Web Desk

March 25, 2020, 5:15 am

ഭഗത് സിങിന്റെ ഓർമയിൽ.….

(ഭഗത് സിങ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ച് കൊണ്ട് ബിനോയ് വിശ്വം രാജ്യസഭയിൽ ചെയ്ത പ്രസംഗം:)
Janayugom Online

സർ, ഈ പ്രമേയത്തെ സഭ ഒറ്റക്കെട്ടായി പിന്താങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രാജ്യത്തെ തുറിച്ചു നോക്കുന്ന തൊഴിലില്ലായ്മയുടെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ച് നമുക്കെല്ലാമുള്ള ഉത്ക്കണ്ഠയാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ജനസംഖ്യയുടെ പകുതി ഏറ്റവും ഉല്പാദനക്ഷമമായ 25 വയസിൽ താഴെ പ്രായമുള്ളവരാണ്. ആ ചെറുപ്പക്കാർ ഇന്ന് തൊഴിൽരഹിതരാണ്. ഭഗത് സിങിന്റെ രക്തസാക്ഷിത്വ വാർഷികത്തിന്റെ മൂന്നു ദിവസം മുമ്പാണ് ഞാൻ ഇത് അവതരിപ്പിക്കുന്നത്. 1931 മാർച്ച് 23നാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഭഗത്‌ സിങിനെ തൂക്കിലേറ്റിയത്. മരണത്തിന് മാസങ്ങൾക്ക് മുമ്പ് മുതൽ ലാഹോർ സെൻട്രൽ ജയിലിൽ വച്ച് ഭഗത് സിങ് തന്റെ ഡയറി എഴുത്ത് ആരംഭിച്ചിരുന്നു. ഇതാ, ആ ജയിൽ ഡയറി എന്റെ പക്കലുണ്ട്. ഇതിലെ കുറിപ്പുകളെല്ലാം ബ്രിട്ടീഷ് തടവറയിൽ വച്ച് അദ്ദേഹം എഴുതിയതാണ്. ആ കുറിപ്പുകളിൽ ഒന്നിൽ ഇന്ത്യൻ യുവത്വത്തിന്റെ ആവേശപ്രതീകമായ ആ മഹാനായ രക്തസാക്ഷി ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്: “ഏതാനും പേരുടെ മഹത്വവൽക്കരണത്തിലല്ല സാമൂഹ്യപുരോഗതി കുടികൊള്ളുന്നത്, ബഹു ഭൂരിപക്ഷത്തിന്റെ വളർച്ചയിലാണ്. അവസരസമത്വത്തിലൂടെ മാത്രമേ, സാർവലൗകിക സാഹോദര്യം യാഥാർത്ഥ്യമാക്കാനാവൂ.

