October 5, 2022 Wednesday

കേരളത്തെ തകർക്കാനുള്ള നീക്കം ചെറുക്കുക

Janayugom Webdesk
March 4, 2021 3:30 am

കേരളത്തിന്റെ അടിസ്ഥാന വികസനം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായിരുന്നു സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ സ്ഥാപിതമായ കേന്ദ്രീകൃത ഏജൻസിയായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ കിഫ്ബി.അ‌ഞ്ചുവർഷം കൊണ്ട് അരലക്ഷംകോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കണമെന്നായിരുന്നു എൽഡിഎഫ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 821 പദ്ധതികളിലായി 60,096.35 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നല്കുന്നതിന് സാധ്യമായി. ഇതിൽ 40,096 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികൾ ഉൾപ്പെടുന്നു.493.50 കോടി രൂപ ചെലവഴിച്ചുള്ള ഹൈടെക് ക്ലാസ് റൂം, 292 കോടി ചെലവിട്ട് ഹൈടെക് ലാബുകൾ, 1642 കോടി ചെലവുവരുന്ന സർക്കാർസ്കൂൾ നവീകരണം, 3121 കോടി ആരോഗ്യ മേഖലയിൽ തുടങ്ങിയ വിവിധ പദ്ധതികളാണ് ഇതുവരെയായി അംഗീകാരം നല്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടുള്ളത്. ഭരണ — പ്രതിപക്ഷ വ്യത്യാസമില്ലാതെ 140 മണ്ഡലങ്ങളിലും കിഫ്ബി പദ്ധതിയുടെ നേട്ടം കൈവരിക്കാനായി. 

വ്യത്യസ്തമായ ധനസമാഹരണ പദ്ധതിയിലൂടെ കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിനാണ് സർക്കാർ ഇത് ആവിഷ്കരിച്ചത്. പദ്ധതി ആരംഭിച്ചപ്പോഴോ നടപ്പിലാക്കി തുടങ്ങിയപ്പോഴോ ഇല്ലാത്ത വിവാദങ്ങൾ സൃഷ്ടിച്ച് പദ്ധതി തകർക്കുന്നതിനുള്ള ശ്രമങ്ങൾ സമീപകാലത്ത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടായി. തങ്ങളുടെ മണ്ഡലങ്ങളിൽ കിഫ്ബി വഴി ധനസമാഹരണം നടത്തിയുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലോ നടപ്പിലാക്കുന്നതിലോ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരമൊരു നിലപാടുമാറ്റം സ്വീകരിച്ചത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണെന്ന് പറഞ്ഞ് അവഗണിക്കാം. പക്ഷേ ഇപ്പോൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ബിജെപി നടത്തുന്ന നീക്കങ്ങൾ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തെ തകർക്കുന്നതാണ്. 

അസാധാരണമായ വെല്ലുവിളികളാണ് ഇപ്പോഴത്തെ സർക്കാർ കേരളത്തിൽ നേരിട്ടത്.സാധാരണയുണ്ടാകാറുള്ള പ്രശ്നങ്ങൾക്കൊപ്പം പ്രകൃതി ദുരന്തങ്ങ­ൾ, രോഗങ്ങളും ഇപ്പോ­ൾ ആഗോളതലത്തിലുണ്ടായ മഹാമാരിയും ഒക്കെ കേരളത്തിന്റെ വികസന പദ്ധതികൾ പ്രതിസന്ധിയിലാക്കുന്നവയായിരുന്നു. ഇത്തരം ദുരന്തങ്ങൾ പ്രവചനാതീതമാണെങ്കിലും അതിനെ ഒരുപരിധിവരെ അതിജീവിക്കാനായത് കിഫ്ബി എന്ന വേറിട്ട ധനസമാഹര­ണ പദ്ധതി ആവിഷ്ക്കരിച്ചതുകൊണ്ടായിരുന്നു. പക്ഷേ അതിനെയും തകർക്കുന്നതിനുള്ള ബിജെപി സർക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷവും സ്വീകരിച്ചത്.
കേന്ദ്ര സർക്കാർ പല വിധത്തിൽ കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനുള്ള സമീപനങ്ങൾ സ്വീകരിച്ചുവരികയായിരുന്നു. അത് കിഫ്ബിയിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല. പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങളെ നേരിടുന്ന ഘട്ടത്തിൽ വിദേശസഹായം ലഭ്യമാകുന്നത് സാങ്കേതിക കാരണങ്ങൾ നിരത്തി തടയിടാൻ ശ്രമിച്ചത് നമുക്ക് മറക്കാറായിട്ടില്ല. നേരത്തേതന്നെ കിഫ്ബിയെയും ലൈഫ് മിഷൻ പോലുള്ള ജനനന്മയ്ക്കുള്ള പദ്ധതികളും തകർക്കുന്നതിനുള്ള സമീപനം കേന്ദ്രത്തിന്റെയും അതിന്റെ കൂടെച്ചേർന്ന് കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്നുണ്ടായിരുന്നതാണ്. അതിന്റെ തുടർച്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെ ഉപയോഗിച്ച് നേരിടുന്നതിനുള്ള ഇപ്പോഴത്തെ നീക്കം. ഇതിനകംതന്നെ പലവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വിവരങ്ങൾ തേടിയെങ്കിലും തെറ്റായി ഒന്നും കണ്ടെത്താനായില്ല.

അതേ തുടർന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിന് ഹാജരാകുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. തീർച്ചയായും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനില്ക്കേ ചോദ്യം ചെയ്യലിനപ്പുറം തങ്ങളുടെ പാവകളായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് റെയ്ഡുകൾ ഉൾപ്പെടെയുള്ള നാടകങ്ങളും പ്രതീക്ഷിക്കാവുന്നതുമാണ്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി പ്രവർത്തനങ്ങൾ എന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദേശനാണയ വിനിമയ നിയന്ത്രണ നിയമപ്രകാരം എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ റിസർവ് ബാങ്കിന് നടപടിയെടുക്കാവുന്നതാണ്. കിഫ്ബി നിയമവിരുദ്ധ നടപടികളിൽ ഏർപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും റിസർവ് ബാങ്കിന് പഴുതുകളൊന്നും കണ്ടെത്താനാവുന്നില്ലെന്നാണ് അവർ ഒരു നടപടിയും സ്വീകരിക്കാത്തതിൽനിന്ന് മനസിലാക്കേണ്ടത്. അതുകൊണ്ട് കഴിഞ്ഞ കുറേക്കാലമായി എതിരാളികളെ വേട്ടയാടുന്നതിന് ഉപകരണമാക്കുന്ന ഇഡിയെ ഉപയോഗിച്ച് അതിന് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് കേരളത്തിനെതിരായ യുദ്ധമാണ്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാനുള്ള ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്. കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവായ സഹമന്ത്രിയും ഉൾപ്പെടെയുള്ളവർ ചേർന്നുള്ള ഈ ഗൂഢാലോചന കേരളത്തിന്റെ വികസനത്തെയാണ് തകർക്കുന്നത്. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി സംസ്ഥാനത്തിന്റെ വികസന കുതിപ്പ് തടയുന്നതിന് അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ്. ഇതിനെതിരെ ശക്തമായ പ്രതികരണം കേരളീയ പൊതുസമൂഹത്തിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.