അജിത് കൊളാടി

June 08, 2020, 5:30 am

മലപ്പുറം എത്ര മനോഹരം

Janayugom Online

മലപ്പുറം എത്ര സുന്ദരം. ”ആനക്കാര്യത്തിലെന്തു ചേനക്കാര്യം” എന്ന ചോദ്യത്തിൽ തന്നെ ആനക്കാര്യമാണ് ഏറ്റവും വലിയ കാര്യമെന്ന് അന്തർലീനമായിട്ടുണ്ട്. ജന്തുലോകത്തിൽ ഏറ്റവും വലിയ മൃഗം ആനയാണെന്നുള്ളതുകൊണ്ട് സ്വാഭാവികമായും ആനക്കാര്യം ഏറ്റവും വലിയ കാര്യമായി തീരുന്നു. ഏറ്റവും സുന്ദരമായ മൃഗം കൂടിയാണ് ആനയെന്ന് വളരെ പേർ കരുതിപ്പോരുന്നു. എത്ര കണ്ടാലും മതിവരില്ല.

നിലത്തു കിടന്നിഴയുന്ന തുമ്പിക്കെെ, വക്കുകൾ മുന്നോട്ടു മടങ്ങിവീണ വലിയ ചെവികൾ, നല്ല നീളവും അററങ്ങൾ മേലോട്ടു വളഞ്ഞ കൊമ്പുകൾ, എടുത്തുപിടിച്ചു നിൽക്കുന്ന മസ്തകം, നല്ല കറുത്ത നിറം: ഇത്യാദി ലക്ഷണങ്ങൾ തികഞ്ഞ ആനകൾ “മാതംഗലീല“ക്കാർക്കു രോമാഞ്ചദായകം. കവികളും എഴുത്തുകാരും ആനകളെ പ്രതിപാദ്യങ്ങളാക്കിയിട്ടുണ്ട്. ഗജരാജവിരാജിത മന്ദഗതികളായ സുന്ദരികൾ കവികൾക്കെന്നും പ്രിയങ്കരികളായിരുന്നു. മനുഷ്യനുമായി ഇത്ര ആത്മാർത്ഥമായി ഇണങ്ങിച്ചേരുന്ന വന്യമൃഗങ്ങൾ വേറെയില്ല. ചുറ്റുപാടുകളിലെ മണ്ണും ചെളിയും ചരലുമെല്ലാം തുമ്പിക്കെെകൊണ്ടു വാരി പുറത്തും ദേഹത്തും ആകെ പൂശിക്കൊണ്ടുള്ള ഗജവീരന്റെ പോസിനെ അതിവിചിത്രം തന്നെ എന്നു പറയാം. ആനയുടെ സ്നേഹം നമുക്കറിയാം. ആനപ്പകയെക്കുറിച്ചും കഥകൾ ഉണ്ട്.

അതിസുന്ദരമായ, ഈ മൃഗത്തിന്റെ ജീവനാണ് മനുഷ്യന്റെ ക്രൂരതമൂലം, വികൃതമായ മനസ്സുമൂലം നഷ്ടപ്പെട്ടത്. ഗർഭിണിയായ ഒരു ആന. വളരെ നിർഭാഗ്യകരമായ സംഭവം. കാലം എത്ര മാറിയാലും, സമസ്ത മേഖലകളിലും എത്ര വലിയ മാറ്റങ്ങൾ വന്നാലും, വലിയ സാങ്കേതികവൈദഗ്ദ്ധ്യം സൃഷ്ടിച്ച, വലിയ പുരോഗതി കൈവന്നാലും, ആ മാറ്റങ്ങൾ എല്ലാം സൃഷ്ടിച്ച മനുഷ്യമനസ്സിന്റെ ആന്തരഘടന മാറ്റാൻ ആവില്ല. മനസ്സിന്റെ സന്താനങ്ങൾക്ക് മനസ്സിനെ മാറ്റാനാവില്ല. മനസ്സ് എന്തിന്റെ സന്താനമാണോ, അതിനു മാത്രമെ മനസ്സിനു മാറ്റാനാവുകയുള്ളു. ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. മഹാമാരിമൂലം ലക്ഷങ്ങൾ രോഗാതുരർ. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു.

