എം സുരേഷ്‌കുമാർ

July 10, 2020, 10:02 pm

അച്ഛന്റെ ബാലൻ

Janayugom Online

എം സുരേഷ്‌കുമാർ

റഷ്യ ഒരു മഹാസംഭവമായി ഞങ്ങളുടെ മനസ്സിൽ എത്തിയത് ‘ചിറ്റ’യിലൂടെ ആയിരുന്നു. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആദിപാഠങ്ങൾ പകർന്നു തരുന്നതിലും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി അപൂർവ കാഴ്ചകൾ കാണിച്ചുതരുന്നതിലും വിസ്മയാവഹമായ പാടവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പെരുമ്പുഴ ഗോപാലകൃഷ്ണനെ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ടി കെ മാധവന്റെ മകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എം സുരേഷ്‌കുമാർ അനുസ്മരിക്കുന്നു.

 

സൗമ്യതയും മന്ദഹാസവും മുഖമുദ്രയാക്കിയ ആ ശുഭ്രവസ്ത്രധാരി മനസ്സിൽ തിളക്കമാർന്ന ബിംബമായാണ് നിലകൊള്ളുന്നത്. തലമുറയുടെ വിടവ് എന്നൊന്നില്ലാതെ പെരുമാറുന്ന അച്ഛൻ ടി കെ മാധവന്റെ അതേ സ്വഭാവമാണ് ചിറ്റ (ചിറ്റപ്പൻ ) എന്ന് ഞങ്ങൾ വിളിക്കുന്ന പെരുമ്പുഴ ഗോപാലകൃഷ്ണനിൽ എന്നും കാണാൻ കഴിഞ്ഞിയിട്ടുള്ളത്. ഏറ്റവും ഇളയആൾ എന്നതിനാലാകാം ഏറെ വാത്സല്യമായിരുന്നു അച്ഛൻ തന്റെ സഹോദരനോട് പ്രകടിപ്പിച്ചിരുന്നത്. ‘ബാലാ…’ എന്ന വിളിയിൽ തന്നെ അത് തെളിഞ്ഞു നിന്നിരുന്നു.

ടൗണിൽ ജനിച്ചുവളർന്ന എനിക്കും സഹോദരങ്ങൾക്കും പെരുമ്പുഴ എന്ന ഗ്രാമം വളരെ ഇഷ്ടമായിരുന്നു. തറവാടായ തെക്കേടത്തു വീടിന്റെ അതിരിലുടെ ഒഴുകുന്ന തോടായിരുന്നു പ്രധാന ആകർഷണ കേന്ദ്രം. അതിൽ കുളിക്കാം കളിക്കാം തോർത്തുകൊണ്ടു മീൻ പിടിക്കാം… അതിന്റെ കരയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളിച്ചെടികളിൽ നിന്ന് പൂക്കൾ പറിക്കാം.. വരമ്പിൽ കൂടി നടന്ന് നെൽപ്പാടത്തിന്റെ ഭംഗി ആസ്വദിക്കാം… അങ്ങനെ നഗരത്തിൽ കിട്ടാത്ത ഒരുപാടു കാര്യങ്ങൾ അവിടെയുണ്ടായിരുന്നു.