സാമൂഹിക, രാഷ്ട്രീയ, വ്യക്തി ജീവിതത്തിലാകെ ഉറപ്പാക്കപ്പെടുന്ന അവസരസമത്വമാണുണ്ടാകേണ്ടത് “. നമുക്ക് ചുറ്റും വളർന്നുവരുന്ന തൊഴിലില്ലായ്മ ഇന്ത്യൻ യുവാക്കൾക്ക് അവസരസമത്വം എന്ന അവകാശമാണ് നിഷേധിക്കുന്നത്. അവർക്ക് സാമൂഹിക‑രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളിലാകെ അവകാശപ്പെട്ട പങ്ക് ഉറപ്പ് വരുത്തണമെന്നത് മാത്രമാണ് എന്റെ പ്രമേയത്തിന്റെ ഉദ്ദേശ്യം. ഇന്ന് പക്ഷെ അതല്ല സാഹചര്യങ്ങൾ. ഏറ്റവും ഉയർന്നതോതിലുള്ള തൊഴിലില്ലായ്മയാണ് നമുക്ക് ചുറ്റും നടമാടുന്നത്. അതാർക്കും നിഷേധിക്കാനാവില്ല. കഴിഞ്ഞ 45 വർഷങ്ങളിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തത്ര രൂക്ഷമാണ് അതിന്റെ വളർച്ച. രാജ്യത്തിനുവേണ്ടി അധ്വാനിക്കാൻ, അതിനുവേണ്ടി രക്തം ചിന്താൻ സന്നദ്ധരായ യുവതലമുറക്ക് ആ ലക്ഷ്യ സാധ്യത്തിനുള്ള വഴികളൊന്നും ഇന്നില്ല. അവർ അധ്വാനിക്കാൻ കൊതിക്കുന്നു. പ്രതിബദ്ധതയുള്ളവരും ദേശാഭിമാനികളുമായ അവർക്ക് മുമ്പിൽ രാജ്യം ഭരിക്കന്ന ഗവണ്മെന്റ് വാതിൽ കൊട്ടിയടക്കുകയാണ്. അവർ തൊഴിലില്ലായ്മയുടെ കൊടുംവേനലിലേക്ക് എടുത്തെറിയപ്പെടുകയാണ്. പ്രതീക്ഷ നശിക്കുന്ന അവർ മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടുകയാണ്. പക്ഷെ എവിടെയും അവർക്ക് ഒരു മറുപടി മാത്രം ‘ഒഴിവില്ല.’ എന്ന മറുപടി! എനിക്കുറപ്പാണ്, ഭരണ പാർട്ടിയുടെ മെമ്പറന്മാരുടെ വീടുകളിൽ, അവരുടെ മക്കൾ തൊഴിലിനു വേണ്ടി കാത്തിരിപ്പുണ്ട്. പക്ഷെ അവരുടെ മുമ്പിലും വഴികളൊന്നുമില്ല. സർ, ഇന്ന് അക്കങ്ങളൊന്നും ആശ്രയിക്കാവുന്നതല്ല. സ്ഥിതിവിവരക്കണക്കുകളെല്ലാം സാങ്കല്പികമാണ്. സർക്കാർ ചില കണക്കുകൾ അവതരിപ്പിക്കുന്നു, ആ കണക്കുകളെല്ലാം സത്യത്തിൽ നിന്നും ബഹുദൂരം അകലെയാണ്.

