സത്യൻ മൊകേരി

July 12, 2020, 5:45 am

സ്വര്‍ണക്കടത്ത് : പ്രതിപക്ഷത്തിനും ബിജെപിക്കും രാഷ്ട്രീയലക്ഷ്യം മാത്രം

Janayugom Online

സത്യൻ മൊകേരി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികാരികള്‍ സ്വര്‍ണം പിടികൂടിയ സംഭവം കേരള ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയ ആക്രമണത്തിനായി യുഡിഎഫും ബിജെപിയും ഉപയോഗിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, കേരള സര്‍ക്കാരിനും എതിരായി അതിശക്തമായ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പിലാണവര്‍. മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് ആക്ഷേപിക്കാനും മത്സരത്തിലാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം തന്നെ അവര്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. അതോടെ യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരള ഗവണ്‍മെന്റിനും എതിരായി അവര്‍ രാഷ്ട്രീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

ഗവണ്‍മെന്റിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും അവരെ പിന്തുണയ്ക്കുന്ന ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരുമിച്ചു നീങ്ങുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതിനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റാണ് നടപടികള്‍ സ്വീകരിക്കേണ്ടത് എന്ന കാര്യം, ആരോപണം ഉന്നയിക്കുന്ന ബിജെപിക്കും പ്രതിപക്ഷത്തിനും നന്നായി അറിയാം. ഈ വിഷയത്തില്‍ ഏത് അന്വേഷണവും ആകാമെന്ന് മുഖ്യമന്ത്രി ജൂലെെ ഏഴിന് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പരിരക്ഷ ഉപയോഗിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണം കടത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാ ചുമതല കേന്ദ്ര ഗവണ്‍മെന്റിനാണ്. അവര്‍ക്കാണ് ഇതൊക്കെ കണ്ടെത്താനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ ഉള്ളത്. “തിരുവനന്തപുരത്ത് നടന്നത് കള്ളക്കടത്താണ്. ഒരു കറ്റവാളിയേയും സംരക്ഷിക്കേണ്ടുന്ന ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിനില്ല. അന്വേഷണത്തിന് കസ്റ്റംസിന് എല്ലാവിധ പിന്തുണയും നല്‍കും. ഏത് അന്വേഷണത്തിനും കേന്ദ്രസര്‍ക്കാരിന് പ്രഖ്യാപിക്കാം.

സര്‍ക്കാരിന് പൂര്‍ണ്ണസമ്മതമാണ്.” മുഖ്യമന്ത്രിയുടെ അസന്ദിഗ്ധമായ ഈ പ്രഖ്യാപനം മുഖവിലക്കെടുക്കാതെ പ്രതിപക്ഷവും ബിജെപിയും തെരുവിലിറങ്ങുകയാണ്. കോവിഡ് കാലത്ത് കാണിക്കേണ്ടുന്ന ജാഗ്രതകളെല്ലാം ലംഘിച്ചാണ് പ്രക്ഷോഭം നടത്തുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും വലിയ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെതിരായ ആസൂത്രിതമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിതൊക്കെ. യുഡിഎഫും ബിജെപിയും കെെകോര്‍ത്ത് പിടിച്ചാണ് ഈ നീക്കങ്ങളെല്ലാം നടത്തുന്നത്. തെരുവുകളില്‍ നടക്കുന്ന ഈ സമരങ്ങളിലും ചാനലുകളിലെ ചര്‍ച്ചകളിലും ഇത് വളരെ പ്രകടമാണ്. സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തണമെന്നും ഏത് അന്വേഷണവുമായി കേരള ഗവണ്‍മെന്റ് സഹകരിക്കുമെന്നും അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കത്തെഴുതുകയുണ്ടായി. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. “കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്ന ഇടം വരെ വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം.

ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാത്തവിധം കണ്ണികളെ പുറത്തുകൊണ്ടുവരണം. നയതന്ത്ര ബാഗേജില്‍, വലിയ അളവില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം അത്യധികം ഗൗരവമുള്ളതാണ്. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്നതുമാണ്. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് കേസ്.” അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാവിധ സഹായവും പിന്തുണയും നല്‍കുന്നതാണെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ വ്യക്തമാക്കിയതാണ്. സ്വര്‍ണക്കള്ളക്കടത്തിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നുള്ള തുറന്നതും ആത്മാര്‍ത്ഥതയോടുകൂടിയതുമായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത്. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം തന്നെ കേന്ദ്ര ഗവണ്‍മെന്റ് അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്‍ഐഎക്ക് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഐഎ അന്വേഷണം ആരംഭിച്ചതിനുശേഷം പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുന്ന വിരോധാഭാസമാണ് ബിജെപിയും യുഡിഎഫും സ്വീകരിക്കുന്നത്. യുഡിഎഫ് നേതൃത്വവും കെപിസിസി പ്രസിഡന്റും എന്‍ഐഎയുടെ അന്വേഷണങ്ങളില്‍ തൃപ്തരല്ലെന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതൊക്കെ രാഷ്ട്രീയ നാടകമാണ്.

