത് കോടതിയുടെ ഉത്തരവാദിത്തമല്ലെന്ന നിലപാട് കൂടിയാണത്. അത് നിലവിലുള്ള സംവിധാനമനുസരിച്ച് ശരിയുമാണ്. അതിനാണ് എത്രയോ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. അവരാണ് പ്രതികളെ കണ്ടെത്തേണ്ടത്. അവർ നല്കുന്ന തെളിവുകൾ പരിശോധിച്ച് നിയമപരമാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കുകയുമെന്ന ഉത്തരവാദിത്തമാണ് കോടതികൾ നിർവഹിക്കുന്നത്. തെളിവുകളും നിയമങ്ങളും പരിശോധിച്ചേ തീരുമാനമെടുക്കാനാവൂ എന്നാണ് ആ നിലപാടിന്റെ അടിസ്ഥാനം. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണവും അതാണ്. പക്ഷേ നമ്മുടെ പരമോന്നത കോടതിയിൽ നിന്ന് തിങ്കളാഴ്ച രണ്ടു കേസുകളുമായി ബന്ധപ്പെട്ടുണ്ടായ നിലപാടുകൾ ഈ അടിസ്ഥാന പ്രമാണത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. 

ആദ്യത്തേത് ഒരു ബലാത്സംഗക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നത്. മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ അനുസരിച്ച് കേസ് ഇങ്ങനെയാണ് രൂപംകൊള്ളുന്നത്: ബലാത്സംഗമാണ് സംഭവം. സർക്കാർ ഉദ്യോഗസ്ഥനാണ് പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പല തവണ ബലാത്സംഗംചെയ്തു. പരാതിപ്പെടാൻ പൊലീസിൽ പോയ പെൺകുട്ടിയുടെ അമ്മയെ പ്രലോഭിപ്പിച്ച് ചില രേഖകളിൽ ഒപ്പിടീച്ചുവാങ്ങുകയും, പെൺകുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്നു വാഗ്ദാനം നൽകുകയും ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് വൈദ്യുതി കമ്പനിയിലെ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാൻ എന്ന വ്യക്തിയാണ് കുറ്റാരോപിതൻ. പെൺകുട്ടി തനിക്ക് പ്രായപൂർത്തിയായപ്പോൾ പരാതി നല്കി. പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഈ ഘട്ടത്തിൽ മോഹിത് നല്കിയ ജാമ്യാപേക്ഷ കീഴ്‌കോടതി അനുവദിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ജാമ്യംറദ്ദാക്കി. ഈ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് മോഹിത് പരമോന്നത കോടതിയെ സമീപിക്കുന്നത്.
സുപ്രീം കോടതി പരിഗണിക്കേണ്ടത് കീഴ്‌കോടതി ജാമ്യം അനുവദിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി തെറ്റോ ശരിയോ എന്ന കാര്യമായിരുന്നുവെന്നർത്ഥം. പക്ഷേ മാധ്യമങ്ങളിൽ (നിയമവാർത്തകൾ പ്രസിദ്ധീകരിക്കുന്നതടക്കം) വന്നിരിക്കുന്ന വാർത്ത പരമോന്നത കോടതിയിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമെങ്കിൽ ഒഴിവാക്കാമെന്ന് പറഞ്ഞുവെന്നാണ്. ഇതുസംബന്ധിച്ച ചോദ്യോത്തരങ്ങൾ തന്നെ ചില മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ തങ്ങൾ നിർബന്ധിച്ചതുകൊണ്ടാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞേക്കാമെന്നും അതുകൊണ്ട് നിർബന്ധിക്കുന്നില്ലെന്നും കോടതി പറഞ്ഞതായും വാർത്തയിലുണ്ട്. അറസ്റ്റ് ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയുടെ ജോലി പോകുമെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമ്പോൾ അത് ഓർത്തില്ലേയെന്ന ചോദ്യം കോടതി ഉന്നയിക്കുന്നുണ്ട്. നേരത്തേ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇര സമ്മതിച്ചില്ലെന്ന ന്യായമാണ് പ്രതിഭാഗം വക്കീൽ കോടതിക്കു മുന്നിൽ നിരത്തിയത്. എങ്കിലും പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേയ്ക്ക് തടഞ്ഞുകൊണ്ട് പരമോന്നത കോടതി ഉത്തരവ് നല്കുകയും ചെയ്തു. പ്രതിക്ക് അനുകൂലമാണ് ഈ നടപടി എന്നതിൽ സംശയമില്ല. പൊലീസ് ചുമത്തുന്ന പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് തടവിൽകഴിയുന്ന എത്രയോ സംഭവങ്ങൾ ഉള്ളപ്പോഴാണ് ഒരു പ്രതിക്ക് പരമോന്നത കോടതി ഇത്തരമൊരു ആനുകൂല്യം നല്കിയത്. നിയമത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവർ പോലും ഈ കേസിന്റെ നടപടികളെ കുറിച്ച് വായിച്ചാൽ മൂക്കത്ത് വിരൽവച്ചുപോകും. 

പോക്സോ കേസിലെ പ്രതിയെ പ്രായപൂർത്തിയാകുമ്പോൾ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാൽ കുറ്റം ഇല്ലാതാകുമോയെന്നതാണ് ഇവിടെ ഉയരുന്ന പ്രധാനചോദ്യം. ഭാവിയിൽ വിവാഹം ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം നല്കി ആരെയും ബലാത്സംഗം ചെയ്യാമോയെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് നേരിടേണ്ടതുണ്ട്. യഥാർത്ഥത്തിൽ, പീഡിപ്പിച്ചശേഷം ഇരയെ വിവാഹം ചെയ്യുന്നത് കുറ്റകൃത്യമാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുന്നവരും ശിക്ഷാർഹരായി മാറണം. അതിന് നിയമപരമായ പിൻബലം നല്കുകയും വേണം. അതില്ലാത്തതുകൊണ്ടാണ് ഇത്തരം ചിന്ത ഉന്നതകോടതിയിൽ നിന്നുപോലും ഉണ്ടാകുന്നത്.കൂടാതെ ചീഫ് ജസ്റ്റിസിന്റെ നടപടി കേസിന്റെ മെറിറ്റ് മാത്രമേ പരിഗണിക്കാനാവൂ എന്ന അടിസ്ഥാന നിലപാടിൽ നിന്നുള്ള വ്യതിചലനവും നിയമവിരുദ്ധവുമായി മാറുന്നു. ഇതിനെല്ലാമപ്പുറം കോടതി നിലപാടുകളിൽ കടുത്ത സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്ത മാനസികാവസ്ഥയും പ്രകടമാവുകയും ചെയ്യുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ സവർണചിന്തകളിൽ നിന്ന് ജന്മംകൊള്ളുന്നതാണ്. പ്രതി ഒരു സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ടു കൂടിയാണ് ചീഫ് ജസ്റ്റിസിൽ നിന്ന് ഇങ്ങനെയൊരു പരാമർശം ഉണ്ടായതെന്ന് നിസംശയം പറയാവുന്നതുമാണ്. 

ഇതേ ചീഫ് ജസ്റ്റിസിൽ നിന്നുതന്നെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പരസ്പര സമ്മതത്തോടെയുള്ളതാണെന്നും അത് ബലാത്സംഗമായി കണക്കാക്കാൻ പാടില്ലെന്നും വ്യാഖ്യാനിച്ചെടുക്കാവുന്ന നിലപാടും തിങ്കളാഴ്ച തന്നെ ഉണ്ടായിരിക്കുന്നത്. പുരുഷൻ എത്ര ക്രൂരനാണെങ്കിലും ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാമോ എന്ന ചോദ്യമാണ് പരമോന്നത കോടതിയിൽ നിന്നുണ്ടായത്. കുറ്റാരോപിതന്റെ അറസ്റ്റ് പരമോന്നത കോടതി തടയുകയും ചെയ്തു. യഥാർത്ഥത്തില്‍ ഇവിടെയും കേസിന്റെ മെറിറ്റ് പരിശോധിക്കാതെയാണ് കോടതിയുടെ പരാമർശങ്ങൾ. രണ്ടുവർഷം ഒരുമിച്ച് താമസിച്ച ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർ തമ്മിലുള്ളതായിരുന്നു പ്രശ്നം. പുരുഷൻ മറ്റൊരു വിവാഹം നടത്തിയപ്പോൾ സ്ത്രീ പരാതി നല്കുകയും ബലാത്സംഗത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. ഈ കേസിന്റെ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുരുഷൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തള്ളി. ഇതിനെതിരെയുള്ള ഹർജിയായാണ് വിഷയം സുപ്രീംകോടതിയുടെ മുന്നിൽ പരിഗണനക്കെത്തുന്നത്. 

ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടയിൽ വിവാഹം ചെയ്താൽ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ട് മണാലിയിലെ സന്ദർശനത്തിനിടെ അവിടെയുള്ള ഹിഡിംബ ക്ഷേത്രത്തിൽ വിവാഹം നടത്തുകയും പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തുവെന്നായിരുന്നു സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തപ്രഥമ വിവര റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പ്രസ്തുതവിവാഹം വ്യാജമായിരുന്നു. 2014ൽ വ്യാജ വിവാഹത്തിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടുകയായിരുന്നു തുടങ്ങിയവയായിരുന്നു സ്ത്രീയുടെ പരാതി. എന്നാൽ ക്ഷേത്രത്തിൽ വിവാഹം നടന്നത് യഥാർത്ഥമാണെന്ന് സ്ത്രീ തെറ്റിദ്ധരിച്ചുവെന്നാണ് പുരുഷന്റെ നിലപാട്. ഇരുവരും ഒരുമിച്ച് താമസിച്ചതും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും പരസ്പരസമ്മതത്തോടെയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്തരം ഒരു കേസിലാണ് സ്ത്രീ വിരുദ്ധവും നിയമ വിരുദ്ധവുമായ പരാമർശങ്ങൾ പരമോന്നത കോടതിയിൽ നിന്ന് അതും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിൽ നിന്നുണ്ടായത്. ഈ രണ്ടുകേസുകളിലും പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരോ ഉന്നത സ്ഥാനങ്ങളോ ഉള്ളവരാണ്. അതുകൊണ്ടാണ് കോടതി ഇരയെ അപമാനിക്കുന്നതിന് തുല്യമായ നിലപാടെടുത്തത് എന്ന് സംശയിക്കാവുന്നതുമാണ്.
പ്രതി സാധാരണക്കാരാകുന്ന പല കേസുകളിലും ഇത്തരം ‘നീതി’ ലഭിക്കാതെ പോയിട്ടുണ്ടെന്നതിന് സമീപകാലത്തുതന്നെ ഉദാഹരണങ്ങളുണ്ട്. 

കഴിഞ്ഞയാഴ്ചയാണ് ബലാത്സംഗക്കേസിൽ 20 വർഷത്തെ ശിക്ഷ അനുഭവിച്ച 43 കാരൻ കുറ്റവിമുക്തനാക്കപ്പെട്ടത്. 2000 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ 23 കാരിയായ ഒരു ദളിത് യുവതിയുടെ പരാതിയിലാണ് വിഷ്ണു തിവാരി 23ാം വയസിൽശിക്ഷിക്കപ്പെടുന്നത്. തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയെ തുടർന്നാണ് കേസുണ്ടായത്. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതി നല്കിയകേസ് പരിഗണിച്ച് തീർപ്പാക്കുന്നതിൽ സംഭവിച്ച കാലതാമസമാണ് 20 വർഷം ജയിൽവാസം അനുഭവിക്കുന്നതിന് കാരണമായത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ കൗശൽ ജയേന്ദ്ര താക്കറും ഗൗതം ചൗധരിയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രേഖയിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കുമ്പോൾ, പ്രതി തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ബോധ്യമായെന്നും അതിനാൽ, വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവും തിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കുന്നതായി വിധിക്കുകയായിരുന്നു.രണ്ടാഴ്ച മുമ്പാണ് സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയി നമ്മുടെ നീതിപീഠങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ നടത്തിയത്. അതു പറയുന്നതിൽ അദ്ദേഹത്തിനുള്ള അയോഗ്യത തല്ക്കാലം മാറ്റി വയ്ക്കുക. കോടതികളിലും നീതിന്യായ വ്യവസ്ഥയിലും സമഗ്രമായ അഴിച്ചുപണി വേണമെന്നായിരുന്നു ഗൊഗോയിയുടെ നിലപാടു പറച്ചിൽ. അദ്ദേഹം ചില കണക്കുകളും അതിനൊപ്പം പറഞ്ഞുവച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ തീര്‍പ്പു കല്‍പിക്കാത്ത 70,000 കേസുകളുണ്ട്, ഹൈക്കോടതികളില്‍ അത് 44 ലക്ഷത്തോളവും കീഴ്‌കോടതികളില്‍ നാലു കോടിയോളവുമാണ് കെട്ടിക്കിടക്കുന്നത് എന്നിവയായിരുന്നു അത്. താൻ പരമോന്നത കോടതിയിലെ ജസ്റ്റിസും പിന്നീട് ചീഫ് ജസ്റ്റിസുമായ ഘട്ടത്തിൽ ഇക്കാര്യത്തിൽ — കേസുകൾ തീർപ്പുകല്പിക്കുന്നതില്‍— എന്തുചെയ്തുവെന്ന ചോദ്യവും നാം അവഗണിക്കുക. ലോക്‌സഭയിൽ മെഹുവ മൊയിത്ര എന്ന അംഗം നടത്തിയ രാഷ്ട്രീയപരാമർശങ്ങളോടുള്ള പ്രതികരണമായാണ് രാജ്യസഭാംഗം കൂടിയായ ഗൊഗോയി നീതിന്യായ വ്യവസ്ഥയിലെ അന്യായങ്ങളെ കുറിച്ച് പറഞ്ഞത്. ഇവിടെയും തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പ്രസ്തുത കേസിൽ കുറ്റാരോപിതനായ ഗൊഗോയി ചീഫ് ജസ്റ്റിസ് എന്ന നിലയിൽ സ്വീകരിച്ച സമീപനങ്ങൾ അക്കാലത്തുതന്നെ വിവാദമായതാണ്. പ്രസ്തുത കേസ് ഒതുക്കപ്പെട്ടതിന് പിന്നിൽ ദുരൂഹതകള്‍ ആരോപിക്കപ്പെടുകയും ചെയ്തിരുന്നു. 

