ടി കെ അനിൽകുമാർ

June 18, 2020, 5:30 am

കരിമണൽ ഖനനം തീരദേശം വീണ്ടും സമരഭരിതമാകുന്നു

Janayugom Online

വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്ലായ്മ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സാമൂഹ്യാന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നുണ്ട്. വ്യവസായങ്ങളുടെ മറവിൽ കോടികൾ ലാഭം കൊയ്യാനുള്ള കുത്തകഭീമന്മാരുമായി സന്ധിചെയ്യുന്ന ഭരണകൂടങ്ങളാണ് ജനകീയ സമരങ്ങളുടെ കാരണക്കാർ. പരമ്പരാഗത ജനവിഭാഗങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം ഒരു കാഴ്ചപ്പാടാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് നടക്കുന്ന കരിമണൽ ഖനനവും. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയാണ് വർഷാവർഷം തോട്ടപ്പള്ളി പൊഴി മുറിക്കുന്നത്. എന്നാൽ ഈ വർഷം ഇതിന്റെ മറവിൽ കോടികൾ വിലമതിക്കുന്ന കരിമണലാണ് കടത്തുന്നത്. ഒട്ടനവധി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഖനനത്തിനെതിരെ നാടൊന്നാകെ സമരമുഖത്തുണ്ട്.

സാധാരണഗതിയിൽ എല്ലാ വർഷവും പൊഴിമുറിക്കാറുണ്ടെങ്കിലും ഈ മണൽ അവിടെ തന്നെ നിക്ഷേപിക്കുകയാണ് പതിവ്. പലഘട്ടങ്ങളിലും കുട്ടനാടൻ പാടശേഖരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ഇവ ഉപയോഗിക്കും. എന്നാൽ ഇത്തവണ പൊഴിമുറിക്കുവാനുള്ള ഭരണാനുമതിയുടെ മറവിൽ വൻതോതിൽ മണൽ കടത്തുകയായിരുന്നു. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. സിപിഐ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വേദിയാവുകയാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശം.

കരിമണലിൽ കണ്ണുവെച്ചത് എന്നുമുതൽ

കേരളത്തിൽ നിന്നും വിദേശത്തേയ്ക്ക് കയറ്റിയയച്ച കയറിൽ പറ്റിപ്പിടിച്ച കറുത്ത മണ്ണിന്റെ സവിശേഷത ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. 1908 ൽ ഫെർഫാംബെർഗ് എന്ന ശാസ്ത്രജ്ഞനാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കേരളത്തിലെ കരിമണലിൽ 55 ശതമാനം ഇൽമനൈറ്റ് ആണ് അടങ്ങിയിട്ടുള്ളത്. 25 ശതമാനത്തിൽ കൂടുതൽ ഇൽമനൈറ്റ് അടങ്ങിയ കരിമണൽ ലോകത്ത് മറ്റെങ്ങും ഇല്ലായെന്നതാണ് വിദേശ ഭീമന്മാരെപോലും ഇവിടേയ്ക്ക് ആകർഷിക്കുന്നത്. 2003 ൽ എ കെ ആന്റണിയുടെ കാലത്തെ യുഡിഎഫ് സർക്കാരാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് കരിമണൽ ഖനനം നടത്താൻ ആദ്യം നീക്കം നടത്തിയത്. എന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആ നീക്കം പരാജയപ്പെട്ടു. പല രാഷ്ട്രീയ പാർട്ടി നേതൃത്വത്തേയും കരിമണൽ ഭീമന്മാർ വിലയ്ക്കെടുത്തപ്പോൾ കറപുരളാതെ അടിയുറച്ച് നിന്നത് സിപിഐ ആയിരുന്നു. പാർട്ടിയുടേയും എഐവൈഎഫിന്റെയും നേതൃത്വത്തിൽ ഒട്ടേറെ ബഹുജന സമരങ്ങളുമുണ്ടായി.

