“ഇമ്മക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ”

വട്ടപ്പറമ്പൻ
Posted on May 30, 2020, 6:00 am

ചേട്ടൻ ആദ്യം അനിയനോടു പറഞ്ഞു. രണ്ടുപേരും ചേർന്ന് തീരുമാനിച്ചുറച്ചിട്ട് അത് പെങ്ങളോടു പറഞ്ഞു. പെങ്ങളത് എല്ലാ കടലാസ്സുകാരേയും പോട്ടംപിടിച്ചുകാണിക്കുന്നവരേയും വിളിച്ചുകൂട്ടിക്കൊണ്ട് നാട്ടുകാരോട് പറയണന്തി വിസ്തരിക്കാനുംവേണ്ടി നിർദ്ദേശിച്ചുവിട്ടു. അരുമയാന ചെന്തമിഴും മെജോരിറ്റി പീപ്പിൾ ബോൽന ഭാഷയും ഒഴിവാക്കി, എപ്പേർപ്പെട്ട ആംഗലേയത്തിൽ സിസ്റ്ററത് ബ്യൂട്ടിഫുളായി കൺവേ ചെയ്തു. (ആനാൽ അതുവന്ത് അവുങ്കെ യത് പേശും ടൈമ്മിലേ അവരുടയ മനം റൊമ്പ തുടിച്ചുകൊണ്ടേയിരുന്തത് യെല്ലാരുമേ പാത്താച്ച്. പാരപ്പാ, ഇന്തമാതിരി പെരുമയാന സബ്ജക്ട് എത്തന ഈസിമട്ടില് ഡിസിഷൻ പണ്ണിവിട്ടത്? പബ്ലിക് സെക്ട്ടറ് ഒണ്ണ് ഒണ്ണ് കണ്ടിന്യൂസ് എണ്ണി സ്റ്റോപ്പാക്കി പോകറത്! പോയകാലത്തിലേ “തൂവാനത്തുമ്പികൾ’ സിനിമ ഫെയിം മോഹൻലാൽ ഡയലോഗ് ഇല്ലയാ, അന്തമാതിരി. സോ സിമ്പിൾ സ്റ്റൈയിൽ. ) “ഇമ്മക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ.” (ആത്മഗതത്തിൽ ലേഡിഷാറ്റ് ചീറ്റി. മോസ്റ്റ് ഒബീഡിയന്റ് സർവന്റാവത് മേഡം ലേക്കിൻ, കീപ്പ് ദ മം ആയി. ) നല്ല നേരം. ചേട്ടന്മാർ ഒട്ടും നേരംകളയാതെ പ്രഖ്യാപിച്ചുകളഞ്ഞല്ലൊ. സമ്മതിക്കണം. ഏതുനേരത്താണെന്ന് നോക്കണം. കൊറോണാ കരിംഭൂതം കരാളനൃത്തം ചവിട്ടിക്കൊണ്ടിരിക്കുന്നു.

നാട്ടിൽ, ഉത്സവങ്ങൾ ഇല്ലാതെ, മിണ്ടാട്ടംമുട്ടി ചെണ്ടകൾ വേദനമുറുക്കി ഇരിക്കുന്നു. പുറത്തിറങ്ങാൻ പേടിച്ച് ജനം അടച്ചിട്ടിരിക്കുന്നു. സർക്കാർ തരുന്ന പലവ്യഞ്ജനം, പച്ചക്കറി മുതലായ കിറ്റുകൊണ്ട് അന്നംമുട്ടാതെ കഴിയുന്നു. നല്ല നേരം. ഈ നേരത്തുതന്നെ പ്രഖ്യാപിച്ചുകളഞ്ഞു. പ്രതിഷേധിക്കാനൊന്നും കഴിയുന്നില്ല. ആളെ കൂട്ടാൻ ഓഡിറ്റോറിയമില്ല. കൂട്ടംകൂടലില്ല. വിളിച്ചുപറഞ്ഞ് രോഷം കൊള്ളാൻ മൈക്കുമില്ല. നല്ല നേരം. (എങ്ങനെണ്ട്, എങ്ങനെണ്ട് ബുദ്ധി. ചേട്ടൻമാർ പരസ്പരം പുറം ചൊറിഞ്ഞു.) ഞങ്ങൾ ഇത് ആർക്കുവേണ്ടി ചെയ്യുന്നു എന്നല്ലേ. “ധാരാളമായി വോട്ടുചെയ്ത് അധികാരത്തിൽ കയറ്റിയവർക്കുവേണ്ടിവേണം ഭരണം നിർവഹിക്കാൻ” എന്നല്ലെ പറഞ്ഞുവരുന്നത്. നേരാണ്. ഇങ്ങനെ വോട്ടു ചെയ്യിക്കാൻവേണ്ടി ബുദ്ധിയും പണവും ചിലവാക്കിയ വേണ്ടപ്പെട്ട ചിലരുണ്ട്. അവരില്ലെങ്കിൽ കാര്യങ്ങൾ ഒന്നും അനങ്ങില്ല. ആ പരമാർത്ഥം അറിയാത്തവർ ഇന്ന് ആരുമില്ല. അവരെ കരുതേണ്ടെ? കൂട്ടപ്പലായനങ്ങൾ നടത്തുന്ന കുടിയേറ്റ തൊഴിലാളികൾ. കൊറോണമൂലം മരിക്കുന്നവർ. മോശം സാഹചര്യങ്ങളിൽ പ്രാഥമികമായ ആരോഗ്യകാര്യങ്ങൾപോലും ശ്രദ്ധിക്കപ്പെടുന്നില്ല. സമൂഹവ്യാപനം തുടരുന്നു. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർ. ഇതൊന്നും പുതിയ കാലത്ത് കേട്ടറിവില്ല, വായിച്ചറിവില്ല, നേരിൽ കാണുകയല്ലേ. കേരളംപോലുള്ള അപൂർവം സംസ്ഥാനങ്ങൾമാത്രം ഇതിൽനിന്ന് വിഭിന്നം. ഈ ഇന്ത്യനവസ്ഥയിൽ പ്രതികരിക്കാൻപോലും കഴിയാത്ത കാലാവസ്ഥയിൽ കൊടുക്കുന്ന “പാരിതോഷികങ്ങൾ’ നാം കാണുകയാണ്.

സ്നേഹിതരായ കുത്തക മുതലാളിമാരുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നു. ഭീമമായ സംഖ്യകൾ, കോടികൾ. ഈ സംഖ്യയുടെ ചെറിയൊരംശമുണ്ടെങ്കിൽ പാവങ്ങൾക്ക്? ചോദിക്കുകയാണ്. 20,000 കോടി രൂപ ചെലവിൽ പാർലിമെന്റ് മന്ദിരം പണിയാൻ പോകുന്നു. എന്തിന്? ഇതിന്റെ ഒരംശം ആരോഗ്യപ്രവർത്തനത്തിന് ചിലവാക്കുകയല്ലേ വേണ്ടത്? ചോദ്യം കേൾക്കുന്നു. വോട്ടുചെയ്ത് ജയിപ്പിച്ചവരും വോട്ടുചെയ്യാത്തവരുമായ ജനങ്ങളോടല്ല, പ്രിയപ്പെട്ട സ്നേഹിതരേ നിങ്ങൾ എന്തെല്ലാം കർമ്മങ്ങൾ ചെയ്തു അധികാരത്തിലേറ്റാൻ. കഴിഞ്ഞതവണ കേറീട്ടും ചിലതെല്ലാം തന്നു. ഓർമ്മയുണ്ടോ? സർക്കാർ മുദ്രയുള്ള ഏത് ബാങ്കിൽനിന്നും എത്ര വേണമെങ്കിലും ലോണെടുക്കാം. ഇഷ്ടം പോലെ എടുത്തിട്ട് മിടുക്കുണ്ടെങ്കിൽ ആ കാശുംകൊണ്ട് വിട്ടോളീ രാജ്യം എന്നുപറഞ്ഞു. എല്ലാ സഹായങ്ങളും അതിനും ചെയ്തുതന്നു. അപ്രകാരം പുറത്തുപോയി. അവിടെ ശതകോടികളുമായി മിനുങ്ങിനടക്കുന്നു. നോട്ടുനിരോധനനാടകം അരങ്ങുതകർത്ത് അവതരിപ്പിച്ചു. കറുത്തതെല്ലാം വെളുപ്പിച്ച് കയ്യിൽ തന്നില്ലേ. കഴിഞ്ഞതവണ തരാൻ ഒക്കാത്തത് ഇപ്പോൾ എല്ലാം തീർത്തുതരികയാണ്.

