March 23, 2023 Thursday

മെയ് ദിനം നീണാൾ വാഴട്ടെ

കെ. പി രാജേന്ദ്രൻ (ജനറൽ സെക്രട്ടറി,എഐടിയുസി)
May 1, 2020 5:30 am

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിലാണ് തൊഴിലാളികൾ ഇത്തവണത്തെ മെയ്ദിനം ആചരിക്കുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും കോവിഡ് ഭീതിയിൽ ലോക്ഡൗണിലാണ്. വികസിത മുതലാളിത്ത രാജ്യങ്ങൾപോലും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും ഇതിനകം 32 ലക്ഷത്തിലധികമാളുകളിൽ രോഗവ്യാപനം നടക്കുകയും മരണസംഖ്യ രണ്ട് ലക്ഷം കവിയുകയും ചെയ്തു. ആരോഗ്യരംഗം സ്വകാര്യവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലാണ് ജനങ്ങൾ ഏറ്റവും കൂടുതൽ മരിക്കുന്ന സാഹചര്യം ഉണ്ടായത്. എന്നാൽ കേരളത്തിലെ പൊതുമേഖല ആരോഗ്യ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചതുകൊണ്ടാണ് രോഗവ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞതെന്ന് ഇതിനകം വ്യക്തമാക്കപ്പെടുകയുണ്ടായി. അതുകൊണ്ട് തന്നെ മഹാമാരിയുടെ നടുവിൽ അകപ്പെട്ടിരിക്കുന്ന ജനതക്ക് മുമ്പിൽ ലോക തൊഴിലാളി വർഗ്ഗം മുന്നോട്ടുവയ്ക്കുന്ന മെയ്ദിന സന്ദേശം, ‘എല്ലാവർക്കും സുരക്ഷിതവും സൗജന്യവുമായ ആരോഗ്യ സംരക്ഷണം’ എന്നതാണ്.

ചരിത്രപ്രസിദ്ധമായ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്. ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം മെയ്ദിനം രേഖപ്പെടുത്തുന്നു. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിനമല്ല. വരാൻ പോകുന്ന ശക്തവും തീവ്രവുമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊർജ്ജം പകരുന്ന ദിനാചരണം കൂടിയാണ്. 1886 മേയ് ഒന്നിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ചിക്കാഗോയിൽ തൊഴിലാളികൾ തങ്ങളുടെ ജോലിസമയം എട്ട് മണിക്കൂറായി കുറയ്ക്കാൻ സമരം ആരംഭിക്കുന്നതോടു കൂടിയാണ് വലിയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. 38,000 തൊഴിലാളികൾ ഈ ആവശ്യം ഉന്നയിച്ച് പണിമുടക്കി. 11,000 തുണിശാലകളും ഫാക്ടറികളും നിശ്ചലമായി. മുതലാളിമാർ സമരത്തെ പൊളിക്കാൻ ഗുണ്ടകളുടെയും പൊലീസിന്റെയും സഹായത്തോടെ ആക്രമണോത്സുകതയോടെ എന്തിനും തയ്യാറായി രംഗത്തിറങ്ങി. പൊലീസ് വെടിവയ്പിൽ നാല് തൊഴിലാളികൾ മരിച്ചു. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഗുരുതരമായ പരിക്ക് പറ്റി. പൊലീസിന്റെ നരനായാട്ടും തേർവാഴ്ചയും വ്യാപകമായി. മെയ് നാലിന് പൊലീസ് അതിക്രമത്തിനെതിരെ നഗരത്തിലെ പ്രധാന കേന്ദ്രമായ “ഹേ മാർക്കറ്റ് സ്ക്വയറിൽ” തൊഴിലാളി ബഹുജന പ്രതിഷേധ യോഗം ചേർന്നു. യോഗം അവസാനിപ്പിച്ചതായി സംഘാടകർ പ്രഖ്യാപിച്ച് തൊഴിലാളികൾ പിരിഞ്ഞുപോകുന്ന സന്ദർഭത്തിൽ സായുധരായ നൂറുകണക്കിന് പൊലീസുകാർ ഹേ മാർക്കറ്റ് സ്ക്വയറിലേക്ക് ഇരച്ചുകയറി തൊഴിലാളികളെ ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് വെടിവയ്പ് തുടങ്ങി. ആറു തൊഴിലാളികൾ തൽക്ഷണം മരിച്ചു. വളരെയേറെ തൊഴിലാളികൾക്ക് ഗുരുതരമായ പരിക്ക് പറ്റി. തുടർന്ന് പൊലീസിന്റെ ക്രൂരമായ നരനായാട്ടാണ് നഗരം മുഴുവൻ നടന്നത്. ആയിരക്കണക്കിന് തൊഴിലാളികൾ തുറുങ്കിലടക്കപ്പെട്ടു.

