March 24, 2023 Friday

മതപൗരോഹിത്യവും ആധുനിക ചികിത്സയുടെ അതിജീവനവും

വലിയശാല രാജു
May 7, 2020 5:30 am

ആധുനിക മനുഷ്യസമൂഹത്തിന്റെ ആരോഗ്യവും ആയുസും ഇന്നത്തെ രൂപത്തിലെത്തുന്നതിന് ആധുനിക വൈദ്യശാസ്ത്രം വഹിച്ച പങ്ക് മഹത്തരമാണ്. മത പൗരോഹിത്യവുമായുള്ള ഏറ്റുമുട്ടലുകളാണ് ആധുനിക ചികിത്സ നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രതിസന്ധി. ആധുനിക ചികിത്സയ്ക്ക് സഹായകരമായ പല കണ്ടെത്തലുകളും നടത്താന്‍ ശ്രമിച്ചവരെ നാട് കടത്തുകയോ വധശിക്ഷയ്ക്ക് വിധേയരാക്കുകയോ ചെയ്തു.

പ്രപഞ്ച പഠനങ്ങളില്‍ പല കണ്ടെത്തലുകളും നടത്തിയ ബ്രൂണോയ്ക്കും ഗലീലിയോ ഗലീലിക്കും നേരിടേണ്ടിവന്ന അതേ അനുഭവങ്ങളാണ് ആധുനിക വൈദ്യശാസ്ത്രകാരന്മാര്‍ക്കും ഇതിന്റെ ആരംഭത്തില്‍ അനുഭവിക്കേണ്ടിവന്നത്. മതങ്ങളും പുരോഹിത വര്‍ഗവും ഒരിക്കലും ആധുനിക ചികിത്സാ രീതി അംഗീകരിച്ചിരുന്നില്ല. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തങ്ങളുടെ നിലനില്‍പ് അപകടപ്പെടുത്തുമെന്ന് അവര്‍ ഭയപ്പെട്ടു. എല്ലാ വൈദ്യശാസ്ത്ര കണ്ടെത്തലുകള്‍ക്കു മുകളിലും അന്ധവിശ്വാസത്തിന്റെ കരിമ്പടം പുതയ്ക്കാനും ശാസ്ത്രകാരന്മാരെ മതത്തിന്റെ സ്വര്‍ഗ്ഗ‑നരക സങ്കല്പങ്ങള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്താനും അവര്‍ ശ്രമിച്ചു.