ഇടക്ക് മാത്രം തിരുവനന്തപുരത്തുനിന്ന് എത്തുന്ന അനുജനെ കാണാം എന്നത് തന്നെയായിരുന്നു അച്ഛന് ഏറ്റവും സന്തോഷപ്രദമായ കാര്യം. ഏതെങ്കിലും വിശേഷ അവസരങ്ങളിലോ സർക്കാർ അവധി ദിവസങ്ങളിലോ ഒക്കെയാണ്‌ ഞങ്ങളുടെ യാത്ര. സർക്കാർ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയ്ക്കും അതാണ് സൗകര്യം. ‘നാളെ രാവിലെ നമുക്ക് പെരുമ്പുഴയിൽ പോകാം. ബാലനും ലില്ലിയും വരും.’ എന്ന് അമ്മയോട് അച്ഛൻ പറയുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു. ചിറ്റയും കുഞ്ഞമ്മയും മക്കളായ ബിജുവിനും സോജുവിനും ഒപ്പം വരുന്ന ദിവസം തെക്കേടത്തു വീട്ടിൽ ഉത്സവമായിരിക്കും. അവർ കൂടി എത്തുന്നതോടെ പത്തുപന്ത്രണ്ടു പേരടങ്ങുന്ന ബാലസംഘം ഉഷാറാകും. അവരെ സ്വീകരിക്കാൻ തകൃതിയായ ഒരുക്കങ്ങളായിരിക്കും രാവിലെ മുതൽ. അമ്മയും അച്ഛന്റെ സഹോദരപത്നിമാരായ സരസമ്മാമ്മയും ഓമനയമ്മയും അവരുടെ മക്കളായ കല ചേച്ചി, ഗീത ചേച്ചി, ലേഖ ചേച്ചി തുടങ്ങിയവരും ചേർന്ന് നല്ല വിഭവങ്ങൾ ഒരുക്കും. അടുക്കളയിൽ നിന്നുള്ള ഗന്ധം പടരുമ്പോൾ വായിൽ വെള്ളമൂറും.

ഭക്ഷണത്തിന് മുമ്പും പിൻപും കുട്ടികൾക്ക് താല്പര്യം ചിറ്റയുടെ കഥപറച്ചിലാണ്. അനേകം പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ അധികം അറിവാണ് ഏതാനും മണിക്കൂർ നീളുന്ന ആ സംഗമത്തിൽ നിന്ന് ലഭിക്കുന്നത്. ലോകരാഷ്ട്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ശാസ്ത്രബോധത്തിന്റെയും വിപ്ലവപ്രസ്ഥാനങ്ങളുടെയും പ്രസക്തി തുടങ്ങിയ ഗഹനമായ വിഷയങ്ങളും ഞങ്ങൾക്ക് ദാഹിക്കും വിധം പറഞ്ഞുതരാനുള്ള കഴിവ് അപാരമാണ്. അതിൽ കഥയും കവിതയും പ്രശസ്ത എഴുത്തുകാരുമെല്ലാം കടന്ന് വരും. രാജ്യത്തെ സങ്കീർണമായ രാഷ്ട്രീയ സ്ഥിതിവിശേഷം പോലും കുട്ടികൾക്ക് മനസ്സിലാകും വിധം വിവരിച്ചു തരും. ചിറ്റയുടെ രചനകളിലെ ലാളിത്യം സംസാരത്തിലും പ്രകടമായിരുന്നു. ആദ്യകാലത്ത് അദ്ദേഹത്തിന്റെയും കുഞ്ഞമ്മയുടേതുമായി ഏതാനും ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചത് ഓർക്കാതിരിക്കാനാകില്ല. ജഗതിയിലെ മോഹൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ അവ ബാലപ്രസിദ്ധീകരണങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു് ഞങ്ങൾക്ക് കിട്ടിയ നിധിയായിരുന്നു. പുസ്തകങ്ങൾ പൊതിയിട്ട് നമ്പർ നൽകി അലമാരയിൽ അടുക്കി സൂക്ഷിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന അമ്മ അത് ഇടക്കിടക്ക് വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു.