ആൽബർട്ട് പാർസൻ, അഗസ്റ്റസ് സ്പൈസ്, ആർബർട്ട് ഫിഷർ, ജോർജ്ജ് എംഗൽ, ലൂയിസ് ലിൻഗ്, സാമുവൽ ഫിൽഡൻ, മൈക്കൽ ഷാബ്, ഓസ്ക്കാർ നയ്മേ എന്നീ എട്ട് തൊഴിലാളി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരിൽ ഏഴുപേരെ തൂക്കിക്കൊല്ലാനും ഒരാളെ 15 വർഷം കഠിന തടവിനും ശിക്ഷിച്ച് ചിക്കാഗോ കോടതി വിധി പ്രസ്താവിച്ചു. വിധി പ്രസ്താവന കേട്ട അഗസ്റ്റസ് സ്പൈസ് പറഞ്ഞു “ഞങ്ങളെ തൂക്കിലേറ്റുന്നതോടെ പാവപ്പെട്ടവരും കഷ്ടപ്പെടുന്നവരുമായ ലക്ഷക്കണക്കിന് തൊഴിലാളികളാൽ കെട്ടിപ്പടുത്ത തൊഴിലാളി പ്രസ്ഥാനത്തെ അടിച്ചമർത്താമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞങ്ങളെ തൂക്കിലേറ്റുവിൻ. പക്ഷേ ഞങ്ങളിവിടെ ഒരു തീപ്പൊരി ഇടും. ആ തീപ്പൊരി ഇവിടെയും അവിടെയും നിങ്ങൾക്ക് മുന്നിലും പിന്നിലുമെല്ലാം ആളിപ്പടരും. അത് ഭൂമിക്കടിയിലെ തീയാണ്; നിങ്ങൾക്ക് ഒരിക്കലും കെടുത്താനാവാത്ത തീ”. അമേരിക്കൻ സുപ്രീംകോടതി തൊഴിലാളികളുടെ അപ്പീൽ തള്ളി. 1887 നവംബർ 11‑ന് തടങ്കലിൽ ഉള്ള എട്ട് തൊഴിലാളി നേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ ഭേദ്യം ചെയ്ത് കൊന്നു. 1887 നവംബർ 12 വെള്ളിയാഴ്ച ചിക്കാഗോയിലെ കുക്ക് കൗ ജയിലിൽ നാല് തൊഴിലാളി നേതാക്കളെ പരസ്യമായി തൂക്കിക്കൊന്നു. തൂക്കിക്കൊല്ലപ്പെട്ട അഗസ്റ്റസ് സ്പൈസ് മരണത്തിന് മുമ്പ് ഇപ്രകാരം പറഞ്ഞു. “ഇന്ന് നിങ്ങൾ ഞെരിച്ച് കൊല്ലുന്ന ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശ്ശബ്ദത ശക്തിയാർജ്ജിക്കുന്ന ഒരു ദിനം വരും”. 1893‑ലെ അവശേഷിച്ച മൂന്ന് നേതാക്കൾക്കും മാപ്പ് നൽകിക്കൊണ്ട് ഇല്ലിനോയ്സ് ഗവർണ്ണർ പറഞ്ഞത് ഇപ്രകാരമായിരുന്നു “തൂക്കിലേറ്റപ്പെട്ട രക്തസാക്ഷികളെപ്പോലെ ഇവരും കുറ്റക്കാരല്ല; അനീതിയുടെ ഇരകൾ മാത്രം”.

ചരിത്രപ്രസിദ്ധമായ ഒക്ടോബർ വിപ്ലവത്തിനും 31 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ മെയ് ദിനം പിറന്നു. ഫ്രഞ്ചു വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ 1889 ജൂലൈ 14 ‑ന് പാരീസിൽ ചേർന്ന രണ്ടാം ഇന്റർനാഷണലിലാണ് മെയ്ദിനം സർവ്വരാജ്യ തൊഴിലാളി ദിനമായി ആചരിക്കാൻ ലോകമെമ്പാടുമുള്ള തൊഴിലാളികളെ ആഹ്വാനം ചെയ്തത്. ഔദ്യോഗികമായി 1927‑ലെ ഡൽഹിയിൽ ചേർന്ന എഐടിയുസി സമ്മേളനമാണ് മെയ്ദിനം ആചരിക്കാൻ ഇന്ത്യയിലെ തൊഴിലാളികളോട് ആഹ്വാനം ചെയ്തത്. 1957‑ലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് കേരളത്തിൽ മെയ്ദിനം ഒഴിവ് ദിനമായി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ഫെഡറേഷൻ 1945‑ലെ പാരീസിൽ വച്ച് രൂപീകൃതമാകുന്നത് മെയ് ദിനാചരണങ്ങളുടെ കൂടി തുടർച്ചയായാണ്. ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ സ്ഥാപകാംഗമാണ് എഐടിയുസി. ജോലിസമയം ആറു മണിക്കൂറായി കുറയ്ക്കുക, ആഴ്ചയിൽ രണ്ട് ദിവസം അവധി അനുവദിക്കുക ഇന്ന് തൊഴിലാളികൾ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യവും വിവിധ രാജ്യങ്ങളിൽ നടക്കുന്ന ചർച്ചയും ജോലിസമയം എട്ട് മണിക്കൂർ എന്നത് ആറു മണിക്കൂറായി കുറയ്ക്കണമെന്നതാണ്. അതിന് തുടക്കം കുറിച്ചുകൊണ്ട് ചില രാജ്യങ്ങളിൽ പ്രവൃത്തിസമയം ഏഴ് മണിക്കൂറായി കുറയ്ക്കാനുള്ള നടപടികളും കൈക്കൊണ്ടിരിക്കുന്നു. ആഴ്ചയിൽ വേതനത്തോടെയുള്ള അവധി ഒന്നിൽ നിന്നും രണ്ടാക്കി ഉയർത്തണമെന്ന ആവശ്യവും ചില രാജ്യങ്ങളിൽ നടപ്പായി. ഈ സന്ദർഭത്തിലാണ് ലോകത്താകമാനമുള്ള വമ്പൻ കോർപ്പറേറ്റുകളും അവരുടെ ദാസന്മാരെപ്പോലെ പ്രവർത്തിക്കുന്ന ഭരണാധികാരികളും ജോലിസമയം എട്ട് മണിക്കൂറിൽ നിന്നും പന്ത്രണ്ട് മണിക്കൂറായി ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.

ജോലിസമയം എട്ട് മണിക്കൂർ എന്ന വ്യവസ്ഥ എടുത്തുമാറ്റി പന്ത്രണ്ടും പതിനാലും മണിക്കൂറാക്കി ഉയർത്താനുള്ള തൊഴിലാളി വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഈ ഹീന നടപടികൾക്ക് ഏറ്റവും വലിയ ശ്രമം നടത്തിവരുന്നത് മോഡി സർക്കാരാണ്. പുതിയതായി കൊണ്ടുവരുന്ന ലേബർ കോഡിലൂടെ ഇത് നിയമമാക്കാൻ ഉത്സാഹിക്കുകയാണ് ബിജെപി ‑എൻഡിഎ സർക്കാർ. 2020 മെയ് ദിനത്തിൽ രാജ്യത്തെ തൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ഏറ്റവും ശക്തമായ പ്രഖ്യാപനം ജോലിസമയം എട്ടു മണിക്കൂർ എന്ന അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നാണ്. മെയ് ദിനത്തിൽ രാജ്യത്തെ 80 കോടിയോളം വരുന്ന തൊഴിലാളികൾ ഹൃദയത്തോട് ചേർത്തുവച്ച് എടുക്കുന്ന പ്രതിജ്ഞയാണത്. രാജ്യത്തെ പത്ത് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ ഒന്നിച്ച് ഏപ്രിൽ 26‑ന് പുറപ്പെടുവിച്ചിട്ടുള്ള മെയ്ദിന സന്ദേശത്തിൽ എറ്റവും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് തൊഴിലാളികളുടെ ഐക്യവും പോരാട്ടവും ശക്തിപ്പെടുത്തുവാനാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യം മുതലാക്കിക്കൊണ്ട് തൊഴിലാളികൾക്കെതിരെയുള്ള കടന്നാക്രമണം കേന്ദ്ര സർക്കാർ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിന് കഴിയുംവിധം 44 തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡുകളാക്കി തൊഴിലാളി വിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു. പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളെല്ലാം തന്നെ ഈ അവസരം മുതലാക്കി കോർപ്പറേറ്റുകൾക്കും ഓഹരി കമ്പോളങ്ങൾക്കും കൈകാര്യം ചെയ്യാൻ യഥേഷ്ടം അവസരം ഒരുക്കുകയാണ്.

കോവിഡ് കാലം മറയാക്കി തൊഴിലാളി ചൂഷണത്തിനുള്ള സംഘടിത ശ്രമം നടക്കുന്നു. ഈ മേയ് ദിനത്തിൽ തൊഴിലാളികൾ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കേരളത്തിലെ ഗവണ്മെന്റിനോടാണ്. കേരളം ഉയർത്തിക്കൊണ്ടുവന്ന ജനപക്ഷ മാതൃക ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് 2020 മെയ്ദിന പ്രതിജ്ഞയിൽ സംസ്ഥാന സർക്കാരിനോടുള്ള നന്ദിയും ആദരവും തൊഴിലാളികൾ ഉയർത്തിപ്പിടിക്കുന്നതും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ ക്ഷേമത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും എഐടിയുസിയുടെ പിന്തുണയും ഐക്യദാർഢ്യവും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളോടുള്ള സാഹോദര്യത്തിലും ഐക്യദാർഢ്യത്തിലും നമുക്ക് ഇന്ന് പങ്കാളികളാകാം. മെയ്ദിനം നീണാൾ വാഴട്ടെ.

ENGLISH SUMMARY: janayugam arti­cle about may day

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.