മുൻകാലത്ത് നമുക്ക് സാമാന്യം ആശ്രയിക്കാവുന്ന സ്ഥിതിവിവരക്കണക്കുകൾ നൽകിപോന്നത് എൻഎസ്എസ്ഒ ആണു്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ. സർക്കാർ ഇപ്പോൾ അതിനെ ഒരു മൂലയിൽ കൊണ്ട് ചാരിയിരിക്കുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച് അവർ പുറത്ത് വിട്ട ചില കണക്കുകൾ സർക്കാരിന് അസൗകര്യമുണ്ടാക്കുന്നതായിരുന്നു. അതുകൊണ്ട് അവർ എൻഎസ്എസ്ഒയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കയാണ്. സർ, എൻഎസ്എസ്ഒ ഒരിക്കൽ പറഞ്ഞത് തൊഴിലില്ലായ്മമയുടെ തോത് 6.1 ശതമാണെന്നാണ്. അത് പക്ഷെ ഒരിക്കലും അവിടെ നിൽക്കുന്നില്ല. സിഎംഐ ഇസെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി അവരുടെ ഏറ്റവും ഒടുവിലത്തെ പ്ലീനത്തിൽ പറഞ്ഞത് തൊഴിലില്ലായ്മയുടെ തോത് 13.2 ശതമാണെന്നാണ്. ഇ­പ്പോൾ ആ കണക്കുകളും പഴയതായി മാറി. കാരണം ആ പഠനം നടന്നത് 2018ലാണ്. എന്തായാലും, ആ കണക്കുകൾ പ്രകാരം തന്നെ തൊഴിലില്ലായ്മ 6.1 ൽ നിന്ന് 13.2 ശതമാനത്തിലേക്ക് വളർന്നിരിക്കുന്നു. ഇന്ന് 2020ൽ തീർച്ചയായും ആ കണക്കുകൾ വീണ്ടും വളർന്നിരിക്കുന്നു. രാജ്യത്തിന്റെ ഗുരുതര പ്രശ്നങ്ങളിൽ വച്ച് ഏറ്റവും ഗുരുതര പ്രശ്നം തൊഴിലില്ലായ്മ ആണെന്ന് സ്വന്തം വീടുകളിലെ അനുഭവത്തിൽ നിന്നുതന്നെ ജനങ്ങൾക്ക് ഇന്ന് ബോധ്യമായിട്ടുണ്ട്. സർ, ചില ജോലികളുടെ ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും വാർത്തകൾ നമ്മളെ അത്ഭുതപ്പെടുത്തും. അടുത്ത കാലത്ത് റയിൽവേ 13000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകിയത് ദശലക്ഷക്കണക്കിന് ചെറുപ്പക്കാരാണ്. അവരിൽ പത്താംതരം പാസായവർ മാത്രമല്ല ഉണ്ടായിരുന്നത്. ബിരുദക്കാരും, ബിരുദാനന്തരബിരുദക്കാരും, പിഎച്ച്ഡിക്കാരുമെല്ലാം ആ ക്ലാസ്‌ഫോർ ജോലിക്ക് അപേക്ഷിച്ചവരിലുണ്ടായിരുന്നു. ഇതാണ് സർ, ഇന്നത്തെ ഇന്ത്യ! പ്രതിവർഷം 2 കോടി തൊഴിലുകൾ വാഗ്ദാനം ചെയ്ത ഗവണ്മെന്റാണ് അധികാരം കൈയാളുന്നത്. അവർ ഇപ്പോൾ പറയുന്നത് പക്കാവടയും ജിലേബിയും ഉണ്ടാക്കി സ്വയംതൊഴിൽ കണ്ടെത്താനാണ്. ഈ ഗവണ്മെന്റ് ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്? (ഇടപെടൽ) ഇതാണ് പുത്തൻ സാമ്പത്തിക നയമെങ്കിൽ രാജ്യം അതേ ചൊല്ലി നാണിക്കുന്നു.

അത് അങ്ങേയറ്റം ലജ്ജാകരമാണ്. ആരോടാണ് അവർ പക്കാവട ഉണ്ടാക്കാൻ പറയുന്നത്? ചില കണക്കുകൾ അങ്ങയെ അത്ഭുതപ്പെടുത്തും, സർ! അവ വായിച്ച് ഞാനും അത്ഭുതപ്പെട്ടു പോയി. ഡിപ്ലോമാക്കാരിൽ 36 ശതമാനം പേരും ഡിഗ്രിക്കാരിൽ 37 ശതമാനം പേരും ബിരുദാനന്തര ബിരുദക്കാരിൽ 36 ശതമാനം പേരും തൊഴിൽരഹിതരാണത്രെ! അവരെയെല്ലാം ഗവണ്മെന്റ് പക്കാവടയും ജിലേബിയും ഉണ്ടാക്കാൻ പറഞ്ഞയക്കുമോ? അതാണോ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ കണ്ടെത്തിയ മാർഗം? മുതലാളിവർഗത്തോട് കൂറ് പ്രഖ്യാപിച്ച ഒരു സർക്കാർ സഞ്ചരിക്കുന്ന വഴിയാണിത്. ചൂഷകവർഗം രാജ്യത്തെ ചെറുപ്പക്കാരുടെ അഭിലാഷങ്ങളെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുകയാണ്. സർ, തൊഴിലില്ലായ്മയെക്കുറിച്ച് മാർക്സ് പറഞ്ഞിട്ടുണ്ട്. ഒരു മുതലാളിത്ത സമൂഹത്തിൽ തൊഴിലില്ലായ്മ അപരിഹാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആർക്കും അത് പരിഹരിക്കാനാവില്ല. എന്തുകൊണ്ട്? കാരണം മുതലാളി വർഗത്തിന് അവരുടെ കരുതൽശേഖരമായി തൊഴിൽരഹിതരെ എന്നും ആവശ്യമുണ്ട്. തൊഴിൽ കമ്പോളത്തിൽ നിന്ന് അവർക്ക് ചിലവ് കുറഞ്ഞ അധ്വാനശക്തിയാണാവശ്യം. തൊഴിൽരഹിതരുടെ ഒരു വലിയ കരുതൽ സൈന്യമുണ്ടെങ്കിൽ അവർക്ക് ചൂഷകവർഗ താൽപര്യങ്ങളുമായി നിർബാധം മുന്നോട്ട് പോകാം.