മതവിശ്വാസത്തെ പ്രീതിപ്പെടുത്തിയ ചികിത്സ

ആധുനിക വൈദ്യശാസ്ത്രത്തെ അന്നത്തെ ഔദ്യോഗിക മതവിശ്വാസവുമായി കൂട്ടിയിണക്കി സമഗ്ര ചികിത്സാ പദ്ധതി തയ്യാറാക്കിയ മഹാനാണ് ഗാലന്‍. പല അബദ്ധധാരണകളും അദ്ദേഹം വച്ചുപുലര്‍ത്തി. ഇദ്ദേഹത്തെ പ്രശാന്തനാക്കിയത് തന്നെ ഈ അബദ്ധ ധാരണകളായിരുന്നു. രോഗമുണ്ടാക്കുന്നത് ദ്രവങ്ങളും മറ്റ് ചില അടിസ്ഥാന ഘടകങ്ങളുമാണെന്ന് ഗാലന്‍ കരുതി. രക്തം പുറത്ത് പോയാല്‍ ശരീരദ്രവങ്ങളുടെ സന്തുലിതാവസ്ഥ തനിയെ വരുമെന്നും രോഗം മാറുമെന്നും അദ്ദേഹം പ്രചരിപ്പിച്ചു. രക്തം ശരീരത്തില്‍ നിന്നും ഒഴുക്കിക്കളഞ്ഞ് ഏത് രോഗത്തെയും ഭേദമാക്കാം എന്നായിരുന്നു ഗാലന്റെ കണക്കുകൂട്ടല്‍. മുറിവുകളിൽ അണുബാധയില്‍ നിന്നും പഴുപ്പുണ്ടാകുന്നത് നല്ലതിനാണെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയില്‍ ജനിച്ച ഗാലന്‍ മൃഗങ്ങളെ കീറിമുറിച്ച് അതിന്റെ അനാട്ടമി പഠിക്കുകയും അതിനെ മനുഷ്യശരീരവുമായി ബന്ധപ്പെടുത്തി ഒരുപാട് തെറ്റായതും വിചിത്രവുമായ കാര്യങ്ങള്‍ പറയുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും റോമിലെ ചക്രവര്‍ത്തിമാരുടെ ആസ്ഥാന ഡോക്ടര്‍ ഇദ്ദേഹമായിരുന്നു. അക്കാലത്ത് മറ്റ് ഗവേഷകരുടെ പല സിദ്ധാന്തങ്ങളും ഗാലന്‍ സ്വന്തം വാദഗതികക്കൊണ്ട് ഖണ്ഡിച്ചിരുന്നു. അബദ്ധത്തിലൂന്നിയ സ്വന്തം സിദ്ധാന്തങ്ങള്‍ കൊണ്ട് അന്ന് നിലവിലിരുന്ന പല ശാസ്ത്രീയവാദങ്ങളെയും അദ്ദേഹം വെല്ലുവിളിച്ചു. മതത്തിന്റെ മറപിടിച്ചായിരുന്നു ഇതെല്ലാം അദ്ദേഹം ചെയ്തത്. ആയിരത്തി അഞ്ഞൂറ് വര്‍ഷത്തോളം അദ്ദേഹത്തിന്റെ വാദഗതികളെ ആരും ചോദ്യം ചെയ്തില്ല. അങ്ങനെ ചെയ്യുന്നത് മതനിന്ദയാകുമെന്ന ഭയം കൊണ്ടായിരുന്നു അത്. ഗാലനെ എതിര്‍ത്ത് സ്വന്തം തല കളയേണ്ട എന്ന് അക്കാലത്തുണ്ടായിരുന്ന മറ്റ് വൈദ്യന്മാര്‍ കരുതിയിരിക്കണം.

പൗരാഹിത്യവുമായി ഏറ്റുമുട്ടി ആധുനിക ചികിത്സയെ കൈപ്പിടിച്ചുയര്‍ത്തിയ ആന്‍ഡ്രിയാസ് വെസേലിയസ് (എഡി 1514–1564)

ശരീരത്തിനകത്തെ അവയവങ്ങളുടെ ചേരുവകളെക്കുറിച്ച് ഗാലന്‍ പറഞ്ഞത് മൃഗങ്ങളെ കീറിമുറിച്ചതുകൊണ്ടായിരുന്നല്ലോ. എന്നാല്‍ ഒരു മനുഷ്യന്റെ മൃതശരീരം കീറിമുറിച്ച് ശരീരഘടനാ ശാസ്ത്രത്തിന്റെ വിസ്മയങ്ങള്‍ ലോകത്തോട് പറഞ്ഞത് ബല്‍ജിയംകാരനായ ആന്‍ഡ്രിയാസ് വെസേലിയസാണ്. ഗാലന് ശേഷം മൃഗങ്ങളുടെ ശരീരത്തിനകത്തേക്ക്പോലും ആരും നോക്കിയില്ല. എല്ലാവരും ഗാലന്‍ പറഞ്ഞത് വിശ്വസിച്ചു. പതിനാറാം നൂറ്റാണ്ട് വരെ ഗാലന്റെ അബദ്ധങ്ങള്‍ നിറഞ്ഞ വാദഗതികളെ ആരും ചോദ്യം ചെയ്തില്ല. 1540-കളിലാണ് സാലന്റെ അഭിപ്രായങ്ങള്‍ക്ക് ആദ്യമായി ഇളക്കം തട്ടിയത്. പാദവ സര്‍വകലാശാലയിലെ അനാട്ടമി, സര്‍ജറി പ്രൊഫസറായ ആന്‍ഡ്രിയാസ് വെസേലിയസ് മനുഷ്യ ജഡം കീറിമുറിച്ച് പരിശോധന നടത്തി. ആദ്യമൊക്കെ ഗാലന്‍ പറഞ്ഞതിന് വിരുദ്ധമായി മനുഷ്യശരീരത്തില്‍ എന്തെങ്കിലും കണ്ടാല്‍ അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു വെസേലിയസ്. കാലം കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഗാലന്റെ നിരീക്ഷണത്തില്‍ വലിയ അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് മനസിലായി.

ഗാലന്റെ തെറ്റ് തിരുത്താനായിരുന്നു പിന്നീടുള്ള ശ്രമം. 1543 ല്‍ അദ്ദേഹം മനുഷ്യശരീരത്തെക്കുറിച്ചുള്ള ആധികാരിക പഠനമായ ദി ഫേബ്രിക് ഓഫ് ദി ഹ്യൂമന്‍ ബോഡി പ്രസിദ്ധീകരിച്ചു. നാഡികള്‍ പേശികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, എല്ലുകള്‍ എങ്ങനെ വളരുന്നു, മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീര്‍ണഘടന തുടങ്ങിയ കാര്യങ്ങളെല്ലാം ആ ഗ്രന്ഥത്തില്‍ വിശദമായി പറഞ്ഞിരുന്നു. പുസ്തകം പുറത്തിറങ്ങിയതോടെ ആ മേഖലയിലെ ബാക്കി ഗ്രന്ഥങ്ങളെല്ലാം പിന്തള്ളപ്പെട്ടു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വെസേലിയസിന്റെ നിഗമനങ്ങള്‍ അനാട്ടമി അടിസ്ഥാനപ്രമാണങ്ങളെന്ന നിലയില്‍ ഡോക്ടര്‍മാരും സര്‍ജന്മാരും അംഗീകരിച്ചു തുടങ്ങി.

പക്ഷേ ഈ അംഗീകാരവും പ്രശസ്തിയും തന്നെ വെസേലിയസിന് വിനയായി. ഗാലന്റെ വാദങ്ങളെ പരസ്യമായി എതിര്‍ത്തതിന്റെ പേരില്‍ വെസേലിയസിന് സ്വന്തം ജീവിതം തന്നെ വിലയായി നല്‍കേണ്ടിവന്നു. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന് ഒടുവില്‍ കൊലക്കയറില്‍ നിന്ന് മോചനം കിട്ടി. പകരം ജറുസലേമിലേക്ക് തീര്‍ത്ഥാടനം നടത്തിയാല്‍ മതിയെന്നായി. മടക്കയാത്രയിലുണ്ടായ ബോട്ടപകടത്തില്‍ അദ്ദേഹം മരിച്ചു. ശരീരശാസ്ത്ര പഠനങ്ങള്‍ക്ക് തുടക്കമിട്ടതോടെ ആധുനിക ചികിത്സാ ശാസ്ത്രത്തിന് അടിത്തറയിട്ട മഹാനായി വെസേലിയസ്. വിലക്കുണ്ടായിരുന്നതിനാല്‍ ശവക്കല്ലറയില്‍ നിന്ന് മൃതദേഹങ്ങള്‍ മോഷ്ടിച്ചാണ് ശവച്ഛേദ പഠനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നത്. ആധുനിക ചികിത്സാരംഗത്ത് മറക്കാനാവാത്ത നാമമാണ് വെസേലിയസിന്റേത്.

മതങ്ങളും രോഗങ്ങളും

പ്രാചീനകാലത്ത് മരണത്തോടുള്ള മതങ്ങളുടെ സമീപനം എല്ലാ പ്രദേശത്തും സമാനതകളുളളതായിരുന്നു. അവര്‍ സമൂഹത്തില്‍ ഭയപ്പാടുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ആത്മാവിലുള്ള വിശ്വാസം, അതിന് ശാന്തി നല്‍കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കടമയുണ്ടെന്ന വിശ്വാസം, അകാല മൃത്യു സംഭവിച്ചവരുടെ ആത്മാവിനോടുള്ള ഭയം ഇതൊക്കെയായിരുന്നു അവരുടെ പ്രചരണങ്ങള്‍. അത്മാക്കള്‍ ഭൂമിയില്‍ അലയുമെന്നും മറ്റാളുകളില്‍ പ്രവേശിക്കുമെന്നും അനുഗ്രഹ‑നിഗ്രഹ ശേഷിയുള്ളവയാണെന്നും മറ്റുമുള്ള വിശ്വാസം മതങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചു. രോഗങ്ങള്‍ ഉണ്ടാകുന്നത് ദൈവകോപം കൊണ്ടാണെന്നാണ് പുരോഹിതന്മാര്‍ പ്രചരിപ്പിച്ചത്. രോഗമുള്ളവരെ തീവച്ച് കൊല്ലുക പോലും ചെയ്തു. അങ്ങനെ ചെയ്താല്‍ ദൈവകൃപയുണ്ടാകുമെന്ന് വരെ അവര്‍ കരുതി. മനുഷ്യശരീരം കീറിമുറിച്ചുകൊണ്ടുള്ള ശവപരിശോധനയ്ക്ക് അക്കാലത്ത് അനുവാദം ഉണ്ടായിരുന്നില്ല. എങ്കിലും പലരും ജീവന്‍ പണയം വച്ചുള്ള ശവച്ഛേദപരിശോധന നടത്തി എന്നതാണ് ആശ്ചര്യകരം.

ശവക്കല്ലറകളില്‍ നിന്നും മോഷ്ടിച്ച ശവശരീരങ്ങള്‍ രഹസ്യ അറകളിലും ദ്വീപുകളിലുമൊക്കെ എത്തിച്ച് അതീവരഹസ്യമായാണ് ഈ പഠനങ്ങള്‍ നടത്തിയിരുന്നത്. പിടിക്കപ്പെട്ടാലുള്ള ശിക്ഷ അതികഠിനമായിരുന്നു. ജീവനോടെ തോലുരിച്ച് പള്ളിവാതിലുകളില്‍ ആണിയടിച്ച് പതിപ്പിച്ചിരുന്നതിന്റെ സൂചകങ്ങൾ ഇന്നും യൂറോപ്പിലെ പുരാതന പള്ളികളില്‍ കാണാം. പരിമിതമായ രീതിയില്‍ പിന്നീട് മതഭരണകൂടങ്ങള്‍ ശവശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള അനുവാദം നല്‍കി. പക്ഷേ അത് രോഗ പഠനത്തിനോ മനുഷ്യ ശരീര അവയവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കോ ആയിരുന്നില്ല എന്നതാണ് രസകരം. ഇന്നത് കൗതുകകരമയി തോന്നാം. സയാമീസ് ഇരട്ടകളുടെ ശവംകീറി പരിശോധന അവയ്ക്ക് രണ്ട് ആത്മാക്കളുണ്ടോയെന്ന് വ്യക്തമാക്കാനായിരുന്നു.

എല്ലാ അവയവങ്ങളും ഇരട്ടിച്ച് കാണപ്പെട്ടതിനാല്‍ ഡോക്ടര്‍മാര്‍ രണ്ട് ആത്മാക്കളും ഉണ്ടെന്ന റിപ്പോര്‍ട്ടും നല്‍കി. പള്ളിവികാരി രണ്ട് മാമോദിസ നടത്തിയിരുന്നതിനെ ചൊല്ലിയായിരുന്നു പിന്നീടു തര്‍ക്കം. പൂര്‍ണമായും ശവം കീറിമുറിച്ചുള്ള പരിശോധനയ്ക്ക് അനുവാദത്തിനായി 18-ാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. നവോത്ഥാന കാലഘട്ടം മറ്റ് പല മേഖലയിലുമെന്നപോലെ വൈദ്യശാസ്ത്ര രംഗത്തും വന്‍ കുതിപ്പ് നല്‍കി. ഈ കാലഘട്ടത്തിലാണ് ജിയോണി മോര്‍ഗാഗ്നി എന്ന ഡോക്ടര്‍ മുന്നോട്ടു വന്നത്. അദ്ദേഹം അഞ്ഞൂറിലധികം ശരീരങ്ങളില്‍ പോസ്റ്റ്മോര്‍ട്ടത്തിലൂടെ പഠനം നടത്തി. ജീനില്ലാത്ത ശരീരങ്ങളില്‍ മോര്‍ഗാഗ്നി നടത്തിയ പഠനങ്ങള്‍ ജീവനുള്ള ധാരാളം സത്യങ്ങള്‍ പുറത്തുകൊണ്ടു വന്നു. മരണകാരണം കണ്ടെത്താനും അവ രോഗലക്ഷങ്ങളും തമ്മിലുളള ബന്ധം പഠിക്കാനും മോര്‍ഗാഗ്നി ശ്രമിച്ചു. ഈ പഠനങ്ങളെല്ലാം 1761 ല്‍ പ്രസിദ്ധീകരിച്ചു. ഡോക്ടര്‍മാര്‍ക്ക് അറിവിന്റെ ഖനിയായി തീര്‍ന്നു ഈ പുസ്തകം.