അപ്പോഴും ചിലരുടെ മനസ്സ് സ്വയം ചീത്തയും വൃത്തികെട്ടതും ആയിത്തീരുകയാണ്. അസഹിഷ്ണതയും, വിഭാഗീയതയും പ്രചരിപ്പിക്കുന്നു ഇത്തരക്കാർ. അതാണ് ഈ സംഭവത്തിന്റെ പേരിൽ, ഒരു ജില്ലയെ തന്നെ ഡൽഹിയിൽ നിന്ന് മുൻ കേന്ദ്രമന്ത്രി വിമർശിച്ചത്. നന്മയും തിന്മയും വേർതിരിക്കാൻ കഴിയാത്ത ഒരു സായംസന്ധ്യയിൽ നമ്മുടെ കാലം പെട്ടുപോയി. മനുഷ്യനെ അല്പനാക്കുകയും, അവനെ അല്പനാക്കുന്ന വസ്തുക്കളെ, മഹത്തായി കാണുകയും ചെയ്യുന്ന ഒരു യുഗത്തിലാണ് നാം. ചെറിയ മനസ്സ്. സത്യം ഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല, സാധിക്കുന്നില്ല, ഇത്തരക്കാർക്ക്. ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുക, മഹാമാരിയുടെ കാലത്തും, പച്ച നുണകൾ മാത്രം പറയുക, അതാണ് ഫാസിസ്റ്റ് രാഷ്ട്രീയം.

മനസ്സിന്റെ സുഗന്ധം നഷ്ടപ്പെട്ടവർ. സ്വാതന്ത്ര്യത്തിന്റെ സുഗന്ധം നഷ്ടപ്പെട്ടത് അതുകൊണ്ടാണ്. അവർ സദ്ബുദ്ധി ഉപേക്ഷിച്ചവർ. മനുഷ്യനെ കാണാൻ കഴിവില്ലാത്തവർ. ഇതാണ് സംഘ പരിവാറിന്റെ സങ്കുചിതത്വം. അതാണ് അവരുടെ വാക്കുകളിലൂടെ പ്രവഹിച്ചത്. അവർക്ക് ഭേദബുദ്ധിയാണ്, വേദബുദ്ധിയില്ല. അവർക്ക് വിശ്വദർശനമില്ല. ഈ ജില്ലയിലുള്ളവർ, അക്രമകാരികൾ, അസഹിഷ്ണുതയുള്ളവർ, എന്നൊക്കെ പറയുമ്പോൾ, അവർ ഈ പ്രദേശത്തിന്റെ ചരിത്രം തീരെ ഉൾക്കൊണ്ടില്ല എന്നറിയാം. അതാണ് ഭേദചിന്തയുടെ കാളകൂടം വമിക്കുന്നത്.

വേദത്തിന്റെ, ഉപനിഷത്തിന്റെ കാതലായ സംസ്കാരം, വിശ്വമാനവിക ഐക്യത്തിൽ പ്രതിഷ്ഠിതമാണ്. സംഘപരിവാർ അത് ഉൾക്കൊള്ളില്ല, അവർ ഉപനിഷത് പറഞ്ഞ വിശ്വമാനവികതയെ, അസഹിഷ്ണുതയാക്കി, സങ്കുചിതത്വമാക്കി. വർഗ്ഗീയവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിന്റെ വധം ഇവർ നടത്തുന്നു. യഥാർത്ഥ രാഷ്ട്രീയം മനുഷ്യന്റെ സാംസ്ക്കാരികമായ ഉയർച്ചക്ക് ഏറ്റവും അനുകൂലമായ അവസ്ഥയാണ്. അത് മനുഷ്യന്റെ ആന്തരികമായ ശക്തിയിൽ വിശ്വസിക്കുന്നു. അവിടെ മതിലുകൾ ഇല്ല. ഇവർ മതിലുകൾ മാത്രം കെട്ടുന്നു. ഒരു ജില്ലയിലെ മനുഷ്യർ ക്രിമിനൽ സ്വഭാവമുള്ളവർ എന്നു പറയുമ്പോൾ അത്തരം വികൃതമനസ്സാണ് പുറത്ത് വരുന്നത്. ആ വികൃതചിന്തകൾക്ക് മലപ്പുറത്തിന്റെ മണ്ണിൽ വളക്കൂറില്ല. നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും പേറുന്ന ഈ ജില്ല. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്നത് പൊന്നാനിയിൽ. പുഴയുടെ പേരു തന്നെ ഭാരതപ്പുഴ.

ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും ഭാരതപ്പുഴ എന്ന പേരിൽ ഒരു പുഴയില്ല. ലോകത്തിൽ എല്ലായിടത്തും നദീതീരങ്ങളിൽ, സംസ്കാരങ്ങൾ ഉദയംകൊണ്ടിട്ടുണ്ട് എന്നത് ചരിത്രം. ഭാഷാ പിതാവ്, തുഞ്ചത്തെഴുത്തച്ഛനും, കുഞ്ചൻ നമ്പ്യാരും, വള്ളത്തോളും, ഉറൂബും, ഇടശ്ശേരിയും, വി ടി ഭട്ടതിരിപ്പാടും, എം ടിയും, അക്കിത്തവും, വി കെ എന്നും, സി രാധാകൃഷ്ണനും, ആലങ്കോട് ലീലാകൃഷ്ണനും, കെ പി രാമനുണ്ണിയും, പി സുരേന്ദ്രനും നിളയുടെ വത്സല സന്തതികൾ ആണ്. ഭാരതപ്പുഴ തീരത്ത് താമസിക്കാൻ ദേവൻമാർക്കും അതീവ താല്പര്യം. തിരുവില്വാമലയിൽ ശ്രീരാമനും, തിരുന്നാവായയിൽ നാവാമുകുന്ദനും, നിളയുടെ സാമീപ്യം നുകരുന്നു. ചമ്രവട്ടത്ത് ശാസ്താവ് പുഴയിൽ ഇറങ്ങിയിട്ടാണ് ഇരിപ്പ്. ദേവന്മാർക്കുപോലും നിളയേയും മലപ്പുറം മണ്ണിനേയും ഇഷ്ടമാണ്.

ആലത്തൂർ ഹനുമാനും, തൃപ്രങ്ങോട്ട് മഹാശിവനും, വൈരങ്കോട് ഭഗവതിയും പ്രദേശത്തെ ചൈതന്യവത്താക്കുന്നു. അവിടെയുള്ള ജനങ്ങൾ, ഹിന്ദു മുസ്‌ലിം സോദരർ ഒന്നടങ്കം ഇവിടത്തെ ഉത്സവങ്ങളിൽ പങ്കാളികൾ. അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നവർ. സാമൂഹ്യ പരിഷ്കർത്താക്കളും, നവോത്ഥാന നായകരും, ജനകീയരായ ഒരുപാടു നേതാക്കളും, ഈ മണ്ണിനെ പുകൾപെറ്റതാക്കി. സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയും, സ്വാതന്ത്ര്യ സാക്ഷാത്കാരത്തിനായി പൊരുതുകയും ചെയ്തു അവർ. ഒറ്റയാൻ സമരം നടത്തിയ ഒരതിമാനുഷൻ ആ കൂട്ടത്തിൽ ഉണ്ട്. വെളിയങ്കോട് ഉമർഖാസി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥ രാഷ്ട്രീയ സാമൂഹ്യ കേരളത്തിന്റെ, ഇന്ത്യയുടെ കഥയാണ്.