സർക്കാർ ഉടമസ്ഥതയിൽ രാജ്യത്ത് ഒന്നും ഇനി വേണ്ട. സർക്കാരിത് കൊണ്ടുനടന്നാൽ കെടുകാര്യസ്ഥത എന്ന വിമർശനം വരും. ഉറ്റവരെ കേറ്റുന്നു എന്ന് പരാതി വരും. ഉദ്യോഗസ്ഥ പ്രഭുത്വംമൂലം നഷ്ടത്തിലോടുന്നു എന്ന പേരുദോഷം വരും. എല്ലാം നിങ്ങൾ തരുന്ന വിലയ്ക്ക് തരാൻ വെച്ചിരിക്കുകയാണ്. കഴിഞ്ഞതവണ ഇതിനായി ഒരു വകുപ്പ്തന്നെ ഉണ്ടായിരുന്നു. മന്ത്രിയെയും വെച്ചിരുന്നു. വിറ്റഴിക്കാൻവേണ്ടി മാത്രമായിട്ട്. ഇപ്പോഴാണെങ്കിൽ ഈ നല്ല നേരത്ത് അങ്ങനെ വകുപ്പോ നിയമമോ ഒന്നും നോക്കേണ്ടതില്ല. ഇത്തവണ എന്തൊക്കെ എന്നറിയാൻ ഒന്നുകൂടി അക്കമിട്ട് പറയാം. പെങ്ങളുകുട്ടി വിസ്തരിച്ച് ചില നിർദ്ദേശരൂപത്തിൽ പറഞ്ഞുവെച്ചിട്ടുണ്ട്. പുതിയ മേഖലകൾകൂടി കച്ചവടത്തിന് വെച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ആവോ. പാക്കേജ് എന്ന് ഇംഗ്ലീഷിലും “ആത്മനിർഭർ ഭാരത്’ എന്ന് ഹിന്ദിയിലുമാണ് പാക്കേജിന്റെ പേര്. സ്വാശ്രയത്വ സമീപനങ്ങൾ എന്ന് മേനിപറയും. എന്നാലേ പുരോഗമനപരമാവൂ. (സ്വകാര്യവത്ക്കരണത്തിനുള്ള വാതിലുകൾ അതിവിശാലമായി തുറന്നിടുന്നു. ലോകമാകെ സാമ്പത്തികമാന്ദ്യംവന്നകാലത്ത് ഇന്ത്യയിലെ പൊതു മേഖലാ സമ്പ്രദായം ഇന്ത്യയെ പിടിച്ചുനിർത്തി എന്നൊക്കെയുള്ള പുരാവൃത്തം കേട്ടിരുന്നാലേ ഒന്നും നടക്കുകേല. “അതിവേഗ സ്വകാര്യവത്ക്കരണം എന്ന സാമ്പത്തിക പരിഷ്ക്കരണം” എന്ന മുദ്രാവാക്യം പ്രതിപക്ഷക്കാർക്ക് പിടിച്ചിട്ടില്ല.) ദാ കേട്ടോളു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ പറഞ്ഞേക്കണം.

പ്രതിരോധമേഖലയിൽ വിദേശനിക്ഷേപത്തിന്റെ തോതു ഉയർത്തിയിട്ടുണ്ട്. ബഹിരാകാശം, ആണവോർജം, കൽക്കരി-ധാതുക്കൾ എല്ലാം സ്വകാര്യ ഉടമസ്ഥതയിൽ കൊണ്ടുവരും (ഇഷ്ടമായില്ലേ ചന്ദ്രേട്ടാ) ഇനി ബാങ്കിങ്ങും റയിൽവേയും ഉണ്ട്. അതുകൂടി ചെയ്തുകഴിഞ്ഞാൽ പ്രതിപക്ഷക്കാരുടെ ഭാഷയിൽ പറഞ്ഞാൽ സ്വകാര്യകുത്തകൾക്ക് തീറെഴുതികൊടുത്തു എന്നു പറയാൻ വേറെ ഒന്നും ഇല്ലാതാവും. ഈ കുശുമ്പുകൂടി തീർത്തുകഴിഞ്ഞാൽ രാജ്യസ്നേഹികൾ എന്നതിന്റെ നിർവചനം ഇങ്ങനെ വിശദീകരിക്കാം: സർക്കാർ എന്നത് ജനങ്ങൾക്കുവേണ്ടി ജനങ്ങൾ ഭരിക്കുന്ന ഒരു സ്ഥാപനമാണല്ലോ. അങ്ങനെ വരുമ്പോൾ ഈ ജനങ്ങളിൽനിന്ന് പ്രാപ്തരായ ആളുകളെ തെരഞ്ഞെടുത്ത്, രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകൾ അടക്കമുള്ള എല്ലാ മേഖലകളും നടത്തിക്കൊണ്ടുപോകാൻ അവരെ ഏല്പിക്കുന്നു. അങ്ങനെയുള്ളതായ ഒരു “നവീന പൊതുമേഖലാ സമ്പ്രദായം” ലോകത്തിനു മുമ്പിൽ സമർപ്പിക്കും. ഇതാണ് രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കുവേണ്ടിയുള്ള സന്ദേശവും താല്പര്യവും. ഏത് പ്രസ്താവവും ഉപസംഹരിക്കുന്നതിനുമുൻപേ സാധാരണമായി ഉപയോഗിക്കാറുള്ള ഒറ്റ ഉപചാരവാക്കുപോലും ചേർക്കാൻ കഴിയാതെ ഈ സങ്കടക്കുറിപ്പ് ഞാനിവിടെ ഉപേക്ഷിക്കുകയാണ്.