റഷ്യ ഒരു മഹാസംഭവമായി ഞങ്ങളുടെ മനസ്സിൽ എത്തിയത് ചിറ്റയിലൂടെ ആയിരുന്നു. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആദിപാഠങ്ങൾ പകർന്നു തരുന്നതിലും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി അപൂർവ കാഴ്ചകൾ കാണിച്ചുതരുന്നതിലും വിസ്മയാവഹമായ പാടവമാണ് അദ്ദേഹത്തിനുണ്ടായിരുന്നതു്. രാജ്യത്തെ വിഭവമെല്ലാം സർക്കാരിന് സ്വന്തമാവുകയും അതൊക്കെ എല്ലാവർക്കും തുല്യമായും സൗജന്യമായും ലഭിക്കുകയും ചെയ്യുന്ന ഒരു ഭരണക്രമം. വൃത്തിയും ചിട്ടയുമുള്ള ജീവിത ശൈലി. അങ്ങനെ മനസ്സിൽ നിരവധി വർണ്ണ ചിത്രങ്ങൾ തെളിയാൻ കാരണഭൂതനായ ആ പ്രതിഭയ്ക്ക് മുന്നിൽ നമ്രശിരസ്കനാകാതിരിക്കാൻ കഴിയില്ല. ആദ്യ റഷ്യൻ സന്ദർശനത്തിന് പോകുമ്പോൾ ആ വിവരം അറിയിക്കാൻ കത്ത് മാത്രമേ അന്ന് മാർഗം ഉണ്ടായിരുന്നുള്ളു. സ്നേഹവും ബഹുമാനവും നിറഞ്ഞ കത്ത് കിട്ടിയപ്പോൾ അച്ഛനുണ്ടായ സന്തോഷവും അഭിമാനവും ഇപ്പോഴും എനിക്ക് വ്യക്തമായി അനുഭവിക്കാൻ കഴിയുന്നു. വളരെ കുട്ടിക്കാലത്തുതന്നെ പിതാവ് നഷ്ടമായെങ്കിലും ആ വിഷമം അറിയിക്കാതെ ലാളിച്ച മൂത്തജേഷ്ഠനോടുള്ള എല്ലാ വികാരങ്ങളും അതിൽ പ്രകടമായിരുന്നു.

കൊല്ലം എസ്എൻ കോളജിലെ ദിനങ്ങൾ തന്റെ പ്രസ്ഥാന പ്രവർത്തനത്തെയും കാവ്യജീവിതത്തെയും ഉജ്ജ്വലിപ്പിച്ചതിനെക്കുറിച്ചു പറയുമ്പോൾ ആ മുഖം തിളങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. കമ്മ്യൂണിസത്തെ തല്ലിക്കെടുത്താൻ തീവ്രശ്രമം നടക്കുമ്പോൾ ചെങ്കൊടി കാത്തുസൂക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ യുവനിരയിൽ ഒരാളാകാൻ കഴിഞ്ഞത് അഭിമാനത്തോടെ എന്നും ഓർത്തിരുന്നു. വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തനം എസ്എൻ കോളജിലെ ആദ്യത്തെ ആർട്സ് ക്ലബ്‌ സെക്രട്ടറി, ആദ്യത്തെ ആർട്സ് ക്ലബ്‌ പ്രസിഡന്റ് എന്നീ പദവികളിൽ എത്തിച്ചു. ആ കാലഘട്ടത്തിൽ സർഗാത്മകതക്ക് ഊർജം പകരാൻ എന്നവണ്ണം പ്രതിഭാശാലികളായ ഏതാനും സഹപാഠികളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. കവികളായ തിരുനല്ലൂർ കരുണാകരൻ, ഒ എൻ വി കുറുപ്പ്, കഥാകാരി സി കെ ലില്ലി, കാഥികൻ വി സാംബശിവൻ, സംഗീതസംവിധായകൻ ജി ദേവരാജൻ തുടങ്ങിയവർ ഇതിൽപെടുന്നു. കലാലയ ജീവിതം കഴിഞ്ഞ് അധികം വൈകാതെ സർക്കാർ ജോലി ലഭിക്കുകയും പ്രവർത്തനമണ്ഡലം തിരുവനന്തപുരമാവുകയും ചെയ്തു. അതോടൊപ്പം, സഹപാഠിയായിരുന്ന സി കെ ലില്ലി ജീവിതപങ്കാളിയായി. പിന്നീട് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട ചലച്ചിത്ര വികസന കോർപറേഷനിലേക്കു മാറി.