ബ്രിട്ടീഷ് സാമ്യാജ്യത്വത്തിനെതിരെ, നികുതി ചുമത്തലിനെതിരെ, നടത്തിയ സമരം. ധീര ദേശാഭിമാനത്തിന്റെ ഉജ്ജ്വല അധ്യായങ്ങൾ. വിമോചന പോരാട്ടത്തിന്റെ പാരമ്പര്യമാണ് ഈ മണ്ണിന്റേത്. സർവ്വവും ത്യജിച്ച് രാഷ്ട്രത്തിന്റെ മോചനത്തിനായി കർമ്മരംഗത്തിറങ്ങിയവർ അനവധി. സ്വാതന്ത്ര്യ സമരത്തിന്റെ, ആവേശത്തിന്റെ തീനാളങ്ങളായി വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും. ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി സ്ഥാനഭ്രഷ്ടനായ മമ്പുറം തങ്ങൾ. മൊയ്തു മൗലവിയെന്ന രാഷ്ട്രീയ ഇതിഹാസം ജനിച്ച മണ്ണ്. സമസൃഷ്ടി സ്നേഹം അദ്ദേഹത്തിൽ നിറഞ്ഞുനിന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തു. ഹിന്ദു മുസ്‌ലിം ഐക്യം പ്രകടമായി ആ കാലത്ത്.

ബ്രിട്ടനെതിരെ പോരാട്ടം. പല ഖിലാഫത്ത് കമ്മിറ്റികൾക്കും നേതൃത്വം നൽകിയത് ഹിന്ദുക്കൾ ആയിരുന്നു. മലബാർ കലാപത്തെ വർഗ്ഗീയ കലാപമാക്കി പൊക്കിക്കാട്ടി മതവൈരം വളർത്താൻ പാടുപെടുന്നവർക്ക് മൗലവി പേടി സ്വപ്നമായിരുന്നു. മതമൈത്രിയുടെ പ്രതീകം. അതാണ് ഈ മണ്ണ്. ബീഡി തൊഴിലാളി സമരം പൊന്നാനിയിൽ. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിമാർ, കൂലി കുറച്ചു. അനീതിക്കെതിരെ പോരാടാൻ കീഴേടത്ത് ദാമോദരൻ തിരൂരിൽ നിന്ന് പൊന്നാനിയിലെത്തി. ഒരുപക്ഷെ കേരളത്തിലെ ആദ്യത്തെ സംഘടിത സമരം. കെ ദാമോദരന്റെ നേതൃത്വത്തിൽ. മുസ്‌ലിം സോദരരായിരുന്നു ഭൂരിഭാഗം തൊഴിലാളികളും. ബ്രിട്ടീഷ് പൊലീസ് ദാമോദരനെ അറസ്റ്റു ചെയ്തു. പതിനായിരങ്ങൾ തടിച്ചുകൂടി.

1930 കളുടെ അവസാനം. ജനകണ്ഠങ്ങളിൽ നിന്ന് മുദ്രാവാക്യമുയർന്നു. “ഇങ്ക്വിലാബ് സിന്ദാബാദ്, അള്ളാഹു അക്ബർ”, കെ ദാമോദരനെ വിട്ടയക്കുക. ലോകത്തിലൊരിടത്തും ഇങ്ക്വിലാബും, അള്ളാഹു അക്ബർ വിളികളും ഒന്നിച്ചു മുഴങ്ങിയിട്ടില്ല, അതിനു മുൻപും ശേഷവും. അതാണ് പൊന്നാനി, മലപ്പുറത്തിന്റെ പടിഞ്ഞാറൻ തീരം. കെ ദാമോദരൻ ഇന്ത്യ കണ്ട അഗ്രഗണ്യനായ മാർക്സിസ്റ്റ് പണ്ഡിതനും, കമ്മ്യൂണിസ്റ്റ് നേതാവുമായി പിന്നീട്. മനുഷ്യ സ്നേഹമാണ് ഇവിടെ. ഈ സമര ഘട്ടത്തിലാണ് സാക്ഷാൽ പ്രേംജി, (എം പി ഭട്ടതിരിപ്പാട്) ഇവിടെ പാടി നടന്നത് “കമ്പനി പൂട്ടി കമ്പനിയുടമ, കുംഭനിറച്ചു സുഖിക്കുമ്പോൾ, ബീഡി തിരിച്ചു തിരിച്ചു നിത്യം, വീടു പുലർത്തും തൊഴിലാളികൾ, പട്ടണ നടുവിൽ പണിയില്ലാതെ, പട്ടികളെപ്പോലെ അലയുകയായ്, ജോലി വിയർപ്പു വറ്റും മുമ്പെ, കൂലി കൊടുക്കണമെന്നല്ലാ, കൊല്ലാക്കൊലയെ എതിർക്കുന്ന നബി, സല്ലല്ലാഹു അലൈവ സല്ലാം” അതാണ് ഇവിടത്തെ ഹിന്ദു മുസ്‌ലിം ഐക്യം. സാക്ഷാൽ പ്രേംജിയാണ്. പാടി നടന്നത് മുസ്‌ലിം സോദരർക്കിടയിൽ’. ഇവിടെ ജനിച്ചു, ജീവിച്ചു, മേല്പത്തൂരും പൂന്താനവും. ജ്ഞാനപാനത്തിലൂടെ മനുഷ്യ സമത്വം പാടിയ പൂന്താനം. സമസൃഷ്ടി സ്നേഹം വാരിവിതറി.

