കാനം രാജേന്ദ്രൻ

July 12, 2020, 5:30 am

കറപുരളാത്ത വ്യക്തിത്വം

Janayugom Online

കാനം രാജേന്ദ്രൻ

കേരള രാഷ്ട്രീയത്തില്‍ കറപുരളാത്ത വ്യക്തിത്വത്തിനുടമയായി ആദ്യന്തം നിറഞ്ഞുനിന്ന വിപ്ലവകാരിയും മനുഷ്യസ്നേഹിയുമായിരുന്നു പി കെ വാസുദേവന്‍ നായര്‍. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്ന് (ജൂലെെ 12) 15 വര്‍ഷം തികയുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവ്, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ദീര്‍ഘനാള്‍ പാര്‍ലമെന്റ് മെമ്പര്‍, ജനയുഗം പത്രാധിപസമിതി അംഗം തുടങ്ങിയ നിലകളിലെല്ലാം പികെവി നന്നായി ശോഭിച്ചു. പികെവിയുടെ ഹെെസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് വിദ്യാലയങ്ങള്‍ സമരങ്ങളുടെ നടുവിലായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദിവാന്‍ ഭരണത്തിനെതിരായും ഉത്തരവാദ ഭരണത്തിനുവേണ്ടിയും നാടിന്റെ നാനാഭാഗങ്ങളിലും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.

പികെവി തന്റെ ആത്മകഥയില്‍ എഴുതി: “സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഭാഗമായ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രമുഖ നേതാക്കള്‍ സി എം സ്റ്റീഫനും പരവൂര്‍ ബഷീറുമായിരുന്നു. പൂഞ്ഞാര്‍ ഹെെസ്കൂളില്‍ പഠിക്കുന്നതുവരെ ഞാന്‍ ഒരു സമരവിരോധിയായിരുന്നു. ഒരു കരിങ്കാലിയായി സ്കൂളില്‍ കയറിയ ഞാന്‍ പിന്നീട് സമരനേതാവായി മാറുകയാണുണ്ടായത്. പല ദിവസങ്ങളിലും പ്രായമായവരുടെ തോളില്‍ കയറിയാണ് ഞാന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചത്. അന്ന് പഠിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു. അതിനു വിഘാതം സൃഷ്ടിക്കുന്നവരെ അപകടകാരികളായാണ് ഞാന്‍ കണ്ടത്. ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ പിന്നീട് വിദ്യാര്‍ത്ഥി നേതാവും കമ്മ്യൂണിസ്റ്റുകാരനുമായി തീര്‍ന്നത് വളരെ വേഗത്തിലായിരുന്നു.” ആലുവാ യു സി കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് പികെവി രാഷ്ട്രീയ കാര്യങ്ങളിലാകൃഷ്ടനായത്. യു സി കോളജില്‍ സ്വാതന്ത്ര്യധ്വനികളാല്‍ മുഖരിതമായിരുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പികെവി ഏര്‍പ്പെട്ടു. ജനാധിപത്യത്തിനും സ്വതാന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. വളരെ വേഗം പികെവി യു സി കോളജിലെ വിദ്യാര്‍ത്ഥികളുടെ നേതാവായി. ജനാധിപത്യ ഭരണവ്യവസ്ഥയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് അദ്ദേഹം അവയ്ക്ക് നേതൃത്വം നല്കി.

തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയന്റെയും പിന്നീട് അഖില കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും പ്രസിഡന്റായി പികെവി തെരഞ്ഞെടുക്കപ്പെട്ടു. ധാരാളം വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. സ്കൂള്‍-കോളജ് മാനേജ്മെന്റുകളുടെ ധിക്കാരവും ഗര്‍വ്വും നിറഞ്ഞ സമീപനങ്ങള്‍ക്കെതിരായി നടന്ന ആ സമരങ്ങള്‍ ചരിത്രത്തിലിടം നേടിയവയായിരുന്നു. അതിനിടെ പികെവി അറസ്റ്റ് ചെയ്യപ്പെട്ടു. വളരെ പെട്ടെന്ന് പാര്‍ട്ടി കേന്ദ്രത്തിലെ ശ്രദ്ധേയരായ നേതാക്കളിലൊരാളായി അദ്ദേഹം മാറി. തിരുവല്ല മണ്ഡലത്തില്‍ നിന്ന് 1957ല്‍ ലോക്‌സഭാംഗമായതോടെയാണ് പികെവിയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1959ല്‍ യുവജനങ്ങളുടെ ഒരു ഏകീകൃത സംഘടന അഖിലേന്ത്യാ തലത്തില്‍ രൂപീകരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിശ്ചയിച്ചു.

അങ്ങനെ അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ (എഐവെെഎഫ്) രൂപീകരിക്കപ്പെട്ടു. എഐവെെഎഫിന്റെ ആദ്യ പ്രസിഡന്റായി പികെവി തെരഞ്ഞെടുക്കപ്പെട്ടു. ലോക യുവജന ഫെഡറേഷന്റെ വെെസ് പ്രസിഡന്റായും പികെവി തെരഞ്ഞെടുക്കപ്പെട്ടു. 1962ല്‍ അമ്പലപ്പുഴ നിന്നും, 1967ല്‍ പീരുമേട് നിന്നും പികെവി ലോക്‌സഭാംഗമായി. പാര്‍ലമെന്റില്‍ എല്ലാവരും അംഗീകരിക്കുന്ന നേതാവായി അദ്ദേഹം ഉയര്‍ന്നു. പാനല്‍ ഓഫ് ചെയര്‍മാന്‍മാരില്‍ ഒരാളായി പലവട്ടം അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയും മൊറാര്‍ജി ദേശായിയും പികെവിയെ സ്പീക്കറാക്കിയാല്‍ കൊള്ളാമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രിമാരായിരുന്നു. ആ നിര്‍ദ്ദേശങ്ങളോട് നയപരമായ കാരണങ്ങളാല്‍ പാര്‍ട്ടി യോജിച്ചില്ല. സിപിഐ പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയായി ദീര്‍ഘനാള്‍ പികെവി പ്രവര്‍ത്തിച്ചു.

ഭിന്നിപ്പിന്റെ നാളുകളില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭിന്നത പ്രകടമാകാതിരിക്കാന്‍, സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ പികെവിക്കു കഴിഞ്ഞു. പാര്‍ട്ടിയുടെ ഐക്യത്തിനായിരുന്നു പികെവി പ്രാധാന്യം നല്കിയത്. അതുകൊണ്ട് പിളര്‍പ്പന്‍ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശക്തിയായി എതിര്‍ക്കുകയുണ്ടായി. 1977ലാണ് പികെവി പ്രവര്‍ത്തനം കേരളത്തില്‍ കേന്ദ്രീകരിക്കുന്നത്. ആലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം കെ കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ വ്യവസായ, വെെദ്യുതി വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചു. ആന്റണി രാജിവച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രിയായി. ചുരുങ്ങിയ കാലംകൊണ്ട് ഭരണരംഗത്തെ കഴിവ് അദ്ദേഹം തെളിയിച്ചു. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചു.

മുന്നണി രൂപീകരണത്തിനും അത് സുഗമമക്കാനും വേണ്ടി 1979 ഒക്ടോബറില്‍ പികെവി മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞു. 1984 മുതല്‍ 1998 വരെ പികെവി സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തോടൊപ്പം സംസ്ഥാന നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളാണ് ഞാന്‍. പികെവിയുടെ സംഘടനാപാടവവും സഖാക്കളെ ഒരുമിപ്പിച്ചു മികവുറ്റ പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കാനുള്ള കഴിവും എനിക്കു മനസിലാക്കാന്‍ കഴിഞ്ഞു. സന്നിഗ്ദഘട്ടങ്ങളില്‍ പക്വതയാര്‍ന്ന നിലയില്‍ പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അസാധാരണമായ കഴിവാണ് പികെവി പ്രകടിപ്പിച്ചിരുന്നത്. നമ്മുടെ നാടിനെയും ജനങ്ങളുടെ ജീവനെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ, ഒരുമയോടെയുള്ള പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പികെവിയുടെ സ്മരണ കൂടുതല്‍ പ്രചോദനമാവും.

You may also like this video