ആധുനിക ചികിത്സയ്ക്കെതിരെയുള്ള മതപീഡനം കേരളത്തിലും

ആധുനിക വൈദ്യശാസ്ത്ര പഠനത്തെയും ചികിത്സയെയും കിരാതമായി നേരിട്ട മതപൗരാഹിത്യ വര്‍ഗം കേരളത്തിലുമുണ്ടായിരുന്നു. കടല്‍കടന്ന് സ്കോട്ട്‌ലന്‍ഡില്‍ പോയി വൈദ്യപഠനം നടത്തിയതിന് ഹിന്ദുമതത്തില്‍ നിന്നും ഭ്രഷ്ടനാക്കപ്പെട്ട ഡോ. സെഞ്ചി പളനിയാണ്ടിയായിരുന്നു അത്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് മലബാറില്‍ പടര്‍ന്ന് പിടിച്ച വസൂരിയെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ്. കോഴിക്കോട് വാക്സിനേഷന്‍ സൂപ്രണ്ടായി ജോലിനോക്കിയിരുന്നു. 1863 ല്‍ വസൂരി പ്രതിരോധത്തെക്കുറിച്ച് ഇദ്ദേഹമെഴുതിയ ഇംഗ്ലീഷ് പുസ്തകം അപ്പാവുപിള്ള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. ‘ഗോവസൂരി പ്രയോഗം അഥവാ വസൂരി നിവാരണം’ എന്ന പുസ്തകം മലയാളത്തിലെ ആദ്യത്തെ ആധുനിക ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒന്ന് കൂടിയാണ്. സവര്‍ണ ഹിന്ദുമതത്തില്‍ ‘കടല്‍ കടക്കുക’ എന്നത് അക്കാലത്ത് മതവിരുദ്ധമായിരുന്നു. മാത്രമല്ല വസൂരി രോഗത്തിനെതിരായ ചികിത്സ ദൈവവിരുദ്ധമാണെന്നാണ് അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

ദേവീകോപം കൊണ്ടാണ് വസൂരി വരുന്നതെന്നായിരുന്നു കേരളത്തിലെ വലിയ ഒരു വിഭാഗം വിശ്വസിച്ചിരുന്നത്. കോപം മാറ്റാന്‍ പൂജകളും ഹോമങ്ങളും വഴിപാടുകളും നടത്തിയിരുന്നു. നടപ്പ് ദീനം എന്നാണ് നാട്ടില്‍ കോളറയ്ക്ക് പറഞ്ഞിരുന്നത്. പാശ്ചാത്യനാടുകളിലെപ്പോലെ രോഗം ദൈവകോപമെന്നായിരുന്നു ഇവിടെയും പണ്ട് വിശ്വസിച്ചത്. ദുര്‍ദേവതകളാണ് രോഗം വരുത്തുന്നതെന്ന വിശ്വാസവും അക്കാലത്തുണ്ടായിരുന്നു. രോഗമുക്തിക്കായി ഹോമങ്ങളും പൂജകളും മന്ത്രച്ചരടില്‍ ജപിച്ച് കെട്ടലുമൊക്കെ സാധാരണമായിരുന്നു. പകര്‍ച്ചവ്യാധികള്‍ പിടിച്ചുകെട്ടാന്‍ മനുഷ്യന് ശാസ്ത്രീയ മരുന്ന് കണ്ടുപിടിക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു എന്നത് വേറെ കാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.