ജിവിതത്തിന്റെ സമസ്ത അനുഭവങ്ങളും മാപ്പിളപ്പാട്ടിലൂടെ, മാപ്പിള സാഹിത്യത്തിന്റെ നവോത്ഥാന വസന്തം ആയ മോയിൻകുട്ടി വൈദ്യരുടെ നാട്. മാനുഷികതയുടെ ഔന്നത്യം കുടികൊള്ളുന്നത് മനുഷ്യന്റെ ഉയർന്ന ധാർമികതയിലാണെന്ന് വിശ്വസിച്ച, തത്വചിന്തകൻ, കവി എം ഗോവിന്ദന്റെ മണ്ണ്. “കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്കു നമ്മൾ” അധികാരം കൊയ്യണമാദ്യം നാം, അതിനുമേലാകട്ടെ പൊന്നാര്യൻ” “ഇത്തറവാടിത്ത ഘോഷണത്തെ പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” ഇതെല്ലം പറഞ്ഞ ഇടശ്ശേരിയുടെ മണ്ണ്. മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങൾ. മാനവിക നവോത്ഥാനങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ്. ഭാഷാപിതാവ് തന്നെ ആദ്യ മാനവികസന്ദേശം നൽകി ലോകത്തിന് ഇവിടെ നിന്ന്, “ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത ഭാസുരനും “ഇതിലൂടെ തുഞ്ചെത്തെഴുത്തച്ഛൻ ഏവരേയും സമഭാവനയോടെ കണ്ടു. മതേതര സംസ്കാരമാണ് നൂറ്റാണ്ടുകളായി ഈ പ്രദേശത്തിന്.

നന്മയെ സ്വീകരിച്ച്, തിന്മയെ തള്ളുന്ന മലപ്പുറം. പ്രവാചകന്റെ വഴിയിലെ ചൈതന്യം ശൈഖ് സൈനുദ്ദീൻ മഖ്ദും പൊന്നാനിയിൽ വലിയ പള്ളി സ്ഥാപിച്ചു. ദർസ് (മതവിജ്ഞാനത്തിന്റെ, ലോക വിജ്ഞാനത്തിന്റെ പാഠശാല ഇവിടെ ആരംഭിച്ചു) പള്ളി പണിയാൻ തേക്ക് മരം നൽകിയത് സാമൂതിരിയാണെന്ന് ചരിത്രം. മതസൗഹാർദ്ദത്തിന്റെ കേളീരംഗം. സാമൂതിരി ഇടയ്ക്ക് പൊന്നാനിയിലെ തൃക്കാവിൽ താമസിച്ചിരുന്നു കേരള ഗാന്ധി കേളപ്പൻ, ദേശീയ പ്രസ്ഥാനത്തിന്റെ നായകൻ, മനുഷ്യസ്നേഹത്തിന്റെ ഗോപുരം, വർഗ്ഗീയതക്കെതിരെ നിരന്തര പോരാട്ടം നടത്തിയ മനുഷ്യൻ, ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ കാവലാൾ, സർവ്വോദയ പ്രസ്ഥാനത്തിന്റെ കർത്താവ്, പ്രവർത്തിച്ചത് ഇവിടെയാണ്.

