നഴ്സസ് ദിനത്തിലെ ആദരവ് കോവിഡാനന്തര കാലത്തേക്ക് വെളിച്ചമാകട്ടെ

പ്രത്യേക ലേഖകൻ
Posted on May 13, 2020, 5:30 am

കൊറോണാനന്തര കാലത്തെക്കുറിച്ച് ആവലാതിപ്പെടുന്നവർ ചുരുക്കമൊന്നുമല്ല. എല്ലാം സാമൂഹിക പ്രതിസന്ധികളുടെ ആക്കം കൂട്ടുന്ന മേഖലകൾ. അതിൽ നഴ്സുമാരുടെ ആശങ്കകൾ ഏതുവിധേന പരിഹരിക്കപ്പെടും എന്നത് സമൂഹത്തിന്റെ ഇടപെടലിനെ ആശ്രയിച്ചായിരിക്കും. ഇന്നലെയായിരുന്നു ലോകം നഴ്സസുമാരുടെ ദിനം ആചരിച്ചത്. കോവിഡ് കാലത്തെ സേവനത്തിലൂന്നി സർവരാജ്യങ്ങളും അവർക്ക് ആദരം സമ്മാനിച്ചു. ആദരവ് കൊടുക്കുന്നതിനൊപ്പം ഈ ഘട്ടത്തിൽ ലോകത്തെ നഴ്സുമാരുടെ സ്ഥിതി എന്താണെന്നുകൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. അത് കൊറോണക്കാലത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ആവരുത്. വേണമെങ്കിൽ കൊറോണകാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന കേരളം എന്ന കൊച്ചുസംസ്ഥാനത്ത് ജനിച്ചുവളർന്ന് നഴ്സായി മാറിയ ലക്ഷോപലക്ഷം മലയാളികളുടെ പ്രശ്നങ്ങളെടുത്താൽ പോലും ചിലത് ബോധ്യമാകും. ലക്ഷങ്ങൾ വിദ്യാഭ്യാസ വായ്പയെടുത്താണ് കേരളത്തിലെ മഹാഭൂരിപക്ഷം പേരും നഴ്സിങ് പഠനത്തിലേക്ക് പ്രവേശിക്കുന്നത്.

നഴ്സിങ് പഠനത്തിനൊപ്പം വിദേശരാജ്യങ്ങളിലെ തൊഴിൽ പ്രതീക്ഷയോടെ ഇന്റർനാഷ്ണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിംസ്റ്റം (ഐഇഎൽടിസി) ഉപയോഗപ്പെടുത്താനും വൻതോതിൽ പണം ചെലവിടുന്നു. ബന്ധപ്പെട്ട രാജ്യത്ത് ഒരു ജോലിയും അവിടേയ്ക്കുള്ള യാത്രയും തരപ്പെടുന്നതോടെ സാധാരണ കുടുംബത്തിന്റെ കിടപ്പാടം കടത്തിലായിക്കാണും. ഇവിടെനിന്നും വരുമാനം എത്തിതുടങ്ങും എന്നതിനെ ആശ്രയിച്ചാവും പിന്നീട് അവരുടെ ജീവിതം. ഒരു പക്ഷെ, നഴ്സ് ആണായാലും പെണ്ണായാലും സ്വന്തം കുടുംബജീവിതം എന്നത് തങ്ങളുടെ കടബാധ്യത കുറയുന്നതിന്റെ തോതനുസരിച്ചായിരിക്കും. ഇങ്ങനെ കേട്ടാൽ ചിലർക്ക് കൗതുകവും മറ്റുള്ളവർക്ക് അമ്പരപ്പും തോന്നുന്ന സങ്കടക്കടലാണ് നഴ്സ്. തുച്ഛമായ വേതനം വാങ്ങി ജീവിതം കരുനീക്കുന്ന നഴ്സിന്റെ കണ്ണുനീർ, മറ്റാരും കാണരുതെന്ന വാശിയോടെയല്ല അവര്‍ നമുക്കുമുന്നിൽ പുഞ്ചിരിക്കുന്നത്. ഫ്ളോറൻസ് നൈറ്റിൻഗേൽ എന്ന ലോക വനിതയുടെ ത്യാഗപൂർണ്ണമായ സേവനത്തിലൂടെ ആധുനികവത്കരിക്കപ്പെട്ട നഴ്സിങ് വർഗം, അക്ഷരാർത്ഥത്തിൽ അന്നും ഇന്നും എന്നും ഒരു ക്രിമിയൻ യുദ്ധപ്പറമ്പിൽ തന്നെയാണ്. ലോകം വിശേഷിപ്പിച്ച മഹാമാരികളുടെ കാലത്തെല്ലാം നഴ്സുമാർ വാഴ്‌ത്തപ്പെട്ടിരുന്നു. എന്നാൽ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആ മഹാമാരികളെ അതിജീവിച്ച ലോക രാജ്യങ്ങളൊന്നും പരിശ്രമിച്ചില്ല.

