വത്സൻ രാമംകുളത്ത്

June 30, 2020, 3:41 pm

ഇത് ശരിക്കും വലിയൊരു പിളർപ്പ് തന്നെയാടാവൂവേ

കെ എം മാണി വളമിട്ട് വളർത്തിയും പിളർത്തിയും വലുതാക്കിയ കേരള കോൺഗ്രസിന്റെ ഈ ഗതികേട് രാഷ്ട്രീയചരിത്രത്തിൽ പുതുമയൊന്നുമല്ല
Janayugom Online

വത്സൻ രാമംകുളത്ത്

അങ്ങിനെ കോട്ടയത്തെ ആ ഇല പിന്നെയും പിളർന്നുകീറി. ഐക്യജനാധിപത്യ മുന്നണി കൺവീനർ ബെന്നി ബഹനാൻ വലിച്ചുകീറിയെന്നും പറയാം. സാക്ഷാൽ കെ എം മാണി വളമിട്ട് വളർത്തിയും പിളർത്തിയും വലുതാക്കിയ കേരള കോൺഗ്രസിന്റെ ഈ ഗതികേട് രാഷ്ട്രീയചരിത്രത്തിൽ പുതുമയൊന്നുമല്ല. സാധാരണ തമ്മിലടിച്ച് സ്വയം പിളർന്നുപോവുകയാണ് പതിവ്. ഇത്തവണ തമ്മിലടി തന്നെ കാതലെങ്കിലും മുന്നണി സംവിധാനം പിളർത്തിയെടുത്തതാണ്. അടുത്തുനിന്ന് ഇതെല്ലാം നോക്കിക്കാണുന്ന കോട്ടയംകാർക്ക് ഇത് വലിയ കാര്യമൊന്നുമല്ല. വർഷംതോറും മുറതെറ്റാതെ എത്തുന്ന പെരുന്നാള്‍ ആഘോഷം പോലെയാണ് കോട്ടയത്ത് കേരള കോൺഗ്രസ് തമ്മിലടിയും പിളർപ്പും കൊഴിഞ്ഞപോക്കും.

ആന്നേ, എന്നുവച്ച് ഇതിനെ പിളർപ്പെന്ന് പറയാനൊക്കുവോടാ വൂവേ എന്ന് ഏതെങ്കിലും കോട്ടയംകാരനോ, അവിടത്തെ രാഷ്ട്രീയക്കാർ ആരെങ്കിലോ ചോദിച്ചേക്കാം. പി ജെ ജോസഫിനെയും കൂട്ടി മാണി ശക്തിപ്പെടുത്തിയ കേരള കോണ്‍ഗ്രസിൽ മാണിയുടെ മരണശേഷം ജോസ് കെ മാണി അധികാരം തനിക്കാണെന്ന് വാശിപിടിച്ചത് എന്തിനായിരുന്നു? മുന്നണി ഉണ്ടാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ധാരണ വിലവയ്ക്കാതെ പദവിയിൽ കടിച്ചുതൂങ്ങുന്നതെന്തിന്? ഈ പേരിലല്ലേ മാണിയുണ്ടാക്കിയ കേരള കോൺഗ്രസ് രണ്ടാവുന്നത്. യുഡിഎഫിൽ നിന്ന് ഒഴിവാക്കിയതോടെ കെ എം മാണിയുടെ കോൺഗ്രസ് പിളരുകയും ജോസ് കെ മാണിയുടെ പേരിൽ പുതിയൊരു പാർട്ടി ഉടനെ രൂപീകരിക്കപ്പെടുകയും ചെയ്യും. ജോസ് പറയുന്നത് മാണിയുടെ ആത്മാവും പാര്‍ട്ടിയും തന്നോടൊപ്പമെന്നാണ്. ജോസഫും ഇതേ വചനം ഉരുവിടുന്നു. പാർട്ടിയുടെ പേരും പാർട്ടിയുടെ പതാകയും പാർട്ടിയുടെ ചിഹ്നവും ഇതുവരെ പങ്കിടാനായിട്ടില്ല. ഇനിയതുണ്ടാകണം. ഉണ്ടാകും. ജോസിന് ജോസിന്റെ വഴി, ജോസഫിന് ജോസഫിന്റെ വഴി. അപ്പോൾ ഇത് ശരിക്കും വലിയൊരു പിളർപ്പ് തന്നെയാടാ വൂവേ.