ലോകം കണ്ട, വിശ്വപ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് നേതാവ്, മനുഷ്യസ്നേഹി, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി, ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പ്രവർത്തന മണ്ഡലം. ഈ ജില്ലയുടെ തന്നെ ജനനത്തിന് കാരണക്കാരൻ. മാനവ സാഹോദര്യത്തിന്റെ ഉത്തുംഗശൃംഗം. ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന്, ജനാധിപത്യ ആശയം ഉയർത്തിയ പി എം എസ് എ പൂക്കോയ തങ്ങൾ, അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ, സി എച്ച് മുഹമ്മദ് കോയ, സാഹോദര്യം ഊട്ടിയുറപ്പിച്ചവർ. ആഴ്‌വാഞ്ചേരി തമ്പ്രാക്കളും, പാണക്കാട് തങ്ങൾമാർ, ഇവരെല്ലാം പുലർത്തുന്നത് മത സാഹോദര്യം.

മലപ്പുറത്തിന്റെ മതേതര പാരമ്പര്യത്തിന്റെ പ്രതീകമായ കോട്ടക്കൽ ആര്യവൈദ്യശാല. പി എസ് വാരിയർ എന്ന മനുഷ്യസ്നേഹി. മഹാഗുരു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “മഹാഭാരതം” ഇവിടെ വച്ചാണത്രെ തർജ്ജമ ചെയ്തത്. ഓംകാരവും, ചന്ദ്രക്കലയും, കുരിശും, ഒരുമിച്ചു അടയാളപ്പെടുത്തിയ കൈലാസ മന്ദിരം. ഡോ. പി കെ വാരിയർ എന്ന സ്നേഹത്തിന്റെ ആൾരൂപം. കൊളാടി ബാലകൃഷ്ണൻ, ഇ കെ ഇമ്പിച്ചിബാവ, കൊളാടി ഗോവിന്ദൻ കുട്ടി, പി പി ബീരാൻ കുട്ടി, സെയ്താലിക്കുട്ടി, ശ്രീധരൻ മാസ്റ്റർ, ടി ഇബ്രാഹിം, സാധു അബ്ദുള്ള കുട്ടി, കൃഷ്ണപ്പണിക്കർ, പി ടി മോഹനകൃഷ്ണൻ, സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ, അങ്ങിനെ അതികായന്മാരായ, മനുഷ്യസ്നേഹികളായ, മതസാഹോദര്യത്തിനെ ജീവിതത്തിൽ പകർത്തിയ നേതാക്കൾ ജീവിച്ച മണ്ണാണ് മലപ്പുറം ജില്ല. അപാരമായ മനുഷ്യസ്നേഹമാണ് ഭാഷാപിതാവ് മുതൽ ഇന്നുള്ളവർ വരെ ഇവിടെ ജീവിതചര്യയാക്കി മാറ്റിയത്. ഇവിടത്തെ സഹോദരീ സഹോദരന്മാർ സ്നേഹത്തിന്റെ ആൾരൂപങ്ങൾ.

കലവറയില്ലാത്ത സ്നേഹം, കാരുണ്യം അതാണ് ഇവിടത്തുകാരുടെ മുഖമുദ്ര. സ്നേഹം തകർക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. അവരുടെ ലക്ഷ്യം ഭിന്നിപ്പിക്കലാണ്. അവർ വിദ്വേഷവും, അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നു. മതമൗലികവാദികൾ അതേ ചെയ്യു. ഏത് മതത്തിന്റെ ആയാലും. പക്ഷെ, മലപ്പുറം അതിന്റെ തേജോമയമായ ചരിത്രം ഉയർത്തിപ്പിടിക്കും. മാനവ സ്നേഹത്തിന്റെ ഗീതം പാടും സുകൃത മനസ്സിന്റെ ഉടമകളാകും. സുഗന്ധം വിടർത്തും. അതാണ് പൂർവ്വസൂരികൾ പ്രവർത്തിച്ചു കാണിച്ചത്. മാനവ സ്നേഹത്തിന്റെ കേദാരമാണ് മലപ്പുറം.