രാഷ്ട്രീയ സമരത്തിന് പുറപ്പെട്ട യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം കേരള ഗവണ്‍മെന്റിനെതിരായി ജനങ്ങളെ തിരിച്ചുവിടുക എന്നതുമാത്രമാണ്. അതിനായി അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ചില ചാനലുകള്‍ അവരെ പിന്തുണയ്ക്കുന്നു. സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. “ഡിപ്ലോമാറ്റിക് ബാഗിലാണ് സ്വര്‍ണം വന്നത്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും കേന്ദ്ര ഏജന്‍സികളുടെ ചുമതലയാണ്. ആരാണ് കുറ്റക്കാരെന്ന് കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേന്ദ്ര ഏജന്‍സികള്‍ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ കണ്ടെത്തണം” എന്ന സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജൂലെെ ഒമ്പതിന് തന്നെ വ്യക്തമാക്കിയതാണ്.

സോളാര്‍ കേസും സ്വര്‍ണക്കടത്തുകേസും താരതമ്യം ചെയ്യാനും ഒരേ സ്വഭാവമുള്ളതാണെന്ന് വരുത്താനും പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണത്തിന് വിധേയരായവരെ സംരക്ഷിക്കാനുള്ള നീക്കമാണ് അന്നത്തെ യുഡിഎഫ് ഗവണ്‍മെന്റും മുഖ്യമന്ത്രിയും നടത്തിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ മാത്രമാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട മൂന്നുപേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും പുറത്താ‌ക്കാന്‍ തയ്യാറായത്. അതില്‍ നിന്നും വ്യത്യസ്ഥമായ സമീപനമാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചത് എന്നത് വ്യക്തമാണ്. ഐടി വകുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്നക്ക് ജോലി ലഭിച്ചത്. ആരോപണം വന്നതിനെ തുടര്‍ന്ന് അവരെ ജോലിയില്‍ നിന്നും നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശിവശങ്കറിനെതിരെ ആക്ഷേപങ്ങള്‍ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നപ്പോള്‍, അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. യുഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്ഥമായ നടപടികളാണ് ഇതെല്ലാം. മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിന്റെ അന്തസിന്റെ കേന്ദ്രമാണ്.

അവിടെ ഒരുതരത്തിലുമുള്ള കളങ്കവും പറ്റാന്‍ അനുവദിക്കില്ല എന്ന വിളംബരമാണ് ശിവശങ്കറിനെ നീക്കിയതിലൂടെ മുഖ്യമന്ത്രി നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐടി വകുപ്പിന് കീഴില്‍ ഒരു സ്ഥാപനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനത്തില്‍ വിവാദ യുവതി കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വന്നതിനാല്‍ ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തതായി വ്യക്തമാക്കിയിട്ടുമുണ്ട്. ബിജെപിയും യുഡിഎഫും ഗവണ്‍മെന്റിനെതിരായി ഏതുതരത്തിലുള്ള ആയുധവും ഉപയോഗിക്കുവാന്‍ നിരന്തരമായി പരിശ്രമിച്ചുവരികയാണ്. പല ഘട്ടങ്ങളിലായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എല്‍ഡിഎഫ് ഗവണ്‍മെന്റിനും എതിരായി പ്രക്ഷോഭങ്ങള്‍ ബിജെപിയും യുഡിഎഫും നടത്തിയിട്ടുണ്ട്. കേരളത്തിലെ ഇടതു-ജനാധിപത്യ‑മതനിരപേക്ഷ ബോധമുള്ള ജനങ്ങള്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും പിന്തുണ നല്‍കി അതൊക്കെ പരാജയപ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ഒരു ബദല്‍ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും അതില്‍ ഒരു പോറലും ഏല്‍ക്കാന്‍ പാടില്ല എന്നും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടായത്. ചെങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം, ദേശീയ രാഷ്ട്രീയത്തിന്റെ താല്‍ക്കാലിക പ്രതിഫലനം മാത്രമാണ്. ഇതെല്ലാം യുഡിഎഫിനെയും ബിജെപിയെയും വല്ലാതെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഏതുവിധേനെയും എല്‍ഡിഎഫിനേയും കേരള ഗവണ്‍മെന്റിനേയും തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഗവണ്‍മെന്റിന് നയവ്യതിയാനങ്ങളും പോരായ്മകളും ഉണ്ടാകുമ്പോള്‍ സിപിഐ അത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ പരസ്യമായും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനങ്ങളുടെ പ്രതീക്ഷക്കനുസൃതമായി ഗവണ്‍മെന്റ് മുന്നോട്ടുപോകാനുമാണ്.

സ്പ്രിംഗ്ളര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഒരു കരാറുണ്ടാക്കിയതിന് സിപിഐ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റണം എന്നു പറയാന്‍ പാര്‍ട്ടി മടിച്ചില്ല. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, അവരുടെ ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. ഇടതു കാഴ്ചപ്പാട് അവര്‍ക്ക് അയലത്തെ ഉണ്ടാവില്ല. അനധികൃതമായി പലരും കടന്നുവരുന്നതിന് അതൊക്കെ വഴിവയ്ക്കുമെന്ന് അനുഭവത്തില്‍ മനസിലാക്കുവാന്‍ കഴിയണം. കേന്ദ്രത്തില്‍ ബിജെപി രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയിലെ ഇടതു-ജനാധിപത്യ‑മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായി കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്.

വിവരാവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായി കള്ളക്കേസുകള്‍ സൃഷ്ടിച്ച് ജയിലില്‍ അടയ്ക്കുകയാണ്. പലരുടെയും പേരില്‍ യുഎപിഎ ചുമത്തിയാണ് ജയിലില്‍ അടച്ചത്. വിമര്‍ശിക്കുന്ന ബുദ്ധിജീവികളുടെ മേല്‍ ആരോപിക്കുന്നത് നഗര‍ മാവോയിസ്റ്റുകള്‍ എന്നാണ്. ഇടതുപക്ഷ‑ജനാധിപത്യ പ്രസ്ഥാനങ്ങളേയും തൊഴിലാളി-കര്‍ഷക, യുവജന‑വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളേയും തകര്‍ക്കുക എന്നതാണ് സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികളുടെ അജണ്ട. അവരുടെ അജണ്ട നടപ്പിലാക്കുവാന്‍ കേന്ദ്ര ഏജന്‍സികളെ നഗ്നമായി ഉപയോഗിക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും യുവജന‑വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പോരാളിയും ജെഎന്‍യു മുന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം നടത്തി. വിദ്യാഭ്യാസ മേഖലയെ ഫാസിസ്റ്റ്‌വല്‍ക്കരിക്കുന്നതിന് എതിരായി പോരാട്ടം നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് കേസില്‍പ്പെടുത്തിയിട്ടുണ്ട്.

അവരെയെല്ലാം നിശബ്ദരാക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ എല്ലാം തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. വരുംനാളുകളില്‍ രാജ്യത്ത് അത് കൂടുതല്‍ ശക്തിപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ശക്തിയാണ്. അതിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രാജ്യത്ത് ആകെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആ ഗവണ്‍മെന്റിനെ താഴേക്ക് ഇറക്കണമെന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനുവേണ്ടി കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേന്ദ്രത്തിലെ അധികാര കേന്ദ്രങ്ങളും എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് ഒരിക്കലും വിസ്മരിക്കരുത്. അവരുടെ കയ്യില്‍ ലഭിക്കുന്ന ഏത് ആയുധവും അവര്‍ നന്നായി ഉപയോഗിക്കും. അമിത് ഷാ ബിജെപി പ്രസിഡന്റായപ്പോള്‍ കേരളത്തില്‍ വന്ന് നടത്തിയ പ്രഖ്യാപനം സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. “കേരള ഗവൺമെന്റിനെ വലിച്ചു താഴത്തിടും” എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.

അമിത് ഷാ ഇപ്പോള്‍ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹത്തിന്റെ കെെകളിലാണ് എല്ലാ അധികാര കേന്ദ്രങ്ങളും. ഫാസിസ്റ്റ് ശക്തികള്‍ അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ അവസരം കിട്ടുമ്പോള്‍ ഉപയോഗിക്കുമെന്ന ജാഗ്രത എപ്പോഴും ഉണ്ടാകണം. ഇടതുപക്ഷ‑ജനാധിപത്യ പ്രസ്ഥാനം കരുതലോടെ അവരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ, ഗവണ്‍മെന്റിനോ, എന്തെങ്കിലും വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിച്ചുകൊണ്ടേയിരിക്കണം. ആ പരിശോധനയില്‍ ബോധ്യമാകുന്ന പോരായ്മകള്‍ തിരുത്തി അതിശക്തമായി മുന്നോട്ടു പോകണം. അതിലൂടെ ജനങ്ങളെ ആകെ അണിനിരത്താന്‍ കഴിയും, വലതുപക്ഷ‑ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിക്കാനും കഴിയും. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം നിരവധി വെല്ലുവിളികളേയും നേരിട്ട് മുന്നോട്ടുവന്ന പ്രസ്ഥാനമാണ്. അതിന്റെ മുമ്പില്‍ ഉയര്‍ന്നുവരുന്ന തടസങ്ങളെ തട്ടിമാറ്റാനുള്ള കരുതല്‍ എല്‍ഡിഎഫിനുണ്ട് എന്നത് വിറളി പൂണ്ട യുഡിഎഫ്-ബിജെപി അച്ചുതണ്ട് മനസിലാക്കണം. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനേയും നിയമസഭാ തെരഞ്ഞെടുപ്പിനെയും മുന്നില്‍കണ്ടാണ് യുഡിഎഫും ബിജെപിയും ഈ വെപ്രാളങ്ങള്‍ ഒക്കെ കാണിക്കുന്നത്. കേന്ദ്രാധികാരം സംഘപരിവാര്‍ ശക്തികള്‍ക്ക്‌‍ ഹുങ്ക് നല്‍കുന്നുണ്ട്. അതിനെയൊക്കെ നേരിട്ട് മുന്നോട്ടുപോകാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ ജനകീയ അടിത്തറയും കരുത്തുമുണ്ടെന്ന് വെെകാതെ മനസിലാകും.