ഇന്നും മുറിവേറ്റവരായി കഴിയുന്നു ലോകത്താകെ നഴ്സുമാർ. അതെല്ലാമറിഞ്ഞിട്ടും ഈ മേഖലയിലേക്ക് കേരളത്തിൽ നിന്നടക്കം ഒട്ടനവധിപേർ കടന്നുചെല്ലുന്നു. മലയാളി നഴ്സില്ലാത്ത രാജ്യങ്ങളില്ലെന്നുവേണമെങ്കിൽ പറയാം. ആത്മാർത്ഥതയും അർപ്പണമനോഭാവവുമാണ് ലോകരാജ്യങ്ങളിലെ ആതുരാലയങ്ങളിൽ മലയാളി നഴ്സിന്റെ സ്വീകാര്യത. ഏതുകാലത്തും ഇതിൽ മറിച്ചൊരഭിപ്രായം കേട്ട ചരിത്രമുണ്ടായിട്ടില്ല. ആദ്യമാദ്യം ലോകത്തെ നഴ്സുമാർ കണ്ടറിഞ്ഞും കേട്ടറിഞ്ഞും പരസ്പരം തങ്ങളുടെ ദയനീയത പങ്കുവച്ചിരുന്നില്ല. മഹാരാഷ്ട്രയിൽ മുംബൈ ബാന്ദ്ര‑കുർള കോംപ്ലക്സിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ നഴ്സായിരുന്ന ഇരുപത്തിരണ്ടുകാരി തൊടുപുഴ സ്വദേശി ബീന ബേബിയുടെ ആത്മഹത്യ ഈ മേഖലയുടെ വികാരവിചാരങ്ങളെയാകെ മാറ്റിമറിച്ചു. അതുവരെ നഴ്സുമാരും പ്രതികരിക്കാനും പ്രതിഷേധിക്കാനും വിലക്കപ്പെട്ടവരാണെന്ന ധാരണ പൊതുവെ ഉണ്ടായിരുന്നു. ബീനാ ബേബിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടും അന്ന് നിലനിന്നിരുന്നതും ഇന്ന് മറ്റൊരുരീതിയിൽ മാനേജ്മെന്റുകൾ തുടരുന്നതുമായ ബോണ്ട് സമ്പ്രദായത്തിനെതിരെയും സേവനം നിർത്തിവച്ച് ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സുമാർ പുറത്തിറങ്ങി. രാജ്യത്തെ സ്വകാര്യ ആശുപത്രി ഉടമകൾ മാത്രമല്ല, ആതുരശുശ്രൂക്ഷാ രംഗത്ത് സംഘടിതരായിരുന്ന ഡോക്ടര്‍മാരുടെയും നഴ്സിങ് ഇതര ജീവനക്കാരുടെയും പ്രസ്ഥാനങ്ങൾ പോലും അമ്പരന്നു. ഇടിമുഴക്കം പോലെയായി നഴ്സുമാരുടെ കണ്ഠനാദം. ഇന്ത്യയിലെ നഴ്സിങ് വര്‍ഗം അതേറ്റെടുത്തു. ഓര്‍ക്കൂട്ടിൽ നിന്ന് ഫെയ്സ്ബുക്കിലേക്ക് ചുവടുമാറിത്തുടങ്ങിയ സമൂഹമാധ്യമ ലോകം ആ പുതിയ പ്രതിഷേധത്തിന്റെ വാഹകരായി.