ഇത് സംബന്ധിച്ച് ലോക്‌സഭാംഗം മെഹുവ മൊയിത്രിയുടെ ലോക്‌സഭയിലെ പരാമര്‍ശത്തിനും എതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് കോടതിയില്‍ പോയാല്‍ വിഴുപ്പലക്കണം, എന്നാല്‍ അനുകൂല വിധി ലഭിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സുപ്രീം കോടതിചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങി നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകളെകുറിച്ച് വിമർശനം ഉന്നയിച്ച ജഡ്ജിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ രാജ്യം അന്ന് അദ്ദേഹത്തിന് കയ്യടിനല്കി. പക്ഷേ ചീഫ് ജസ്റ്റിസ് പദവി കയ്യിലുണ്ടായിട്ടും ആ പുഴുക്കുത്തുകൾ നീക്കുന്നതിന് ചെറുവിരൽ അനക്കുന്നതിന് പോലും അദ്ദേഹം തയ്യാറായില്ല.എങ്കിലും ഗോഗോയി ഉന്നയിച്ച വിഷയം കാലിക പ്രസക്തിയുള്ളതാണ്. നമ്മുടെ പരമോന്നത കോടതിയിൽ നിന്ന് ഉൾപ്പെടെയുണ്ടാകുന്ന വിധി പ്രസ്താവങ്ങളും നടപടികളും അതിനെ സാധൂകരിക്കുന്നവയാണ്. സാധാരണക്കാരനു മാത്രമല്ല തനിക്കുപോലും നീതി കിട്ടില്ലെന്ന വസ്തുതയാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്. ഇരകൾ കോടതി മുറികളിൽ അപമാനിക്കപ്പെടുന്നുവെന്ന തുറന്നുപറച്ചിലായി അദ്ദേഹത്തിന്റെ വാക്കുകളെ നമുക്കെടുക്കാവുന്നതാണ്. ഇതിന് സമാനമായ നിരീക്ഷണങ്ങളും സംവാദങ്ങളും പൊതുസമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ നീതിന്യായവ്യവസ്ഥയിൽ നിന്നുതന്നെ അതിന് വെല്ലുവിളിയായി സമീപനങ്ങളും നിലപാടുകളും ഉണ്ടാകുന്നു. പീഡിപ്പിക്കപ്പെടുന്നത് പെൺകുട്ടിയുടെയോ സ്ത്രീയുടെയോ കുറ്റമായി വ്യാഖ്യാനിക്കപ്പെടാവുന്ന പരാമർശങ്ങളും നടപടികളും എത്രയോതവണ നമ്മുടെ കോടതികളിൽനിന്നുണ്ടായിട്ടുണ്ട്. ഈ പരിസരത്താണ് കഴിഞ്ഞ ദിവസം പരമോന്നത കോടതിയിൽനിന്നുണ്ടായ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടത്.

ഇരകളോടുള്ള സമീപനം മാത്രമല്ല അത് വ്യക്തമാക്കുന്നത്. ന്യായാധിപരായെത്തുന്നവരുടെ മനസിന്റെ സങ്കുചിതത്വവും അത് വെളിപ്പെടുത്തുന്നുണ്ട്. പ്രാകൃത ചിന്തകളുടെ അവശിഷ്ട മാലിന്യങ്ങൾ നുരഞ്ഞുപൊന്തുന്നതാണ് ഇവിടെ നമുക്ക് കാണാവുന്നത്. ഈ സമീപനങ്ങളിലൂടെ ഇരകളാക്കപ്പെടുന്ന പെൺകുട്ടികളോ സ്ത്രീകളോ കോടതി മുറികളിലും പൊതുസമൂഹത്തിലുംവീണ്ടും വീണ്ടും അപമാനിതരാകുന്നതിനുള്ള സാഹചര്യംകൂടി സൃഷ്ടിക്കപ്പെടുന്നുണ്ട്. സവർണ മനസും പ്രാകൃത ചിന്തകളും പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതുകൊണ്ട് കോടതിമുറികളിൽ ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങളിലൂടെ യഥാർത്ഥത്തിൽ വിവസ്ത്രമാക്കപ്പെടുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.