സിനിമ കളെ അടുത്തറിയാനും പഠനം നടത്താനും ഈ വിഷയത്തിൽ ഗ്രന്ഥം രചിക്കാനും ഇത് സഹായിച്ചു. അവിടെനിന്നു റിസർച്ച് ഓഫീസർ ആയി വിരമിച്ച ശേഷം ഡയറക്ടർ ബോർഡ്‌ അംഗമായും പ്രവർത്തിച്ചു. അതേസമയം സി കെ ലില്ലി കോട്ടൺ ഹിൽ സ്കൂളിൽ അധ്യാപികയായും പിന്നീട് ബി എഡ് സെന്റർ പ്രിൻസിപ്പൽ ആയും ഔദ്യോഗിക ജീവിതം തുടർന്നു. ഈ കാലയളവിലെല്ലാം രണ്ടുപേരും പാർട്ടി പ്രവർത്തനത്തിലും സാഹിത്യരംഗത്തും സജീവമായി തുടർന്നു. രണ്ടുപേരുടെയും മേഖല ഒന്നായിരുന്നതിനാൽ എപ്പോഴും എവിടെയും ഒന്നിച്ചുതന്നെ കാണുമായിരുന്നു. ഓഫീസിൽ പോകുമ്പോഴല്ലാതെ ഒറ്റക്ക് കണ്ടതായി ഓർക്കുന്നില്ല. അത്രയും അടുത്ത സൗഹൃദമായിരുന്നു അവരുടേത്. കുഞ്ഞമ്മയുടെ മരണത്തോടെ ഏകാന്തതയിലേക്കും നിഷ്ക്രിയതയിലേക്കും വീണുപോകുമോ എന്ന് വ്യാകുലപ്പെട്ട അടുത്ത ബന്ധുക്കൾക്ക് ആശ്വാസം പകർന്നത് അദ്ദേഹത്തിന്റെ ഊർജസ്വലതയും നിശ്ചയദാർഢ്യവുമാണ്. സഹധർമ്മിണി ഇല്ലാതായ ഒന്നര വർഷത്തിനിടയിലും പാർട്ടി പ്രവർത്തനത്തിൽ കഴിയുന്നത്ര സഹകരിക്കുകയും സാംസ്കാരികരംഗത്തു സജീവമാവുകയും ചെയ്തു. ‘പി ഭാസ്കരൻ ഉറങ്ങാത്ത തംബുരു ‘എന്ന ജീവചരിത്രം രചിച്ചത് ഇക്കാലത്താണ്. അടുത്ത പുസ്തകത്തിന്റെ ഗവേഷത്തിനിടെയാണ് രണ്ടുമാസം മുൻപ് ശാരീരികാവസ്ഥ മോശമായത് ഏതാനും ദിവസം ഐസിയുവിൽ കഴിഞ്ഞെങ്കിലും വീട്ടിൽ എത്തിയ ശേഷം പ്രകടമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല.

ഒന്നിനും പുറകെപോകാതെ സ്വന്തം കർമത്തിലും കടമയിലും മുഴുകി അതുപൂർത്തീകരിച്ചു മാറിനിൽക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അർഹതയും സ്വാധീനവും സൗഹൃദവും ഉണ്ടായിട്ടും ഒന്നും മോഹിച്ചില്ല. ഒരിക്കൽ ഇത്തരം കാര്യങ്ങൾ ഞാൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം മറുപടി പുഞ്ചിരിയിൽ ഒതുക്കിയത് ഓർമയുണ്ട്. ഈ വ്യതിരിക്തതയാണ് അദ്ദേഹത്തെ നല്ല മനുഷ്യരുടെ ഗണത്തിൽ എത്തിക്കുന്നതെന്നും മാതൃകയാക്കേണ്ടതാനെന്നും എനിക്ക് തോന്നിയിട്ടുണ്ട്. മക്കളോടും സൗമ്യമായി സുഹൃത്തുക്കളോടെന്നപോലെ പെരുമാറിയിരുന്നു. ആൾക്കൂട്ടത്തിനിടയിലും ധ്യാനാത്മകതയോടെ മൗനമായി നീങ്ങുന്ന ചിത്രമാണ് മനസ്സിൽ തെളിയുന്നത്. യാത്രകൾക്കും കൂടിച്ചേരലിനും നിയന്ത്രണമുള്ള അവസ്ഥയിൽ ബന്ധുക്കളും സുഹൃത്തുക്കളും വായനക്കാരുമായ എത്രയോപേർക്ക് ഒന്ന് കാണാൻ കഴിയാതെ പോയത് ഏറെ വേദനയുളവാക്കുന്നു.