അതുവരെ മാറിനിന്ന ഭാഷാ മാധ്യമങ്ങൾ നഴ്സുമാരുടെ വിഷമവും വിശേഷവും തിരക്കാൻ തുടങ്ങി. നഴ്സിങ് മേഖലയിലെ പ്രതിസന്ധികൾക്ക് ഒട്ടും കുറവില്ലാത്ത ഇടമായിരുന്നു ബീനാ ബേബി പിറന്ന മലയാളമണ്ണ്. 300 മുതൽ 800 വരെ പ്രതിമാസ വേതനത്തിലായിരുന്നു കേരളത്തിൽ നഴ്സുമാർ ഭൂരിപക്ഷവും സേവനമനുഷ്ഠിച്ചിരുന്നത്. നഴ്സിങ് പഠനത്തിനായി വായ്പയെടുത്തിരുന്നവരുടെ വാതിലുകളിൽ ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ പതിയാൻ തുടങ്ങിയത് കേരളത്തിൽ ചില ചലനങ്ങൾക്ക് വഴിയൊരുക്കി. ഫെയ്സ് ബുക്ക് കൂട്ടായ്മയൊരുക്കി നഴ്സിങ് വിദ്യാർത്ഥികൾ പരിച തീര്‍ത്തത് 2011 പകുതിയോടെയാണ്. ബാങ്കുകളുമായി ഈ വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ ഇടപെടലുകളും ചർച്ചകളും ഈ പ്രതിസന്ധികൾക്ക് നേരിയ പരിഹാരം ഉണ്ടാക്കി. ഇതോടെ ആശുപത്രികളിൽ ദുരിതമനുഭവിക്കുന്ന നഴ്സുമാർ ഈ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ അനുഭാവം പ്രകടിപ്പിക്കുകയും തങ്ങളുടെ പ്രശ്നങ്ങൾ അതിൽ അവതരിപ്പിക്കുകയും ചെയ്തു. സമൂഹവും ഇവരുടെ വിഷയങ്ങളിൽ ഇടപെട്ട് പിന്തുണ നൽകി. പ്രക്ഷോഭങ്ങൾക്ക് പ്രേരണയേകി. രണ്ടായിരത്തി പതിനൊന്നാം മാണ്ട് നവംബറിൽ ഇവരെല്ലാം ചേർന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്ന പേരിൽ സംഘടിത രൂപമുണ്ടാക്കുകയും അവകാശങ്ങൾക്കായി പോരാട്ടത്തിന് തുടക്കമിടുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഒരുപാട് നഴ്സിങ് സമരങ്ങൾ കേരളം കണ്ടു. സമൂഹവും സര്‍ക്കാരുകളും കോടതികളും ഇടപെട്ടു. ഇന്ന് നഴ്സിന്റെ ശരാശരി ശമ്പളം 20,000 രൂപയാണ്. സംസ്ഥാനത്ത് ഭരണം നിർവഹിക്കുന്ന ഇടതുപക്ഷ സർക്കാര്‍ പുറപ്പെടുവിച്ച നഴ്സിങ് മേഖലയുടെ പുതുക്കിയ സേവന വേതന വ്യവസ്ഥ നടപ്പിലാക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ എല്ലാം ബാധ്യസ്ഥരാണ്. കിടക്കകളുടെ അടിസ്ഥാനത്തിൽ ഇനം തിരിച്ചിരിക്കുന്ന ആശുപത്രികളിൽ വലിയവയെല്ലാം ഈ ഉത്തരവ് പാലിച്ചുവെന്നുവേണം പറയാന്‍. എങ്കിലും ചില മാനേജ്മെന്റുകള്‍ സമയം നീട്ടി ചോദിച്ചും നടപടികൾ നീട്ടിയും പതിവ് രീതി തുടരുന്നു. നഴ്സിങ് മേഖലയിലെ കെട്ടുറപ്പ് വ്യാവസായികമായി തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നുവെന്നാണ് മാനേജ്മെന്റുകൾ പറയാതെ പറയുന്നത്.

വ്യവസായ മേഖലയിൽ പരമ്പരാഗതമായി ചെയ്തുപോരുന്ന വാർഷിക പ്രക്ഷോഭങ്ങളും ചർച്ചകളും തീർപ്പുകളും ആയിരുന്നില്ല നഴ്സുമാരുടെ കാര്യത്തിൽ കേരളം കണ്ടത്. ഇത് മറ്റുപല സംവിധാനങ്ങളെയും തോൽപ്പിച്ചു മുന്നേറി. പരമ്പരാഗതമായി പ്രവർത്തിച്ചുപോരുന്ന യൂണിയനിൽ ലയിക്കാനുള്ള ആവശ്യം ഇവർക്കുമുന്നിലേക്കുവന്നു. അതിനെതിരെ വിഭിന്ന രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്ന നഴ്സുമാരുടെ വലിയ കൂട്ടായ്മ ഉറച്ചുനിന്നതോടെ ഒന്നിനുപിറകെ ഒന്നായി സാമ്പത്തികാരോപണങ്ങളും ട്രേഡ് യൂണിയന്‍ രംഗത്ത് സമാനതകളില്ലാത്തവിധം നിയമവാഴ്ചയും നേരിടേണ്ടിവന്നു. നഴ്സിങ് രംഗത്തെ സംഘടനാപ്രവര്‍ത്തനത്തിന് അപ്രഖ്യാപിത വിലക്കാണ് ഇന്നുള്ളത്. അതിനിടെയാണ് കൊറോണയുടെ വ്യാപനവും ലോക്ഡൗണ്‍ പ്രഖ്യാപനവും നഴ്സുമാരെ ബാധിച്ച മഹാമാരിയായി വന്നുവീണത്. ഈ തക്കം നോക്കി സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും സടകുടഞ്ഞെണീറ്റു. സർക്കാർ പ്രഖ്യാപിച്ച ശമ്പളം പകുതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങി. ത്രീ ഷിഫ്റ്റ് സമ്പ്രദായം എന്നത് അട്ടിമറിച്ച് 24 മണിക്കൂർ തുടർച്ചയായ ജോലിയിലേക്കുപോലും നഴ്സുമാരെ കൊണ്ടെത്തിച്ചു. ഏകദിന ജോലിക്ക് നിയോഗിച്ചവർക്ക് വീടുകളിലേക്ക് പോകാൻ വാഹനസൗകര്യങ്ങൾ അനുവദിക്കാതെ ആശുപത്രികളിൽ തന്നെ നിർത്തുകയും അവര്‍ക്ക് അധിക ജോലി അടിച്ചേൽപ്പിക്കുകയും ചെയ്തു.

പലരെയും ക്രമീകരണം എന്ന പേരില്‍ കൂലിയില്ലാത്ത അവധി കൊടുത്ത് വീടുകളിലേക്കയച്ചു. കോവിഡ് 19 ബാധിച്ചെത്തിയവരെ ശുശ്രൂക്ഷിക്കുന്ന ഐസൊലേഷൻ വാർഡുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിക്ക് നിയോഗിച്ചു. ആരോഗ്യം മോശമായിട്ടുപോലും ക്വാറന്റൈൻ ചെയ്യാതെ ആശുപത്രികളിലെ ജോലികളിൽ ഏർപ്പെടാൻ നിര്‍ബന്ധിച്ചും മാനസികമായി തകർക്കുകയാണ്. ഡൽഹി എൻസിആറിലെ ആശുപത്രികളിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികളിൽ അതിഭീകരമാണ് നഴ്സുമാരുടെ അവസ്ഥ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് കോവിഡ് കാലം കഴിയുന്നതോടെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങൾ വർധിച്ചേക്കുമെന്നാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നൽകിയ നഴ്സസ്ദിന സന്ദേശത്തിൽ നഴ്സുമാരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ബാധ്യത എടുത്തുകാട്ടിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും നഴ്സുമാരുടെ സേവനത്തെ പ്രശംസിച്ചു. ഈ നഴ്സസ്ദിനത്തിൽ ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സമൂഹവും നൽകിയ ആദരവും പ്രശംസകളും കോവിഡാനന്തര കാലത്തെ നഴ്സിങ് ജീവിതത്തിലേക്കുകൂടി വെളിച്ചമേകുന്നതാകണം.