അതുകൊണ്ടാണ് ഞാൻ, അല്ല ഞങ്ങൾ വിശ്വസിക്കുന്നത്, തൊഴിലില്ലായ്മ മുതലാളിത്തത്തിന്റെ സന്തതിയാണെന്ന്! അതുകൊണ്ടാണ് മുതലാളിത്തസമൂഹത്തിൽ, ലോകത്തെല്ലായിടത്തും തൊഴിലില്ലായ്മ വർധിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നമ്മൾ കാണുന്നത് പാവങ്ങളുടെ പേരിൽ സംസാരിക്കുന്ന ഗവണ്മെന്റ് അതിസമ്പന്നർക്കുവേണ്ടി ഭരിക്കുന്ന കാഴ്ചയാണ്. മുതലാളിത്ത വളർച്ചയുടെ യാഥാർഥ്യം കണക്കുകൾ നിരത്തി ഞാൻ വിശദീകരിക്കേണ്ടതില്ല. അഡാനി — അംബാനിമാർ അടങ്ങുന്ന ചൂഷകരുടെ ആർത്തികൾക്കായി ഈ രാജ്യം പൂർണമായും സമർപ്പിക്കപ്പെട്ടിരിക്കുന്നു. അത്തരമൊരു സർക്കാർ നയങ്ങൾക്ക് കീഴിൽ തൊഴിലില്ലായ്മ ഇതുപോലെ വളരുക മാത്രമേ ചെയ്യൂ. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. രാജ്യത്തെ ചെറുപ്പക്കാർ ആ മാറ്റം ആഗ്രഹിക്കുന്നു. ഗ്രാമീണ തൊഴിൽ മേഖലയിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുണ്ട്. ഒന്നാം യുപിഎ കാലത്ത് നിലവിൽ വന്ന ആ പദ്ധതി തീർച്ചയായും മുന്നോട്ടുള്ള ചുവടുവയ്പായിരുന്നു. അഭിമാനത്തോടെ ഞാൻ പറയട്ടെ, ആ സർക്കാരിൽ ഇടതുപക്ഷം പുലർത്തിയ സ്വാധീനം കൊണ്ടാണ് അത് യാഥാർത്ഥ്യമായത്. ഇപ്പോഴിതാ, വർഷങ്ങൾ കഴിയുംതോറും അതിനുള്ള വിഹിതം കുറഞ്ഞു കുറഞ്ഞു വരുന്നു. ഈ ബജറ്റിലും അങ്ങനെ തന്നെ. ഇങ്ങനെ പോയാൽ ഒരു ദിവസം ആ പദ്ധതി നിന്നു പോകും. അതിനുള്ള സാദ്ധ്യത ഏറെയാണ്. അതേസമയം വിദ്യാസമ്പന്നരായ യുവാക്കളുടെ അവസ്ഥ എന്താണ്? നഗരങ്ങളിലും ഗ്രാമങ്ങളിലും അവർ ദശലക്ഷക്കണക്കിനുണ്ട്. അവരുടെ ദുഃഖങ്ങളാണ്, പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ പ്രമേയത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടാണ് യാഥാർത്ഥ്യ ബോധമുള്ള ഏതൊരു പാർലമെന്റേറിയനും, ദേശാഭിമാനിയായ ഏതൊരു ഇന്ത്യാക്കാരനും, മകനോ മകളോ ഉള്ള ഏതൊരു പിതാവും ഈ പ്രമേയത്തെ പിന്താങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നത്. (അവസാനിക്കുന്നില്ല)

ENGLISH SUMMARY: Janayugam arti­cle about In the name of Bha­gath singh