1964ൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനെ പിളർത്തിത്തുടങ്ങിയ കേരള കോൺഗ്രസ് പാരമ്പര്യമാണ് മാണിസാര്‍ എന്ന കെ എം മാണിയുടെ മകനിലെത്തിനില്‍ക്കുന്നു. മൂവാറ്റുപുഴക്കാരൻ കെ എം ജോർജ്ജില്‍ നിന്നായിരുന്നു തുടക്കം. കേരള കോൺഗ്രസും അതിൽ നിന്ന് കേരള കോണ്‍ഗ്രസ് എമ്മും കേരള കോൺഗ്രസ് ബിയും കേരള കോണ്‍ഗ്രസ് ജേക്കബും കേരള കോൺഗ്രസ് ജേക്കബും കേരള കോൺഗ്രസ് സെക്യുലറും കേരള കോൺഗ്രസ് നാഷ്ണലിസ്റ്റും… ഇനിയെന്താണെന്ന് ജോസ് കെ മാണിയെന്ന പുതുതലമുറക്കാരൻ പറയും. പക്ഷെ, ഈ ജഗപൊകയെല്ലാം ഉണ്ടാക്കി ജോസും കൂട്ടരും കേരള കോൺഗ്രസിനെ പിളര്‍ത്തിയത്, പിതാവ് കെ എം മാണി മരിക്കും മുൻപ് കൂട്ടിയിണക്കിയ പി ജെ ജോസഫ് വിഭാഗത്തെ കൂടുതൽ ശക്തരാക്കിക്കൊണ്ടാണ്. നേരത്തെ കെ എം മാണിക്കുവേണ്ടി മരിക്കാൻ പോലും പോന്ന വമ്പൻ നേതാക്കളെല്ലാം ഇന്ന് പി ജെ ജോസഫിനൊപ്പമാണെന്നതിൽ തെല്ലും അതിശയമില്ല. യു‍ഡിഎഫ് തീരുമാനം പുറത്തുവന്ന് ഒന്നാം ദിവസം തന്നെ ജോസ് കെ മാണിയെ തള്ളി കൂടുതൽ നേതാക്കൾ പി ജെ ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറുകയാണ്. പി ജെ ജോസഫ് ജനകീയനാണ്. കോട്ടയത്തുമാത്രമല്ല, കേരളത്തിനാകെ പരിചയസമ്പന്നനാണ്. സർവർക്കും ഇഷ്ടക്കാരനായ അധ്യാപകനും കൃഷിക്കാരനുമാണ്. അതുകൊണ്ടാവും യുഡിഎഫ് ജോസ് കെ മാണിയെ കറിവേപ്പിലയാക്കിയത്.

പുറത്താക്കൽ തീരുമാനിക്കാൻ യുഡിഎഫ് എവിടെയാണ് യോഗം ചേർന്നത് എന്ന ചോദ്യമല്ലാതെ ഗുരുതര ആരോപണങ്ങളോ വിമർശനമോ കടുത്ത നിലപാടുകളോ ജോസ് കെ മാണി എടുത്തിട്ടില്ലെന്നത് വേറെകാര്യം. എന്നാൽ ഇനി എങ്ങോട്ടെന്ന കാര്യത്തിൽ ജോസിന്റെ മനസ് രണ്ടിലകളിൽ തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുവരെ സമദൂരസിദ്ധാന്തം പാലിക്കുമെന്നാണ് ജോസ് കെ മാണി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനർത്ഥം യുഡിഎഫ് തന്നെ ശരണം എന്നല്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലെ പ്രാദേശിക സർക്കാരുകളിൽ നിലനിൽക്കുന്ന തുക്കടാ അധികാരങ്ങളെല്ലാം അതേപടി തുടരാനുള്ള സൈക്കോളജിക്കൽ മൂവ്. നാലുംമൂന്നേഴുപേരുള്ള ഈ കൊച്ചുമാണിയെ സ്വപ്നം കണ്ട് നേരം കളയേണ്ടെന്നാണ് യുഡിഎഫിലെ സകലകക്ഷികളും ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം. 38 വർഷത്തോളം ഐക്യമുന്നണിയുടെ നെടുംതൂണിലൊന്നായി നിലനിന്നിരുന്ന മാണി കോൺഗ്രസിനെയാണെന്നോർക്കണം ഈവിധം പുറം തള്ളുന്നത്. പുകഞ്ഞ കൊള്ളി പുറത്ത്. ഒരുതരി കനൽപോലും ശേഷിക്കാതെ എല്ലാം ഈ തെരഞ്ഞെടുപ്പോടെ കത്തിയമരുമെന്നാണ് ഐക്യമുന്നണിക്കാരുടെ വയ്പ്പ്. ചില കാര്യത്തിലെങ്കിലും കോൺഗ്രസിന് ഈവക ബുദ്ധിതെളിയും.

കോട്ടയം ട്ടാ വട്ടത്തിൽ മാത്രം നാലാളുള്ള പി സി തോമസ്, ജോസ് കെ മാണിയെ ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്ക് ക്ഷണിച്ചിരിക്കുന്നു. ആ വഴിക്കും കാര്യങ്ങൾ പോകുന്നുണ്ട്. സാക്ഷാൽ മാണിയെപ്പോലും ഒരുഘട്ടത്തിൽ ചേർത്തുനിർത്താന്‍ നരേന്ദ്രമോഡിയടക്കം പണിപ്പെട്ടിരുന്നു. എന്തായാലും ആർക്കും ഓടിക്കയറാനുള്ള സ്ഥലമല്ല എൽഡിഎഫ് എന്ന് സിപിഐയും എൻസിപിയുമെല്ലാം നിലപാട് ആവർത്തിച്ചുകഴിഞ്ഞു.

ENGLISH SUMMARY: janayugam arti­cle about ker­ala con­gress division