എന്താണ് കരിമണൽ

ഇൽമനൈറ്റ്, മോണോസൈറ്റ്, സിൽമനൈറ്റ്, സിലിക്ക, സിർക്കോൺ, ഗ്രൈനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണ്ണാണിത്. പെയിന്റും തുണിത്തരങ്ങളും പ്ലാസ്റ്റിക്കും റബർ ഉല്പന്നങ്ങളും പോലുള്ള സാധാരണ വസ്തുക്കൾ മുതൽ യുദ്ധോപകരണങ്ങളും ബഹിരാകാശയാനങ്ങളുമെല്ലാം നിർമ്മിക്കാൻ കഴിയുമെന്നതും ഇതിനെ വേറിട്ടുനിർത്തുന്നു. ടൈറ്റാനിയത്തിന്റെ ലോഹ അയിരുകളായ ഇൽമനൈറ്റിനും റൂട്ടൈലിനും വൻ സാമ്പത്തിക പ്രധാന്യമുണ്ട്. സിറാമിക് വ്യവസായത്തിലും അണുശക്തി രംഗത്തും ഇവ വൻതോതിൽ ഉപയോഗിക്കുന്നു.

കരിമണൽ ഖനനം ദോഷകരമോ?

ലോകമനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സുനാമിയുടെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു. ലോകഭൂപടത്തിൽ ഒട്ടേറെ സവിശേഷതകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ദക്ഷിണേന്ത്യൻ തീരങ്ങളെ നക്കിത്തുടച്ച സുനാമിയുടെ പ്രഭവകേന്ദ്രവും ഇവിടമാണ്. ഈ ഇന്തോനേഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ഖനനം നടക്കുന്നത്. സുനാമി ദുരന്തം വിതച്ച തീരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാൽ നമുക്ക് ഒരുകാര്യം ബോധ്യമാകും. ഈ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ മണൽഖനനവും നടക്കുന്നത്. തായ്‌ലന്‍ഡും ശ്രീലങ്കയും തമിഴ്‌നാടും കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളുമെല്ലാം ഉത്തരമായി നമുക്ക് മുന്നിലുണ്ട്. പോളണ്ട് കഴിഞ്ഞാൽ സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്.

ആലപ്പുഴ ജില്ലയിലെ ഈ മണൽഖനനം കുട്ടനാട് എന്ന പ്രദേശത്തെ തന്നെ വെള്ളത്തിൽ മുക്കിക്കൊല്ലും. 1910 ൽ കരുനാഗപ്പള്ളിക്ക് അടുത്താണ് ആദ്യത്തെ കരിമണൽ ഫാക്ടറി സ്ഥാപിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം 1950 മുതൽ പൊതുമേഖലാ സ്ഥാ­പനമായ ഇന്ത്യൻ റെയർ എർത്ത്സ് (ഐ ആർഇ) ആണ് ഇവിടെ ഖനനം നടത്തുന്നത്. കരിമണൽ ഖനനത്തിന്റെ മ­റ്റൊരു പ്രധാനദോഷം കട­ൽത്തീരത്തെ ക്ര­മേണ ഇല്ലാതാക്കും എ­ന്നതാണ്. കൊല്ലം ജില്ലയിലെ ഖനനം നടത്തുന്ന പ്രദേശത്ത് 110 കൊല്ലത്തിനിടയിൽ 197.04 ഹെക്ടർ പ്രദേശം കടലെടുത്തു. കൂടാതെ ഖനനം മൂലം കടലിന്റെ മണൽ നിക്ഷേപവും ഇല്ലാതാക്കും. ഇത് കടലാക്രമണത്തിന് വഴിയൊരുക്കും.

ഖനനം ഉയർത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഈ മേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന മാരകരോഗങ്ങളാണ്. ത്വക്ക് രോഗം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് പ്രദേശവാസികൾ വിധേയരാകും. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശമാണ് കൊല്ലം ജില്ലയിലെ ഖനനം നടക്കുന്ന ചവറ, നീണ്ടകര, പൊൻമന, ആലപ്പാട് പ്രദേശങ്ങൾ. കരിമണലിൽ അടങ്ങിയിരിക്കുന്ന തോറിയം ഏറ്റവും കൂടുതൽ അണുപ്രസരണശേഷിയുള്ളതാണ്. ഗർഭസ്ഥ ശിശുമുതൽ വൃദ്ധൻമാർവരെ ഇവിടെ മാരകമായ രോഗങ്ങളുടെ പിടിയിലാണെന്ന് റീജിയണൽ കാൻസർ സെന്റർ (ആർസിസി) ഈ മേഖലയിൽ നടത്തുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു.